സംഭവത്തില്‍ മനുഷ്യാവകാശകമ്മീഷന്‍ ഇടപെട്ടു
സമീപവാസികളുടെയും സമുദായാംഗങ്ങളുടെയും വീടുകളിലെ ചടങ്ങുകളിലേക്ക് പ്രവേശനമില്ല. വിവാഹം, മരണം എന്നിങ്ങനെ ഒരു പരിപാടിയ്ക്കും പങ്കുകൊള്ളാനാകില്ല. സ്വന്തം വീട്ടില്‍ അത്തരം ചടങ്ങുകള്‍ നടന്നാല്‍, മറ്റു കുടുംബങ്ങളില്‍ നിന്നും ആരും പങ്കെടുക്കുകയുമില്ല. ഒരു പ്രദേശത്തെയാളുകള്‍ എല്ലാവരും ചേര്‍ന്ന് എത്രയോ വര്‍ഷക്കാലങ്ങളായി ആഘോഷിക്കുന്ന ക്ഷേത്രവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ആചാരാനുഷ്ഠാനങ്ങളില്‍പ്പോലും പങ്കാളികളാകാനുള്ള അവകാശമില്ല. ഏകദേശം ഒരു വര്‍ഷത്തിലേറെയായി കാസര്‍കോട് വെസ്റ്റ് ഏളേരി പഞ്ചായത്തിലെ കുന്നുംകൈയിലുള്ള ആറു കുടുംബങ്ങള്‍ നേരിടുന്ന സാമൂഹിക ബഹിഷ്‌കരണത്തിന്റെ കഥയാണിത്. തേജസ്വിനി പുഴയോടു ചേര്‍ന്നു താമസിക്കുന്ന ദളിത് കുടുംബങ്ങളടക്കമുള്ളവര്‍ക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതാകട്ടെ, പ്രദേശത്തെ ക്ഷേത്ര കമ്മറ്റിയും. ആറു കുടുംബങ്ങളിലായി മുപ്പത്തിയഞ്ചോളം പേര്‍ നാളിത്രയും അഭിമുഖീകരിച്ചത് കടുത്ത ഒറ്റപ്പെടുത്തലും മാറ്റിനിര്‍ത്തലുമാണെന്ന് ഇവര്‍ പറയുന്നു. കുന്നുംകൈ പാമ്പൂരിയിലെ ശ്മശാനവുമായി ബന്ധപ്പെട്ട, വര്‍ഷങ്ങളുടെ പഴക്കമുള്ള തര്‍ക്കമാണ് ഊരുവിലക്കിന് കാരണമായതെന്നാണ് ഈ കുടുംബങ്ങളില്‍പ്പെട്ടവര്‍ വിശദീകരിക്കുന്നത്. വിഷയത്തില്‍ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ട് ഉത്തരവിട്ടതോടെ, 2014 മുതല്‍ നിലനില്‍ക്കുന്ന ഈ തര്‍ക്കം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
കുന്നുംകൈ കോളിയോട് ചാമുണ്ഡേശ്വരി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന്റെ കീഴില്‍, തേജസ്വിനിപ്പുഴയോടു ചേര്‍ന്ന് ഒരു ശ്മശാനം നിര്‍മിക്കാന്‍ തീരുമാനിച്ചതോടെയാണ് ഊരുവിലക്കിലേക്കു നീങ്ങിയ പ്രശ്നങ്ങളുടെ ആരംഭം. 2014ല്‍ പാമ്പൂരിയില്‍ സ്ഥലമേറ്റെടുത്ത് നിര്‍മാണമാരംഭിച്ച ശ്മശാനത്തോട് ആദ്യ ഘട്ടത്തില്‍ ആരും എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നില്ല. എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായ ശേഷം സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടേ ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ആരംഭിക്കൂ എന്ന് ക്ഷേത്ര ഭാരവാഹികള്‍ വാക്കു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ചുറ്റുമതിലും തീയിടാനുള്ള കളവും മാത്രം പണിതീര്‍ന്നിരുന്ന അവസ്ഥയിലാണ് പെട്ടന്ന് ഒരു മരണമുണ്ടാകുന്നത്. വാഗ്ദാനങ്ങളെല്ലാം കാറ്റില്‍പ്പറത്തി, ഈ സമുദായ ശ്മശാനത്തില്‍ ആദ്യമായി മൃതദേഹം ദഹിപ്പിക്കപ്പെടുകയും ചെയ്തു. ഒരു പുകക്കുഴല്‍ പോലുമില്ലാതിരുന്നിട്ടും സംസ്‌കാരം നടന്നതോടെ, പുഴക്കരയില്‍ താമസിക്കുന്ന ദളിത് കോളനിയിലുള്ളവര്‍ക്കടക്കം അതു വലിയ ബുദ്ധിമുട്ടുകളാണുണ്ടാക്കിയത്. പുകയും രൂക്ഷഗന്ധവും കാരണം പലര്‍ക്കും ശാരീരിക അസ്വാസ്ഥ്യം പോലുമുണ്ടായി. ക്ഷേത്ര കമ്മറ്റിയില്‍ ശ്മശാനത്തെക്കുറിച്ച് തീരുമാനമെടുത്തിരുന്നെങ്കിലും, കോളനിയില്‍ താമസിക്കുന്നവരെ വിവരമറിയിക്കുകയോ അഭിപ്രായം ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും ഇവര്‍ പറയുന്നു.
