UPDATES

ട്രെന്‍ഡിങ്ങ്

ഗുണ്ടകള്‍, സ്പീഡ് ബോട്ട്, ബണ്ടു പൊട്ടിക്കല്‍; വളന്തക്കാടുകാരെ ഇഞ്ചിഞ്ചായി കൊല്ലുകയാണ് ‘വികസന’ മോഹികള്‍

ഗുണ്ടകളെ കൊണ്ട് സഹികെട്ടപ്പോള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ദ്വീപ് ജനത കൂട്ടമായി ചെന്ന് ഗുണ്ടകള്‍ താമസിച്ചിരുന്ന ഷെഡ് കത്തിക്കുകയും മാരകായുധങ്ങള്‍ പിടിച്ചെടുക്കയും ചെയ്തു

വികസനം സര്‍ക്കാരുകള്‍ക്കും ജനത്തിനും ഏറെ ഗുണം ചെയ്യുമെന്ന് പറയുമ്പോള്‍ വളന്തക്കാടുകാര്‍ക്ക് പറയാനുള്ളത് മറ്റൊന്നാണ്. വളന്തക്കാടിനെ വിഴുങ്ങി സര്‍ക്കാരുകള്‍ക്ക് മുമ്പില്‍ ഹൈടെക് സിറ്റിയെന്ന വാഗ്ദാനം നല്‍കിയ ശോഭാ ഡെവലപ്പേഴ്സിന്റെ കടന്നുവരവിനെ തുടര്‍ന്ന് ദ്വീപ് നിവാസികള്‍ക്കുണ്ടായത് ദുരനുഭവങ്ങളാണ്. പാലം വേണമെന്ന വളന്തക്കാടുകാരുടെ ദീര്‍ഘകാലത്തെ ആവശ്യത്തെ അന്വേഷിച്ചു പോയ അഴിമുഖം കണ്ടത് ഒരു സമൂഹത്തെ തന്നെ അവരുടെ ആവാസവ്യവസ്ഥയില്‍ നിന്നും തൂത്തെറിയാന്‍ നടത്തുന്ന ശ്രമങ്ങളാണ്. അഴിമുഖം അന്വേഷണം തുടരുന്നു. ശോഭാ ഡവലഴേ്സിന്റെ വരവോടെ വളന്തക്കാടിനുണ്ടായ മാറ്റങ്ങള്‍ അഴിമുഖത്തോട് പങ്കുവയ്ക്കുകയാണ് മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന വളന്തക്കാടിലെ ഉത്തമനും സദാനന്ദനും.

പരമ്പരയുടെ ആദ്യഭാഗങ്ങള്‍ വായിക്കാം 

പ്രസവം വള്ളത്തില്‍, അസുഖം വന്നാല്‍ മരണം; കൊച്ചിയുടെ തൊട്ടടുത്ത വളന്തക്കാട് ദ്വീപില്‍ ഇങ്ങനെ കുറെ മനുഷ്യര്‍ ജീവിക്കുന്നുണ്ട്

വളന്തക്കാടുകാര്‍ക്ക് പാലം; സ്വരാജ് എംഎല്‍എയും മരട് നഗരസഭയും ശോഭാ ഗ്രൂപ്പിനെ പേടിക്കേണ്ടതുണ്ടോ?

ഹൈടെക് സിറ്റി വന്നാല്‍ വളന്തക്കാടുകാര്‍ക്കും ഗുണമെന്ന് ശോഭാ ഗ്രൂപ്പ്; പാലത്തിനും റോഡിനും തങ്ങള്‍ തടസമായി നില്‍ക്കില്ല

ജനിച്ച മണ്ണ് ഇട്ടെറിഞ്ഞിട്ട് ശോഭാഗ്രൂപ്പിന്റെ വികസനം വേണ്ട; വളന്തക്കാട് കഴിയുന്നവര്‍ക്ക് പറയാനുള്ളത്

