UPDATES

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് നല്ല കാര്യം; പക്ഷേ, സ്വയംഭരണ സ്ഥാപനമാക്കരുത്

തുടക്കം മുതൽ വിവാദങ്ങളുടെ നടുവിലായിരുന്നു പരിയാരം മെഡിക്കൽ കോളേജ്

കെ എ ആന്റണി

കെ എ ആന്റണി

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് പരിയാരം മെഡിക്കൽ കോളേജും അനുബന്ധ ആശുപത്രിയും ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം ഉണ്ടായിരിക്കുന്നത്. തീരുമാനത്തെ ഉത്തര മലബാറിലെ മുഴുവനാളുകളും സഹർഷം സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ ജീവനക്കാർക്ക് സർക്കാർ സ്കെയിലുള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിലുള്ള ഫീസ് എന്നീ നേട്ടങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുമ്പോഴും സർക്കാർ ഏറ്റെടുക്കുമ്പോൾ ഈ സ്ഥാപനത്തിന്റെ പദവി എന്തായിരിക്കും എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ലായെന്നത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം
റീജിയണൽ കാൻസർ സെന്റർ പോലെ സ്വയം ഭരണാവകാശമുള്ള ഒരു സ്ഥാപനമായി പരിയാരം മെഡിക്കൽ കോളേജിനെ മാറ്റിയേക്കും എന്ന തരത്തിലുള്ള ചില പ്രസ്താവനകളും വാർത്തകളുമാണ് ഇത്തരമൊരു ആശങ്കക്ക് ഹേതു. സ്വയം ഭരണവാകാശമുള്ള ഒരു സ്ഥാപനമല്ല കോഴിക്കോട് മെഡിക്കൽ കോളേജ് പോലെ സൗജന്യ ചികിത്സ ലഭ്യമാകുന്ന ഒരു സ്ഥാപനമായി പരിയാരം മാറണം എന്നതാണ് ഇപ്പോൾ പ്രധാനമായും ഉയരുന്ന ആവശ്യം. ഇക്കാര്യത്തിൽ സർക്കാർ എന്ത് തീരുമാനം എടുക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ജനം.

തുടക്കം മുതൽ വിവാദങ്ങളുടെ നടുവിലായിരുന്നു പരിയാരം മെഡിക്കൽ കോളേജ്. 1993 ൽ സി എം പി നേതാവും അന്നത്തെ സഹകരണ മന്ത്രിയുമായ എം വി രാഘവൻ ചെയർമാനായി കേരള കോ – ഓപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റി സ്ഥാപിക്കുകയും അടുത്ത വര്‍ഷം സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന പരിയാരം ടി ബി സാനിറ്റോറിയത്തിന്റെ 119 ഏക്ര ഭൂമിയും കെട്ടിടവും എം വി ആർ ചെയർമാനായ സഹകരണ സംഘത്തിന് സർക്കാർ കൈമാറുകയും ചെയ്തപ്പോൾ ആരംഭിച്ചതാണ് വിവാദങ്ങളും പ്രതിക്ഷേധവും. പോലീസ് വെടിവെയ്പ്പിൽ അഞ്ചു ഡി വൈ എഫ് ഐ പ്രവർത്തകർക്ക് ജീവൻ നഷ്ടമാകുന്നതിലേക്കു വരെ നീണ്ടു എം വി ആർ വിരുദ്ധ , പരിയാരം വിരുദ്ധ പ്രക്ഷോഭം.

1997 ൽ എൽ ഡി എഫ് സർക്കാർ എം വി ആർ ചെയർമാനും കെ കരുണാകരൻ പ്രസിഡന്റുമായുള്ള ഭരണ സമിതി പിരിച്ചു വിട്ടു. എന്നാൽ പിന്നീട് വന്ന യു ഡി എഫ് സർക്കാർ മെഡിക്കൽ കോളേജ് ഭരണം എം വി ആർ ചെയർമാനായ സഹകരണ സംഘത്തിന് തന്നെ തിരിച്ചു നൽകി. 2007ൽ ഒരു അട്ടിമറിയിലൂടെ സി പി എം ഭരണ സമിതി പിടിച്ചെടുത്തു.

പരിയാരം മെഡിക്കൽ കോളേജ് പൂർണമായും തങ്ങളുടെ കൈപ്പിടിയിൽ വന്നു കഴിഞ്ഞപ്പോഴാണ് അത് നടത്തിക്കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടു സി പി എമ്മിന് ബോധ്യമായതും ഒടുവിൽ കടക്കെണിയിൽ കുരുങ്ങിക്കിടക്കുന്ന മെഡിക്കൽ കോളേജ് ഏറ്റെടുക്കാനുള്ള ഇപ്പോഴത്തെ തീരുമാനവും. ഇക്കഴിഞ്ഞ ഉമ്മൻ ചാണ്ടി സര്‍ക്കാരും മെഡിക്കൽ കോളേജ് ഏറ്റെടുക്കുമെന്ന് പറഞ്ഞെങ്കിലും അത് നടന്നില്ല.

എന്തായാലും വിവാദങ്ങൾ ഒഴിഞ്ഞു മെഡിക്കൽ കോളേജും അനുബന്ധ ആശുപത്രിയും സർക്കാർ ഏറ്റെടുക്കുമ്പോൾ ഉത്തരമലബാറിലെ ജനങ്ങളുടെ പ്രതീക്ഷകൾ വളരെ വലുതാണ്. ഉത്തര മലബാറിൽ ഒരു സർക്കാർ മെഡിക്കൽ കോളേജ് ഇല്ലാത്തതിനെക്കുറിച്ചുള്ള അവരുടെ പരാതിക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആ പരാതിക്കാണ് ഇപ്പോൾ ഒരു പരിഹാരം ഉണ്ടായിരിക്കുന്നത്. എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിലെ മറ്റു സർക്കാർ മെഡിക്കൽ കോളേജുകളിൽ എന്നതുപോലെ ഇവിടെയും സൗജന്യ ചികിത്സ ലഭിക്കുമോ എന്ന ആശങ്കക്ക് ഇനിയും അറുതി ആയിട്ടില്ല. സ്വയം ഭരണാവകാശമുള്ള ഒരു സ്ഥാപനമായി പരിയാരത്തെ മാറ്റിയാൽ സൗജന്യ ചികിത്സ എന്ന സ്വപ്നം പൊലിയും. അങ്ങിനെ സംഭവിച്ചാൽ വീണ്ടും പരിയാരം വിവാദത്തിലേക്ക് തന്നെ എടുത്തെറിയപ്പെടും. അത് ഉണ്ടാവാതെയിരിക്കട്ടെ.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