UPDATES

ട്രെന്‍ഡിങ്ങ്

പലതവണ കൊല്ലാന്‍ ശ്രമിച്ചു; എന്നിട്ടും ഞാന്‍ പിടിച്ചുനിന്നത് ഇന്നത്തേക്ക് വേണ്ടിയാണ്: പ്രഭാവതിയമ്മ

ക്രൂരമായി നിരപരാധികള്‍ കൊലചെയ്യപ്പെട്ട ഏതെങ്കിലും കേസില്‍ ഒരമ്മ ഇതുപോലെ ഇറങ്ങിയിരുന്നെങ്കില്‍ ഇതുപോലെ ഞാന്‍ കണ്ണീര്‍ കുടിക്കേണ്ടി വരില്ലായിരുന്നു

കരമന നെടുങ്കാട് വീട്ടില്‍ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 13 വര്‍ഷമാകുന്നു. 2005 സെപ്റ്റംബര്‍ 28ന് അംഗന്‍വാടിയിലെ ജോലി കഴിഞ്ഞെത്തിയ പ്രഭാവതിയമ്മയെ തേടിയെത്തിയത് മകന്‍ മോര്‍ച്ചറിയിലാണ് എന്ന വാര്‍ത്തയാണ്. മോഷണ കുറ്റം ആരോപിച്ചു ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ക്രൂരമായി കൊല്ലപ്പെട്ടു.

‘രണ്ട് വനിതാ പോലീസുകാര്‍ വൈകുന്നേരം വന്നു. നിങ്ങളുടെ മകന്‍ മോര്‍ച്ചറിയിലാണ് എന്ന് പറഞ്ഞായിരുന്നു അവര്‍ വന്നത്. സാധാരണ അത്യാഹിത വിഭാഗത്തിലല്ലേ എത്തിക്കേണ്ടത്.. എന്റെ മകനെ അവര്‍ നേരെ മോര്‍ച്ചറിയിലേക്കാണ് കൊണ്ടുപോയത്.’ പ്രഭാവതിയമ്മ ആ ദിവസം ഓര്‍ത്തുകൊണ്ട് തുടര്‍ന്നു. ‘അംഗന്‍വാടിയിലെ ടീച്ചറിനൊപ്പം കാറിലാണ് ഞാന്‍ ആശുപത്രിയിലേക്ക് പോയത്. മോര്‍ച്ചറിയില്‍ കിടന്ന എന്റെ മോന്റെ ഉള്ളംകാലുകള്‍ കണ്ടാല്‍ മനസ് പിടയും.. എന്റെ കൂടെ വന്ന ടീച്ചര്‍ ഇതാണോ പ്രഭേച്ചീ നിങ്ങളുടെ മകന്‍? എന്നു ചോദിച്ചു’ ഒരുപക്ഷേ തന്റെ മകന്‍ മോര്‍ച്ചറിയില്‍ കിടന്ന ആ ദൃശ്യം തന്നെയാകാം മകന് നീതി നേടി പോരാടാന്‍ ഈ അമ്മയ്ക്ക് ശക്തികൊടുത്തതും.

‘എന്റെ മകന്‍ ഒരു പാവമായിരുന്നു. രാവിലെ പണിക്ക് പോയാല്‍ കാശും കൊണ്ട് തിരിച്ച് വീട്ടിലേക്ക് വരും. ഉറക്കെ സംസാരിക്കുന്നത് പോലും അവന് ഇഷ്ടമായിരുന്നില്ല.’ ഉദയകുമാറിന്റെ രീതികളും ഇഷ്ട ഭക്ഷണങ്ങളെപ്പറ്റിയും പ്രഭാവതിയമ്മ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. ‘പുതിയ ഡ്രസ് വാങ്ങാന്‍ അവന് എപ്പോഴും ഇഷ്ടമായിരുന്നു. അന്ന് വൈകുന്നേരം അതിനാണ് കാശ് കൊണ്ട് പോയത്. പക്ഷേ മോഷ്ടിച്ച് കൊണ്ടുവന്ന കാശാണ് എന്ന് പറഞ്ഞാണ് പോലീസുകാര്‍ അവനെ പിടിച്ചു കൊണ്ടുപോയത്.’

