UPDATES

ട്രെന്‍ഡിങ്ങ്

തോമസ് ചാണ്ടി ഇപ്പോള്‍ സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നം; കുരുക്ക് മുറുകുന്നു

തോമസ് ചാണ്ടിയുടെ മണ്ഡലമായ കുട്ടനാട്ടില്‍ നിന്നുള്‍പ്പെടെ പാര്‍ട്ടിസമ്മേളനങ്ങളില്‍ ചാണ്ടിക്കും കായല്‍കയ്യേറ്റ വിഷയത്തിലെ സര്‍ക്കാര്‍ സമീപനങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്

മന്ത്രി തോമസ് ചാണ്ടിക്കെതിരെ കുരുക്ക് മുറുകുന്നു. ഹൈക്കോടതിയുടെ പരാമര്‍ശം കൂടി വന്നതോടെ തോമസ് ചാണ്ടി മന്ത്രിസഭയില്‍ നിന്ന് പുറത്തേക്കെന്ന് സൂചന. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ എതിര്‍പ്പിന് പിന്നാലെ സിപിഎമ്മും തോമസ് ചാണ്ടിക്കെതിരെ നിലപാട് കടുപ്പിച്ചതാണ് ചാണ്ടിയ്ക്ക് തിരിച്ചടിയാവുന്നത്. സോളാര്‍ കമ്മീഷന്‍ ഇന്ന് നിയമസഭയില്‍ പരസ്യപ്പെടുത്തുന്നതോടെ ഭരണമുന്നണിക്കുണ്ടാവുന്ന രാഷ്ട്രീയ മേല്‍ക്കൈ നിലനിര്‍ത്താന്‍ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് പ്രതികൂലമാവുന്നതെന്നാണ് കഴിഞ്ഞ ദിവസം കൂടിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പോലും വിലയിരുത്തിയത്. ഇതിനോടൊപ്പം തന്നെ തോമസ് ചാണ്ടിക്ക് സ്വയം രാജിവച്ച് ഒഴിയാനുള്ള അവസരം നല്‍കുന്ന കാര്യവും തോമസ് ചാണ്ടിയുമായി ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഇത്തരത്തില്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കാത്ത വിധം കായല്‍ കയ്യേറ്റ വിഷയം അവസാനിപ്പിക്കാനുള്ള നീക്കമാണ് ഇടതുമുന്നണിയില്‍ ശക്തമായിരിക്കുന്നത്.

തോമസ് ചാണ്ടിക്കെതിരെ നടപടിയുണ്ടാവുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ കുറേ മണിക്കൂറുകളായി സിപിഐ നേതാക്കളും റവന്യൂ മന്ത്രി ചന്ദ്രശേഖരനും ഈ വിഷയത്തില്‍ സംയമനം പാലിക്കുന്നത് എന്ന് സിപിഐ വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മന്ത്രിപദം ഒഴിയേണ്ടിവരുമെന്ന് വേണം വിലയിരുത്താന്‍. സോളാര്‍ റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വക്കുമ്പോള്‍ അത് യുഡിഎഫ് മുന്നണിയെ അപ്പാടെ തന്നെ ശിഥിലമാക്കാന്‍ കഴിയുന്ന രാഷ്ട്രീയ ആയുധമായാണ് ഇടതുപക്ഷ നേതാക്കള്‍ കണക്കാക്കുന്നത്. എന്നാല്‍ വരാന്‍ പോകുന്ന ഈ അനുകൂല സാഹചര്യത്തിലും ഇടതുപക്ഷം ഭയക്കുന്ന ഏക വെല്ലുവിളി തോമസ് ചാണ്ടിയുടെ കായല്‍കയ്യേറ്റമുള്‍പ്പെടെയുള്ള ക്രമക്കേടുകളാണ്.

