UPDATES

ട്രെന്‍ഡിങ്ങ്

ബൈക്കുമായി ഞങ്ങള്‍ വീട്ടിലേക്ക് വരില്ല, എടപ്പാളില്‍ ബൈക്ക് ഉപേക്ഷിച്ചോടി മുങ്ങിനടക്കുന്നവരെ കാത്ത് പോലീസ്

ശബരിമല ഹര്‍ത്താലിനോട് അനുബന്ധിച്ച് എടപ്പാളില്‍ നാട്ടുകാര്‍ ഓടിച്ച ശബരിമല കര്‍മ സമിതി പ്രവര്‍ത്തകാരുടെ ബൈക്കുകളാണ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലുള്ളത്

ജനുവരി മൂന്നിന് നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ബൈക്കുകള്‍ തിരിച്ചെടുക്കാന്‍ ഒരു മാസത്തോളമായിട്ടും ഉടമസ്ഥരെത്തിയില്ല. എടപ്പാളില്‍ നിന്നും ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത ഹര്‍ത്താല്‍ അനുകൂലികളുടെ ബൈക്കുകളുടെ അവകാശികള്‍ ഇത്ര ദിവസത്തിനു ശേഷവും അന്വേഷിച്ചെത്താതിരിക്കുന്നതിനു കാരണം കേസില്‍ അകപ്പെടുമോ എന്ന ഭയമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മുപ്പതിലധികം ബൈക്കുകളാണ് ചങ്ങരംകുളം സ്റ്റേഷനില്‍ ഉടമസ്ഥരെത്താതെ കിടക്കുന്നത്.

എടപ്പാള്‍ ടൗണില്‍വച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റേയും, തുടര്‍ന്ന് പൊലീസ് ഇടപെട്ടതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ ഓടി രക്ഷപ്പെടുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ സംഘര്‍ഷമുണ്ടാക്കിയതിന്റെ പേരിലും മറ്റും പൊലീസ് നാലോളം കേസുകള്‍ എടുത്തിരുന്നു. അടുത്ത ദിവസങ്ങളില്‍ത്തന്നെ അഞ്ചു പേരെ അറസ്റ്റു ചെയ്ത് റിമാന്‍ഡില്‍ വിടുകയും ചെയ്തു. ഹര്‍ത്താല്‍ അനുകൂലിച്ച് പ്രകടനം നടത്തിയവരുടെ പേരിലും, ഇതിനെ എതിര്‍ത്ത് പ്രതിഷേധിച്ചവരുടെ പേരിലും വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

എന്നാല്‍, എടപ്പാള്‍ ടൗണില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഉപേക്ഷിച്ച് ഓടിയ ബൈക്കുകള്‍ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തിട്ടും പലരും അവ അന്വേഷിച്ചെത്തിയിട്ടില്ല. സ്ഥലത്തു നിന്നും കണ്ടെടുത്ത ബൈക്കുകളില്‍ ചിലത് ഹര്‍ത്താലില്‍ അക്രമസംഭവങ്ങിള്‍ ഭാഗമാകാത്തവരുടേതാണെന്നും, അവരെല്ലാം കൃത്യമായ രേഖകളോടെയെത്തി ബൈക്കുകള്‍ തിരിച്ചു കൊണ്ടു പോയിട്ടുണ്ടെന്നും ചങ്ങരംകുളം പൊലീസ് പറയുന്നു. കേസിലുള്‍പ്പെട്ട വാഹനങ്ങള്‍ കോടതിവഴി മാത്രമേ തിരിച്ചുകൊടുക്കുകയുള്ളൂ എന്നാണ് പൊലീസിന്റെ പക്ഷം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമത്തിലുള്‍പ്പെട്ടവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെടാത്തവരെല്ലാം കൃത്യമായി ബൈക്കുകള്‍ തിരിച്ചെടുത്തിട്ടുമുണ്ട്.

കേസില്‍ അകപ്പെടുമോ എന്ന ഭയം കാരണമാണ് ബൈക്കുകള്‍ കൈപ്പറ്റാന്‍ ഉടമസ്ഥരെത്താത്തതെന്നാണ് പ്രദേശവാസികളും പറയുന്നത്. പ്രകോപനപരമായ രീതിയില്‍ ബൈക്കുകളില്‍ പ്രകടനമായെത്തിയ ഹര്‍ത്താല്‍ അനുകൂലികളാണ് എടപ്പാളില്‍ പ്രശ്‌നമുണ്ടാക്കിയതെന്നും, ഇവര്‍ക്കെല്ലാമെതിരെ കലാപത്തിന് കേസെടുക്കുമെന്ന് എസ്.പി അന്നു തന്നെ പറഞ്ഞിരുന്നതായും വാര്‍ഡ് മെംബറടക്കമുള്ളവര്‍ വിശദീകരിക്കുന്നുണ്ട്. നേതാക്കള്‍ പറയുന്നതു പോലും പ്രവര്‍ത്തകര്‍ കേള്‍ക്കാതായപ്പോള്‍ കര്‍ശന നടപടികളെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കിയിരുന്നതിനാലാകണം ഇപ്പോള്‍ ബൈക്കുകള്‍ തിരിച്ചെടുക്കാനുള്ള ഭയത്തിനു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചങ്ങരംകുളം മേഖലയില്‍ നിന്നുള്ള കര്‍മസമിതി പ്രവര്‍ത്തകരുടെ ബൈക്കുകളാണ് ഇക്കൂട്ടത്തില്‍ മിക്കതും എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ജാമ്യമില്ലാത്ത വകുപ്പുകളടക്കം ചുമത്തപ്പെടുന്നതിനാല്‍ സ്വമേധയാ ബൈക്കുകള്‍ തിരിച്ചെടുക്കാന്‍ ആരും തയ്യാറാകില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

Also Read: സുമേഷ്‌ കാവിപ്പടയുടെ വാട്സപ്പ്‌ ജീവിതം (ചിരിച്ചു മരിച്ചാല്‍ ഞങ്ങള്‍ ഉത്തരവാദികളല്ല)

നിലവില്‍ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള എല്ലാവരെയും അറസ്റ്റു ചെയ്യാനും സാധിച്ചിട്ടില്ല. വീടുകളില്‍ പോയി അന്വേഷിച്ച് വാഹനങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തില്ലെന്നും, രേഖകളുമായി വരുന്നവര്‍ കേസില്‍ ഉള്‍പ്പെടാത്തവരാണെങ്കില്‍ ബൈക്കുകള്‍ വിട്ടുകൊടുക്കുമെന്നുമാണ് പൊലീസിന്റെ നിലപാട്. കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ സിസിടിവി ദൃശ്യങ്ങള്‍ വഴി തിരിച്ചറിഞ്ഞിട്ടുള്ളതിനാല്‍, ബൈക്കുകള്‍ തിരിച്ചെടുത്താലും ഇല്ലെങ്കിലും ഇവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകുകയും ചെയ്യും. ഹര്‍ത്താല്‍ ദിനത്തില്‍ ബൈക്കുകളില്‍ റാലിയായി എത്തിയ കര്‍മസേന പ്രവര്‍ത്തകരെ നാട്ടുകാര്‍ ഓടിക്കുകയും, ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയുമായിരുന്നു എടപ്പാളില്‍. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ഓട്ടം എന്ന പേരില്‍ സമൂഹമാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച സംഭവമായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് കേസു ഭയന്ന് ബൈക്കുകള്‍ തിരിച്ചെടുക്കാന്‍ കര്‍മസമിതിക്കാര്‍ എത്തുന്നില്ലെന്ന വാര്‍ത്തകളുമെത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