‘ആദ്യം മര്‍ദ്ദിച്ചതിന് ശേഷം അവനെ തിരിച്ച് വിട്ടതാണ്. പക്ഷേ എന്റെ കാശ് തിരിച്ച് തരണമെന്ന് അവന്‍ പോലീസുകാരോട് ആവശ്യപ്പെട്ടു. അതിലെന്തായിരുന്നു തെറ്റ്? അവന്‍ രാപ്പകല്‍ കഷ്ടപ്പെട്ട് കൊണ്ട് വന്ന കാശാണ്. അതിനാണ് അവര്‍ എന്റെ മകനെ…’ വാക്കുകള്‍ മുഴുവനാക്കാതെ പ്രഭാവതിയമ്മ വിദൂരതയിലേക്ക് നോക്കിയിരുന്നു.

പരിചയപ്പെട്ടപ്പോള്‍ തന്നെ ആദ്യം വീട്ടില്‍ ആരൊക്കെയുണ്ട്? എന്റെ മകനെ ആര് നോക്കും? എന്നൊക്കെയാണ് പ്രഭാവതിയമ്മ തിരക്കിയത്. ഒരു അമ്മയുടെ എല്ലാ കരുതലുകളും ആ വാക്കുകളില്‍ ഉണ്ടായിരുന്നു. ഉദയകുമാര്‍ എത്ര പ്രിയപ്പെട്ടവനായിരുന്നു എന്ന് എനിക്ക് ഊഹിക്കാനാകുമായിരുന്നു. ‘ഭര്‍ത്താവ് പിരിഞ്ഞ് പോയതില്‍ പിന്നെ എന്റെ മോന് വേണ്ടിയാണ് ഞാന്‍ ജീവിച്ചത്. അവന് പഠിക്കാന്‍ പറ്റിയില്ല. പക്ഷേ അവന്‍ നന്നായി അധ്വാനിച്ചിരുന്നു.’ അവര്‍ മകനെ പറ്റി പറഞ്ഞു കൊണ്ടിരുന്നു.

ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയ കേസിലെ ആറു പ്രതികളും കുറ്റക്കാരാണെന്ന് സിബിഐ കോടതി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സിബിഐ പ്രത്യേക ജഡ്ജി കെ.നാസര്‍ പരിഗണിച്ച കേസില്‍ ഒന്നും രണ്ടും പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. നാല്, അഞ്ച്, ആറ് പ്രതികള്‍ നാളെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

‘ഉറപ്പായും അവര്‍ക്ക് ജീവപര്യന്തം ലഭിക്കും. അന്ന് എന്റെ മകന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഇന്ന് അവര്‍ക്ക് ഇങ്ങനെ ജയിലില്‍ പോകേണ്ടി വരില്ല. ഇന്ന് അവര്‍ക്ക് ഒരു കുടുംബമുണ്ട്. അവര്‍ക്ക് കുടുംബത്തോടെ സന്തോഷത്തില്‍ കഴിയാമായിരുന്നു. പക്ഷേ അവര്‍ എന്റെ മകനെ കൊന്നു. പതിമൂന്ന് വര്‍ഷമായി എന്റെ മകനെ ഞാന്‍ കാണാതായിട്ട്. അതിന്റെ വേദന അവരും അറിയട്ടെ.’

