UPDATES

ട്രെന്‍ഡിങ്ങ്

അദ്ധ്യാപകന്റെ ആത്മഹത്യ: സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നഷ്ടമായത് 1.3 കോടി രൂപയെന്ന് ബന്ധുക്കള്‍; ആട്, മാഞ്ചിയം മോഡല്‍ തട്ടിപ്പില്‍ കുരുങ്ങിയത് നിരവധി പേര്‍

മേപ്പയൂര്‍ നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന പി.എം. ഹംസയെ തിങ്കളാഴ്ച വൈകിട്ടോടെയാണ് ആള്‍ത്താമസമില്ലാത്ത തറവാട്ട് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

ശ്രീഷ്മ

ശ്രീഷ്മ

കോഴിക്കോട് മേപ്പയൂര്‍ പഞ്ചായത്തില്‍ പലരില്‍ നിന്നായി അധ്യാപകന്‍ തട്ടിയെടുത്തത് പതിനഞ്ചു കോടി രൂപയോളമെന്ന് പരാതി. നാലും അഞ്ചും ലക്ഷം രൂപയില്‍ തുടങ്ങി ഒന്നരക്കോടിയോളം രൂപ വരെ വ്യക്തികളില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ചു കടന്നുകളഞ്ഞു എന്ന തരത്തിലുള്ള പരാതികളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം മേപ്പയൂര്‍ പാവട്ടുകണ്ടിമുക്കില്‍ ഹയര്‍സെക്കന്ററി അധ്യാപകന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണമാണ് പഞ്ചായത്തില്‍ വര്‍ഷങ്ങളായി നടന്നുകൊണ്ടിരുന്ന വന്‍കിട സാമ്പത്തിക തട്ടിപ്പിലേക്ക് വിരല്‍ ചൂണ്ടുന്നത്. നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന പി.എം. ഹംസയെ തിങ്കളാഴ്ച വൈകിട്ടോടെയാണ് ആള്‍ത്താമസമില്ലാത്ത തറവാട്ട് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെക്കാലമായി ജോലിക്കു പോകാതെ നിരാശനായി കാണപ്പെട്ടിരുന്ന ഹംസയുടെ മരണം സ്വാഭാവിക മരണമായാണ് മേപ്പയൂര്‍ പൊലീസ് ആദ്യം കണക്കാക്കിയിരുന്നതെങ്കിലും, ആത്മഹത്യാക്കുറിപ്പുകള്‍ കണ്ടെടുത്തതോടെ ചിത്രം മാറിമറിയുകയായിരുന്നു. സുഹൃത്തുകൂടിയായിരുന്ന കായലാട് സ്‌കൂളിലെ അധ്യാപകന്‍ മുഹമ്മദ്, ഹംസയുടെ പക്കല്‍ നിന്നും കൈപ്പറ്റിയിരുന്നത് ഏകദേശം ഒരു കോടി മുപ്പതു ലക്ഷത്തോളം രൂപയാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഇത്ര വലിയ തുക നഷ്ടപ്പെട്ടു എന്നുറപ്പായതോടെയാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് ഹംസയുടെ ആത്മഹത്യക്കുറിപ്പിലും വെളിപ്പെടുത്തുന്നുണ്ട്.