പൊക്കാളി കൃഷിയും ചെമ്മീന്‍ കെട്ടും; വളന്തക്കാടിന്റെ സുവര്‍ണ്ണ കാലത്തെ കുറിച്ച്

ലോകത്തെവിടെയും ഇങ്ങനെയൊരു സമൂഹത്തെ കാണാന്‍ സാധിക്കില്ലെന്നാണ് ഉത്തമനും സദാനന്ദനും പറയുന്നത്. പട്ടികജാതി കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന വെള്ളത്താല്‍ ചുറ്റപ്പെട്ടൊരു പ്രദേശം. മത്സ്യസമ്പത്തുകൊണ്ട് നിറഞ്ഞതായിരുന്നു ദ്വീപും ദ്വീപിനെ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശവും. പോരാത്തതിന് പൊക്കാളി കൃഷി, ചെമ്മീന്‍ കൃഷി, താറാവ് വളര്‍ത്തല്‍, കക്ക വാരല്‍… അന്നൊക്കെ അത്ര സമൃദ്ധമായിരുന്നു ഈ പ്രദേശം. പിന്നെ പിന്നെ അതങ്ങു നിന്നു. ചെറുതും വലുതുമായി ദ്വീപില്‍ പല ആളുകള്‍ വന്ന് സ്ഥലം വാങ്ങിയവര്‍ പിന്നീടതു ശോഭാ ഗ്രൂപ്പിന് വിറ്റു. ഉടമസ്ഥര്‍ സ്ഥലത്തിനും സമീപ പ്രദേശങ്ങളിലും കായലിലും കരയിലുമായി നിയന്ത്രണം ഏര്‍പ്പെടുത്തിയതു മുതല്‍ കാര്യങ്ങള്‍ മാറി.

ഇവിടുത്തുകാരുടെ ഉപജീവനം തടസ്സപ്പെടുത്തുന്നതിനും വിരട്ടി ഓടിക്കുന്നതിനും ചെറുതും വലുതുമായ ശ്രമങ്ങള്‍ നടന്നു. ദ്വീപ് നിവാസികളെ വിരട്ടി ഓടിക്കാന്‍ ശോഭാ ഗ്രൂപ്പ് ദ്വീപിന്റെ തെക്ക് കിഴക്ക് ഭാഗത്ത് മാരകായുധങ്ങളുമായി ഗുണ്ടകളെ താമസിപ്പിച്ചിരുന്നുവെന്നും ഇവരുടെ കൂട്ടത്തില്‍ ജയിലില്‍ നിന്ന് പരോളിലിറങ്ങിയവര്‍ വരെ ഉണ്ടായിരുന്നതായി ഉത്തമനും സദാനന്ദനും പറയുന്നു. മാരകായുധങ്ങളുമായി ദ്വീപില്‍ ഷെഡ് കെട്ടി താമസിച്ചിരുന്ന ഇക്കൂട്ടര്‍ ദ്വീപ് നിവാസികളുടെ ഉപജീവന മാര്‍ഗത്തിന് തടയിടാനും ശ്രമമുണ്ടായി. ശോഭ ഗ്രൂപ്പിന്റെ സ്ഥലത്തിനോട് ചേര്‍ന്ന് കായലില്‍ വലയിട്ടതിന് ഗുണ്ടകളെ ഉപയോഗിച്ച് അരവിന്ദന്‍ എന്ന ആളെ മര്‍ദ്ദിക്കുകയും വിരട്ടുകയും ചെയ്തു. പിന്നീട് ഭയപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തവര്‍ തന്നെ സംഭവം പോലീസ് കേസാക്കുകയും ചെയ്തു. ഇങ്ങനെ ചെറുതും വലുതുമായ പ്രശ്നങ്ങളുണ്ടാക്കി ഇവിടുത്തുകാരെ വിരട്ടി ഒടിക്കാനുള്ള ശ്രമങ്ങളാണ് അന്ന് ശോഭാ ഡെവലപ്പേഴ്സിന്റെ ഭാഗത്തു നിന്നുണ്ടായത്.

ഗുണ്ടകളെ കൊണ്ട് സഹികെട്ടപ്പോള്‍ ദിനേഷ് മണി എംഎല്‍എ ആയിരുന്ന കാലത്ത് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ദ്വീപ് ജനത കൂട്ടമായി ചെന്ന് ഗുണ്ടകള്‍ താമസിച്ചിരുന്ന ഷെഡ് കത്തിക്കുകയും മാരകായുധങ്ങള്‍ പിടിച്ചെടുക്കയും ചെയ്തു. അന്നും ഇന്നും ദ്വീപിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് ദ്വീപിന്റെ ശക്തിയെന്നും ഇവര്‍ പറയുന്നു. “ഇതിന് ശേഷവും മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന ഞങ്ങളെ പരോക്ഷമായി ഉപദ്രവിക്കാന്‍ വേണ്ടി കെട്ടി നിര്‍ത്തിയിരുന്ന വെള്ളം പൊട്ടിച്ചു വിടുക, കൃഷി ചെയ്യുന്നതിന് എതിര് നില്‍ക്കുക തുടങ്ങി പലവിധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു ഇവര്‍. സഹികെട്ട് നിരവധി കുടുംബങ്ങള്‍ കൂടി സ്ഥലം വിറ്റ് ഇവിടുന്നു പോയി”-ഇവര്‍ പറയുന്നു