പൊലീസുകാരായ കെ.ജിതകുമാറിനും എസ്.വി.ശ്രീകുമാറിനുമെതിരായ കൊലക്കുറ്റം തെളിഞ്ഞു. കേസിലെ മൂന്നാം പ്രതി സോമന്‍ വിചാരണ വേളയില്‍ മരിച്ചു. നാലു മുതല്‍ ആറുവരെയുള്ള പ്രതികള്‍ക്കുമേല്‍ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ പുതിയ പ്രതികളെ കൂടി ഉള്‍പ്പെടുത്താന്‍ സാധ്യത കാണുന്നതായി കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. വിചാരണ സമയത്തു കൂറുമാറിയ കേസിലെ മുഖ്യസാക്ഷി സുരേഷ് കുമാറിനെതിരെയും വ്യാജ എഫ്‌ഐആര്‍ തയാറാക്കാന്‍ സഹായിച്ചെന്നു സാക്ഷി മൊഴികളില്‍ ആരോപിക്കപ്പെടുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും എന്ന സൂചനയുമുണ്ട്.

‘ഇനി ഒരു മക്കള്‍ക്കും ഇതുപോലെ സംഭവിച്ചു കൂടാ. ക്രൂരമായി നിരപരാധികള്‍ കൊലചെയ്യപ്പെട്ട ഏതെങ്കിലും കേസില്‍ ഒരമ്മ ഇതുപോലെ ഇറങ്ങിയിരുന്നെങ്കില്‍ ഇതുപോലെ ഞാന്‍ കണ്ണീര്‍ കുടിക്കേണ്ടി വരില്ലായിരുന്നു. ശ്രീജിത്തിന്റെ കസ്റ്റഡി മരണം നടന്നപ്പോള്‍ ഞാന്‍ അവിടെ പോയിരുന്നു. അവരും ഇതുപോലെ നീതിക്ക് വേണ്ടി ഇറങ്ങിത്തിരിക്കണം. കൊന്നവരെ ശപിച്ചിട്ടോ, ചീത്ത പറഞ്ഞിട്ടോ അല്ല നമ്മുടെ പ്രവര്‍ത്തിയിലൂടെ നീതി നേടണം. അതിനുള്ള ധൈര്യം അപ്പോഴുണ്ടാകും. പലതവണ എന്നെ കൊല്ലാനുള്ള ശ്രമങ്ങളുണ്ടായി. എന്നിട്ടും ഞാന്‍ പിടിച്ച് നിന്നത് ഈ ദിവസത്തിന് വേണ്ടിയാണ്. കേരളത്തിലെ പോലീസ് ഗുണ്ടായിസത്തിന് ഇതൊരു പാഠമാകണം.’ പ്രഭാവതിയമ്മ പറഞ്ഞു.

പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, കെ.സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉദയകുമാറിനെ ഉരുട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തിയെന്നാണു സിബിഐ കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. മുന്‍ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ്, ഡിവൈഎസ്പി: ടി.അജിത് കുമാര്‍ എന്നിവര്‍ക്കെതിരെ തെളിവു നശിപ്പിച്ചതിനും വ്യാജ രേഖകള്‍ നിര്‍മിച്ചതിനുമാണു കേസ്. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്കു കൈമാറുകയായിരുന്നു.

‘ഈ കേസ് തുടങ്ങിയത് മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ പി.കെ രാജു കൂടെയുണ്ട്. അവരെയൊന്നും മറക്കാന്‍ പറ്റില്ല. അമ്മ തളരരുത്.. പിടിച്ച് നില്‍ക്കണമെന്ന് എന്റെ മകനെ പോലുള്ള മക്കള്‍ എനിക്ക് ബലം തന്നിരുന്നു. ശിക്ഷാവിധി കേട്ടുകഴിഞ്ഞാല്‍ എനിക്ക് മരണത്തെ പേടിയില്ല. മരിച്ച് എന്റെ മകനോടൊപ്പം എനിക്ക് പോകാം.’ പ്രഭാവതിയമ്മ പറഞ്ഞു.

പോലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ അമ്മയുടെ പോരാട്ടജീവിതത്തിന് 11 വര്‍ഷം

പ്രഭാവതിയമ്മയിലൂടെ നീതി കിട്ടിയത് രാജന്റെ അച്ഛന്‍ ഈച്ചര വാര്യര്‍ക്കു കൂടിയാണ്

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