ഹംസയുടെ മരണവും ആത്മഹത്യക്കുറിപ്പിലെ പരാമര്‍ശങ്ങളും ചര്‍ച്ചയായതോടെയാണ് പഞ്ചായത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി മുഹമ്മദിനെതിരെ പരാതികളുയരുന്നത്. വര്‍ഷങ്ങളായി നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാന്‍ പരിശ്രമിക്കുന്നവരാണ് ഇതിലധികവും. ഒരു കോടി രൂപയും ഒന്നരക്കോടി രൂപയും വരെ മുഹമ്മദിന്റെ ബിസിനസ്സില്‍ മുതല്‍ മുടക്കിയവരുണ്ടെങ്കിലും, ഇവര്‍ക്കാര്‍ക്കും എന്തുതരം ബിസിനസ്സിലാണ് തങ്ങളുടെ പണം മുടക്കിയിരിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. അധ്യാപകന്‍ എന്ന നിലയിലും, വ്യവസായി എന്ന നിലയിലും സമൂഹത്തില്‍ മാന്യമായ സ്ഥാനം വഹിച്ചിരുന്ന മുഹമ്മദിനെ സംശയിച്ചിരുന്നില്ലെന്ന് പണം നഷ്ടപ്പെട്ടവര്‍ പറയുന്നു. നിക്ഷേപിക്കുന്ന തുകകള്‍ ലാഭകരമായ ബിസിനസ്സുകളില്‍ ഇറക്കി, അതിലൊരു വിഹിതം എല്ലാ മാസവും എത്തിക്കാം എന്നതായിരുന്നു വാഗ്ദാനം. ആദ്യഘട്ടത്തില്‍ ഈ വാഗ്ദാനം കൃത്യമായി പാലിക്കപ്പെടുകയും ചെയ്തു. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം എണ്ണായിരം രൂപ വരെ ലാഭവിഹിതമായി മുതല്‍മുടക്കിയവരുടെ കൈകളിലെത്തിയിരുന്നു. ബാങ്കുകള്‍ നല്‍കുന്ന പലിശയിലുമധികം മുഹമ്മദില്‍ നിന്നും കിട്ടിത്തുടങ്ങിയതോടെ, കൂടുതല്‍ പേര്‍ കൂടുതല്‍ തുകകള്‍ നിക്ഷേപിക്കുകയാണ് ചെയ്തതെന്ന് വിഷയത്തില്‍ ഇടപെട്ട പൊതുപ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ മാഷ് പറയുന്നു.

‘ആളുകളോട് പണം വാങ്ങി ഉയര്‍ന്ന പലിശ കൊടുത്ത് ആദ്യം ഇതിലേക്ക് ആകര്‍ഷിച്ചു. പഴയ ആടു തേക്ക് മാഞ്ചിയം, ടോട്ടല്‍ ഫോര്‍ യു പോലെയൊക്കെയുള്ള മറ്റൊരു തട്ടിപ്പു തന്നെ. ഏതു ബിസിനസ്സില്‍ നിക്ഷേപിച്ചാലും കിട്ടാത്തത്ര ലാഭമാണ് ഇയാള്‍ ആദ്യ ഘട്ടത്തില്‍ കൊടുത്തിരുന്നത്. അതോടെ, സ്വന്തം കൈയിലുള്ളതും നാട്ടുകാരില്‍ നിന്നും കടം വാങ്ങിച്ചതുമായി എത്രയോ പേരാണ് വലിയ തുകകള്‍ കൊണ്ടു വന്ന് നിക്ഷേപിച്ചത്. എല്ലാവരും ഇപ്പോള്‍ കുടുങ്ങിയ മട്ടാണ്. ഹംസമാഷിന്റെ മരണത്തോടു കൂടിയാണ് പരാതികള്‍ ഇത്രയേറെ പുറത്തു വരുന്നത്. അധ്യാപകരും സമൂഹത്തില്‍ ഉന്നതരായവരും വിദ്യാസമ്പന്നരുമൊക്കെയാണ് പറ്റിക്കപ്പെട്ടിരിക്കുന്നത്. സ്വാഭാവികമായും കാര്യം പുറത്തു പറയാന്‍ അവര്‍ക്കു നാണക്കേടുണ്ടായിരിക്കും. പലരും നഷ്ടം സഹിക്കുകയാണ്.’ പഞ്ചായത്ത് മെംബര്‍ ദാമോദരന്‍ പറയുന്നതിങ്ങനെ. മേപ്പയൂരിലും പരിസര പ്രദേശങ്ങളിലുമായി ധാരാളം പേര്‍ ഈ തട്ടിപ്പില്‍ അകപ്പെട്ടിട്ടുണ്ടെങ്കിലും, ആരും പരാതി പരസ്യമായി പുറത്തു പറയാന്‍ തയ്യാറല്ല. പണം നഷ്ടപ്പെട്ടിട്ടുള്ള ഇരുപതോളം പേരെ കണ്ടെത്തിയിട്ടുണ്ടെന്ന് രാധാകൃഷ്ണന്‍ പറയുമ്പോഴും, ഒരു പരാതി പോലും ഔദ്യോഗികമായോ അനൗദ്യോഗികമായോ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് റീന അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. പരാതിക്കാര്‍ നേരിട്ടു പരാതിപ്പെടാന്‍ തയ്യാറാകുന്നില്ലെങ്കിലും, തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു കൊണ്ടുവരാനായി സമിതി രൂപീകരിക്കാനുള്ള നീക്കത്തിലാണ് പഞ്ചായത്ത്. ആദ്യ പടിയായി സര്‍വകക്ഷിയോഗം വ്യാഴാഴ്ച നടക്കും.

