ഇരുപതുവര്‍ഷക്കാലത്തെ പ്രവര്‍ത്തന വിജയത്തിന്റെ ചരിത്രം പറയാനുള്ള വനിതാ ബസ്സ് ഇനി എത്രനാള്‍ നിരത്തിലിറക്കാന്‍ സാധിക്കും എന്ന ആധിയിലാണ് സൊസൈറ്റി
ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദ്യമായി ‘വനിത’യുടെ ഡ്രൈവിംഗ് സീറ്റിലിരുന്ന് വളയം പിടിച്ച ദിവസം ഇന്നും ഓര്‍മയുണ്ട് ഷൈജയ്ക്ക്. ഒരു കൂട്ടം സ്ത്രീകള്‍ രണ്ടു ബസ്സുകളുമായി നഗരത്തിലേക്കിറങ്ങിയപ്പോള്‍ തൃശ്ശൂരുകാര്‍ക്കുണ്ടായ അത്ഭുതത്തേയും കൗതുകത്തേയും കുറിച്ച് സംസാരിക്കാന്‍ ഷൈജയ്ക്കും തങ്കമണിക്കും സതിയ്ക്കുമെല്ലാം ഇപ്പോഴും ഉത്സാഹമാണ്. 1999ല്‍, വനിത ബസ്സുമായി തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍-തിരുവില്വാമല റൂട്ടിലിറങ്ങിയ ഇവരെ, ‘വളയിട്ട കൈകള്‍ വളയം പിടിക്കുമ്പോള്‍’ എന്നടക്കം തലക്കെട്ടെഴുതി മാധ്യമങ്ങളും ആഘോഷിച്ചു. പുരുഷന്മാര്‍ അടക്കിഭരിച്ചിരുന്ന തൃശ്ശൂരിലെ നിരത്തുകളില്‍ ‘വനിത’ ഒരു വലിയ ചര്‍ച്ചയായി. വനിതകള്‍ ഓടിക്കുന്ന, വനിതാ കണ്ടക്ടറുള്ള ബസ്സ് കാണാനും അതില്‍ സഞ്ചരിക്കാനും ആളുകള്‍ ആഗ്രഹിച്ചു. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ വനിതാ ട്രാന്‍സ്‌പോര്‍ട്ട് സംഘം എന്ന പേരിലറിയപ്പെട്ട തൃശ്ശൂര്‍ വനിതാ ട്രാന്‍സ്‌പോര്‍ട്ട് സഹകരണ സംഘത്തിന്റെ ചരിത്രത്തിലേക്കുള്ള കടന്നുവരവ് ഇങ്ങനെയെല്ലാമായിരുന്നു.
1999 നവംബര്‍ 7ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതിനു മുന്നേ തന്നെ, വര്‍ഷങ്ങളോളം ഒരു കൂട്ടം സ്ത്രീകള്‍ നിരന്തരമായി അധ്വാനിച്ചാണ് വനിതാ ബസ്സ് യാഥാര്‍ത്ഥ്യമാക്കിയത്. 1997-98 കാലഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായി നിലവില്‍ വന്ന സഹകരണ സംഘം, വനിതകള്‍ അന്നേ വരെ കടന്നു ചെന്നിട്ടില്ലായിരുന്ന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാനാണ് ആഗ്രഹിച്ചത്. ഓട്ടോമൊബൈല്‍ മേഖല അതിനായി തെരഞ്ഞെടുത്തതും സ്ത്രീകള്‍ക്ക് സാധ്യമല്ലാത്തതായി ഒന്നുമില്ല എന്ന് തെളിയിക്കാന്‍ വേണ്ടിത്തന്നെ. ഇന്ന് കെ.എസ്.ആര്‍.ടി.സി ബസ്സുകളിലും ട്രക്കുകളിലും വരെ ഡ്രൈവര്‍ സീറ്റില്‍ സ്ത്രീകളുണ്ട്. എന്നാല്‍, അത് അത്രയേറെ എളുപ്പമല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഇവരുടെ യാത്രയാരംഭിക്കുന്നത്. ‘പണ്ടൊക്കെ കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍മാരെ ആവശ്യമുണ്ട് എന്ന് പരസ്യം കൊടുക്കുമ്പോള്‍, അതിനൊപ്പം ‘പുരുഷന്മാര്‍ക്കു മാത്രം’ എന്നും തലക്കെട്ടിടും. ഇപ്പോള്‍ അങ്ങനെയല്ലല്ലോ. അന്ന് ലാഭത്തിന്റെ കണക്കൊന്നും നോക്കിയില്ല. സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ഇത് സാധിക്കില്ല എന്നു ചിന്തിച്ചു, നടത്തിക്കാണിച്ചു. വനിതയില്‍ ഡ്രൈവറായും കണ്ടക്ടറായും പരിശീലിച്ച ശേഷം കെ.എസ്.ആര്‍.ടി.സിയിലേക്കു വരെ പോയിട്ടുള്ള സ്ത്രീകളുണ്ട്.’ അന്നും ഇന്നും സഹകരണ സംഘം സെക്രട്ടറിയായി ജോലി നോക്കുന്ന സതി പറയുന്നു.
