UPDATES

ആ കള്ളവോട്ടുകള്‍ പിടിച്ചത് യാദൃശ്ചികമല്ല, എല്ലാം മുന്‍കൂട്ടി തയാറാക്കിയ പദ്ധതികള്‍ക്കൊടുവില്‍; ടിക്കാറാം മീണ വെളിപ്പെടുത്തുന്നു

10 ലക്ഷം വോട്ടുകള്‍ വോട്ടര്‍പട്ടികയില്‍ നിന്നും തള്ളിച്ചു എന്ന മുന്‍ മുഖ്യമന്ത്രിയുടെ ആരോപണം അതിശയോക്തി

കെ.എ ഷാജി

കെ.എ ഷാജി

ജനാധിപത്യത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ തന്നെ ചോദ്യം ചെയ്യുന്ന കള്ളവോട്ട് സമ്പ്രദായം കേരളത്തിൽ ചിലയിടങ്ങളില്‍ കാലങ്ങളായി നിലനില്‍ക്കുന്നതാണെന്നും അതിന് അറുതിവരുത്താന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയാണ് വടക്കന്‍ മേഖലകളിലെ ചില ബൂത്തുകളില്‍ ഇക്കുറി കണ്ടതെന്നും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കള്ളവോട്ടുകാരെ തെളിവ് സഹിതം പിടികൂടി നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക എന്ന ദൌത്യത്തില്‍ താന്‍ വിജയിച്ചതായും കേരളത്തിന്‍റെ പുരോഗമനപരമായ മുന്നോട്ടു പോക്കിന് അത് ഗുണം ചെയ്യുമെന്നും അഴിമുഖത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

“കള്ളവോട്ട് കള്ളരോഗമാണ്. കേരളത്തിലെ ചിലയിടങ്ങളില്‍ കുറെ കാലമായി നിലനില്‍ക്കുന്ന രോഗം. മറച്ചു വച്ചാല്‍ രോഗം ഭേദമാകില്ല. കള്ളവോട്ട് കാരണം ചില സ്ഥാനാര്‍ഥികള്‍ തോറ്റിട്ടുണ്ട്. അനര്‍ഹര്‍ ജയിച്ചിട്ടുമുണ്ട്. ചിലര്‍ക്ക് കള്ളവോട്ട് പാരമ്പര്യം ആണ്. സമൂഹത്തിനും രാഷ്ട്രത്തിനും ഇത് കടുത്ത അപരാധമാണ്,” മീണ പറഞ്ഞു. “വെബ്‌കാസ്റ്റിംഗ് ഉപയോഗപ്പെടുത്തി കള്ളവോട്ടുകാരെ പിടികൂടാന്‍ ഞങ്ങള്‍ മുന്‍കൂട്ടി അസൂത്രണം ചെയ്തിരുന്നു. സത്യസന്ധമായും വസ്തുതാപരമായും ഞങ്ങള്‍ പ്രവര്‍ത്തിച്ചു. കൃത്യമായ നടപടികള്‍ സ്വീകരിച്ചു. കള്ളവോട്ട് നടക്കുന്നുണ്ട് എന്ന് ഞങ്ങള്‍ തെളിയിച്ചു,” മീണ പറഞ്ഞു.

കള്ളവോട്ടുകള്‍ പിടിച്ചതും റീപോളിംഗ് നടത്തിയതും സംബന്ധിച്ച വിവാദങ്ങള്‍ക്കും മീണയുടെ കയ്യില്‍ കുറിക്കു കൊള്ളുന്ന മറുപടിയുണ്ട്. “ഒരു മോഷണം മോഷണം അല്ലെന്നാണ് ചിലര്‍ പറയുന്നത്. മോഷണം മോഷണം തന്നെയാണ്. ഒരു വട്ടം മോഷ്ടിച്ചോ അതോ രണ്ടു വട്ടം മോഷ്ടിച്ചോ എന്നത് പ്രസക്തമല്ല,” അദ്ദേഹം തുറന്നടിച്ചു. “നിയമ വിരുദ്ധം നിയമ വിരുദ്ധം തന്നെയാണ്. രോഗം ഭേദമാകണം. അടുത്ത വട്ടം ഇങ്ങനെ ചെയ്യാന്‍ അവര്‍ മടിക്കും. നേതാക്കള്‍ ഉള്‍പ്പടെ ഉള്ളവര്‍ക്ക് ഒരു ഡോസ് കൊടുത്തു,” മീണ പറഞ്ഞു.

കള്ളവോട്ട് ചെയ്ത സംഭവം വെളിച്ചത്ത് കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകന് നേരെ നടക്കുന്ന സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ആക്രമണങ്ങളിലും അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി. “മാധ്യമ പ്രവര്‍ത്തകന്‍ അയാളുടെ ഉത്തരവാദിത്തം ആണ് ചെയ്തത്. സത്യം പുറത്തു കൊണ്ടുവരല്‍ ആണ് മാധ്യമ പ്രവര്‍ത്തനം. ഇതൊരു വെല്ലുവിളിയും കടമയുമായി കണ്ട മാധ്യമ പ്രവര്‍ത്തകര്‍ അനുമോദനം അര്‍ഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.