വലിയ തുകകള്‍ നഷ്ടപ്പെട്ടിട്ടും, ആളുകള്‍ പരാതിയുമായി രംഗത്തെത്താന്‍ മടിക്കുന്നതിന്റെ കാരണത്തെക്കുറിച്ചും രാധാകൃഷ്ണന്‍ മാഷിന് സംശയങ്ങളുണ്ട്. ‘ആരും പരാതിപ്പെടാന്‍ തയ്യാറാകാത്തതിന് മറ്റു പല കാരണങ്ങളുമുണ്ടാകാം. നിക്ഷേപിക്കാനായി ഇത്രയധികം തുക നേടിയത് ഏത്  സ്രോതസ്സില്‍ നിന്നാണെന്ന് വ്യക്തമാക്കേണ്ടിവരുമല്ലോ. കള്ളപ്പണം ഇതില്‍ നിക്ഷേപിച്ചവരാണ് അധികവും എന്നാണ് അറിയാന്‍ കഴിഞ്ഞത്. വന്‍കിട ബിസിനസ്സുകാരില്‍ പലരും കോടികള്‍ നിക്ഷേപിച്ചിട്ടും മിണ്ടാതിരിക്കുന്നതിന്റെ കാര്യം അതുതന്നെയാണ്. എന്നാല്‍, ഇതിനു മറ്റൊരു വശവുമുണ്ട്. ഹംസയെപ്പോലുള്ളയാളുകള്‍ പണം ശേഖരിച്ചത് സുഹൃദ് വലയങ്ങള്‍ ഉപയോഗപ്പെടുത്തിയും ബന്ധുക്കളില്‍ നിന്നുമൊക്കെയാണ്. ഇരുപതോളം പേര്‍ ഇതേവരെ വ്യക്തിപരമായി പരാതികള്‍ പറഞ്ഞിട്ടുണ്ട്. പരസ്യമായി പറയാന്‍ തയ്യാറല്ലാത്തവരുമുണ്ട്. ഗള്‍ഫില്‍ നിന്നും ഭര്‍ത്താക്കന്മാര്‍ അയയ്ക്കുന്ന പണം കൂട്ടിവച്ച് നാലും അഞ്ചും ലക്ഷം രൂപ കൊടുത്ത സ്ത്രീകളുമുണ്ട് ഇക്കൂട്ടത്തില്‍. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട് കഷ്ടത്തിലായിരിക്കുന്ന സ്ത്രീകളെയും ഹംസയെപ്പോലെയുള്ള ചിലരേയും ഒഴിച്ചാല്‍, വ്യവസായികള്‍ തന്നെയാണ് പണം നഷ്ടപ്പെട്ടവരില്‍ അധികവും. ചുരുങ്ങിയത് പതിനഞ്ചു കോടി ഇയാള്‍ മേപ്പയൂരില്‍ നിന്നും തട്ടിച്ചിട്ടുണ്ടെന്നാണ് അനുമാനിക്കുന്നത്. മേപ്പയൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. അപ്പോള്‍ തുറയൂര്‍, പയ്യോളി ഭാഗങ്ങളില്‍ നിന്നെല്ലാം തട്ടിപ്പു നടന്നിരിക്കാന്‍ സാധ്യതയുണ്ട്. ഗള്‍ഫ് ഫണ്ട് കാര്യമായി വരുന്നയിടങ്ങളാണ് ഇതെല്ലാം. ഇവിടെയെല്ലാം ഇയാള്‍ ആരെയൊക്കെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് അറിയില്ലല്ലോ.’