രാജ്യത്തെ അമ്പരപ്പിച്ച തൃശ്ശൂരിന്റെ വനിതാ ബസ്സ്
ആറു മാസം പോലും വനിതാ ബസ്സ് ഓടില്ല എന്നു വിധിയെഴുതിയവര്‍ക്കു മുന്നിലേക്കാണ് ഈ പെണ്‍കൂട്ടം രണ്ടു ബസ്സുകളുമായി നിരത്തിലിറങ്ങിയത്. ഇന്നിപ്പോള്‍ ഇരുപതു വര്‍ഷം തികയാനിരിക്കേ തിരിഞ്ഞു നോക്കുമ്പോള്‍, അന്നത്തെ പെടാപ്പാടുകളെക്കുറിച്ച് അഭിമാനത്തോടെയാണ് സതി ഓര്‍ക്കുന്നത്. സൊസൈറ്റിയുടെ രൂപീകരണത്തിനു ശേഷം ബസ്സുകള്‍ വാങ്ങിക്കുക, രജിസ്റ്റര്‍ ചെയ്യുക, റൂട്ടും പെര്‍മിറ്റും ശരിയാക്കുക, ജോലി ചെയ്യാന്‍ താല്‍പര്യമുള്ള സ്ത്രീകളെ കണ്ടെത്തി പരിശീലനം നല്‍കുക എന്നിങ്ങനെ പല കാര്യങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്തു തീര്‍ത്തത്. ‘അടുക്കളയില്‍ നിന്നും പിടിച്ചു കൊണ്ടുവന്ന കുട്ടികളായിരുന്നു അന്ന് ജോലിക്കെടുത്ത പതിമൂന്നു പേരും’ സതി ഓര്‍ത്തു ചിരിക്കുന്നു. കാറോടിക്കാന്‍ അറിയാവുന്നവരെയും അറിയാത്തവരേയുമെല്ലാം കൊണ്ടുവന്നു പരിശീലിപ്പിച്ച് ഹെവി മോട്ടോര്‍ ലൈസന്‍സെടുപ്പിച്ചു. കണ്ടക്ടര്‍മാരായി എത്തിയവര്‍ക്ക് വേറെ പരിശീലനം നല്‍കി കണ്ടക്ടര്‍ ലൈസന്‍സ് എടുപ്പിച്ചു. ഇവരെയെല്ലാം ജോലി ചെയ്യാന്‍ സജ്ജരാക്കുന്ന തരത്തില്‍ പരിശീലിപ്പിച്ചെടുക്കാനാണ് ആദ്യഘട്ടത്തില്‍ പണവും സമയവും സൊസൈറ്റി ചെലവഴിച്ചത്. അതൊട്ടും പാഴായില്ല താനും.
