UPDATES

ട്രെന്‍ഡിങ്ങ്

നിരപരാധികളെ ബലിയാടാക്കി യൂണിവേഴ്സിറ്റി കോളേജില്‍ സര്‍ക്കാരിന്റെ മുഖം മിനുക്കല്‍; ഭരണപാര്‍ട്ടിയുടെ പ്രമുഖരെ തൊടാതെയുള്ള അധ്യാപക സ്ഥലം മാറ്റത്തിനെതിരെ ഇടതുപാളയത്തില്‍ പൊട്ടിത്തെറി

കോളജിനെ അതിന്റെ നഷ്ടപ്പെട്ടു പോയ പ്രതാപങ്ങളില്ലേക്ക് വീണ്ടെടുക്കുകയാണ് ലക്ഷ്യമെങ്കിൽ സർക്കാർ ആദ്യം വിശ്വാസത്തിൽ എടുക്കേണ്ടത് അധ്യാപകരെയും വിദ്യാർത്ഥികളെയുമാണ്

കെ.എ ഷാജി

കെ.എ ഷാജി

അങ്ങനെ യൂണിവേഴ്സിറ്റി കോളജിലെ സർക്കാർ വിലാസം ശുദ്ധീകരണ പ്രക്രിയ ഏതാണ്ട് പൂർണ്ണമാവുകയാണ്. ക്യാമ്പസിനകത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വിദ്യാർത്ഥി സംഘടനാ നേതൃത്വം ആഗ്രഹിച്ച വിധം മതിലിന് പുറത്തേയ്ക്ക് മാറ്റി. വിദ്യാർത്ഥി നേതാവ് സ്വന്തം സംഘടനയിലെ അംഗത്തിനെ കുത്തിയത് ചെറിയൊരു കശപിശ മാത്രമായി മുന്നണി കൺവീനർ സർട്ടിഫൈ ചെയ്തു. വിദ്യാർത്ഥി യൂണിയൻ ഓഫീസിൽ നിന്നും ഒരു ഒഴിഞ്ഞ മദ്യക്കുപ്പി കിട്ടിയെന്നത് അതീവ ഗൗരവത്തിൽ എടുത്ത് എക്സൈസ്- പോലീസ് വകുപ്പുകൾ ലഹരി വിരുദ്ധ ലഘുലേഖകൾ അച്ചടിച്ച് മുഴുവൻ വിദ്യാർത്ഥികൾക്കും വിതരണം ചെയ്യുകയും ചെയ്തു. സംഗതികൾ ഇവിടം കൊണ്ട് അവസാനിച്ചു എന്ന് വിചാരിച്ചു ആകുലപ്പെട്ടിരുന്നവരെ സമാധാനിപ്പിച്ചു കൊണ്ടാണ് സ്ഥാപനത്തിലെ പതിനൊന്ന് അധ്യാപകരെ സ്ഥലം മാറ്റിക്കൊണ്ട് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയത്. വിദ്യാർത്ഥി പഠിച്ചില്ലെങ്കിൽ അദ്ധ്യാപകൻ പഠിപ്പിക്കാഞ്ഞിട്ടാണ് എന്നുള്ള പഴയ ആപ്ത വാക്യം അനുസരിച്ച് വിദ്യാർത്ഥി ആക്രമണം നടത്തിയാൽ അതിനു കാരണം അധ്യാപകരിലെ ആക്രമണ മനസായിരിക്കണമല്ലോ…!