പുഴക്കരയില്‍ നാലു സെന്റ് സ്ഥലം വിലയ്ക്കു വാങ്ങിയാണ് ക്ഷേത്ര കമ്മറ്റി ശ്മശാനത്തിന്റെ ജോലികള്‍ ആരംഭിച്ചതെങ്കിലും, എട്ടു മീറ്ററോളം വരുന്ന ചുറ്റുമതില്‍ കെട്ടിയിരിക്കുന്നത് പുറമ്പോക്കു കൈയേറിയാണെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുകയും ശ്മശാനത്തിന് ലൈസന്‍സ് ലഭിക്കാനുള്ള അര്‍ഹതയില്ലെന്ന് തിരിച്ചറിയുകയും ചെയ്തതോടെ, പഞ്ചായത്തിലും വില്ലേജ് ഓഫീസിലും പരാതികള്‍ കൊടുക്കുന്ന നടപടിയിലേക്കാണ് പിന്നീട് പ്രദേശവാസികള്‍ കടന്നത്. പുഴക്കരയും ജനവാസകേന്ദ്രവുമായതിനാല്‍ ലൈസന്‍സ് അനുവദിക്കാനാകില്ലെന്ന് തെളിഞ്ഞതോടെ, ശ്മശാനത്തിന്റെ പ്രവൃത്തികള്‍ പഞ്ചായത്ത് നിരോധിക്കുകയും ചെയ്തു. 2017 ഒക്ടോബറില്‍ ജില്ലാ കലക്ടറുടെ അദാലത്തിലും പരാതിയെത്തി. നിര്‍മാണ പ്രവര്‍ത്തനങ്ങളോ ശവദാഹമോ നടത്തരുതെന്ന് കാണിച്ച് കലക്ടര്‍ ശ്മശാനത്തിന് സ്റ്റോപ്പ് മെമ്മോയും കൊടുത്തു. പ്രശ്നങ്ങള്‍ അവസാനിച്ചു എന്നു കരുതിയ തങ്ങള്‍ക്ക് പിന്നീടുള്ള ഒന്നര വര്‍ഷക്കാലം ഊരുവിലക്ക് നേരിടേണ്ടിവന്നതിനെക്കുറിച്ച്, പരാതിക്കാരിലൊരാളായ തമ്പാന്‍ പറയുന്നതിങ്ങനെയാണ്:
‘ഈ ശ്മശാനത്തിന്റെ സ്ഥലത്തിനടുത്ത് താമസിക്കുന്നയാളുകളും, ക്ഷേത്രത്തിന്റെ ജനറല്‍ ബോഡിയിലൊക്കെ പങ്കെടുക്കുന്നവരുമാണ് ഞങ്ങള്‍. പുഴവക്കത്തായതു കൊണ്ട് ശ്മശാനം വരുന്നത് ഞങ്ങളെ വലിയ പ്രശ്നത്തിലാക്കുമായിരുന്നു. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ്. വേനല്‍ക്കാലത്ത് പുഴയില്‍ ഉപ്പുവെള്ളം കയറുമ്പോള്‍, പുഴക്കരയില്‍ ചെറിയ കുഴികള്‍ കുത്തിയാണ് വെള്ളമെടുക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളോ ശവദാഹമോ നടത്തരുതെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിടുന്നതിനുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ ഇവിടെ ദഹിപ്പിച്ചു കഴിഞ്ഞിരുന്നു. പുകക്കുഴലോ മറ്റോ ഇല്ലാതിരുന്നതിനാല്‍ ഇവിടെ നിന്നും വരുന്ന പുകയും രൂക്ഷ ഗന്ധവും വലിയ ബുദ്ധിമുട്ടുണ്ടാക്കുമായിരുന്നു. രണ്ടാമത്തെ മൃതദേഹം മറവു