വനിതാ ബസ്സിനെയും വനിതാ ബസ്സില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളെയും തെല്ലൊരു ബഹുമാനത്തോടെ മാത്രം നോക്കിയിരുന്ന ജനതയായിരുന്നു തൃശ്ശൂരില്‍ അന്നുണ്ടായിരുന്നത്. ഡ്യൂട്ടി കഴിഞ്ഞു തിരികെ പോകുമ്പോള്‍ ഇട്ടിരുന്ന യൂണിഫോം കണ്ട് ആളുകള്‍ തങ്ങളെ വിലവച്ചിരുന്നന്നെ് ഷൈജയും തങ്കമണിയും അഭിമാനത്തോടെത്തന്നെ പറയുന്നുണ്ട്. ‘ജില്ലാ പഞ്ചായത്തിന്റെ പ്രോജക്ടുകളില്‍ ഇന്നും അഭിമാനമായി നിലനില്‍ക്കുന്ന ഒന്ന് വനിതാ ബസ്സ് മാത്രമാണ്. ആളുകള്‍ക്കെല്ലാം വലിയ കൗതുകമായിരുന്നു. എല്ലാവരും നന്നായി സഹകരിക്കുകയും ചെയ്യുമായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ അന്നത്തെ പ്രസിഡന്റ് വിശാലാക്ഷി ടീച്ചര്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റടക്കം എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട്, ഞങ്ങള്‍ക്ക് വേണ്ട സഹായം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. അന്ന് ജോലിയില്‍ പ്രവേശിച്ചവരെപ്പോലെ ഇത്രയും പ്രോത്സാഹനം ലഭിച്ച പെണ്‍കുട്ടികള്‍ വെറെയുണ്ടായിട്ടുണ്ടാകില്ല. ദേശീയ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ടു ചെയ്ത വാര്‍ത്തയായിരുന്നു അന്നത്. മാധ്യമങ്ങള്‍ വിളിക്കുമ്പോള്‍ സംസാരിക്കാന്‍ നേരമില്ലാതെ ഒഴിവാക്കേണ്ടി വന്നിട്ടുപോലുമുണ്ട്. രണ്ടു ബസ്സുകളിലായി മിനി, മിസിരിയ, ഷൈജ എന്നീ മൂന്നു ഡ്രൈവര്‍മാരാണ് ഉദ്ഘാടനത്തിന്റെ സമയത്ത് ഉണ്ടായിരുന്നത്. മൂന്നു പേരും ആത്മാര്‍ത്ഥമായി ജോലി ചെയ്തിരുന്നവരാണ്. പിന്നീട് മിനിയും മിസിരിയയും ജോലി വിട്ടു പോയി. മറ്റു ബസ്സുകാരും വനിതയിലെ ജീവനക്കാരെ കൊത്തിക്കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടിരുന്നു. കുറേപ്പേര്‍ അങ്ങനെയും പോയി. ഷൈജ പക്ഷേ നേട്ടത്തിലും കോട്ടത്തിലും ഒപ്പം നിന്നു.’ സതി പറയുന്നു.
വനിതാ ബസ്സിന്റെ കുതിപ്പും കിതപ്പും; ജീവനക്കാരുടെയും
പലരും ജോലി വിട്ടു പോകുകയും പുതിയയാളുകള്‍ വരികയും ചെയ്‌തെങ്കിലും, ജീവനക്കാരുടെ ആത്മാര്‍ത്ഥതയില്‍ വനിത ബസ്സ് ഒരിക്കലും പിന്നോട്ടു പോയിട്ടില്ല. ഇപ്പോഴും വനിതയില്‍ ജോലി നോക്കുന്ന തങ്കമണി എന്ന കണ്ടക്ടര്‍ അതിനുള്ള ഉദാഹരണമാണ്. അറുപതിനടുത്തു പ്രായമുണ്ട് തങ്കമണിക്ക്. പഠനകാലത്ത് കായികതാരമായിരുന്ന തങ്കമണി വനിതയില്‍ ജോലിതേടിയുള്ള അഭിമുഖത്തിനെത്തിയത് പലയിനങ്ങളിലായി വാങ്ങിക്കൂട്ടിയ അമ്പതോളം സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളുമായാണ്. അന്നത്തെ ഊര്‍ജ്ജം അതേപടി നിലനിര്‍ത്തുന്ന തങ്കമണിയാണ് ബസ്സിലെ ചെറുപ്പക്കാരായ ജീവനക്കാരേക്കാള്‍ ഉത്സാഹത്തോടെ ജോലിനോക്കുന്നത്. വനിത ബസ്സ് എന്ന സംരംഭത്തോടുള്ള ആത്മാര്‍ത്ഥത തന്നെയാണ് ജോലിയിലുള്ള താല്‍പര്യത്തിനു കാരണമെന്നത് തങ്കമണിയും ശരിവയ്ക്കുന്നുണ്ട്. ആദ്യ കാലത്ത് പതിമൂന്നു പേരാണ് വനിതാ ബസ്സില്‍ ജോലിക്കുണ്ടായിരുന്നത്. രണ്ടു ബസ്സിലായി ഷിഫ്റ്റടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഇവരെല്ലാവരും താമസിച്ചിരുന്നതും ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഹോസ്റ്റലില്‍ത്തന്നെ.
