അതിരൂപതയുടെ സ്വത്തിന്റെ അവകാശി താനാണെന്ന് കര്‍ദിനാള്‍ കോടതിയില്‍ , വിശ്വാസികള്‍ക്ക് അവകാശമില്ല
എറണാകുളം-അങ്കമാലി അതിരൂപതയില്‍ വീണ്ടും ഭൂമി വില്‍പ്പന വിവാദം. അതിരൂപതയില്‍ മുമ്പ് നടന്ന ഭൂമി വില്‍പ്പനയിലെ ക്രമക്കേടുകളില്‍ ആരോപണ വിധേയനായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി തന്നെയാണ് വീണ്ടും ഭൂമി വില്‍പ്പനയുമായി മുന്നോട്ടുപോകാന്‍ ഒരുങ്ങുന്നത്. കാക്കനാട്, തൃക്കാക്കര എന്നിവിടങ്ങളിലെ അതിരൂപത ഭൂമി വില്‍പ്പനയിലൂടെ കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്ന കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് അതിരൂപതയുടെ അധികാരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്ന കര്‍ദിനാള്‍ ആലഞ്ചേരി തിരികെ എത്തിയതിനു പിന്നാലെയാണ് കോതമംഗലം കോട്ടപ്പടിയിലെ ഭൂമി വില്‍ക്കാന്‍ ഒരുങ്ങുന്നത്. ഇതിനെതിരേ വലിയൊരു വിഭാഗം വൈദികരും വിശ്വാസികളും രംഗത്ത് എത്തിക്കഴിഞ്ഞു. എന്നാല്‍ ഭൂമി വില്‍പ്പനയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് കര്‍ദിനാളിന്റെ നീക്കമെന്നാണ് കഴിഞ്ഞ ദിവസം മൂവാറ്റുപുഴ കോടതിയില്‍ അദ്ദേഹം നല്‍കിയ സത്യവാങ്മൂലം തെളിയിക്കുന്നത്.
കോട്ടപ്പടിയിലെ ഭൂമി വില്‍ക്കുന്നതിനെതിരേ സഭ സുതാര്യ സമിതി(എഎംടി) ഭാരവാഹി മാര്‍ട്ടിന്‍ മൂവാറ്റുപുഴ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി കര്‍ദിനാളിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കോടതി ഒരു കമ്മീഷനെ നിയോഗിക്കുകയും, പ്രസ്തുത കമ്മീഷന്‍ വില്‍പ്പന നടത്താന്‍ ഉദ്ദേശിച്ച ഭൂമിയുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരേ നല്‍കിയ സത്യവാങ്മൂലത്തില്‍ കര്‍ദിനാള്‍ പറയുന്നത്, അതിരൂപതയുടെ സ്വത്തിന്റെ അധികാരി ആര്‍ച്ച് ബിഷപ്പ് ആയ താനാണെന്നും വിശ്വാസികള്‍ക്ക് സ്വത്തില്‍ അവകാശമില്ലെന്നുമാണ്. അധികാരിയെന്ന നിലയില്‍ തനിക്ക് ഭൂമി വില്‍ക്കാനുള്ള അവകാശമുണ്ടെന്നു വാദിച്ച കര്‍ദിനാള്‍ തന്റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്യാനോ കേസ് കൊടുക്കാനോ ഉള്ള അവകാശം വിശ്വാസികള്‍ക്കില്ലെന്നും പറയുന്നു.