“കള്ളവോട്ട് ജനഹിതം അട്ടിമറിക്കല്‍ ആണ്. ഇതിനു കൂട്ട് നിന്ന ജനപ്രതിനിധികള്‍ ആത്മപരിശോധന നടത്തണം. ധാര്‍മ്മികത എന്നൊന്നുണ്ട്. തെറ്റില്‍ ഉത്തരവാദികള്‍ ആണോ എന്നവര്‍ ആലോചിക്കണം. കള്ളവോട്ടിനു പിടിക്കപ്പെട്ട ജനപ്രതിനിധി വരെ ഉണ്ട്. ആ സ്ഥാനത്ത് തുടരണോ എന്നവര്‍ ആലോചിക്കണം. ധാര്‍മികമായി അത് ശരിയല്ല,” അദ്ദേഹം നയം വ്യക്തമാക്കി.

തന്‍റെ അധികാര പരിധിയുടെ പുറത്തു പോയി കള്ളവോട്ട് ചെയ്തവര്‍ക്കെതിരെ നടപടികള്‍ നിര്‍ദ്ദേശിച്ചു എന്ന ആരോപണം അദ്ദേഹം ശക്തമായി നിഷേധിച്ചു. “യുക്തമായ നടപടികള്‍ സ്വീകരിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. അത് എങ്ങനെയാണു തെറ്റാകുന്നത്,” അദ്ദേഹം ചോദിച്ചു.

ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം ആക്കുന്നതിനെതിരെ എടുത്ത നിലപാട് വിവാദമായതിലും മീണ നിലപാട് വ്യക്തമാക്കി. “മതം തെരഞ്ഞെടുപ്പു വിഷയം ആക്കുന്നത് ആണ് എതിര്‍ത്തത്. അത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ്. മതപരവും ജാതീയവും സമുദായപരവുമായ കാര്യങ്ങള്‍ പ്രചാരണത്തിന് ഉപയോഗിച്ച് കൂടാ.ശബരിമല സംബന്ധമായി പ്രചാരണം നടത്താമോ എന്ന് ഇത് സംബന്ധിച്ച ഒരു പത്ര സമ്മേളനത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു. പാടില്ലെന്ന് ഞാന്‍ മറുപടി കൊടുത്തു. അത് വ്യാഖ്യാനിച്ചു വികൃതമാക്കുകയാണ്. ശബരിമലയെക്കുറിച്ച് മിണ്ടാനേ പാടില്ല എന്നല്ല ഞാന്‍ പറഞ്ഞത്. അയ്യപ്പനെ ആയാലും രാമനെ ആയാലും തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഉപയോഗിച്ച് കൂടാ.. തെരഞ്ഞെടുപ്പു മതേതര പ്രക്രിയയാണ്‌. വര്‍ഗീയതയും മതവും പറയാന്‍ പാടില്ല. മതം രാഷ്ട്രീയത്തില്‍ വന്നാല്‍ ഇന്ത്യ പാകിസ്ഥാന്‍ ആകും,” അദ്ദേഹം പറഞ്ഞു.

പത്തുലക്ഷം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കി എന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോപണം സംബന്ധിച്ച് ചോദിച്ചപ്പോള്‍ അതിശയോക്തിപരം എന്നായിരുന്നു മറുപടി. എന്നാല്‍ പരാതി കിട്ടിയ സ്ഥിതിക്ക് കൃത്യമായ അന്വേഷണം ഉണ്ടാകുമെന്നും മീണ കൂട്ടിച്ചേര്‍ത്തു. “പട്ടിക നിലവില്‍ വന്നിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. ഈ ഒരു വര്‍ഷക്കാലം ഉറങ്ങുകയായിരുന്നോ? കരട് പരിശോധനയ്ക്കായി എല്ലാവര്‍ക്കും ലഭ്യമാക്കിയിരുന്നു. അന്ന് എന്താണ് താത്പര്യം കാണിക്കാതെ ഇരുന്നത്?” മീണ ചോദിച്ചു.

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. “ഈ പദവിയില്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. ആരുടേയും പ്രീതി നേടാനുള്ള ജോലി അല്ല ഇത്. മനസ്സുകൊണ്ട് എന്നും നിക്ഷ്പക്ഷന്‍ ആയിരുന്നു എന്ന് ഉത്തമ ബോധ്യമുണ്ട്. റഫറിയുടെ ജോലിയാണ്. അത് ഭംഗിയായി ചെയ്തു,” വോട്ട് എണ്ണാന്‍ രണ്ടു ദിവസം ശേഷിക്കെ അദ്ദേഹം പറഞ്ഞു.നല്ലത് ചെയ്യുന്നത് ഇഷ്ടപ്പെടാത്തവരും ഉണ്ടെന്നു അദ്ദേഹം പറഞ്ഞു.

“അപരാധം അപരാധം തന്നെയാണ്. ഇതൊരു ഭരണഘടനാ സ്ഥാപനമാണ്‌. ജനങ്ങള്‍ക്ക്‌ വേണ്ടി ഉള്ളതാണ്. ആര് അതിര് വിട്ടാലും നിയന്ത്രിക്കുന്നത് ജനങ്ങള്‍ക്ക്‌ വേണ്ടിയാണ്. ആളുകള്‍ ഈ തെരഞ്ഞെടുപ്പില്‍ ഒരുപാട് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. തെറ്റായ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ധാര്‍മികമായും നിക്ഷ്പക്ഷമായും മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ..” അദ്ദേഹം പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഉടന്‍

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