UPDATES

വീഡിയോ

ചൂരിദാറും അടിവസ്ത്രവും വലിച്ചു കീറി തിരുവനന്തപുരത്ത് ട്രാന്‍സ്ജന്‍ഡറിന് നേരെ ആള്‍ക്കൂട്ട ഭ്രാന്ത് (വീഡിയോ)

കുട്ടിയെ തട്ടിക്കൊണ്ട് പോവാന്‍ വേഷം മാറി വന്നതാണെന്ന് ആരോപിച്ചുകൊണ്ട് ഒരുകൂട്ടമാളുകള്‍ ട്രാന്‍സ്ജന്‍ഡറായ ചന്ദനയെ മര്‍ദ്ദിക്കുകയായിരുന്നു

തിരുവനന്തപുരത്ത് ട്രാന്‍സ്ജന്‍ഡറിന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം. കുട്ടിയെ തട്ടിക്കൊണ്ട് പോവാന്‍ വേഷം മാറി വന്നതാണെന്ന് ആരോപിച്ചുകൊണ്ട് ഒരുകൂട്ടമാളുകള്‍ ട്രാന്‍സ്ജന്‍ഡറായ ചന്ദനയെ മര്‍ദ്ദിക്കുകയായിരുന്നു. വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്നയാക്കിയായിരുന്നു മര്‍ദ്ദനം. ഇത് ആള്‍ക്കൂട്ടം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. അസഭ്യ വാക്കുകള്‍ ഉപയോഗിച്ച് ചന്ദനയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മുപ്പതോളം പേര്‍ ചേര്‍ന്നാണ് ചന്ദനയെ ആക്രമിച്ചത്.

ഞായറാഴ്ച വൈകിട്ട് വലിയതുറ ബീച്ചില്‍ വച്ചായിരുന്നു സംഭവം. ചന്ദനയുടെ ശരീരമാസകലം മര്‍ദ്ദിക്കുകയും ‘നീയാരാടാ, എന്തിനാടാ വേഷം മാറി ഇവിടെ എത്തിയത്’ എന്ന് ചോദിച്ചായിരുന്നു ആക്രമണം. വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആള്‍ക്കൂട്ടം നിര്‍ബന്ധിച്ചെങ്കിലും ഇതിന് വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് ചന്ദന ധരിച്ചിരുന്ന ചുരിദാറും അടിവസ്ത്രങ്ങളടക്കം വലിച്ചുകീറുകയായിരുന്നു. പിന്നീടും മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനമേറ്റ് ചന്ദന കരഞ്ഞിട്ടും ആള്‍ക്കൂട്ടം പിന്‍മാറിയില്ല എന്ന് ചന്ദനയുടം സുഹൃത്തും ട്രാന്‍സ്ജന്‍ഡറുമായ അസ്മ പറയുന്നു. ‘അവര്‍ ചന്ദനയുടെ മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങി. എടീ, എന്ന് വിളിച്ചുകൊണ്ട് മര്‍ദ്ദിക്കുന്നതാണ് അക്രമികള്‍ പകര്‍ത്തിയ വീഡിയോയില്‍ നിന്ന് വ്യക്തമാവുന്നത്. അപ്പോള്‍ അവര്‍ക്ക് ട്രാന്‍സ്ജന്‍ഡറാണെന്ന് മനസ്സിലായിട്ടാണ്. പെണ്‍വേഷം കെട്ടി കുട്ടികളെ തട്ടിക്കൊണ്ട് പോവാന്‍ വന്നയാളാണെന്ന് സംശയമുണ്ടായിരുന്നെങ്കില്‍ എടാ എന്ന് വിളിച്ചാല്‍ മതിയായിരുന്നല്ലോ. വലിയതുറ ബീച്ചില്‍ കളക്ഷനെടുക്കുന്നതിനിടെയാണ് മര്‍ദ്ദനം. കളക്ഷനെടുത്ത് വരുന്നതിനിടെ ഒരു കുട്ടിയുടെ തലയില്‍ ചന്ദന വെറുതെ കൈവച്ചു. ഇത് കണ്ട ആളുകള്‍ അവള്‍ കുട്ടികളെ തട്ടിക്കൊണ്ട് പോവാന്‍ വേഷം മാറി വന്നതാണെന്ന് പറഞ്ഞുകൊണ്ട് ആക്രമിക്കുകയായിരുന്നു.’

മുടിപിടിച്ച് വലിക്കുകയും ശാരീരിക ഉപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുന്നതിനൊപ്പം അതെല്ലാം വീഡിയോയില്‍ പകര്‍ത്തുകയും ഫോട്ടോയെടുക്കുകയും ചെയ്തു. പോലീസ് എത്തി ചന്ദനയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് വരെ ആക്രമണങ്ങള്‍ തുടര്‍ന്നു. ആക്രമണ ദൃശ്യങ്ങള്‍ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണെങ്കിലും പോലീസ് അക്രമികള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. കേരളത്തില്‍ കുട്ടികളെ പിടിക്കുന്ന സംഘമിറങ്ങിയിട്ടുണ്ടെന്ന് പ്രചരണമാണ് അക്രമത്തിന് കാരണമായി പോലീസ് പറയുന്നത്. സംഭവത്തിനെതിരെ കേസ് കൊടുക്കാനാണ് ട്രാന്‍സ് കമ്മ്യൂണിറ്റിയുടെ തീരുമാനം.

വലിയതുറ പോലീസ് സ്‌റ്റേഷനില്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ചന്ദനയെ ഇന്ന് പതിനൊന്ന് മണിയോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടു. ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രതിഷേധ കൂട്ടായ്മയും പ്രകടനവും നടത്താനൊരുങ്ങുകയാണ് ട്രാന്‍സ് കമ്മ്യൂണിറ്റി.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