എന്നാല്‍ കോട്ടപ്പടിയിലെ ഭൂമി വില്‍ക്കാന്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ അനുവദിക്കില്ലെന്ന നിലപാടിലാണ് അതിരൂപത വൈദികരും വിശ്വാസികളും. സ്വത്ത് വകകളില്‍ ആര്‍ച്ച് ബിഷപ്പിന് അധികാരമുണ്ടെങ്കിലും അവയില്‍ തീരുമാനം എടുക്കാന്‍ സ്വന്തം നിലയ്ക്ക് കഴയില്ലെന്നും കാനോനിക സമതികളുടെ അനുമതിയോടെയായിരിക്കണം ഇത്തരം കാര്യങ്ങള്‍ ചെയ്യാനെന്നുമാണ് എതിര്‍വാദം. അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം അവസാനിക്കുകയും കര്‍ദിനാള്‍ ആലഞ്ചേരിക്ക് എറണാകുളം അതിരൂപതയുടെ ഭരണാധികാരം തിരികെ കിട്ടിയതിനും പിന്നാലെ നിലവിലെ കാനോനിക സമതികളെല്ലാം മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. ഓഗസ്റ്റിലെ സിനഡിനു ശേഷം പുതിയ കാനോനിക സമതികള്‍ രൂപീകരിക്കുകയോ നിലവിലുണ്ടായിരുന്നവയെ തുടരാന്‍ അനുവദിക്കുകയോ ചെയ്തതിനുശേഷം അവയില്‍ കൂടിയാലോചിച്ച് മാത്രമെ ഭൂമി വില്‍പ്പനയുമായി മുന്നോട്ടുപോകാന്‍ കഴിയൂ എന്നാണ് വൈദികരും സഭാ വിശ്വാസികളും പറയുന്നത്. മാത്രമല്ല, കര്‍ദിനാളിന് അതിരൂപതയുടെ ഭരണാധികാരം തിരികെ നല്‍കിയില്ലെങ്കിലും സിനഡുമായി കൂടിയാലോചിച്ച് മാത്രമെ സാമ്പത്തിക കാര്യങ്ങളിലൊക്കെ തീരുമാനം എടുക്കാന്‍ കഴിയൂ എന്നിരിക്കെ സ്വന്തം നിലയ്ക്ക് ഭൂമി വില്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയാകില്ലെന്നാണ് എതിര്‍വിഭാഗം പറയുന്നത്.
അതിരൂപതയുടെ അധികാരം ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ കര്‍ദിനാള്‍ ആദ്യം പറഞ്ഞ കാര്യം കോട്ടപ്പടിയിലെ ഭൂമി വില്‍ക്കാന്‍ ആയിരുന്നു. എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് ആ ഭൂമി വില്‍ക്കുന്നതെന്നാണ് വൈദികര്‍ ചോദിക്കുന്നത്. അതിരൂപതയ്ക്ക് ഉണ്ടായിരുന്ന കടങ്ങള്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഉണ്ടായിരുന്ന സമയത്ത് വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് കാക്കനാട്ട് വിജോ ഭവന് അടുത്തുള്ള പത്തേക്കര്‍ ഭൂമി വിറ്റ് കിട്ടിയ പണം കൊണ്ട് തീര്‍ത്തിരുന്നുവെന്നും ഇനിയുള്ളത് പലിശയില്ലാത്ത വായ്പ്പകള്‍ മാത്രമാണെന്നും വൈദികര്‍ പറയുന്നു. ഇപ്പോള്‍ കര്‍ദിനാള്‍ കോട്ടപ്പടിയിലെ ഭൂമി വില്‍ക്കാന്‍ പറയുന്ന കാരണം അതിരൂപതയുടെ കടമാണ്. ഇല്ലാത്ത കടം വീട്ടാന്‍ ഭൂമി വില്‍ക്കുന്നത് എന്തിനാണെന്നാണ് വൈദികരുടെ ചോദ്യം.
മെഡിക്കല്‍ കോളേജ് തുടങ്ങാനെന്ന പേരില്‍ 59 കോടിക്കുമേല്‍ വരുത്തിവച്ച വന്‍ സാമ്പത്തിക ബാധ്യത തീര്‍ക്കാനെന്നു പറഞ്ഞായിരുന്നു കാക്കനാട്ടെയും തൃക്കാക്കരയിലെയും ഭൂമി വില്‍പ്പന നടത്തിയത്. സാജു വര്‍ഗീസ് കുന്നേല്‍ എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനെ ഇടനിലക്കാരനാക്കി നടത്തിയ ആ ഭൂമിക്കച്ചവടമാണ് സീറോ മലബാര്‍ സഭയെ തന്നെ നാണക്കേടിലാക്കിയത്. സുതാര്യമല്ലാതെ നടന്ന ഭൂമി വില്‍പ്പനയിലൂടെ അതിരൂപതയ്ക്ക് ഭീമമായ നഷ്ടമാണ് ഉണ്ടായതെന്നും കര്‍ദിനാള്‍ ആലഞ്ചേരിയുടെ അറിവോടെ വലിയ ക്രമക്കേടാണ് ഭൂമി വില്‍പ്പനയില്‍ നടന്നതെന്നും ആരോപിച്ച് ഒരു വിഭാഗം വൈദികരും വിശ്വാസികളും രംഗത്തു വന്നതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. അതിന്റെ തുടര്‍ച്ചയിലാണ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണാധികാരങ്ങള്‍ വരെ നഷ്ടപ്പെടുന്നത്. ഈ ഭൂമി വില്‍പ്പന വിവാദത്തെ കുറിച്ച് വത്തിക്കാന്റെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഇരിക്കെയാണ് വീണ്ടും ഭൂമിക്കച്ചവടത്തിന് ആലഞ്ചേരി ഒരുങ്ങുന്നത്. മാത്രമല്ല, മൂന്‍ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് കോടതി നിര്‍ദശപ്രകാരം പ്രതി ചേര്‍ക്കപ്പെട്ട് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുക കൂടിയാണ് കര്‍ദിനാള്‍ ആലഞ്ചേരി.
