UPDATES

നെഞ്ചോട് ചേര്‍ത്ത് മഹാരാജാസ്; ദയ, തീര്‍ഥ, പ്രവീണ്‍ നാഥ്; ചരിത്രം ഇവര്‍ക്കുവേണ്ടി വഴിമാറും

കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഈ അധ്യയന വര്‍ഷത്തില്‍ മഹാരാജാസില്‍ സംഭവിച്ചിരിക്കുന്നത്

കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഈ അധ്യയന വര്‍ഷത്തില്‍ മഹാരാജാസില്‍ സംഭവിച്ചിരിക്കുന്നത്. ദയാ ഗായത്രിയും തീര്‍ഥയും പ്രവീണ്‍ നാഥുമാണ് സംസ്ഥാനത്തിന്റെ സാമൂഹ്യ പുരോഗതിയെ എടുത്തു കാണിക്കുന്ന ഈ ചുവടുവെപ്പിന് തുടക്കം കുറിച്ചിരിക്കുന്നത്.

കേരളത്തിലെ സര്‍വകലാശാലകളിലും ആര്‍ട്‌സ് കേളേജുകളിലും എല്ലാ കോഴ്‌സുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ സംവരണം വേണമെന്ന് സര്‍ക്കാര്‍ ഉത്തരവിറങ്ങിയ ശേഷം തങ്ങളുടെ സ്വത്വം വെളിപ്പെടുത്തി വിദ്യാഭ്യാസത്തിലേക്ക് കാലെടുത്തുവെക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡറുകളാണിവര്‍. ദയയും തീര്‍ഥയും പ്രവീണും കഴിഞ്ഞ ബുധനാഴ്ച്ചയോടെയാണ് ക്യാമ്പസിലെത്തിയത്. അഭിമാനത്തോടെ തങ്ങളുടെ പഠനമാരംഭിക്കുമ്പോള്‍ തങ്ങളുടെ യാത്രയെ കുറിച്ച് അവര്‍ അഴിമുഖത്തോട് പങ്ക് വെക്കുന്നു.

“സന്തോഷത്തിലാണ്. ഒരിക്കല്‍ അവസാനിച്ചുവെന്ന് കരുതിയിടത്തുനിന്ന് വീണ്ടും തുടങ്ങുകയെന്നത് തരുന്ന ആത്മവിശ്വാസം ചെറുതല്ല, കുട്ടികളും ടീച്ചേഴ്‌സും നല്ല സപ്പോര്‍ട്ട് തരുന്നുണ്ട്,” ദയ പറഞ്ഞു തുടങ്ങി. ദയയുടെ രണ്ടാം വരവാണ് മഹാരാജാസില്‍. തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തും മുമ്പ് ദയ മഹാരാജാസിലെ ബിരുദ വിദ്യാര്‍ഥിയായിരുന്നു. 2013-16 ബാച്ചില്‍ ബിഎ സാമ്പത്തികശാസ്ത്രം വിദ്യാര്‍ഥിയായിരുന്നു ദയ.

“ഞാന്‍ മാനസികമായി ഏറ്റവും പിരിമുറുക്കങ്ങള്‍ അനുഭവിച്ച കാലമായിരുന്നു അത്. ഐഡന്റിറ്റി ക്രൈസിസ് ഏറ്റവും അധികം നേരിട്ട സമയം. കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നെങ്കിലും കുറെ അധികം പരീക്ഷകള്‍ എഴുതാന്‍ സാധിച്ചില്ല. പലപ്പോഴും പരീക്ഷകളുടെ സമ്മര്‍ദ്ദം താങ്ങാനോ വേണ്ട വിധം പഠനത്തില്‍ ശ്രദ്ധ ചെലുത്താനോ ഉള്ള മാനസികാവസ്ഥയുണ്ടായിരുന്നില്ല. മാനസികമായി ശരീരവും മനസും രണ്ട് ധ്രുവങ്ങളിലായിരുന്നു. അതില്‍ നിന്ന് പുറത്ത് കടക്കാതെ ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ. പലപ്പോഴും ആത്മഹത്യ പ്രവണത പോലുമുണ്ടായിരുന്നു. ആണ്‍ ശരീരത്തില്‍ ജീവിക്കുന്നത് എന്നെ അത്രകണ്ട് ബുദ്ധിമുട്ടിച്ചിരുന്നു. പിന്നീട് ഐഡന്റിറ്റി തുറന്ന് പറഞ്ഞപ്പോള്‍ സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നുമുള്ള പ്രശ്‌നങ്ങള്‍ നേരിടുകയായിരുന്നു പ്രധാനം. പരീക്ഷകളേക്കാള്‍ ജീവിച്ചിരിക്കുകയെന്നതായിരുന്നു എന്റെ മുന്നിലെ പ്രധാന വെല്ലുവിളി. കൂടെത്തന്നെ നിന്ന ട്രാന്‍സ് കമ്മ്യൂണിറ്റിയുടെ പിന്തുണ കൊണ്ടാണ് അതെല്ലാം മറികടന്നത്. ഇപ്പോള്‍ സര്‍ജറിയും, ട്രീറ്റ്‌മെന്റും കഴിഞ്ഞു. ഞാനാഗ്രഹിക്കുന്ന പോലെ ഉള്ളിലും പുറത്തും ഞാന്‍ തന്നെയായി. അതുകൊണ്ടാണ് പഠനം തുടരണമെന്ന ചിന്ത വന്നത്. കാര്യം പറഞ്ഞപ്പോള്‍ കൂടെയുള്ളവര്‍ പ്രോല്‍സാഹിപ്പിച്ചു. ആ ബലത്തില്‍ തന്നെയാണ് കോഴ്‌സിന് ചേര്‍ന്നത്.” ദയ തന്റെ പഠനം നിര്‍ത്താനുണ്ടായ സാഹചര്യവും ഇപ്പോള്‍ തുടരാനുണ്ടായ സാഹചര്യവും പറഞ്ഞ് വെക്കുന്നതിങ്ങനെയാണ്.