ചെയ്യുമ്പോള്‍ ഇവിടെ നാട്ടുകാര്‍ ചേര്‍ന്ന് പ്രശ്നമുണ്ടാക്കി. തഹസില്‍ദാരും വില്ലേജ് ഓഫീസറുമൊക്കെ വരേണ്ടിവന്നു. ശ്മശാനത്തിന് ലൈസന്‍സും കിട്ടില്ല. കലക്ടര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തതില്‍പ്പിന്നെയാണ് ക്ഷേത്ര ഭാരവാഹികള്‍ക്ക് നമ്മളോട് വൈരാഗ്യമാകുന്നത്. ആറു കുടുംബങ്ങള്‍ക്കാണ് ക്ഷേത്രം ഊരുവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആറു കുടുംബങ്ങളിലായി കുട്ടികളടക്കം മുപ്പത്തിയഞ്ചോളം പേരുണ്ട്. ശ്മശാനത്തിന്റെ തൊട്ടടുത്തുള്ളവരാണിത്രയും. അമ്പലത്തിലെ ആളുകളുടെ ദേഷ്യം ഭയന്ന് ബാക്കിയുള്ളവരൊന്നും പരസ്യമായി പരാതിയുമായി മുന്നോട്ടു പോയിട്ടില്ലായിരുന്നു. ക്ഷേത്രത്തില്‍ കയറുന്നതിന് കുഴപ്പമില്ലെങ്കിലും, ആചാരാനുഷ്ഠാനങ്ങളില്‍ പങ്കെടുപ്പിക്കാറില്ല. നമ്മുടെ വീടുകളില്‍ നിന്നും മാസം തോറും തെയ്യത്തിനും മറ്റും പിരിവെടുക്കാറുണ്ട്. കഴിഞ്ഞ പതിനാലു മാസമായി പിരിവൊന്നും എടുക്കുന്നില്ല. ക്ഷേത്രത്തില്‍ കൂടിക്കളിക്കുന്നവരുടെ വീടുകളില്‍ വിവാഹം, മരണം പോലുള്ള ചടങ്ങുകളുണ്ടായാല്‍ അതിലും പങ്കെടുപ്പിക്കില്ല. ഞങ്ങളുടെ വീട്ടിലെ ചടങ്ങുകള്‍ക്ക് അവരും വരില്ല. 2017 ഡിസംബറില്‍ ക്ഷേത്രത്തില്‍ 52 പേര്‍ പങ്കെടുത്ത ഒരു ജനറല്‍ ബോഡി യോഗം നടന്നിരുന്നു. അതില്‍വച്ചാണ് ഞങ്ങള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. എല്ലാ വിശ്വാസികളോടും വാക്കാല്‍ ഇത് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തില്‍ പോകാം എന്നല്ലാതെ മറ്റു പരിപാടികളിലൊന്നും പങ്കാളികളാകാന്‍ പറ്റില്ല എന്നായി. 2018 മേയ് മാസം വരെ മാറ്റമുണ്ടാകും എന്നു പ്രതീക്ഷിച്ച് കാത്തിരുന്നു. തീരെ സഹിക്കാന്‍ പറ്റാതായപ്പോഴാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നത്. ഡിവൈഎസ്പി അന്വേഷിക്കാനെത്തി, അവര്‍ക്ക് കാര്യം ബോധ്യപ്പെടുകയും ചെയ്തു. പരാതിയില്‍ കഴമ്പുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഊരുവിലക്ക് പാടില്ല എന്ന വിധി വന്നിരിക്കുന്നത്.’