പ്രസവം വള്ളത്തില്‍, അസുഖം വന്നാല്‍ മരണം; കൊച്ചിയുടെ തൊട്ടടുത്ത വളന്തക്കാട് ദ്വീപില്‍ ഇങ്ങനെ കുറെ മനുഷ്യര്‍ ജീവിക്കുന്നുണ്ട്

കൃഷി നിന്നിട്ടു വര്‍ഷങ്ങളേറെയായി, മത്സ്യസമ്പത്തിനും കുറവ് സംഭവിച്ചു. ചെമ്മീന്‍ കൃഷിയും ഇല്ല, എല്ലാ വീടുകളിലും മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വള്ളങ്ങളുണ്ട്. എല്ലാ ദിവസവും വെളുപ്പിന് അഞ്ചിന് സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടുന്ന സംഘം മത്സ്യബന്ധനത്തിനായി അവരവരുടെ വളളങ്ങളുമായി പോകും. പിന്നെ തിരിച്ച് വന്ന് ഉച്ചയ്ക്കും, ഉച്ചകഴിഞ്ഞ് മൂന്നു മണി, ആറു മണി, തുടങ്ങിയ സമയങ്ങളിലും പോകും ഈ സമയങ്ങളില്‍ സ്ത്രീകള്‍ മത്സ്യബന്ധനത്തിനിറങ്ങുന്നത് കുറവാണ്. എന്നാല്‍ പുരുഷന്‍മാരില്‍ എറെയും ദ്വീപിനെ ചുറ്റിപ്പറ്റി മത്സ്യബന്ധനത്തിനായി വള്ളങ്ങളില്‍ തന്നെയായിരുക്കുമെന്നും ഇവര്‍ പറയുന്നു. ചില ദിവസങ്ങളില്‍ മത്സ്യം സമൃദ്ധമായി കിട്ടുമെങ്കിലും മത്സ്യലഭ്യത ഇപ്പോള്‍ കുറവാണ്.

വളന്തക്കാടുകാര്‍ക്ക് പാലം; സ്വരാജ് എംഎല്‍എയും മരട് നഗരസഭയും ശോഭാ ഗ്രൂപ്പിനെ പേടിക്കേണ്ടതുണ്ടോ?

ദ്വീപ് നിവാസികളുടെ മറ്റൊരു പ്രശ്നമാണ് ഉപ്പ് വെള്ളം കയറി അവരുടെ വീടുകളുടെ അടിത്തറ പൊട്ടുന്നത്. കല്ലും ഇഷ്ടികയും ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഇവിടുത്തെ വീടുകള്‍ക്ക് കായലിലെ ഉപ്പ് വെള്ളം ഭീഷണിയാണ്. വെളളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ദ്വീപിനകത്തും ചെറു തോടുകളുണ്ട്. മഴക്കാല സമയങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നതോടെ ഉപ്പു വെള്ളം വീടുകളുടെ ഭിത്തികളില്‍ അടിച്ചു കയറുമെന്ന് ഇവിടുത്തുകാര്‍ പറയുന്നു. ശോഭാ സിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ വെളളം കയറാതെ കരിങ്കല്‍ ബണ്ട് കെട്ടിയിരുന്നത് തകര്‍ന്നതും പീന്നീട് ഇവര്‍ ഇത് പുനര്‍നിര്‍മ്മിക്കാതിരിക്കുന്നതും തങ്ങളെ ദ്രോഹിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. പല പ്രാവശ്യം ബണ്ടുകള്‍ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടിട്ടും അവര്‍ അതിന് തുനിയുന്നില്ലെന്നും ഇവര്‍ പറയുന്നു.

