UPDATES

ലിംഗമാറ്റ ശസ്ത്രക്രിയക്ക് രണ്ട് ലക്ഷം രൂപ; ആശ്വാസകരം, പക്ഷേ സൌകര്യങ്ങളും കൂടി സര്‍ക്കാര്‍ ഒരുക്കണം

ട്രാന്‍സ് സമൂഹത്തിനു വേണ്ടി സര്‍ക്കാര്‍ പല പദ്ധതികളും പ്രഖ്യാപിക്കുകയും പണം വകയിരുത്തുകയും ചെയ്യുന്നുണ്ടെങ്കിലും പലതും നടപ്പാകുന്നില്ലെന്ന് ആരോപണം

ലിംഗമാറ്റ ശസ്ത്രക്രിയക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ട്രാന്‍സ്ജന്‍ഡര്‍ ബോര്‍ഡിന്റെ ആവശ്യം പരിഗണിച്ച സര്‍ക്കാര്‍ ഓരോ വ്യക്തിക്കും ശസ്ത്രക്രിയക്കായി രണ്ട് ലക്ഷം രൂപ വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയക്കായി ലക്ഷങ്ങള്‍ കണ്ടെത്താനാവാതെ ബുദ്ധിമുട്ടിയിരുന്ന ട്രാന്‍സ്ജന്‍ഡേഴ്‌സിന് സര്‍ക്കാര്‍ തീരുമാനം ആശ്വാസമാവും. സാമൂഹിക നീതി വകുപ്പ് മുഖേനയാണ് പണം നല്‍കുക. സംസ്ഥാനത്തിനുള്ളില്‍ നിന്നോ പുറത്തുനിന്നോ ശസ്ത്രക്രിയ നടത്തിയാലും ധനസഹായം ലഭിക്കും.

ലിംഗമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ അതിനുള്ള സൗകര്യമില്ലാതിരുന്നത് വലിയ പ്രതിസന്ധിയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ലിംഗമാറ്റ ശസ്ത്രക്രിയ ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഇതിന്റെ പ്രാരംഭനടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. ട്രാന്‍സ്ജന്‍ഡേഴ്‌സിനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തുന്ന ക്ലിനിക് ആണ് ഇവര്‍ക്ക് ആകെ ആശ്വാസമായുണ്ടായിരുന്നത്. എന്നാല്‍ മുമ്പ് ആഴ്ചയില്‍ രണ്ട് ദിവസം നടന്നിരുന്ന ക്ലിനിക് പിന്നീട് ഡോക്ടര്‍മാരുടെ കുറവ് മൂലം മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് പലപ്പോഴും പ്രവര്‍ത്തിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയ ആഗ്രഹിക്കുന്നവര്‍ക്കുള്ള ലേസര്‍ ചികിത്സയും, കൗണ്‍സലിങ്ങും ഈ ക്ലിനിക് വഴി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു.

നിലവില്‍ എറണാകുളം സണ്‍റൈസ് ആശുപത്രിയിലും അമൃത ആശുപത്രിയിലുമാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള സംവിധാനങ്ങളുള്ളത്. എന്നാല്‍ ഇനിടെ ഒന്നരലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് സാധാരണ ഇതിന് ചെലവ് വരിക. വീട്ടുകാരും ഒരുപരിധിവരെ സമൂഹവും ഒറ്റപ്പെടുത്തുകയും തഴയുകയും ചെയ്യുന്ന ട്രാന്‍സ്ജന്‍ഡേവ്‌സിന് ഇത്രയും തുക കണ്ടെത്തുക എന്നത് ദുഷ്‌കരമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതിനുള്ള പണം അനുവദിക്കുന്നതോടെ ആ അവസ്ഥയെ മറികടക്കാനാവും എന്നതാണ് ട്രാന്‍സ്ജന്‍ഡേഴ്‌സ് പങ്കുവക്കുന്ന പ്രതീക്ഷ. ട്രാന്‍സ്ജന്‍ഡറായ അനന്യ പറയുന്നു ‘ലിംഗമാറ്റം എന്നത് ട്രാന്‍സ്ജന്‍ഡറുകളെ സംബന്ധിച്ച് വലിയ വിഷയമായിരുന്നു. അതിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുമ്പോള്‍ ഉണ്ടാവുന്ന ചെലവ് താങ്ങാനാവുന്നതുമായിരുന്നില്ല. ജോലിയില്ലാത്ത, വീടില്ലാത്ത, ഭക്ഷണം പോലും കഴിക്കാനില്ലാത്ത ട്രാന്‍സ്ജന്‍ഡേഴ്‌സിന് രണ്ട് ലക്ഷം രൂപ വരെ ഇതിനായി ഉണ്ടാക്കാന്‍ കഴിയുന്ന അവസ്ഥയുമില്ല. അങ്ങനെയൊരു അവസ്ഥയില്‍ അതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും എന്നത് വലിയ ആശ്വാസം തന്നെയാണ്. പക്ഷെ അത് സമയത്ത് ലഭിക്കുക എന്നത് തന്നെയാണ് വലിയ കാര്യം. അതിനുള്ള സാഹചര്യം കൂടി സര്‍ക്കാര്‍ ഒരുക്കണം.’