ഒരു കാര്യത്തിൽ സർക്കാരിനെ ദോഷം പറയരുത്. പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടിയ പതിനൊന്നു പേരും ഇടതുപക്ഷ ആഭിമുഖ്യമുള്ള എ കെ ജി സി ടി (അസോസിയേഷൻ ഓഫ് കേരള ഗവണ്മെന്റ് കോളജ് ടീച്ചേർസ്) അംഗങ്ങളാണ്. എതിർ സംഘടനകളിൽ പെട്ട ഒരാൾ പോലും ലിസ്റ്റിൽ ഇല്ല. ലിസ്റ്റിൽ ഒരാളെ എല്ലാവരുമറിയും. കുത്ത് നടന്ന ദിവസം പ്രിൻസിപ്പാളിന്റെ ചുമതലയിലുണ്ടായിരുന്ന കെ വിശ്വംഭരൻ. അഡ്മിഷന്റെ തിരക്കും മറ്റും പറഞ്ഞു കൃത്യവിലോപം കാട്ടുകയും മാധ്യമങ്ങൾക്ക് എതിരെ തിരിയുകയും ചെയ്ത വ്യക്തി. മറ്റു പത്തു പേരിൽ ഒരാൾ പോലും വിദ്യാർത്ഥി സംഘടനയുടെ ആക്രമണ പ്രവർത്തനങ്ങളുമായി പ്രത്യക്ഷമായോ പരോക്ഷമായോ സഹകരിക്കുന്നവർ ആണെന്ന് എതിർ യൂണിയനുകൾ പോലും ആരോപിക്കുന്നില്ല. ഇരുന്നൂറ്റി മുപ്പത്തിനാല് അധ്യാപകർ ജോലി ചെയ്യുന്ന കലാലയത്തിൽ അത് നിലവിൽ നേരിടുന്ന അപചയങ്ങൾക്ക് ഉത്തരവാദികളായി പതിനൊന്നു പേരെ തിരഞ്ഞു പിടിക്കുകയും അതിൽ പത്തു പേരും ഒരു തരത്തിലും ഇതുമായൊന്നും ബന്ധപ്പെടാതിരിക്കുകയും ചെയ്തിട്ടും സ്ഥലം മാറ്റുകയും ചെയ്തത് അധ്യാപക സമൂഹത്തിൽ വലിയ അമർഷവും പ്രതിഷേധവുമാണ് ഉണ്ടാക്കുന്നത്. യൂണിവേഴ്സിറ്റി കോളജിൽ സർക്കാർ എടുത്ത തിരുത്തൽ നടപടികള്‍ സംബന്ധിച്ച് ഗവർണർ റിപ്പോർട്ട് ചോദിച്ച പശ്ചാത്തലത്തിൽ മുഖം രക്ഷിക്കാനായാണ് ഈ അധ്യാപകരെ തിരക്കിട്ട് മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥലം മാറ്റിയത് എന്നാണ് സംഘടനാ ഭേദമന്യേ അധ്യാപകരും വിദ്യാർത്ഥി സമൂഹവും പറയുന്നത്. ഉത്തര പേപ്പറുകൾ മോഷ്ടിക്കപ്പെട്ടതിനും പരീക്ഷ ക്രമക്കേടുകൾക്കും ഉത്തരവാദികളായ അധ്യാപകർ ഒരു പോറൽ പോലുമേൽക്കാതെ അവിടെ തന്നെ തുടരുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതായി അധ്യാപകർ ആരോപിക്കുന്നു. സർക്കാരിന്റെ മുഖം രക്ഷിക്കൽ ശ്രമങ്ങൾക്ക് എ കെ ജി സി ടി പൂർണ്ണമായും കീഴടങ്ങിയതായും നേതൃത്വത്തിൽ ഉള്ള വലിയ ആളുകളെ ഒഴിവാക്കി ദുർബലരെ ഉൾപ്പെടുത്തിയാണ് ലിസ്റ്റ് ഉണ്ടാക്കിയത് എന്നും സംഘടനയിലെ അംഗങ്ങൾ തന്നെ പരസ്യമായി പറയാൻ ആരംഭിച്ചിട്ടുണ്ട്. സ്ഥലം മാറ്റപ്പെട്ടവർക്കു മുന്നിൽ തിരുവനന്തപുരം ജില്ലയിൽ തന്നെയല്ലേ മാറ്റപ്പെട്ടത് എന്ന് ചോദിച്ചു കൈമലർത്തുകയാണ് സംഘടനാ സംസ്ഥാന നേതൃത്വം ചെയ്യുന്നത്.

