UPDATES

ട്രെന്‍ഡിങ്ങ്

പാറ്റൂര്‍: ജേക്കബ് തോമസ് ഈ കേസില്‍ ചെയ്ത കുറ്റം സത്യം പറഞ്ഞതാണ്

ഇത് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിന്റെ പരാജയം

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും ഉള്‍പ്പെട്ട പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തില്‍ പ്രസ്തുത വിഷയത്തില്‍ അഴിമതി ചൂണ്ടിക്കാണിച്ച് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്ത അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് സംസാരിക്കുന്നു.

പാറ്റൂര്‍ കേസില്‍ ക്രിമിനല്‍ നടപടി പ്രകാരം വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആറാണ് ഭരത്ഭൂഷന്റെ ഹര്‍ജിമേല്‍ റദ്ദ് ചെയ്തിരിക്കുന്നത്. ഈ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി വിജിലന്‍സിന് നിയമോപദേശം നല്‍കിയത് അഡ്വക്കേറ്റ് ജനറലാണ്. അതേ രീതിയില്‍ തന്നെ വിജിലന്‍സിന്റെ നിയമോപദേശകരായിട്ടുള്ള അഭിഭാഷകരും ഇതേ നിയമോപദേശം കൊടുത്തിരുന്നു. അവര് വെറുതെ ഒരു ഉപദേശം കൊടുത്തതല്ല. ചീഫ്‌സെക്രട്ടറിയായിരുന്ന ഭരത് ഭൂഷണും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയും ചെയ്തിട്ടുള്ള കുറ്റങ്ങളെന്താണെന്ന് വ്യക്തമായി ബോധ്യം വന്നതിന് ശേഷം, ആ കേസ് നിലനില്‍ക്കുന്ന ഒന്നാണെന്ന് ബോധ്യത്തോടെയാണ് അവര്‍ നിയമോപദേശം നല്‍കിയത്.

അതിന് മുമ്പ് കുറ്റാരോപിതര്‍ക്കെതിരെ ക്രമിനല്‍ നടപടി പ്രകാരം കേസ് എടുക്കണമെന്ന് ഞാന്‍ വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഞാന്‍ ലോകായുക്തയുടെ ഹര്‍ജിക്കാരനായതിനാല്‍ അതിന് കഴിയില്ല എന്ന് അറിയിച്ചിരുന്നു. ലോകായുക്ത ക്രമക്കേട് കണ്ടെത്തിയാല്‍ ക്രമിനല്‍ നടപടിക്രമങ്ങള്‍ക്ക് ലോകായുക്ത നിര്‍ദ്ദേശം നല്‍കും. എന്നാല്‍ അതിനെതിരെ ഞാന്‍ ഹൈക്കോടതിയെ സമീപിച്ചു. രേഖകളടക്കം പരിശോധിച്ച് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ് നല്‍കണമെന്നായിരുന്നു അന്ന് ഞാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹൈക്കോടതി പരിശോധിച്ചിട്ട് , ലോകായുക്ത ആക്ട് പ്രകാരം എനിക്ക് ഹൈക്കോടതിയെ സമീപിക്കാനാവില്ല എന്ന നിരീക്ഷിച്ചു. ലോകായുക്തയില്‍ കേസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ഹൈക്കോടതിയില്‍ ഇക്കാര്യങ്ങള്‍ ആവശ്യപ്പെടാന്‍ കഴിയില്ല എന്നും പറഞ്ഞു. പിന്നീട് പ്രതീക്ഷ സുപ്രീംകോടതിയിലായിരുന്നു. ലളിതകുമാരി കേസില്‍ ഉത്തരവിട്ടത് സുപ്രീം കോടതിയായിരുന്നു. ക്രമിനില്‍ നടപടി ശ്രദ്ധയില്‍ പെട്ടാല്‍ 48 മണിക്കൂറിനുള്ളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണം എന്ന് ആ ഉത്തരവില്‍ പറഞ്ഞിരുന്നു. പാറ്റൂര്‍ കേസില്‍ ക്രിമിനല്‍ കുറ്റം വെളിവായതാണ്. അത് വ്യക്തമാക്കുന്ന എഡിജിപിയുടെ റിപ്പോര്‍ട്ടുണ്ട്, ഞാന്‍ സമര്‍പ്പിച്ച രേഖകളില്‍ കുറ്റം വെളിവാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണം എന്നായിരുന്നു ആവശ്യം. ഞാന്‍ സമര്‍പ്പിച്ച രേഖകളില്‍ ഈ കേസില്‍ ഉള്‍പ്പെട്ട എല്ലാവരും ചെയ്ത കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലോകായുക്ത കേസുള്ളത് കൊണ്ട് അത് ലോകായുക്ത തന്നെയാണ് തീരുമാനിക്കേണ്ടത് എന്ന് പറഞ്ഞു.