കായലാട് സ്‌കൂളിലെ അധ്യാപന ജോലിയ്‌ക്കൊപ്പം, റിയല്‍ എസ്റ്റേറ്റ് ബിസിനസും മുന്നോട്ടു കൊണ്ടുപോയിരുന്നയാളാണ് മുഹമ്മദ് എന്ന് പ്രദേശവാസികള്‍ വിശദീകരിക്കുന്നുണ്ട്. കെട്ടിട നിര്‍മാണവും, അതിനൊപ്പം കടമുറികള്‍ വാടകയ്ക്ക് കൊടുക്കുന്ന ബിസിനസ്സും മുഹമ്മദിനുണ്ടായിരുന്നു. ഒരു കോടി മുപ്പതു ലക്ഷം രൂപയാണ് ഹംസ മുഹമ്മദിനു കൈമാറിയിരുന്നത്. ആദ്യം നിക്ഷേപിച്ച തുകയ്ക്ക് പ്രതിമാസം വലിയ പലിശ ലഭിച്ചതോടെ, സമ്പാദ്യമായി കൈയിലുണ്ടായിരുന്ന നീക്കിയിരിപ്പും അതിനൊപ്പം ബന്ധുക്കളില്‍ നിന്നും ശേഖരിച്ച നാല്‍പ്പതു ലക്ഷം രൂപയും ചേര്‍ത്താണ് ഇത്രയും വലിയ തുക ഹംസ മുഹമ്മദിനു നല്‍കിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇടക്കാലത്ത് ഒമാനില്‍ ജോലി ചെയ്തു സമ്പാദിച്ച പണവും ഇതില്‍ ഹംസ നിക്ഷേപിച്ചിരുന്നു. ബന്ധുക്കളില്‍ നിന്നും വാങ്ങി നല്‍കിയ നാല്‍പ്പതു ലക്ഷം രൂപ, ഇതിനിടെ ഹംസ സ്വന്തം കൈയില്‍ നിന്നും തിരിച്ചു നല്‍കുകയും ചെയ്തിരുന്നു. ഇത്ര വലിയ തുക കൈവശപ്പെടുത്തിയ ശേഷം മുഹമ്മദ് പെട്ടന്നൊരു ദിവസം അപ്രത്യക്ഷനാകുകയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നുണ്ട്. മൂന്നു വര്‍ഷമായി മുഹമ്മദ് ഒളിവിലാണെന്നാണ് മേപ്പയൂര്‍ പൊലീസിന്റെ പക്ഷം.

കബളിപ്പിക്കപ്പെട്ടു എന്നു തിരിച്ചറിഞ്ഞതോടെ, ഹംസ മുഹമ്മദിനെ അന്വേഷിച്ചു പോയിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ബാംഗ്ലൂരിലും മറ്റും സഞ്ചരിച്ച് അന്വേഷിച്ചെങ്കിലും കാര്യമുണ്ടായില്ല. മാനസിക സംഘര്‍ഷം കാരണം ഈ അധ്യയന വര്‍ഷം ഹംസ ജോലിക്കു പോയിരുന്നുമില്ല. വളന്ററി റിട്ടയര്‍മെന്റിന് അപേക്ഷിച്ചിരുന്നുവെങ്കിലും സ്‌കൂളധികൃതര്‍ അപേക്ഷ സ്‌നേഹപൂര്‍വം നിരസിക്കുകയാണ് ചെയ്തത്. അധികം സുഹൃത്തുക്കളില്ലാത്ത, അന്തര്‍മുഖനായ ഹംസ, തനിക്കുണ്ടായ നഷ്ടത്തെക്കുറിച്ച് അധികമാരോടും സംസാരിച്ചിരുന്നില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. ഇത്രനാളും തങ്ങള്‍ക്കു നേരിട്ട സാമ്പത്തിക നഷ്ടത്തെക്കുറിച്ച് പുറത്തു പറയാതിരുന്നവര്‍ പോലും ഹംസയുടെ മരണത്തോടെ പരാതികളുമായി എത്തുകയാണെന്ന് രാധാകൃഷ്ണന്‍ പറയുന്നു. സമൂഹത്തില്‍ ഉന്നത സ്ഥാനം വഹിക്കുന്നവരും, വിദ്യാസമ്പന്നരുമായവരാണ് തട്ടിപ്പിനിരയായവരില്‍ അധികവും എന്നതിനാല്‍ പരസ്യമായി പരാതിപ്പെടാന്‍ ആര്‍ക്കും താല്‍പര്യവുമില്ല. ‘വിവരവും വിദ്യാഭ്യാസവുമുള്ള ധാരാളം പേര്‍ ഇതില്‍ പെട്ടിട്ടുണ്ട് എന്നാണ് അനൗദ്യോഗികമായി അറിയാന്‍ കഴിഞ്ഞത്. ഹംസ മാഷ് തന്നെ അധ്യാപകനായിട്ടും പറ്റിക്കപ്പെട്ടു എന്നതാണ് അത്ഭുതം. പരാതിയുമായി ആരും ഇതുവരെ വന്നിട്ടില്ല. പരസ്യമായി ആരും പറയാനും തയ്യാറായിട്ടില്ല. എല്ലാവരും നഷ്ടം സഹിക്കുകയാണെന്ന് തോന്നുന്നു. ഇതിലെ കണ്ണികളെയെല്ലാം കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇതിനായി ഇന്ന് സര്‍വ കക്ഷിയോഗം ചേരുന്നുണ്ട്.’ പഞ്ചായത്ത് പ്രസിഡന്റ് റീന പറയുന്നു.