സംഘടനാപരമായ അച്ചടക്കത്തിന്റെ പേരിൽ അധ്യാപകർക്കിടയിലെ അമര്‍ഷത്തിന്റെ ഉരുൾപൊട്ടലിനെ സംസ്ഥാന നേതൃത്വവും സി പി എമ്മും താത്കാലികമായി തടുത്തു നിർത്തുമ്പോൾ വിഷയം പുറംലോകത്തിന്റെ ശ്രദ്ധയിൽ പെടുത്തിയെ അടങ്ങൂ എന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ട ബയോകെമിസ്ട്രി അദ്ധ്യാപിക മായാ മാധവനെ സ്ഥലം മാറ്റിയിരിക്കുന്നത് ഏതാണ്ട് നാല്പത് കിലോമീറ്ററിലധികം ദൂരെയുള്ള കൊളത്തൂരിലെ  കോളേജിലേക്കാണ്. നന്നായി പഠിപ്പിക്കുകയും സ്‌പെഷൽ ക്ലാസുകൾ വച്ച് സിലബസ് മൊത്തം കവർ ചെയ്യുകയും എ കെ ജി സി ടി യൂണിറ്റ് ഭാരവാഹി എന്നതിനപ്പുറം കക്ഷിരാഷ്ട്രീയവുമായി ഒരു തരത്തിലും ഇടപെടാതിരിക്കുകയും ചെയ്തിട്ടും ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അവരെ ഇത്ര ദൂരം പണിഷ്മെന്റ് ട്രാൻസ്ഫർ കൊടുത്തത് എന്തിനെന്ന് എന്നുള്ള ചോദ്യം സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥികൾ വലിയ ചർച്ചയാക്കി കഴിഞ്ഞു. നൗഷിദ നൗഷാദ്, ആദർശ് ലാൽ എന്നീ വിദ്യാർത്ഥികളുടെ ഈ വിഷയത്തിലുള്ള പോസ്റ്റുകൾക്ക് ഐക്യദാർഢ്യവുമായി സംസ്ഥാനത്തു അങ്ങോളം ഇങ്ങോളം ആളുകൾ പ്രതികരിക്കുന്നുണ്ട്. യാതൊരു തരത്തിലും വിദ്യാർത്ഥികളുടെ ആക്രമണ രാഷ്ട്രീയത്തിൽ ഇടപെടാത്ത മറ്റൊരു അധ്യാപികയെ തരംതാഴ്ത്തി ഒരു പോളിടെക്നിക്കിലെക്കാണ് സ്ഥലം മാറ്റിയിട്ടുള്ളത്. എ കെ ജി സി ടി യിലെ സംസ്ഥാന കമ്മറ്റി അംഗം അടക്കമുള്ള യൂണിവേഴ്സിറ്റി കോളജിലെ വലിയ മീനുകൾ ആരും നടപടി നേരിട്ടിട്ടില്ല എന്നതാണ് വിചിത്രം.

“മായാ മാധവൻ ഒരു സിംഗിൾ മദർ ആണ്. കടുത്ത ജീവിത പ്രതിസന്ധികളിലും വിദ്യാർത്ഥികൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന രീതിയിൽ അർപ്പണ മനോഭാവത്തോടെ ജോലി ചെയ്തിരുന്ന അവർക്ക് ഇനി മകളെ വീട്ടിൽ തനിച്ചാക്കി വേണം ദിവസവും എൺപത് കിലോമീറ്റർ യാത്ര ചെയ്തു കൊളത്തൂരിൽ പോയി വരാൻ. തികച്ചും ക്രൂരമായ ഈ നടപടി എ കെ ജി സി ടി മൗനമായി അംഗീകരിക്കുകയായിരുന്നു. ടീച്ചർക്ക് ഇവിടെ ജോലിക്കു വന്നിട്ട് കഷ്ടി നാലു വർഷമായിട്ടേയുള്ളു. ഒരുപാട് കാലമായി അധികാര സ്ഥാനങ്ങളോട് ഒട്ടി നിന്ന് സ്ഥലംമാറ്റം ഒഴിവാക്കിയ വലിയ നേതാക്കളെ ആരെയും ഇപ്പോൾ തൊട്ടിട്ടില്ല,” എ കെ ജി സി ടി യൂണിറ്റ് ഭാരവാഹികളിൽ ഒരാൾ അഴിമുഖത്തോടു പറഞ്ഞു.

കുട്ടികളുടെ പൾസ് അറിയാൻ ശ്രമിച്ചില്ല, ആക്രമണ സ്വഭാവം ഉള്ളവരെ കണ്ടെത്തി മാറ്റിനിർത്താൻ നടപടി എടുത്തില്ല, കാര്യങ്ങൾ കൈവിട്ടു പോകുന്നത് വേണ്ട സമയത്തു അധികൃതരെ അറിയിച്ചില്ല എന്നതൊക്കെയാണ് ഈ അധ്യാപകർക്ക് എതിരെ ഉയർത്തുന്ന ആരോപണങ്ങൾ. എന്നാൽ ഈ ആരോപണങ്ങൾ മാനദണ്ഡമാക്കിയാൽ സ്ഥാപനത്തിലെ മുഴുവൻ അധ്യാപകരും സ്ഥലം മാറ്റപ്പെടണം. വിദ്യാർത്ഥി സംഘടനാ നേതാക്കൾ വിദ്യാർത്ഥി വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത അധ്യാപകരും ഈ ലിസ്റ്റിൽ വന്നിട്ടുണ്ട്.