ഇതേസമയം ഇന്നലെ ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായ പരാമര്‍ശം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തോമസ് ചാണ്ടിയുടെ രാജിക്ക് ശേഷവും ഇടതുസര്‍ക്കാരിനെ പ്രതിരോധിക്കാനുള്ള തുറുപ്പുചീട്ടാക്കാമെന്ന പ്രതീക്ഷയാണ് പ്രതിപക്ഷത്തിനുള്ളത്. ആലപ്പുഴ ജില്ലയില്‍ ബിജെപിയുടെ ഭാഗത്തു നിന്ന് ശക്തമായ സമരങ്ങള്‍ ഉണ്ടായില്ലെങ്കില്‍ കൂടി ബിജെപി കായല്‍ കയ്യേറ്റ വിഷയത്തില്‍ സമരം ശക്തമാക്കാനും അതുവഴി യുഡിഎഫിനുണ്ടാവുന്ന ദൗര്‍ബല്യം കൂടി മുതലെടുത്ത് പ്രതിപക്ഷ സ്ഥാനത്തേക്ക് വളരാനുള്ള നീക്കങ്ങള്‍ നടത്താനുള്ള സാധ്യതയും ഇടതുവലതു മുന്നണികള്‍ ഗൗരവത്തോടെ കാണുന്നുണ്ട്.

ഇനിയും നികത്തുമെന്ന് ചാണ്ടി മന്ത്രി; ഈ കായല്‍ ചട്ടമ്പിയെ പുറത്താക്കാന്‍ ഇവിടെ ആരുമില്ലേ?

ഇതിനിടെ തോമസ് ചാണ്ടിയുടെ മണ്ഡലമായ കുട്ടനാട്ടില്‍ നിന്നുള്‍പ്പെടെ പാര്‍ട്ടിസമ്മേളനങ്ങളില്‍ ചാണ്ടിക്കും കായല്‍കയ്യേറ്റ വിഷയത്തിലെ സര്‍ക്കാര്‍ സമീപനങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കുട്ടനാടിന് പുറമെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴ ഏരിയാ പരിധിയിലെ സമ്മേളനങ്ങളിലും തോമസ് ചാണ്ടിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പൊതു തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ഒരു സഹായവും ചെയ്യാത്ത തോമസ് ചാണ്ടിയെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോയാല്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ കനത്ത തിരിച്ചടിയാവും നേരിടേണ്ടി വരുക എന്ന മുന്നറിയിപ്പും പാര്‍ട്ടിസമ്മേളനങ്ങളില്‍ ഉയര്‍ന്നു. ഏരിയാ കമ്മറ്റിയില്‍ നിന്നെത്തിയ നേതാക്കള്‍ പോലും ഈ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനായില്ലെന്നും തോമസ് ചാണ്ടിക്കെതിരെ നടപടിയുണ്ടാവുമെന്ന തരത്തില്‍ മറുപടി നല്‍കിയതായുമാണ് അറിയുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ ഇടതുമുന്നണിക്ക് വോട്ടിലുണ്ടായ കുറവ് ചര്‍ച്ച ചെയ്തപ്പോഴും തോമസ് ചാണ്ടിയുടെ സമീപനങ്ങള്‍ പാര്‍ട്ടിയുടെ പരാജയത്തില്‍ നിര്‍ണായകമായെന്ന് ജില്ലാ കമ്മിറ്റി ഉള്‍പ്പെടെ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും നിയമസഭയിലേക്ക് തോമസ് ചാണ്ടിയെ സ്ഥാനാര്‍ഥിയാക്കുന്നതിലും പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് രൂപപ്പെട്ടിരുന്നു. മുമ്പത്തേതിലും ശക്തമായ ആരോപണങ്ങള്‍ ചാണ്ടിക്കെതിരെ ഉയര്‍ന്നിരിക്കെ ഇനിയും ഇടതുമുന്നണി ചാണ്ടിയെ സംരക്ഷിക്കരുതെന്ന അഭിപ്രായം തന്നെയാണ് കുട്ടനാട്ടിലെ സിപിഎം പ്രാദേശിക ഘടകങ്ങളില്‍ നിന്നുള്ളത്.