തിയ്യ സമുദായത്തില്‍പ്പെട്ടവരുടെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ ക്ഷേത്രമാണ് കോളിയോട് ചാമുണ്ഡേശ്വരി ക്ഷേത്രം. ശ്മശാനത്തിനായി ഏറ്റെടുത്ത ഭൂമിയോടു തൊട്ടു ചേര്‍ന്നു താമസിക്കുന്നത് പട്ടികജാതിയില്‍പ്പെട്ടവരും. ശ്മശാനത്തിനെതിരായ പരാതി നല്‍കാന്‍ മുന്നില്‍ നിന്നതും ഇവര്‍ തന്നെ. എല്ലാവരും ആരാധനയ്ക്കെത്തുന്ന ക്ഷേത്രമാണെങ്കിലും, ഈ പട്ടികജാതി കുടുംബങ്ങള്‍ക്കടക്കം പരോക്ഷമായി ഊരുവിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണിവിടെ. ശ്മശാനത്തില്‍ രണ്ടാമത്തെ മൃതദേഹവും ദഹിപ്പിച്ചതോടെ പ്രദേശവാസികളായ മുപ്പത്തിയഞ്ചോളം കുടുംബങ്ങളാണ് വില്ലേജ് ഓഫീസറേയും തഹസില്‍ദാരേയും പരാതിയുമായി സമീപിച്ചിരുന്നത്. എന്നാല്‍, ക്ഷേത്ര ഭാരവാഹികളുടെ നടപടികളെ ഭയന്ന് ഇവരില്‍ ഭൂരിഭാഗവും പിന്മാറുകയായിരുന്നുവെന്നും തമ്പാന്‍ പറയുന്നു. എല്ലാവരും പിന്തുണ നല്‍കുന്നുണ്ടെങ്കിലും, ആര്‍ക്കും പരസ്യമായി പ്രഖ്യാപിക്കാന്‍ സാധിക്കുന്നില്ലെന്നാണ് തമ്പാന്റെ പക്ഷം. ക്ഷേത്ര കമ്മറ്റിയുടെ തലപ്പത്തുള്ള മൂന്നോ നാലോ കുടുംബങ്ങളൊഴികെ മറ്റെല്ലാവരും തങ്ങളുടെ ഭാഗത്താണെന്നും, കമ്മറ്റിയംഗങ്ങളില്‍ നിന്നും കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ അവര്‍ക്കാര്‍ക്കും തങ്ങളെ ചടങ്ങുകളില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കാതെ വരികയാണെന്നും ഇവര്‍ പറയുന്നു. ക്ഷേത്ര ഭാരവാഹികള്‍ സഹകരിക്കില്ലെന്നു തിരിച്ചറിഞ്ഞതോടെ, സമീപത്തുള്ള മറ്റൊരു ക്ഷേത്രത്തിന്റെ ഭാഗമാകാനും ഇവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കോളിയോട് ക്ഷേത്ര കമ്മിറ്റി ഇതില്‍ എതിര്‍പ്പറിയിച്ചതിനാല്‍ മറ്റു ക്ഷേത്രങ്ങളും സഹകരിക്കാന്‍ മടിക്കുകയാണെന്ന് തമ്പാന്‍ പറയുന്നു.
മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ ഈ വിഷയത്തില്‍ നിര്‍ണായകമാകും എന്ന പ്രതീക്ഷയിലാണ് ആറു കുടുംബങ്ങളും. സമുദായത്തില്‍ നിന്നും ആരാധനാലയത്തില്‍ നിന്നും കുറച്ചു പേരെ മാത്രമായി മാറ്റിനിര്‍ത്തുന്ന നടപടി മനുഷ്യാവകാശ ലംഘനമാണെന്നും, അനുമതിയില്ലാത്ത ശ്മശാനത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സമൂഹത്തില്‍ ഇടപെടാനുള്ള അവകാശം തന്നെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു വിഷയം പഠിച്ച ശേഷം മനുഷ്യാവകാശ കമ്മീഷന്റെ പ്രതികരണം. പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയ സാഹചര്യം തുടരുകയാണെങ്കില്‍, മതിയായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഡി.വൈ.എസ്.