ഇരുപതുവര്‍ഷക്കാലത്തെ പ്രവര്‍ത്തന വിജയത്തിന്റെ ചരിത്രം പറയാനുള്ള വനിതാ ബസ്സ് ഇനി എത്രനാള്‍ നിരത്തിലിറക്കാന്‍ സാധിക്കും എന്ന ആധിയിലാണ് സൊസൈറ്റിയുടെ സെക്രട്ടറിയായ സതി. പദ്ധതിയുടെ അമരക്കാരിയെന്ന നിലയില്‍ വലിയ ആശങ്കയാണ് വനിതാ ബസ്സിനെക്കുറിച്ച് സതിയ്ക്കുള്ളത്. ഇത്രനാള്‍ കഷ്ടപ്പെട്ടെങ്കിലും തുടര്‍ന്നുപോന്ന ബസ് സര്‍വീസ് പാതിവഴിയില്‍ അവസാനിപ്പിക്കാനും സതിയ്ക്കു മനസ്സു വരുന്നില്ല. എന്നാല്‍, കടുത്ത പ്രതിസന്ധിയാണ് തങ്ങളെ കാത്തിരിക്കുന്നത് എന്ന സത്യം സതി മറച്ചുവയ്ക്കുന്നുമില്ല. തങ്കമണിയെപ്പോലെത്തന്നെ, വനിതാ ബസ്സിന്റെ ജീവ നാഡികളിലൊന്നായ ഡ്രൈവര്‍ ഷൈജ പരിക്കേറ്റ് ചികിത്സയിലായിട്ട് എട്ടുമാസത്തോളമായി. സ്‌കൂട്ടറില്‍ സഞ്ചരിക്കവേ അപകടത്തില്‍പ്പെട്ട ഷൈജയുടെ കൈയില്‍ രണ്ടിടത്തായി പൊട്ടലുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുന്നതിനിടെയാണ് എല്ലു കൂടിച്ചേരാന്‍ കൈയിലിട്ട റോഡിനോടുള്ള അലര്‍ജി കാരണം പരിക്ക് കൂടുതല്‍ വഷളായത്. ഉടനെ വീണ്ടുമൊരു ശസ്ത്രക്രിയയ്‌ക്കൊരുങ്ങുകയാണ് ഷൈജയിപ്പോള്‍. ബസ്സിന്റെ കാര്യങ്ങളെല്ലാം മുന്നില്‍ നിന്നു നോക്കി നടത്തിയിരുന്ന ഷൈജ വിശ്രമത്തിലാകുകയും, ഉടനെ മറ്റൊരു ഡ്രൈവറെ വേണ്ടിവരികയും ചെയ്തത് തങ്ങള്‍ നേരിടുന്ന അസംഖ്യം പ്രതിസന്ധികളില്‍ ഒന്നുമാത്രമാണെന്ന് സതി പറയുന്നു.