ആത്മഹത്യക്കുറിപ്പുകള്‍ തങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും, അതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം കര്‍ശനമായി മുന്നോട്ടു പോകുന്നുണ്ടെന്നും മേപ്പയൂര്‍ പൊലീസ് പറയുന്നു. കുറിപ്പില്‍ പറഞ്ഞിരിക്കുന്ന തരത്തില്‍ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നും, അതു വ്യാപകമായി സംഭവിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒളിവിലുള്ള മുഹമ്മദിന് നാട്ടില്‍ത്തന്നെ ധാരാളം കണ്ണികളുണ്ടെന്നും, ഇയാളെ കണ്ടെത്തണമെന്നതാണ് തങ്ങളുടെ പ്രധാന ആവശ്യമെന്നും രാധാകൃഷ്ണന്‍ പറയുന്നു. സാമ്പത്തിക തട്ടിപ്പു നടന്നിട്ടുണ്ട് എന്നതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും അറിയാത്ത സാഹചര്യത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനായാണ് നാട്ടുകാരും കാത്തിരിക്കുന്നത്. മുഹമ്മദ് ഒറ്റയ്ക്കാണോ ഈ തട്ടിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്, തട്ടിയെടുത്ത പണം ഏതു ബിസിനസ്സില്‍ നിക്ഷേപിക്കുന്നു എന്നാണ് നിക്ഷേപകരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്, ഈ പണം എവിടെയാണുള്ളത്, ഇനിയും എത്ര പേര്‍ ഈ കുരുക്കില്‍ അകപ്പെട്ടിട്ടുണ്ട് എന്നിങ്ങനെ അനവധി ചോദ്യങ്ങള്‍ക്കാണ് ഉത്തരം ലഭിക്കാനുള്ളത്. മേപ്പയൂരിനു പുറത്തുള്ളവരും കബളിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. നിലവില്‍ അനൗദ്യോഗികമായി പരാതിയറിയിച്ചിരിക്കുന്നവരില്‍ നിന്നും തട്ടിയ തുക തന്നെ പത്തു കോടിക്കും പതിനഞ്ചു കോടിക്കും ഇടയില്‍ വരുമെന്നിരിക്കേ കൂടുതല്‍ പേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഈ തുക ഇനിയും ഉയരാനാണ് സാധ്യത.

Read More: ‘മരിച്ചവരെ റോഡില്‍ കളയാനൊക്കുമോ?’; മറിയാമ്മ ഫിലിപ്പ് മരിച്ചിട്ട് ഒരാഴ്ച, ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കത്തില്‍പ്പെട്ട് മൃതദേഹം മോര്‍ച്ചറിയില്‍

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