ഇപ്പോള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന കോട്ടപ്പടിയിലെ 21 ഏക്കര്‍ ഭൂമിയും മുന്‍ ഭൂമി വില്‍പ്പന വിവാദത്തില്‍പ്പെട്ട ഭൂമിയാണ്. കാക്കനാട്ടെയും തൃക്കാക്കരയിലെയും ഭൂമി വില്‍പ്പന നടത്തിയതിന്റെ വകയില്‍ സാജു വര്‍ഗീസ അതിരൂപതയ്ക്ക് നല്‍കേണ്ടിയിരുന്ന പണത്തിനു പകരം ഇഷ്ടദാനമായി നല്‍കിയ ഭൂമിയാണ് കോട്ടപ്പടിയിലെ 21 ഏക്കര്‍ എന്നായിരുന്നു കര്‍ദിനാള്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ആ സ്ഥലം വാങ്ങിയ വകയില്‍ അതിരൂപത 15 കോടി 35 ലക്ഷം മുടക്കിയിട്ടുണ്ടെന്നു പിന്നീട് തെളിയുകയായിരുന്നു. ഭൂമി വില്‍പ്പനയില്‍ കര്‍ദിനാളിന്റെ അറിവോടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നു വാദിച്ചവരുടെ തെളിവുകളില്‍ ഒന്നായിരുന്നു കോട്ടപ്പടിയിലെ ഭൂമിയും. ഈ ഭൂമിക്കായി ആറുകോടി രൂപ ആധാരത്തിലും അതല്ലാതെ 9 കോടി 35 ലക്ഷം രൂപ സാജു വര്‍ഗീസ് അടക്കമുള്ളവര്‍ക്ക് മറ്റു വഴികളിലൂടെയും നല്‍കിയിട്ടുണ്ടെന്നാണ് എതിര്‍പക്ഷത്തിന്റെ വാദം. 6 കോടി രൂപ മുടക്കി ആധാരം രജിസ്റ്റര്‍ ചെയ്തതിന്റെ തെളിവ് പുറത്തുവരികയും ചെയ്തിട്ടുള്ളതാണ്.
കോട്ടപ്പടിയിലെ ഭൂമി വാങ്ങിയ കാര്യം പോലും കര്‍ദിനാള്‍ എല്ലാവരിലും നിന്നും മറച്ചുവയ്ക്കാനാണ് ശ്രമിച്ചിരുന്നതെന്നും എതിര്‍വിഭാഗം വൈദികര്‍ പറയുന്നു. 2017 ഓഗസ്റ്റ് മാസത്തില്‍ ചേര്‍ന്ന വൈദികയോഗത്തില്‍ കോതമംഗലത്ത് കോട്ടപ്പടിയിലുള്ള 21 ഏക്കര്‍ ഭൂമി അതിരൂപത വാങ്ങിയോ എന്നു കര്‍ദിനാളിനോട് ചോദിച്ചപ്പോള്‍ ആദ്യം ഇല്ല എന്നായിരുന്നു അദ്ദേഹം മറുപടി പറഞ്ഞതെന്നു വൈദികര്‍ പറയുന്നു. ഭൂമി വാങ്ങാല്‍ നടന്നൂവെന്ന് പ്രസ്തുത സ്ഥലത്ത് സ്ഥാപിച്ചിരുന്ന ‘അതിരൂപത വക ഭൂമി’ എന്ന ബോര്‍ഡിന്റെ ചിത്രം ആരോ എടുത്ത് വാട്സ് ആപ്പില്‍ അയച്ച് കിട്ടിയപ്പോഴാണ് വൈദികര്‍ അറിയുന്നത്. ഈ തെളിവു സഹിതം ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ 21 ഏക്കര്‍ അതിരൂപതയ്ക്ക് ദാനം കിട്ടിയതാണെന്നായിരുന്നു അടുത്ത മറുപടി. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനായ സാജു വര്‍ഗീസ് കുന്നേല്‍ വലിയൊരു ഭൂമിക്കച്ചവടം നടന്നതിന്റെ ലാഭം കിട്ടിയപ്പോള്‍ തന്റെ അതിരൂപതയ്ക്ക് 25 ഏക്കര്‍ ദാനം നല്‍കിയതാണെന്നായിരുന്നു കര്‍ദിനാള്‍ വൈദികരോട് പറഞ്ഞത്.