ആരാണ് തന്നെ 51 വെട്ട് വെട്ടിയതെന്ന് ജേക്കബ് തോമസ് വെളിപ്പെടുത്തുമോ?

എന്നാല്‍ ഹൈക്കോടതിയോ സുപ്രീം കോടതിയോ ഭൂമിയിടപാടിലെ ഉന്നതരടക്കമുള്ള ഉദ്യോഗസ്ഥരുടേയോ ഉമ്മന്‍ചാണ്ടിയുടേയോ പങ്ക് തള്ളിക്കളഞ്ഞിരുന്നില്ല. ഞാനൊഴിച്ച് മറ്റാര്‍ക്കും ഇക്കാര്യം ആവശ്യപ്പെട്ട് കോടതി സമീപിക്കാം എന്നായിരുന്നു. അങ്ങനെയാണ് വി.എസ്.അച്ചുതാനന്ദന്‍ വിജിലന്‍സ് കോടതിയെ സമീപിക്കുന്നത്. അങ്ങനെയാണ് വിജിലന്‍സ് അന്വേഷിച്ച് റിപ്പോര്‍ട്ടിനെ സംബന്ധിച്ച് നിയമോപദേശം തേടി എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ്, അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുക എന്ന ചുമതല ആര്‍ക്കാണ്? അത് സര്‍ക്കാരിന്റെ അഭിഭാഷകനുള്ളതാണ്. അവര്‍ അത് ബോധ്യപ്പെടുത്തിയില്ല. നിയമോപദേശം ലഭിച്ചതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിന് പകരം ജേക്കബ് തോമസിലേക്കാണ് കാര്യങ്ങള്‍ പോയത്. ജേക്കബ് തോമസ് ഇവിടെ വെറുമൊരു ഉദ്യോഗസ്ഥനാണ്. അദ്ദേഹം നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ നിഗമനം ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കേണ്ടത് സര്‍ക്കാരിന്റെ അഭിഭാഷകരാണ്. അദ്ദേഹം ചെയ്യേണ്ട കാര്യങ്ങള്‍ നിയമപരമായി കൂട്ടിയണക്കിക്കൊണ്ട് അതിന് ഉപദേശം കൊടുക്കേണ്ടത് സര്‍ക്കാര്‍ അഭിഭാഷകരാണ്. ആ ഉപദേശം വ്യവഹാരത്തിനിടെ ആവര്‍ത്തിക്കേണ്ടതും സര്‍ക്കാര്‍ അഭിഭാഷകരാണ് അല്ലെങ്കില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസാണ്. ഇന്നലെ കോടതിയില്‍ ഭരത് ഭൂഷണ്‍ന്റെ ഹര്‍ജി പരിഗണിക്കുന്ന സമയത്ത് ആ ഉപദേശം താളംതെറ്റി.

എന്തുകൊണ്ടാണ് ജേക്കബ് തോമസ് ഇങ്ങനെ?

സര്‍ക്കാരിന്റെ കൈ അതില്‍ ഉണ്ടെന്നത് തീര്‍ച്ചയുള്ള കാര്യമാണ്. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ ഉന്നതരായ ആളുകളെ ക്രമിനല്‍ കേസില്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികളുമായി മുന്നോട്ട് പോവുന്ന കാര്യത്തില്‍, കോടതിയെ അത് ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഹൈക്കോടതിയില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഒരു വ്യക്തിയോടുള്ള വിരോധം തീര്‍ക്കുകയാണ് സര്‍ക്കാര്‍. ഇത് എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെയാണ്. ഭരത് ഭൂഷണുള്‍പ്പെടെയുള്ള ചില ഉന്നത ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും ജേക്കബ് തോമസിനോടുള്ള വിരോധം ഇങ്ങനെ തീര്‍ക്കുന്നത് വഴി യഥാര്‍ഥത്തില്‍ നിയമവാഴ്ചയുടെ അടിത്തറ തകര്‍ക്കുകയാണ് ചെയ്യുന്നത്. ജേക്കബ് തോമസ് ഈ കേസില്‍ ചെയ്തിരിക്കുന്ന കുറ്റം എന്ന് പറയുന്നത് അദ്ദേഹം സത്യം പറഞ്ഞു എന്നുള്ളതാണ്.

(അഴിമുഖം പ്രതിനിധി കെ ആര്‍ ധന്യ ജോയ് കൈതാരവുമായി സംസാരിച്ച് തയ്യാറാക്കിയത്)

പാറ്റൂര്‍ ഭൂമിയിടപാട്; വിജിലന്‍സ് ഒളിച്ചുകളിക്കുന്നത് ആരെ രക്ഷപ്പെടുത്താന്‍?

ജോയ് കൈതാരത്ത്

ജോയ് കൈതാരത്ത്

വിവരാവകാശ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