‘ഷൈജ തിരിച്ചുവരാന്‍ ചുരുങ്ങിയത് ഒരു കൊല്ലം പിടിച്ചേക്കും. പകരം ഒരു പയ്യനെ തല്‍ക്കാലത്തേക്ക് ജോലിക്കെടുത്തിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ഷൈജ ഇനി തിരിച്ചുവരുമോ എന്നുപോലുമറിയില്ല. ബസ്സിലെ ജീവനക്കാരുടെ അവസ്ഥയൊക്കെ അത്ര കഷ്ടമാണ്. ജീവനക്കാര്‍ക്കായി ആകെയുള്ള ആനുകൂല്യം ക്ഷേമനിധി മാത്രമാണ്. അതും ടാക്‌സ് സ്വീകരിക്കണമെങ്കില്‍ നിര്‍ബന്ധമായും ക്ഷേമനിധി അടച്ചിരിക്കണം എന്ന നിര്‍ദ്ദേശം ഉള്ളതുകൊണ്ട് നടന്നു പോകുന്നതാണ്. അതല്ലാതെ പി.എഫോ ഇ.എസ്.ഐയോ ഇല്ല. സെക്രട്ടറി എന്നൊരു പോസ്റ്റുണ്ടെങ്കിലും, എന്റെ കാര്യവും കഷ്ടമാണ്. എഴുന്നൂറ്റിയമ്പതു രൂപ മാസവരുമാനത്തില്‍ വന്നയാളാണ് ഞാന്‍. വൈകാതെ കൂടും എന്നാണ് കരുതിയത്. കുറേക്കാലം മൂവായിരം രൂപയായിരുന്നു ശമ്പളം. ഇപ്പോള്‍ 12,500 ആയിട്ടുണ്ട്. ഞാന്‍ സെക്രട്ടറിയെന്ന ചുമതലയില്‍ ഇരിക്കുമ്പോള്‍ ഈ സംരംഭം നശിക്കരുത് എന്നൊരു വാശിയുണ്ടായിരുന്നു. അതുകൊണ്ട് എല്ലാ പ്രതിസന്ധിയിലും പോരാടി. നന്നാവും നന്നാവും എന്ന് പ്രതീക്ഷിച്ചു. വളരെ കഷ്ടപ്പെട്ടാണ് ഇത്രയും എത്തിച്ചത്. സ്വന്തം കാര്യങ്ങള്‍ ത്യജിച്ചിട്ട് വണ്ടിക്കു വേണ്ടി കഷ്ടപ്പെടുകയാണ് ചെയ്തത്. ഇരുപതു കൊല്ലം കൊണ്ടെത്തിച്ചു എന്നു പറയുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്.’
കുത്തഴിഞ്ഞ ബോര്‍ഡും സമയം തെറ്റിയോടുന്ന കെ.എസ്.ആര്‍.ടി.സിയും
ബികോം റാങ്കുകാരിയാണ് സതി. നല്ല ജോലികള്‍ ലഭിക്കുമായിരുന്നുവെങ്കിലും, തന്റെ മുപ്പത്തിയഞ്ചാം വയസ്സില്‍ വനിതാ ബസ്സിനൊപ്പം സതി ചേര്‍ന്നത് സ്ത്രീ കൂട്ടായ്മയിലുള്ള വിശ്വാസം കൊണ്ടുമാത്രമാണ്. താനും സൊസൈറ്റിയും ബസ്സിലെ കളക്ഷന്‍ തട്ടിച്ച് കണക്കിലധികം പണം സമ്പാദിച്ചു കൂട്ടി എന്നതടക്കമുള്ള ആരോപണങ്ങള്‍ ഇതിനോടകം കേട്ടിട്ടുണ്ടെന്നും, അതൊന്നും മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നുമാണ് സതിയുടെ നിലപാട്. എന്നാല്‍, സൊസൈറ്റി ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിലെ അപാകതകളും ബസ്സ് ഓടുന്ന സമയത്തിലെ പ്രശ്‌നങ്ങളും ചേര്‍ന്ന് സൃഷ്ടിച്ച സാമ്പത്തിക ബാധ്യതകള്‍ നികത്താന്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തിയേ മതിയാകൂ എന്ന് സതി ആവശ്യപ്പെടുന്നുണ്ട്. ‘പറയുന്നവര്‍ എന്തു വേണമെങ്കിലും പറഞ്ഞോട്ടെ. സ്‌റ്റേറ്റ്‌മെന്റ്, ഡേ ബുക്ക്, ലെഡ്ജര്‍, ഇന്‍സ്‌പെക്ഷന്‍, ഓഡിറ്റ് എന്നിങ്ങനെ എല്ലാ കാര്യങ്ങളും മുറപോലെ നടക്കുന്ന സഹകരണസംഘമാണിത്. 