UPDATES

‘എവിടെ വച്ചു കണ്ടാലും ബലാത്സംഗം ചെയ്യു’മെന്നാക്രോശിച്ചു; മലപ്പുറത്ത് ട്രാന്‍സ്‌ജെന്‍ഡറിന് നേരെ വീണ്ടും ആക്രമണം, പണവും മൊബൈലും തട്ടിയെടുത്തു

പരാതി നല്‍കി തിരിച്ചെത്തിയ തങ്ങളെ പിന്നീട് പൊലീസുകാര്‍ ഫോണില്‍ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പിനെക്കുറിച്ച് സംസാരിച്ചെന്നും ട്രാന്‍സ്ജെന്‍ഡേഴ്സ്

ശ്രീഷ്മ

ശ്രീഷ്മ

മലപ്പുറത്ത് ട്രാന്‍സ്‌ജെന്‍ഡറിന് നേരെ വീണ്ടും ആക്രമണം. ബുധനാഴ്ച പുലര്‍ച്ചെ 2.20-ഓടുകൂടിയാണ് കുറ്റിപ്പുറത്തു വച്ച് മൂന്നംഗ സംഘം ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും കൈയിലുണ്ടായിരുന്ന പണമടങ്ങുന്ന പേഴ്‌സ് തട്ടിയെടുക്കുകയും ചെയ്തത്. കുറ്റിപ്പുറം സ്വദേശിനിയായ നീലാഞ്ജനയാണ് ആക്രമിക്കപ്പെട്ടത്. ബലമായി പിടിച്ചു വലിച്ച് കാറില്‍ കയറ്റുകയായിരുന്നെന്നും പണവും മൊബൈലും തട്ടിയെടുത്ത ശേഷം കാറിനു പുറത്തേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നെന്നും നീലാഞ്ജന പറയുന്നു. നീലാഞ്ജനയുടെ കൈക്കും കാലിനും പരിക്കുണ്ട്.

ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ പ്രവര്‍ത്തകയും സംഘടനാംഗവുമായ വിജി റഹ്മാനാണ് സംഭവസ്ഥലത്തെത്തി നീലാഞ്ജനയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെക്കുറിച്ച് നീലാഞ്ജന പറയുന്നതിങ്ങനെ: “കുറ്റിപ്പുറത്ത് ട്രാഫിക് സിഗ്നലിനടുത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് മൂന്നു പേര്‍ ഒരു വെള്ള ഓള്‍ട്ടോ കാറിലെത്തി കയറാനാവശ്യപ്പെട്ടത്. കണ്ടപ്പോള്‍ തന്നെ പന്തികേട് തോന്നി ഞാന്‍ പല തവണ ഒഴിഞ്ഞുമാറി. പക്ഷേ അവരെന്നെ കാറിലേക്ക് ബലം പ്രയോഗിച്ച് വലിച്ചു കയറ്റുകയായിരുന്നു. എന്റെ കൈയില്‍ 4800 രൂപയുണ്ടായിരുന്നു. ചെറിയച്ഛനു സുഖമില്ലാത്തതിനാല്‍ ആശുപത്രിയാവശ്യങ്ങള്‍ക്കായി പിറ്റേ ദിവസം എത്തിക്കാനുള്ള പണമായിരുന്നു. ഈ 4800 രൂപയും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് വാങ്ങിച്ചതിനു ശേഷം കാറില്‍ നിന്നും തള്ളിപ്പുറത്തിടാന്‍ നോക്കി. കാറിന്റെ ഡോറാണ് എന്റെ കൈയില്‍ കിട്ടിയത്. ഡോറില്‍ ഞാന്‍ മുറുക്കെ പിടിച്ചപ്പോള്‍ ശരീരമാകെ റോഡിലുരഞ്ഞ് പരിക്കുപറ്റി. ഒരൂപാടു ദൂരം ആ അവസ്ഥയില്‍ എന്നെ വലിച്ചിഴച്ചു കൊണ്ട് വളരെ വേഗത്തിലാണ് കാര്‍ സഞ്ചരിച്ചത്. അതിനു ശേഷം ഞാന്‍ പുറത്തേക്ക് മറിഞ്ഞു വീഴുകയും ചെയ്തു. കാറില്‍ നിന്നും ഞാന്‍ പുറത്തേക്ക് വീഴുന്നത് കണ്ട് നാട്ടുകാരെല്ലാം ഓടിയെത്തി. അപ്പോഴേക്കും അവര്‍ കാര്‍ നിര്‍ത്താതെ പോയിക്കഴിഞ്ഞിരുന്നു. അപ്പോഴും ഓടിക്കൂടിയ ആളുകളാരും എന്നെ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. വിജി റഹ്മാനെത്തിയ ശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. അതിനു ശേഷം കുറ്റിപ്പുറം സ്റ്റേഷനില്‍ പോയി പരാതിയും കൊടുത്തിട്ടുണ്ട്. കേസുമായി മുന്നോട്ടു നീങ്ങുക തന്നെ ചെയ്യും. ഇന്ന് എനിക്ക് സംഭവിച്ചത് നാളെ ട്രാന്‍സായ മറ്റൊരാള്‍ക്ക് സംഭവിച്ചുകൂടെന്നില്ലല്ലോ. ഞങ്ങള്‍ക്കും ജീവിക്കണ്ടേ?”