“യൂണിവേഴ്‌സിറ്റി കോളേജിലെ 28 അധ്യാപകർക്ക് പഞ്ചിങ് കൃത്യമായി ചെയ്യാത്തതിന് കുറച്ചുമുൻപ് കോളേജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ നോട്ടീസ് കൊടുത്തിരുന്നു. ഇപ്പോഴത്തെ ട്രാൻസ്ഫറിന്റെ വിവരം അറിഞ്ഞ് എ കെ ജി സി ടി നേതൃത്വം സമീപിച്ചപ്പോൾ, മുൻപത്തെ ഈ പഞ്ചിങ് വിഷയം കൂടി ഒരു കാരണമായി ഡയറക്ടർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോൾ സ്ഥലംമാറ്റം ചെയ്യപ്പെട്ട 11 പേർ ആ 28 പേരിൽ ഉൾപ്പെട്ടവരാണോ എന്നറിയില്ല. ഇത് ബ്യുറോക്രസിയുടെ സ്ഥിരം തന്ത്രമാണ്. ഒരു കാരണം കൊണ്ട് നിങ്ങളെ ഉപദ്രവിക്കണമെങ്കിൽ അതിന് മറ്റൊരു സാങ്കേതിക ന്യായം കണ്ടുപിടിക്കും. മുൻപ് പഞ്ചിങ് വിഷയത്തിൽ നോട്ടീസ് വന്നപ്പോൾ എ കെ ജി സി ടി നേതൃത്വം ഡയറക്ടറെ കാണുകയും തുടർനടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പുവാങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഈ കാര്യമാണ് വീണ്ടും ഡയറക്ടർ ചൂണ്ടിക്കാട്ടിയ സാങ്കേതികമായ കുറ്റകൃത്യം. ഇനി സ്ഥലം മാറ്റം കിട്ടിയവരോ സംഘടനയോ ട്രിബ്യൂണലിനെ സമീപിച്ചാൽ പഞ്ചിങ്ങിലെ കൃത്യവിലോപം കോടതിയിൽ ഗവണ്മെന്റ് ഉന്നയിക്കും എന്നാണ് അതിന്റെ സൂചന,” ഒരു അധ്യാപകൻ പറഞ്ഞു.

എ കെ ജി സി ടി നേതൃത്വം സ്ഥലംമാറ്റ കാര്യത്തിൽ രാഷ്ട്രീയമായ ഇടപെടലിന് ശ്രമിക്കുകയും ആ ശ്രമത്തിൽ പരാജയപ്പെടുകയും ചെയ്തു എന്നാണ് സംഘടനാ നേതാക്കൾ സ്വകാര്യമായി പറയുന്നത്.

“യഥാർത്ഥത്തിൽ എന്തിനാണ് സ്ഥലം മാറ്റം? ഈ 11 പേർ പഞ്ചിങ്ങിൽ കൃത്യവിലോപം കാണിച്ചിട്ടൊ? സ്വയം അപേക്ഷിച്ചിട്ടൊ? രണ്ടാമതാണ് കാരണമെങ്കിൽ അത് മേയിൽ നടന്ന പൊതു സ്ഥലംമാറ്റത്തോടൊപ്പം ഉണ്ടാകേണ്ടതായിരുന്നു. പഞ്ചിങ് ആണ് കാരണമെങ്കിൽ സ്ഥലംമാറ്റം 28 പേർക്കും ഉണ്ടാകണമായിരുന്നു, അതും മുൻപുതന്നെ. ഇവിടെ യഥാർത്ഥ കാരണം യൂണിവേഴ്‌സിറ്റി കോളേജിൽ സമീപകാലത്തുണ്ടായ അക്രമത്തിൽ ഗവണ്മെന്റ് സ്വന്തം മുഖംരക്ഷിക്കാൻ വേണ്ടി ചെയ്യുന്ന ശ്രമമാണ്. ഈ 11 അധ്യാപകരും ഈ അക്രമത്തിൽ കുറ്റമെന്തെങ്കിലും ചെയ്തതായി ആരും കണ്ടെത്തിയിട്ടില്ല. എന്നാൽ ഗവണ്മെന്റിന്  മാധ്യമങ്ങളുടെ മുൻപിൽ എന്തെങ്കിലും ചെയ്യണം. അതിന് ഇവരെ ബലിയാടാക്കുന്നു. സംഘടന നിസ്സഹായരായി നിൽക്കുന്നു,” മറ്റൊരു അധ്യാപകൻ ആരോപിക്കുന്നു.