കര്‍ദിനാള്‍ പറഞ്ഞത് വിശ്വസമാകാത്തവര്‍ കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് കോട്ടപ്പടിയിലെ ഭൂമി ജോസ് കുര്യന്‍ എന്നയാളുടെ പേരിലുള്ള ഇലഞ്ഞി എസ്റ്റേറ്റിലെ 25 ഏക്കര്‍ ഭൂമിയാണെന്ന് മനസിലായത്. ഈ ഭൂമി സാജു വര്‍ഗീസ് എന്ന, ആര്‍ച്ച് ബിഷപ്പുമായി വളരെ അടുത്ത് ബന്ധമുള്ള റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്‍ അതിരൂപതയ്ക്ക് ഇഷ്ടദാനം നല്‍കിയതല്ലെന്നും മനസിലായി. ആ ഭൂമി ആലഞ്ചേരിയുടെ പേരില്‍ തീറാദാരം നടത്തിയിട്ടുണ്ടായിരുന്നു. ആറു കോടി ബാങ്ക് ലോണ്‍ എടുത്താണ് ഈ പണം നല്‍കിയതും. ഈ ആധാരത്തിന്റെ പകര്‍പ്പ് വൈദികര്‍ക്ക് ലഭിക്കുകയും ചെയ്തു.
ഈ തെളിവുളടെ അടിസ്ഥാനത്തില്‍ കര്‍ദിനാളിനെതിരേ ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ശക്തമായപ്പോള്‍, കാക്കനാട്, തൃക്കാക്കര ഭാഗങ്ങളിലെ അതിരൂപത ഭൂമി വില്‍പ്പനയില്‍ ഇടനിലക്കാരനായി നിന്ന സാജു വര്‍ഗീസ്, ഭൂമി വിറ്റ വകയില്‍ തിരിച്ചു നല്‍കേണ്ട തുകയില്‍ 18 കോടിക്കുള്ള ഈടായാണ് കോട്ടപ്പടിയിലെ ഭൂമി നല്‍കിയതെന്നായി വിശദീകരണം. സാജു നല്‍കാനുള്ള 18 കോടിക്ക് പകരമെന്ന നിലയില്‍ കോട്ടപ്പടിയില്‍ 21 ഏക്കറും ദേവികുളത്ത് 17 ഏക്കറും അതിരൂപതയുടെ പേരില്‍ നല്‍കിയെന്നുള്ള വെളിപ്പെടുത്തല്‍ ആ സമയത്താണ് പുറത്തു വരുന്നത്. എന്നാല്‍ ഈ വിശദീകരണത്തിലും തെറ്റുണ്ടെന്നു തെളിഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും നാലു കോടി 50 ലക്ഷം രൂപയും ഫെഡറല്‍ ബാങ്കില്‍ നിന്നും ഒരുകോടി അമ്പത് ലക്ഷം രൂപയും ലോണ്‍ എടുത്ത് മൊത്തം ആറുകോടി കോട്ടപ്പടിയിലെ ഭൂമി വാങ്ങാന്‍ മുടക്കിയെന്നു വ്യക്തമായതോടെയാണ് ഈട് കിട്ടിയ ഭൂമിയെന്ന വാദം പൊളിഞ്ഞത്. ജോസ് കുര്യന്‍ എന്നയാളുടെ പേരിലുണ്ടായിരുന്ന കോട്ടപ്പടിയിലെ 21 ഏക്കര്‍ ഭൂമി അതിരൂപതയുടെ പേരില്‍ വാങ്ങുകയായിരുന്നുവെന്നും അല്ലാതെ ദാനമോ ഈടോ അല്ലെന്നും തെളിയുന്നത് അങ്ങനെയാണ്. ഈ ഭൂമി വാങ്ങലിലും ഇടനിലക്കാരനായത് സാജു വര്‍ഗീസ് ആയിരുന്നു.