31.03.2019 വരെയുള്ള ഓഡിറ്റ് കഴിഞ്ഞിട്ടുണ്ട്. ഇത് ഇത്രകാലം കൊണ്ടുനടന്നതില്‍ സത്യമായും ആത്മാഭിമാനമുണ്ട്. വിമര്‍ശനങ്ങളൊക്കെ വെല്ലുവിളിയായി സ്വീകരിച്ചാണ് ഇത്രയും എത്തിയത്. ഇപ്പോഴത്തെ അവസ്ഥ ആകെ അവതാളത്തിലാണ്. പണ്ടൊക്കെ ബോര്‍ഡ് നല്ല സ്‌ട്രോങ്ങായിരുന്നു. ഒരു മീറ്റിംഗ് ഒക്കെ വരുമ്പോള്‍ അതിന്റേതായ ഗൗരവത്തില്‍ത്തന്നെയാണ് നടന്നിരുന്നതും. ഇപ്പോള്‍ പക്ഷേ, കുത്തഴിഞ്ഞ അവസ്ഥയാണ്. ഫെബ്രുവരിയില്‍ നടക്കേണ്ട ഇലക്ഷന്‍ നടന്നിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട നാല് അംഗങ്ങളും അഞ്ച് എക്‌സ് ഒഫീഷ്യോ അംഗങ്ങളുമാണ് സംഘത്തിലുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ എണ്ണം കൂട്ടി ബോര്‍ഡിന്റെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ 2002ല്‍ ഒരു ശ്രമം നടത്തിയിരുന്നു. അതു പക്ഷേ സര്‍ക്കാര്‍ നിരസിച്ചു. ഇപ്പോള്‍ അവര്‍ തന്നെ പറയുന്നത് എണ്ണം കൂട്ടണമെന്നാണ്. അതിനു തയ്യാറായി വിവരമറിയിച്ചപ്പോഴാണെങ്കില്‍, യാതൊരു പ്രതികരണവുമില്ല. ഇലക്ഷന്‍ കമ്മീഷനില്‍ വിളിക്കുമ്പോള്‍ അറിയിക്കാം എന്നാണ് പറയുന്നത്. 24ാം തീയതിയാണ് തെരഞ്ഞെടുപ്പ് തീയതി വച്ചിരിക്കുന്നത്. അത്രകാലം വണ്ടി ഓടുമോ എന്ന് ഉറപ്പില്ല എന്നതാണ് വാസ്തവം. ഡ്രൈവറും കണ്ടക്ടറും സെക്രട്ടറിയും എല്ലാം കൂടി ഫണ്ടുകള്‍ ഇറക്കിയാണ് ഇത് ഓടിക്കുന്നത്. മറ്റുള്ളവരെക്കൊണ്ട് വണ്ടി കട്ടപ്പുറത്തായല്ലോ എന്ന് പറയിപ്പിക്കരുതെന്ന് ഞങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. മാനസികമായി വലിയ വിഷമമുണ്ടാക്കുന്ന കാര്യമാണത്. അവിടുന്നും ഇവിടുന്നുമെല്ലാം കടം വാങ്ങിയാണ് ഇന്‍ഷൂറന്‍സ് പോലുള്ള കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ടാക്‌സും ഇന്‍ഷൂറന്‍സും ഒരുമിച്ച് അടയ്‌ക്കേണ്ടിവന്നു. രണ്ടു മിനിറ്റ് ഗ്യാപ്പിലോടുന്ന ഞങ്ങള്‍ ഒരു ലക്ഷം രൂപ ഒറ്റയടിക്ക് എവിടെനിന്നും ഒപ്പിക്കാനാണ്?’
ബോര്‍ഡിലെ അനിശ്ചിതത്വങ്ങളേക്കാള്‍ സര്‍വീസിനെ ബാധിച്ചത് മറ്റൊരു വിഷയമായിരുന്നു. ബസ്സ് ഓടിക്കൊണ്ടിരുന്ന സമയത്തിന്റെ പ്രത്യേകത കാരണം വരുമാനം പാടേ കുറഞ്ഞിരുന്ന സമയമുണ്ടായിരുന്നു. ജില്ലാ പ്രസിഡന്റും ജില്ലാ കലക്ടര്‍ അനുപമ ഐ.എ.എസും അടക്കമുള്ളവര്‍ പരിശ്രമിച്ചിട്ടാണ് ഉചിതമായ ഒരു സമയത്തിലേക്ക് സര്‍വീസ് മാറ്റിക്കിട്ടിയത്. അതോടെ പ്രതിദിനം മൂവായിരത്തിനും അയ്യായിരത്തിനുമിടയില്‍ മിച്ചവും വന്നു തുടങ്ങി. കടങ്ങള്‍ കൃത്യസമയത്തു വീട്ടാനാകുമെന്നും, മുന്നോട്ടുള്ള കാലങ്ങളിലും ബസ് മെച്ചപ്പെട്ട രീതിയില്‍ കൊണ്ടു നടക്കാനാകുമെന്നും സതിയ്ക്കും തങ്കമണിയ്ക്കുമെല്ലാം തോന്നിത്തുടങ്ങിയതും ഇതോടെയാണ്. അതു മുന്നില്‍ക്കണ്ട് ഇവര്‍ കൈയില്‍ നിന്നും പണമിറക്കി ബസ്സില്‍ പല അറ്റകുറ്റപ്പണികളും ചെയ്തിരുന്നു. ഷൈജയ്ക്കു പരിക്കു പറ്റിയതിനു ശേഷം ഏകദേശം മൂന്നുമാസക്കാലയളവിനിടയില്‍ രണ്ടര ലക്ഷം രൂപയാണ് ബസ്സിനു വേണ്ടി ഇവര്‍ ചെലവാക്കിയിട്ടുള്ളത്. പുതുതായി വന്ന പരിചയസമ്പത്തില്ലാത്ത ഡ്രൈവര്‍മാര്‍ കാരണം പലതവണ വണ്ടിയില്‍ പണിയേണ്ടി വന്നിട്ടുണ്ടെന്ന് സതി പറയുന്നു. എന്നിട്ടും ധൈര്യത്തോടെ ഇവര്‍ പണമിറക്കിയത് തിരിച്ചുപിടിക്കാനാകും എന്ന വിശ്വാസത്തിലാണ്.