ശസ്ത്രക്രിയക്ക് അധിക തുക ആവശ്യമായി വരുന്നവര്‍ക്ക് കൂടുതല്‍ പരിശേധനകള്‍ക്ക് ശേഷം ആ തുകയും അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്വന്തമായി പണം കണ്ടെത്തി ശസ്ത്രക്രിയ നടത്തിയവര്‍ക്ക് ആ തുക തിരികെ നല്‍കാനുള്ള തീരുമാനവുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇത്തരം പല പദ്ധതികളും പ്രഖ്യാപിക്കുകയും പണം വകയിരുത്തുകയും ചെയ്തിട്ടും ഒന്നും നടപ്പായില്ല എന്ന ആരോപണമാണ് ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് ആയ ഫൈസല്‍ പറയുന്നത്. ‘രണ്ട് ലക്ഷം രൂപ ശസ്ത്രക്രിയക്കായി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് വലിയകാര്യമാണ്. അത് നിഷേധിക്കുന്നില്ല. പക്ഷെ കഴിഞ്ഞ ബജറ്റുകളില്‍ പത്ത് കോടി രൂപ ട്രാന്‍സ്ജന്‍ഡര്‍ ക്ഷേമത്തിനായി മാറ്റി വച്ച സര്‍ക്കാരാണിത്. എന്നിട്ട് എന്ത് ഗുണഫലമാണ് കമ്മ്യൂണിറ്റിക്ക് ഉണ്ടായതെന്ന് ചോദിച്ചാല്‍ ഒന്നും ഉണ്ടായിട്ടില്ല. ട്രാന്‍സ്ജന്‍ഡേഴ്‌സിനായി പ്രഖ്യാപിച്ച തുക എങ്ങനെ ചെലവഴിക്കുന്നു എന്ന് പോലും അറിയില്ല. വീടില്ലാത്ത ട്രാന്‍സ്ജന്‍ഡേഴ്‌സിന് ഇഎംഎസ് ഭവന പദ്ധതി പ്രകാരം വീട് വച്ചുകൊടുക്കും എന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ്‌ഐസക് പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുപോലുമില്ല. സ്വയംതൊഴില്‍ ആരംഭിക്കുന്നതിനായി അമ്പതിനായിരം രൂപ ഓരോ ട്രാന്‍സ്ജന്‍ഡറിനും കൊടുക്കും എന്ന പ്രഖ്യാപനമുണ്ടായി. തുടര്‍ന്ന് അപേക്ഷിച്ച ട്രാന്‍സ്ജന്‍ഡേഴ്‌സിന്റെ താമസസ്ഥലങ്ങളിലും മറ്റും അന്വേഷണങ്ങള്‍ നടത്തി സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പോയതല്ലാതെ ഇതേവരെ ആ ഫണ്ട് കിട്ടിയിട്ടില്ല. സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം അത് കമ്മ്യൂണിറ്റിയിലേക്ക് എത്തിക്കുകയും വേണം.’

ട്രാന്‍സ്ജന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് ആണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് പണം അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തത്്. സര്‍ക്കാര്‍തലത്തിലെ പണമിടപാടുകളിലും മറ്റുമുണ്ടാവുന്ന കാലതാമസം എല്ലാ പദ്ധതികളേയും ബാധിച്ചിട്ടുണ്ടെങ്കിലും എല്ലാ പദ്ധതികളുടേയും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്രാന്‍സ്ജന്‍ഡര്‍ സെല്‍ അംഗം ശ്യാമ പറഞ്ഞു ‘പ്രഖ്യാപനമുണ്ടായാലും പദ്ധതി നടപ്പിലായി വരാന്‍ സമയമെടുത്തേക്കും. നൂറ് പേര്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതിയുള്‍പ്പെടെ അത്തരത്തില്‍ കാലതാമസം വന്നിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല. എന്നാല്‍ അത് ഓരോ ഘട്ടമായി നടപ്പിലാക്കി വരികയാണ്. സര്‍ജറി ചെയ്യേണ്ട പണമുണ്ടാക്കാനാണ് ട്രാന്‍സ്ജന്‍ഡേഴ്‌സില്‍ പലരും ലൈംഗികവൃത്തി ചെയ്യുന്നതെന്ന കാര്യം ട്രാന്‍സ്ജന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങള്‍ മന്ത്രിയെ ബോധ്യപ്പെടുത്തിയപ്പോഴാണ് പണം അനുവദിക്കാന്‍ തീരുമാനമുണ്ടായത്. അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യും.’

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