ചുരുങ്ങിയ കാലത്തിനിടയില്‍ മലപ്പുറത്ത് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിതെന്ന് വിജി റഹ്മാന്‍ പറയുന്നു. നേരത്തേ കോട്ടയ്ക്കലും സമാനമായ സമാനമായ സംഭവം നടന്നിരുന്നു. കോഴിക്കോട്ടും എറണാകുളത്തും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു നേരെയുണ്ടായ സദാചാര പൊലീസിംഗും ആക്രമണവും കഴിഞ്ഞ് അധികനാളായിട്ടില്ല. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങള്‍ കടുത്ത അവകാശ നിഷേധത്തിന്റെ ഭാഗമാണെന്നും, ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുള്ള നാട്ടില്‍ എന്തുകൊണ്ടാണ് തങ്ങള്‍ക്ക് ധൈര്യമായി പുറത്തിറങ്ങി നടക്കാനാകാത്തതെന്നും വിജിയും നീലാഞ്ജനയും ചോദിക്കുന്നു.

ശബരിമല ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവേശനം: ജനാധിപത്യത്തിന്റെ പരാജയവും രാജവാഴ്ചയുടെ വിജയവും

“ഞങ്ങള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമത്തിനു പോലും അധികാരികള്‍ ഞങ്ങളെത്തന്നെയാണ് കുറ്റപ്പെടുത്താറ്. തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും വരെ ചൂഷണമനുഭവിച്ചാണ് ജീവിക്കുന്നത്. ആരോടാണ് പരാതി പറയേണ്ടത്? കാശും ഫോണുമാണ് നഷ്ടപ്പെട്ടത്. അത് എങ്ങനെയെങ്കിലും അധ്വാനിച്ച് വീണ്ടും ഉണ്ടാക്കാവുന്നതേയുള്ളൂ. പക്ഷേ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്താല്‍ എന്തു ചെയ്യും?” വിജി ചോദിക്കുന്നു. പൊലീസില്‍ പരാതിപ്പെട്ടതിനു ശേഷം ബുധനാഴ്ച പകല്‍ മുഴുവന്‍ പല മാധ്യമങ്ങളേയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചില്ലെന്നും വിജി പറയുന്നുണ്ട്.

‘നിങ്ങളെപ്പോലുള്ളവരെ ജീവിക്കാനനുവദിക്കുകയില്ലെ’ന്നും, ‘എവിടെ വച്ചു കണ്ടാലും ബലാത്സംഗം ചെയ്യു’മെന്നും ആക്രമികള്‍ തന്നോടു പറഞ്ഞതായി നീലാഞ്ജന വിശദീകരിക്കുന്നു. തന്റെ ഐഡന്റിറ്റിയെ അപമാനിക്കുകയും, മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തുവെന്നും നീലാഞ്ജനയ്ക്ക് പരാതിയുണ്ട്. എന്നാല്‍, പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി തിരിച്ചെത്തിയ തങ്ങളെ പിന്നീട് പൊലീസുകാര്‍ ഫോണില്‍ ബന്ധപ്പെട്ട് ഒത്തുതീര്‍പ്പിനെക്കുറിച്ച് സംസാരിച്ചെന്നും വിജി പറയുന്നു. “ഒത്തുതീര്‍പ്പാക്കിക്കൂടേ എന്ന് പൊലീസ് ചോദിക്കുന്നുണ്ട്. ഒത്തുതീര്‍പ്പാക്കി ഞങ്ങള്‍ തിരിച്ചു പോന്നാല്‍ ഈ സംഭവം ഇനിയും ആവര്‍ത്തിക്കുകയേയുള്ളൂ. നിയമ നടപടിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനം.”

ട്രാന്‍സ്ജെന്‍ഡര്‍ മുക്ത കൊച്ചിയാക്കുമെന്ന് പോലീസ്; ഇതാണോ ട്രാന്‍സ് നയം? സര്‍ക്കാര്‍ പറയണം

ഇത് ‘ബിജെപിയുടെ പ്രതികാരം’; ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശ സംരക്ഷണ ബില്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ട്രാന്‍സ് സമൂഹം

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