അതേസമയം ബണ്ട് പൊട്ടിച്ച് വിട്ടതിന് പിന്നില്‍ പല ലക്ഷ്യങ്ങളുണ്ടെന്നാണ് മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന ഓമന പറയുന്നത്. ബണ്ട് തുറന്ന് വിട്ടതിനാല്‍ ദ്വീപിനുള്ളില്‍ ചെറു തോടുകളില്‍ ഉണ്ടായിരുന്ന കരിമീന്‍ ഉള്‍പ്പെടെയുള്ള മീനുകള്‍ കായലിലേക്ക് പോയി. തങ്ങളുടെ ഉപജീവനം തകര്‍ക്കാനായിരുന്നു ഇതെന്നും ഇവര്‍ പറയുന്നു. ദ്വീപില്‍ ചില വീടുകളിലേക്കെത്തുന്നതിനുള്ള വഴികള്‍ വെള്ളം വന്നു മൂടിയതോടെ അങ്ങോട്ടേക്ക് പോകാന്‍ വള്ളങ്ങളുണ്ടെങ്കിലേ സാധിക്കൂ. കുടുംബശ്രീ മീറ്റിംഗ് ഉള്‍പ്പെടെ ഈ വീടുകളില്‍ വെച്ച് നടത്തുന്ന ആവശ്യങ്ങള്‍ക്കെല്ലാം തോണിയില്‍ കയറി വേണം ചെല്ലാനെന്നും ഓമന പറയുന്നു. ഇങ്ങനെ ചില വീടുകളിലേക്കെത്താന്‍ തെങ്ങും പലകയുമൊക്കെ ഉപയോഗിച്ച് പാലങ്ങള്‍ നിര്‍മ്മിക്കും. കാലം കഴിഞ്ഞ അതൊക്കെ എപ്പോഴാ തകര്‍ന്നു വീണ് അപകടമുണ്ടാകുന്നതെന്ന് പറയാന്‍ കഴയില്ല. ഈ അപകടങ്ങള്‍ മുന്നിലുള്ളതിനാല്‍ കൊച്ചു കുട്ടികള്‍ക്ക് ഒറ്റയ്ക്ക് ദ്വീപിലൂടെ നടക്കാനും സ്വാതന്ത്ര്യമില്ല. കഴിഞ്ഞ ദിവസം സഞ്ചാരത്തിനായി താത്കാലികമായി നിര്‍മ്മിച്ച പാലം ഒടിഞ്ഞ് അപകടം ഉണ്ടായിരുന്നു. ദ്വീപിലെ ഉഷ എന്ന സ്ത്രീ പാലത്തിലൂടെ നടന്ന് വന്നപ്പോള്‍ പാലം ഒടിയുകയും പാലത്തിന്റെ കുറ്റി തുടയില്‍ തറച്ച് കയറുകയും തോട്ടില്‍ വീഴുകയുമായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ ഇവിടുത്തുകാര്‍ രണ്ട് വഞ്ചികള്‍ കൂട്ടിക്കെട്ടിയാണ് ഉഷയെ ലേക്‌ഷോര്‍ ആശുപത്രിയില്‍ എത്തിച്ചത്.

ഹൈടെക് സിറ്റി വന്നാല്‍ വളന്തക്കാടുകാര്‍ക്കും ഗുണമെന്ന് ശോഭാ ഗ്രൂപ്പ്; പാലത്തിനും റോഡിനും തങ്ങള്‍ തടസമായി നില്‍ക്കില്ല

ടൂറിസത്തിന്റെ പേര് പറഞ്ഞ് കായലില്‍ സ്പീഡ് ബോട്ടിറക്കിയത് മത്സ്യബന്ധനത്തെ ബാധിച്ചു