പിയോട് കമ്മീഷന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഉത്തരവിന്റെ പകര്‍പ്പ് കൈയില്‍ കിട്ടിയിട്ട് അഞ്ചു ദിവസമായെങ്കിലും, കമ്മറ്റിയില്‍ നിന്നും ഒരു തരത്തിലുള്ള അറിയിപ്പോ സംസാരമോ ഉണ്ടായിട്ടില്ലെന്ന് തമ്പാന്‍ പറയുന്നു. വിഷയം സംസാരിക്കാന്‍ വിളിക്കുക പോലും ചെയ്തിട്ടില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍, മനുഷ്യാവകാശ ലംഘനം നടക്കുന്നതായി കമ്മീഷന്‍ നിരീക്ഷിച്ചിട്ടും, കുന്നുംകൈയില്‍ അത്തരത്തിലൊരു മാറ്റിനിര്‍ത്തല്‍ നടന്നിട്ടില്ലെന്നാണ് ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് സുരേഷിന്റെ വാദം. കോളനിയില്‍ താമസിക്കുന്ന ദളിതര്‍ ക്ഷേത്രത്തിന്റെ ഭാഗം പോലുമല്ലെന്നും, ആ സാഹചര്യത്തില്‍ എങ്ങിനെയാണ് അവരെ മാറ്റിനിര്‍ത്താന്‍ കമ്മറ്റിക്കു സാധിക്കുക എന്നും പ്രസിഡന്റ് ചോദിക്കുന്നുണ്ട്. ‘മനുഷ്യാവകാശ കമ്മീഷന്‍ വിളിച്ചിട്ട് രണ്ടു സിറ്റിംഗില്‍ പങ്കെടുത്തിരുന്നു. ആദ്യത്തേതില്‍ പരാതിക്കാര്‍ വരാതിരിക്കുകയാണ് ചെയ്തത്. ഈ പറയുന്നതു പോലുള്ള പ്രശ്നങ്ങളൊന്നും ഇവിടെയുണ്ടായിട്ടില്ല. ശ്മശാനവുമായി ബന്ധപ്പെട്ട് ഒരു പ്രശ്നമുണ്ടായിരുന്നു എന്നുള്ളത് ശരിയാണ്. പത്തു മുന്നൂറു പേരുടെ കൂട്ടായ്മയായിട്ടുള്ള ഒരു സമുദായ ക്ഷേത്രമാണിത്. ഭൂരിപക്ഷ തീരുമാനപ്രകാരമാണ് എല്ലാ കാര്യങ്ങളും നടക്കുന്നത്. ശ്മശാനമുണ്ടാക്കാനുള്ള തീരുമാനവും അങ്ങനെ വന്നതാണ്. അതില്‍ ബുദ്ധിമുട്ടു തോന്നിയ ചിലരാണ് കോളനിക്കാരെ കൂട്ടുപിടിച്ച് കലക്ടര്‍ക്ക് പരാതിയൊക്കെ കൊടുക്കുന്നത്. പുഴയില്‍ നിന്നും നിശ്ചിത അകലം പാലിക്കാതെയാണ് ശ്മശാനം പണിതത് എന്ന കാര്യം സത്യമാണ്. അതുകൊണ്ട് കലക്ടര്‍ അനുമതി നിഷേധിക്കുകയും ചെയ്തു. അതിനു ശേഷം ഞങ്ങളും ആ പദ്ധതി വിട്ടു. പിന്നെ ക്ഷേത്രവുമായി സഹകരിക്കേണ്ടത് ഈ പരാതിക്കാരുടെ കടമയാണ്. അതുണ്ടായിട്ടില്ല. പ്രശ്നങ്ങളും അഭിപ്രായ വ്യത്യാസങ്ങളും തീര്‍ക്കുന്നത് തുരുത്തി കഴകം എന്ന മറ്റൊരു ക്ഷേത്രത്തില്‍ വച്ചാണ്. അവിടെ വച്ച് ചര്‍ച്ചയ്ക്കു വിളിച്ചപ്പോഴും തെറ്റിപ്പിരിയുകയാണുണ്ടായത്. ഒറ്റ ഒരു വ്യക്തിയാണ് ഇതിന്റെ പുറകിലുള്ളത്. ബാക്കി മുപ്പത്തിയഞ്ച് പേര്‍ എന്നൊക്കെ പറയുന്നത് ദളിത് കോളനിയിലുള്ളവരാണ്. തിയ്യ സമുദായക്കാരുടെ ക്ഷേത്രത്തിന് എങ്ങനെയാണ് ഇവര്‍ക്ക് ഊരുവിലക്ക് കല്‍പ്പിക്കാന്‍ പറ്റുക? ശ്മശാനത്തെക്കുറിച്ചുള്ള പരാതിയ്ക്ക് ബലം കിട്ടാനാണ് കോളനിയിലെ ആളുകളെ ഒപ്പം ചേര്‍ത്തത്. അല്ലാതെ അവര്‍ക്ക് അമ്പലവുമായി ബന്ധമില്ല.’
വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന തര്‍ക്കങ്ങള്‍ക്കും ഒറ്റപ്പെടുത്തലിനും ഇനിയെങ്കിലും അന്ത്യമാകും എന്ന പ്രതീക്ഷയിലാണ് തമ്പാനടക്കം ആറു കുടുംബങ്ങളും. തിയ്യ സമുദായത്തില്‍പ്പെട്ടവര്‍ക്കൊപ്പം ദളിതരെയും ഊരുവിലക്കിയിട്ടുണ്ടെന്നിരിക്കേ, മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ വിഷയത്തില്‍ നിര്‍ണായകമാണു താനും. വര്‍ഷങ്ങളായി ജീവിതത്തിന്റെ തന്നെ ഭാഗമായി കരുതിപ്പോരുന്ന തെയ്യമടക്കമുള്ള അനുഷ്ഠാനങ്ങളിലും, സമുദായാംഗങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളിലും വീണ്ടും പങ്കെടുക്കാനാകുന്നത് കാത്തിരിക്കുകയാണിവര്‍.