എന്നാല്‍, ആ വിശ്വാസം പാടേ തല്ലിക്കെടുത്തിക്കൊണ്ടാണ് ഇതേ റൂട്ടില്‍ അടുത്തിടെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിച്ചത്. കുറേക്കാലമായി ഓട്ടത്തിലില്ലാതിരുന്ന കെ.എസ്.ആര്‍.ടി.സി നിരത്തിലിറങ്ങിയതോടെ, വനിതയുടെ പ്രതീക്ഷകള്‍ വീണ്ടും അസ്ഥാനത്താവുകയായിരുന്നു. എന്നാല്‍, കെ.എസ്.ആര്‍.ടി.സിയോ പ്രൈവറ്റ് ബസ്സുകളോ തങ്ങള്‍ക്കൊപ്പം ഓടുന്നതില്‍ പരാതി പറയുകയല്ലെന്ന ആമുഖത്തോടെ സതി ഉന്നയിക്കുന്നത് ഗുരുതരമായ ചില ആരോപണങ്ങളാണ്. ‘ട്രാന്‍സ്‌പോര്‍ട്ട് ബസ്സിന്റെ ഓട്ടത്തില്‍ പല ക്രമക്കേടുകളും നടക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ പലരും പ്രൈവറ്റ് ബസ്സുകാരില്‍ നിന്നും പൈസ വാങ്ങിക്കുന്നുണ്ട്. ആളുകള്‍ ഇതറിയണം. പ്രൈവറ്റുകാര്‍ക്ക് സഹായം ചെയ്തുകൊണ്ടാണ് ഇവര്‍ ഓടുന്നത്. ഫലത്തില്‍ അത് ഞങ്ങള്‍ക്കാണ് ഉപദ്രവമാകുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ സമയം പതിനഞ്ചു മിനുട്ട് ഇടവിട്ടാണ് വരിക. അതായത് 7, 7.15, 7.30, 7.45 എന്നിങ്ങനെ. ഞങ്ങള്‍ക്ക് കിട്ടുന്നതു പോലെ 7.17, 8.04 എന്നിങ്ങനെയുള്ള സമയക്രമം അവര്‍ക്കില്ല. ഇതു മാറ്റിയാണ് ഇവര്‍ ഓടുന്നത്. കെ.എസ്.ആര്‍.ടി.സി കാരണമാണ് യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നത്. ഇവര്‍ ഇവരുടെ സമയത്ത് കൃത്യമായി ഓടിയാല്‍ ഞങ്ങള്‍ക്ക് ഉപദ്രവമില്ലായിരുന്നു. ഇത്രയും കാലം പിടിച്ചു നിന്നു. ഇനി സാധിക്കും എന്നു തോന്നുന്നില്ല. ഓഗസ്റ്റ് 14ന് ടാക്‌സ് അടയ്ക്കാനുണ്ട്. 35,000 അടുത്ത് ടാക്‌സ് വരും. അത് അടയ്ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. 31.03.2020 വരെയുള്ള ഇന്‍ഷുറന്‍സ് അടച്ചുതീര്‍ത്തിട്ടുണ്ട്. പുതിയ ടയറുകളാണ് വണ്ടിക്ക്. അങ്ങനെ എല്ലാ പണിയും കഴിഞ്ഞ കണ്ടീഷനിലുള്ള വണ്ടിയാണ് നിര്‍ത്തിയിടേണ്ടി വരാന്‍ പോകുന്നത്. കയറ്റിയിടാന്‍ പെട്ടന്നു കഴിയും. ഇറക്കാനാണ് പാട്.’