പഠനത്തോടൊപ്പം ഒരു ആര്‍ട്ടിസ്റ്റ് കൂടെയാണ് ദയ. നാടകവും മോഡലിങ്ങും ഇതോടൊപ്പം കൊണ്ടുപോകണമെന്നാഗ്രഹിക്കുന്നുണ്ട്. പോയിത്തുടങ്ങിയിട്ടേയുള്ളു. എന്താവുമെന്ന് കണ്ടറിയാം എന്ന് ആശങ്കപ്പെടുമ്പോഴും കേരളത്തില്‍ ഇത്തരമൊരു കാല്‍വെപ്പിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ദയ.

“പഠനവും ജോലിയും എങ്ങനെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുമെന്ന് ഞാന്‍ ആദ്യമേ ചിന്തിച്ചിരുന്നു. ഇപ്പോള്‍ തന്നെ ഞങ്ങളെല്ലാവരും പുറത്ത് വീടെടുത്ത് നില്‍ക്കുന്ന ആളുകളാണ്. ജീവിത ചിലവ് തന്നെ ഭയങ്കര കൂടുതലാണ്. അതിന്റെ കൂടെ പഠനത്തിന്റെ ചിലവും വരുന്നുണ്ട്. ആദ്യം റെഗുലര്‍ ക്ലാസിന് പോകണോ അതോ ഡിസ്റ്റന്റ് ആയി പഠിച്ചാല്‍ മതിയോ എന്നു ആലോചിച്ചിരുന്നു. പിന്നെ ചിന്തിച്ചപ്പോള്‍ തോന്നി അവിടെപ്പോയി പഠിക്കുക തന്നെ വേണം. ഇതൊരു മുന്നേറ്റമാണ്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരം സംഭവം ഇതാദ്യമായാണ്. അതിന്റെ ഭാഗമാകണം എന്ന തീരുമാനം തന്നെയായിരുന്നു പ്രധാനം. ഇത് തങ്ങളുടെ സ്വത്വം വെളിപ്പെടുത്താന്‍ ഭയന്ന് ജീവിക്കുന്ന ആയിരണക്കണക്കിന് ആളുകകള്‍ക്ക് പ്രചോദനമാകുമെന്ന് ഉറപ്പുള്ളതിനാല്‍, എനിക്ക് വരുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കുക എന്നതായിരുന്നു ഞാനെത്തിച്ചേര്‍ന്ന തീരുമാനം.” ദയ പറഞ്ഞു.

ഒരു സമരത്തിന്റെ ഭാഗമാവുകയെന്ന തീരുമാനം മനപ്പൂര്‍വം എടുത്തതാണ് എന്നും തന്നെ കളിയാക്കുന്ന ആളുകള്‍ ഉണ്ടാവാം എന്നാല്‍ അവരേക്കാള്‍ പിന്തുണക്കുന്ന ആളുകളുണ്ട് എന്നും അവരെ മാത്രമാണ് താന്‍ നോക്കുന്നതെന്നും ദയ പറയുന്നു. വിദ്യഭ്യാസം തരുന്ന ശക്തി ഇന്നത്തെ അവസ്ഥയില്‍ ട്രാന്‍സ് സമുഹത്തിന് അത്യാവശ്യമാണെന്നും ദയ തിരിച്ചറിയുന്നുണ്ട്.