“ഇടതുപക്ഷ ഗവണ്മെന്റിനെതിരെ സമരം ചെയ്യാനുള്ള ശക്തി ഞങ്ങൾക്കില്ല എന്ന് രാഷ്ട്രീയ നേതൃത്വം വിലയിരുത്തിയിട്ടുണ്ടാവും. യൂണിവേഴ്‌സിറ്റി കോളേജിലെയും അതുപോലെ എസ് എഫ് ഐയ്ക്ക് ഭൂരിപക്ഷമുള്ള മറ്റ് ഗവണ്മെന്റ് കോളേജുകളിലെയും എ കെ ജി സി ടി മെമ്പർമാരായ അധ്യാപകർ എസ് എഫ് ഐക്കാരെ അന്യായമായി സഹായിക്കുന്നു എന്ന മാധ്യമപ്രചാരണത്തെ സാധൂകരിക്കുന്നതാണ് ഈ സ്ഥലംമാറ്റം. ഇത് എല്ലാ അധ്യാപകരുടേയും ആത്മാഭിമാനത്തെ ചോദ്യംചെയ്യലാണ്. വ്യക്തമായ വലതുപക്ഷ അജണ്ടയുള്ള ചില മാധ്യമങ്ങളുടെ പ്രചാരണത്തിന് കീഴടങ്ങലാണ്”, അധ്യാപകർ പറയുന്നു.

“പൊതു താല്പര്യാർത്ഥവും ഭരണസൗകര്യാർത്ഥവും” എന്നാണ് സ്ഥലംമാറ്റ ഉത്തരവിലെ ആദ്യവാചകം. ഈ കീഴ്വഴക്കം ചൂണ്ടിക്കാട്ടി ഇനിയൊരു വലതുപക്ഷ ഗവണ്മെന്റിന്റെ കാലത്ത് തെക്കുവടക്ക് സ്ഥലംമാറ്റങ്ങൾ ഉണ്ടായേക്കാം. അന്ന് ആ ഉത്തരവിനെതിരെ കോടതിയിൽ പോയാൽ കോടതി നമ്മളോട് ചോദിക്കും കഴിഞ്ഞതവണ നിങ്ങൾ ഇത് രണ്ടുകൈയും നീട്ടി സ്വീകരിച്ചല്ലോ, പിന്നെ ഇപ്പോൾ എന്താണ് പരാതി എന്ന്. നമ്മൾ കുറെ സമരം ചെയ്ത് നേടിയെടുത്ത ട്രാൻസ്ഫർ നോംസ് അട്ടിമറിക്കപ്പെടുന്നത് നമ്മൾ കൈയുംകെട്ടി നോക്കിനിക്കേണ്ടിവരികയാണ്. ഇപ്പോൾ നിസ്സഹായത പ്രകടിപ്പിക്കുന്ന സംസ്ഥാന നേതൃത്വം അന്ന് അംഗങ്ങളോട് ആഹ്വാനം ചെയ്യുമോ സമരം ചെയ്യാൻ?”, ഒരു അദ്ധ്യാപിക തുറന്നടിക്കുന്നു.

ഇംഗ്ളീഷിൽ ഫൊണറ്റിക്സ് വളരെ നന്നായി പഠിപ്പിക്കുകയും ഒഴിവു സമയങ്ങളിൽ പോലും കുട്ടികൾക്ക് എക്സ്ട്രാ ക്ലാസുകൾ നടത്തുകയും ചെയ്ത ഒരധ്യാപകൻ സ്ഥലം മാറ്റപ്പെട്ടത് പാലക്കാട് ജില്ലയിലെ അതിർത്തി ഗ്രാമമായ കൊഴിഞ്ഞാമ്പാറയിലാണ്.

കോളജിനെ അതിന്റെ നഷ്ടപ്പെട്ടു പോയ പ്രതാപങ്ങളില്ലേക്ക് വീണ്ടെടുക്കുകയാണ് ലക്ഷ്യമെങ്കിൽ സർക്കാർ ആദ്യം വിശ്വാസത്തിൽ എടുക്കേണ്ടത് അധ്യാപകരെയും വിദ്യാർത്ഥികളെയുമാണ്. സ്ഥലം മാറ്റം നൂറു ശതമാനം നീതി ബോധത്തിലും മനദണ്ഡങ്ങൾ പാലിച്ചും ആയിരിക്കണം.

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