കോട്ടപ്പടിയിലെ ഭൂമി തീറാധാരം ചെയ്ത് കിട്ടിയിരിക്കുന്നത് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ തന്നെയാണ്. തീറാധാരം നടക്കണമെങ്കില്‍ മുഴുവന്‍ തുകയും നല്‍കണം. ആധാരം നടന്നതായി തെളിവും ഉണ്ട്. ഇത്രയും യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടായിരിക്കെ തന്നെയാണ് ആദ്യം ഇവിടെ ഭൂമിയില്ലെന്നു പറയുകയും പിന്നീട് ദാനം കിട്ടിയതാണന്നും അതിനുശേഷം ഈട് നല്‍കിയിരിക്കുന്നതാണെന്നുമൊക്കെ കര്‍ദിനാള്‍ കള്ളം പറഞ്ഞതെന്നാണ് വൈദികര്‍ പറയുന്നത്. അതിരൂപത കടം കയറി നില്‍ക്കുകയും അത് വീട്ടാനെന്നു പറഞ്ഞ് ഏക്കറുകള്‍ വിറ്റതിലും നഷ്ടം വന്നു നില്‍ക്കുമ്പോള്‍ തന്നെയാണ് പിന്നെയും കോടികള്‍ ലോണ്‍ എടുത്ത് കോട്ടപ്പടിയിലെ ഭൂമി വാങ്ങിയത്. 2017 ഏപ്രില്‍ ഏഴിന് തീറാധാരം നടന്നിരിക്കുന്ന ഭൂമിയെക്കുറിച്ച് ഓഗസ്റ്റിലാണ് അതിരൂപതയിലുള്ളവര്‍ പോലും അറിഞ്ഞത്. എന്നിട്ട് അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആര്‍ച്ച് ബിഷപ്പ് കള്ളം പറഞ്ഞ് നില്‍ക്കാന്‍ നോക്കി. കൂരിയ പോലും (ആര്‍ച്ച് ബിഷപ്പ് ആസ്ഥാനത്ത് ആര്‍ച്ച് ബിഷപ്പും അതിരൂപത സഹായമെത്രാന്മാരും മറ്റ് ഉന്നതസ്ഥാനമാനങ്ങള്‍ വഹിക്കുന്നവരും എല്ലാ ദിവസും ചേരുന്ന യോഗം) അറിയാതെ സ്ഥലം വാങ്ങിയതെന്തിനാണെന്ന് ചോദിക്കുമ്പോള്‍, എല്ലാവരും അറിഞ്ഞാല്‍ ഭൂമി വാങ്ങുന്നതിനെ തുരങ്കം വയ്ക്കുമായിരുന്നുവെന്ന വിശദീകരണവും നല്‍കി. ചെയ്ത കള്ളത്തരം മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളായിരുന്നുവെല്ലാം; വിമത വൈദികര്‍ പറയുന്നു.
കോടികള്‍ മുടക്കി വാങ്ങിയ കോട്ടപ്പടിയിലെ ഭൂമി വനപ്രദേശം ആണെന്നതാണ് മറ്റൊരു കൗതുകം. കരിങ്കല്‍ ക്വാറികള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്നൊരു മേഖല കൂടിയാണിത്. ഇങ്ങനെയുള്ളിടത്ത് എന്തിനു ഭൂമി വാങ്ങിയെന്നു ചോദിച്ചപ്പോള്‍ സ്‌കൂള്‍ പണിയാന്‍ കൊള്ളാമെന്നായിരുന്നു ആലഞ്ചേരി വിഭാഗത്തിനുള്ള ന്യായീകരണം. കഴിഞ്ഞ 22 വര്‍ഷമായി വില്‍ക്കാനിട്ടിട്ടും വിറ്റുപോകാതെ കിടക്കുന്നിരുന്നതാണ് ആ ഭൂമിയെന്നും സെന്റിന് 30,000 രൂപയില്‍ താഴെ വിലയുള്ളപ്പോള്‍ എറണാകുളം അങ്കമാലി അതിരൂപത 96,000 രൂപ സെന്റിന് നല്‍കിയാണ് അത് വാങ്ങിയെന്നും കൂടി വൈദികര്‍ ചൂണ്ടിക്കാണിക്കുന്നു. സ്ഥലം വാങ്ങുന്നതിനും അതിനാവശ്യമായ പണത്തിന് ബാങ്ക് ലോണ്‍ എടുക്കുന്നുതിനും കാനോനിക സമിതികളുടെ അനുമതിപോലും കര്‍ദിനാളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന മറ്റുന്നതരും തയ്യാറായിരുന്നില്ലെന്ന ആക്ഷേപവും വൈദികര്‍ക്കുണ്ട്. ഇപ്പോള്‍ ഈ ഭൂമി വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള തീരുമാനവും ഒറ്റയ്ക്ക് എടുക്കാനാണ് കര്‍ദിനാള്‍ തയ്യാറാവുന്നതെന്നാണ് വൈദികരുടെ കുറ്റപ്പെടുത്തല്‍. എന്നാല്‍ യാതൊരു കാരണവശാലും കോട്ടപ്പടിയിലെ ഭൂമി സ്വന്തം തീരുമാനപ്രകാരം വി്ല്‍ക്കാന്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ തങ്ങള്‍ അനുവദിക്കില്ലെന്നും ഇവര്‍ പറയുന്നു.