തോമസ് ചാണ്ടിയുടെ കയ്യേറ്റവും മുഖ്യമന്ത്രിയുടെ സംരക്ഷിത മൗനവും

ഇതേസമയം എന്‍സിപിക്കുള്ളിലും ഭിന്നത രൂക്ഷമായതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ദേശീയ നേതൃത്വം തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടെടുക്കുമ്പോള്‍ തന്നെ ശശീന്ദ്രനെ അനുകൂലിക്കുന്നവരുള്‍പ്പെട്ട പ്രബലമായ ഒരു വിഭാഗം ചാണ്ടിക്കെതിരെ രംഗത്തുണ്ട്. മന്ത്രിസ്ഥാനം നഷ്ടമായിക്കഴിഞ്ഞാല്‍ തോമസ് ചാണ്ടി എടുക്കുന്ന തുടര്‍ തീരുമാനങ്ങളും ഏറെ നിര്‍ണായകമാവും. ഇടതുമുന്നണിയൊന്നാകെ തോമസ് ചാണ്ടിയുടെ രാജിയിലൂടെ ആരോപണങ്ങളെ ചെറുക്കണമെന്ന രാഷ്ട്രീയ നിലപാട് മുന്നോട്ട് വക്കുമ്പോഴും ഒരു തരത്തിലും ഇതിനെ മാനസികമായി അംഗീകരിക്കാന്‍ തോമസ് ചാണ്ടിക്കാവുന്നില്ലെന്നത് രാജിവക്കേണ്ടി വരുമ്പോള്‍ ചാണ്ടി കടുത്ത തീരുമാനങ്ങളെടുക്കാന്‍ കാരണമായേക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നാല്‍ ജില്ലാ കളക്ടറുടെ തോമസ് ചാണ്ടിക്കെതിരായ ശക്തമായ റിപ്പോര്‍ട്ടുള്‍പ്പെടെ പിണറായി സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുമ്പോള്‍ മുന്നണി വിടുന്നതുള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങള്‍ ചാണ്ടിയെ കൂടുതല്‍ കുരുക്കിലാക്കുമെന്ന യാഥാര്‍ഥ്യവും പ്രസക്തമാണ്.

കുറ്റം തെളിഞ്ഞാല്‍ എംഎല്‍എ സ്ഥാനമുള്‍പ്പെടെ രാജിവക്കുമെന്ന തോമസ് ചാണ്ടി പരസ്യ പ്രഖ്യാപനവും ഈ അവസരത്തില്‍ ചര്‍ച്ചചെയ്യപ്പെടാനിടയുണ്ട്. സിപിഐ നേതാക്കളും റവന്യൂ മന്ത്രിയും തോമസ് ചാണ്ടിയും കായല്‍കയ്യേറ്റ വിഷയത്തിലെ നിയമോപദേശം വരുന്നത് വരെ പരസ്യപ്രസ്താവന നടത്തുകയോ പ്രകോപനം സൃഷ്ടിക്കുകയോ ചെയ്യരുതെന്ന് ധാരണയുണ്ടാക്കിയതിന് ശേഷവും തോമസ് ചാണ്ടിയുടെ ഓഫീസില്‍ നിന്നും ഇന്നലെയിറക്കിയ പത്രപ്രസ്താവന സിപിഎമ്മിനെ ഉള്‍പ്പെടെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രസ്താവനയിറക്കിയത് തോമസ് ചാണ്ടിയുടെ ഓഫീസില്‍ നിന്നാണെങ്കിലും അത് തോമസ് ചാണ്ടിയുടെ തന്നെ വാക്കുകളായാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്. തോമസ് ചാണ്ടിയുടെ പക്വതയില്ലാത്ത പ്രതികരണങ്ങളും തീരുമാനങ്ങളും തന്നെയാണ് ഇടതുമുന്നണിയെ മൊത്തത്തിലും തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനത്തെയും ഇത്രയേറെ പ്രതിസന്ധിയിലാക്കിയതെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ സിപിഐ നിലപാടുകളാണ് പ്രതിപക്ഷ സമരങ്ങളേക്കാള്‍ പ്രശ്‌നം സൃഷ്ടിച്ചതെന്ന പരാതിയാണ് തോമസ് ചാണ്ടിയെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കുന്നത്. തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന തരത്തില്‍ ഒന്നരമാസം മുമ്പ് സംസാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ഏറെ കരുതലോടെ പ്രതികരിക്കുമ്പോള്‍ അതില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ നല്‍കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും കുട്ടനാട്ടില്‍ നടന്ന നിയമലംഘനങ്ങളും ഏറെ ഗൗരവമുള്ളതാണെന്ന സാക്ഷ്യപ്പെടുത്തലായി വേണം കരുതാന്‍.

ആരൊരാളുണ്ട് ഈ ‘മിനി കോര്‍പ്പറേറ്റി’നെ പിടിച്ചുകെട്ടാന്‍? തിരുവല്ലയിലെ ജാതിപ്പുഴുക്കള്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