തീര്‍ഥക്ക് ഇത് രണ്ടാം ഡിഗ്രിയാണ്. അത്ഭുതങ്ങളാണ് ജീവിതത്തില്‍ നടക്കുന്നതെന്ന് പറഞ്ഞ തിര്‍ഥ ഇഷ്ടമില്ലാഞ്ഞിട്ടും തന്റെ എഞ്ചിനീയറിങ്ങ് വാശിയോടെ പഠിച്ചു തീര്‍ത്തയാളാണ്. തന്റെ പ്രയത്നത്തിന്റെ ഫലമായാണ് കൊച്ചി മെട്രോയില്‍ ജോലി ലഭിച്ചതെന്ന് തീര്‍ഥ പറഞ്ഞുവെക്കുന്നു. “മെട്രോയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഇങ്ങനെയൊരു ആശയം തോന്നിയത്. അപ്രതീക്ഷിതമായാണ് ഇത്തരത്തിലുള്ള ഒരുത്തരവ് ഇറങ്ങിയത്. മെറിറ്റ് അടിസ്ഥാനത്തില്‍ കിട്ടിയില്ല. അപേക്ഷിച്ചപ്പോള്‍ ബിഎ ഫിലോസഫിക്കുള്ള അവസാന ചാന്‍സ് ലിസ്റ്റില്‍ എന്റെ പേരുണ്ടായിരുന്നു. പിന്നീടത് കാണാതായി. അങ്ങിനെ കൊടുത്ത പരാതിയെ തുടര്‍ന്നാണ് ഈ ഓര്‍ഡര്‍ വന്നത്. ഇഷ്ടമുള്ള വിഷയം പഠിക്കാമെന്ന സന്തോഷത്തില്‍ തന്നെയാണിപ്പോള്‍.”

എഞ്ചിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് തീര്‍ഥ തന്റെ ലിംഗസ്വത്വം വെളിപ്പെടുത്തുന്നത്. അതോടെ സമൂഹത്തില്‍ ഒറ്റപ്പെട്ട തീര്‍ഥ തന്റെ ജീവിതത്തെ നോക്കിക്കാണുന്നത് ഇതുവരെ പിന്നിട്ട വഴികളുടെ ആത്മവിശ്വാസത്തില്‍ തന്നെയാണ്.

അതേസമയം ക്ലാസില്‍ പോയി തുടങ്ങിയത് മുതല്‍ വലിയ സന്തോഷത്തിലാണ് പ്രവീണ്‍. ട്രാന്‍സ്മെന്‍ ആയ പ്രവീണ്‍ തന്റെ സ്വത്വ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തന്നെ രണ്ടാം വര്‍ഷം ബിരുദ പഠനം ഉപേക്ഷിച്ചതായിരുന്നു. അപ്പോള്‍ തന്നെ പഠനം തുടരുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും അവസരങ്ങള്‍ ഉണ്ടായിരുന്നില്ല.

“കുട്ടികള്‍ എല്ലാവരും അവരില്‍ ഒരാളായി തന്നെയാണ് കാണുന്നത്. അതിന്റെ സന്തോഷമുണ്ട്. കൂടാതെ അദ്ധ്യാപകരുടെ പിന്തുണയും. അതിലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. ഞാന്‍ ബിഎ ചരിത്ര വിദ്യാര്‍ഥിയായിരുന്നു. നെന്മാറ എന്‍ എസ് എ്‌സ് കോളേജില്‍ പഠിക്കുമ്പോള്‍ സ്വത്വ പ്രതിസന്ധി നേരിട്ട് നാടുവിട്ട് പോന്നതാണ്. എറണാകുളത്ത് വന്നിട്ടു കുറച്ചായി. പഠനം തുടരണമെന്നത് എപ്പോഴും ഉള്ളിലുണ്ടായിരുന്നു. അപ്പോഴാണ് മഹാരാജാസിലെ ഈ അവസരത്തെ കുറിച്ച് അറിഞ്ഞത്.” തന്റെ പഠനം തുടരാനുണ്ടായ സാഹചര്യത്തെ കുറിച്ച് പ്രവീണ്‍ വാചാലാനായി.

എന്നാല്‍ ആണ്‍-പെണ്‍ വിഭജനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ക്യാമ്പസ് സൗകര്യങ്ങള്‍ ഇവരെ ആശങ്കപ്പെടുത്തുന്നുണ്ട്. ലിംഗാടിസ്ഥാനത്തിലുള്ള ടോയ്ലറ്റുകള്‍, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ എന്നിവ നിലനില്‍ക്കുന്നിടത്ത് ഇവരുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുക എന്നത് മഹാരാജാസിന് ഒരു വെല്ലുവിളി തന്നെയാണ്. എന്നിരുന്നാലും അവയെല്ലാം ശക്തമായി ആവശ്യപ്പെട്ട് നേടിയെടുക്കാന്‍ തന്നെയാണ് ഇവരുടെ തീരുമാനം. എല്ലാത്തിനുമപ്പുറം ഈ ചുവടുവെപ്പ് പിണറായി വിജയന്‍ സര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ തന്നെയാണ്. എന്നാല്‍ സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന ഇവരുടെ പഠന ചിലവും ജീവിതവും എങ്ങിനെ മുന്നോട്ട് പോകുമെന്ന ചോദ്യത്തിന് കൂടെ പരിഹാരം കാണേണ്ടതുണ്ട്.

ജാസ്മിന്‍ പി കെ

ജാസ്മിന്‍ പി കെ

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