സ്വകാര്യ വ്യക്തികള്‍ ലൈസന്‍സില്ലാതെ കായലില്‍ വിദേശികള്‍ക്കായി സ്പീഡ് ബോട്ട് സര്‍വീസ് ആരംഭിച്ചത് മത്സ്യബന്ധനത്തെ കാര്യമായി ബാധിച്ചു. ബോട്ടുകളുടെ അതിവേഗത്തിലുള്ള സഞ്ചാരം മത്സ്യബന്ധനത്തിനായി വിരിച്ചിരുന്ന വലകള്‍ പൊട്ടുന്നതുള്‍പ്പെടെ മത്സ്യങ്ങളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. പോരാത്തതിന് കക്ക വാരി വരുന്ന വള്ളങ്ങള്‍ സ്പീഡ് ബോട്ടുകള്‍ പോകുമ്പോഴുണ്ടാകുന്ന ഓളം കാരണം മറിയാനും ഇടവരാറുണ്ട്. താരതമ്യേന വില കുറഞ്ഞ ഫൈബര്‍ വളളങ്ങളാണ് ഇവിടുത്തുകാര്‍ ഏറെയും ഉപയോഗിക്കുന്നത്. പതിവില്‍ കവിഞ്ഞ് ഓളങ്ങള്‍ ഉണ്ടാകുമ്പോള്‍ കെട്ടിയിട്ട വള്ളങ്ങള്‍ പരസ്പരം തട്ടി കേടുപാടുകളും സംഭവിക്കാറുണ്ട്. ഇതേതുടര്‍ന്ന് സ്പീഡ് ബോട്ടുകളുടെ സര്‍വീസിനെതിരെ പ്രതിഷേധം നടത്തി നിര്‍ത്തിച്ചിരിക്കുകയായിരുന്നു.

ജനിച്ച മണ്ണ് ഇട്ടെറിഞ്ഞിട്ട് ശോഭാഗ്രൂപ്പിന്റെ വികസനം വേണ്ട; വളന്തക്കാട് കഴിയുന്നവര്‍ക്ക് പറയാനുള്ളത്

ഔഷധ പാര്‍ക്കും തൂക്കുപാലവും ടൂറിസ്റ്റ് വില്ലേജും അങ്ങനെ വാഗ്ദാനങ്ങള്‍ എത്ര

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കെ.എ ദേവസി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലത്ത് ദ്വീപ് നിവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും ഈ ജനതയ്ക്ക് ഓര്‍മ്മയുണ്ട്. ദ്വീപില്‍ വിവിധങ്ങളായ ഔഷധ ഗുണങ്ങളുളള പല തരം കണ്ടല്‍ ചെടികള്‍ ഉള്‍പ്പെടെയുള്ള സസ്യങ്ങളുണ്ടെന്നും ഇവ ധാരാളം ഔഷധ ഗുണമുളളവയാണെന്നു പറഞ്ഞാണ് ഇവിടുത്തുകാര്‍ക്ക് മുമ്പില്‍ ഔഷധ പാര്‍ക്കെന്ന സ്വപ്‌നം വെച്ചത്. ഉദ്യോഗസ്ഥരെത്തി സസ്യങ്ങളുടെ സാമ്പിളുകളും ശേഖരിച്ച് മടങ്ങിയിരുന്നു. വിവിധ ഇനം കണ്ടലുകള്‍ ദ്വീപിലുണ്ട്; അതില്‍ ബ്ലാത്തി എന്ന് പറയുന്ന ഇനം കണ്ടല്‍ ദ്വീപില്‍ സുലഭമാണ്. ഈ ഇനം കണ്ടലിന്റെ പൂവ് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ കഴിക്കാറുണ്ട്. ഔഷധ പാര്‍ക്കിനായി സര്‍വേ എടുത്ത് പോയശേഷം ടൂറിസ്റ്റ് വില്ലേജ് , തുക്ക് പാലം അങ്ങനെ പദ്ധതികള്‍ കുറെ പ്രഖ്യാപിച്ചു. വൈപ്പിന്‍ പാലത്തിന്റെ അജണ്ടയുടെ കൂടെ വളന്തക്കാട് പാലവും ചര്‍ച്ചയാകുകയും വൈപ്പിന്‍ പാലത്തോടൊപ്പം വളന്തക്കാടിലേക്കുള്ള പാലവും നിര്‍മ്മിക്കുമെന്ന് എഎല്‍എ ഉള്‍പ്പെടെ വാഗ്ദാനം നല്‍കിയിരുന്നുവെന്നും വളന്തക്കാടുകാര്‍ പറയുന്നു.

വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെടാതെ ദ്വീപിനെയും അവിടത്തെ ജനങ്ങളെയും ഇഞ്ചിഞ്ചായി കൊല്ലുകയാണ് പുത്തന്‍ ‘വികസന’ മോഹികള്‍.

പൊക്കാളി കൃഷിയും ചെമ്മീന്‍ കെട്ടും; വളന്തക്കാടിന്റെ സുവര്‍ണ്ണ കാലത്തെ കുറിച്ച്

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