വനിതാ ബസ്സ് അതിജീവിച്ചിട്ടുണ്ട്, ഇനിയും അതിജീവിക്കും
ഇതാദ്യമായല്ല വനിതാ ബസ്സ് രൂക്ഷമായ പ്രതിസന്ധികള്‍ നേരിടുന്നത്. സര്‍വീസ് ആരംഭിച്ച് പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സതിയും കൂട്ടരും നേരിട്ടിരുന്നു. വണ്ടിയ്ക്ക് ഇടയ്ക്കിടെ പണികള്‍ വരികയും മഴ പെയ്താല്‍ ചോരുകയും ചെയ്തിരുന്നു. പതിനഞ്ചു വര്‍ഷമായതോടെ കാലാവധി കഴിഞ്ഞ ബസ്സുകള്‍ മാറ്റി പുതിയതു വാങ്ങാനുള്ള ഫണ്ടും സൊസൈറ്റിയുടെ കൈവശമുണ്ടായിരുന്നില്ല. അന്നും പുതിയ വണ്ടിക്കുള്ള ഫണ്ട് പാസ്സാക്കി സഹായിച്ചത് ജില്ലാ പഞ്ചായത്താണെന്ന് ഇവര്‍ പറയുന്നുണ്ട്. അന്ന് അത്ഭുതകരമായി പ്രതിസന്ധികളില്‍ നിന്നും കരകയറിയ അതേ ഊര്‍ജ്ജം ഇവരുടെ പക്കല്‍ ഇപ്പോഴുമുണ്ട്. കെ.എസ്.ആര്‍.ടി.സി കൃത്യ സമയം പാലിച്ചാല്‍ തങ്ങള്‍ക്ക് ഒരു തിരിച്ചുവരവ് ഇപ്പോഴും സാധ്യമാണെന്ന് ഇവര്‍ ആത്മവിശ്വാസത്തോടെ പറയുന്നു. ജീവനക്കാര്‍ക്ക് ഫണ്ടുകള്‍ കൊടുക്കാന്‍ ബാക്കിയുണ്ടെങ്കിലും, ജില്ലാ ബാങ്കില്‍ നിന്നുമെടുത്ത അഞ്ചു ലക്ഷം രൂപയുടെ ഒ.ഡി തിരിച്ചടയ്ക്കാനുണ്ടെങ്കിലും, വനിത കൃത്യമായി ഓടിത്തുടങ്ങിയാല്‍ എല്ലാം വീട്ടിത്തീര്‍ക്കാന്‍ ഇവര്‍ക്കു സാധിക്കുകയും ചെയ്യും.
വനിതാ ബസ്സിന്റെ ഭാവി ഇത്രയേറെ പ്രതിസന്ധിയിലാണുള്ളതെന്ന് സൊസൈറ്റി സെക്രട്ടറിയടക്കമുള്ളവര്‍ പറയുന്നുണ്ടെങ്കിലും, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന്റെ അഭിപ്രായത്തില്‍ ബസ്സ് എന്നത്തേയും പോലെ സാധാരണഗതിയിലാണ് ഇപ്പോഴും ഓടുന്നത്. ഷൈജയ്ക്ക് പരിക്കേറ്റത് ചെറിയ ആഘാതമായെങ്കിലും, മോശമില്ലാത്ത വരുമാനത്തോടെത്തന്നെ ബസ്സ് ഇപ്പോഴും മുന്നോട്ടു പോകുന്നുണ്ടെന്ന് പ്രസിഡന്റ് പറയുന്നു. ‘സമയത്തിന്റെ കാര്യം ശരിയാക്കിക്കൊടുത്തതോടെ ബസ്സ് ഇപ്പോള്‍ തെറ്റില്ലാതെ പോകുന്നുണ്ട്. ജില്ലയില്‍ത്തന്നെ പത്തോളം ബസ്സുടമകളാണ് ഈയിടെ ബിസിനസ് നിര്‍ത്തിപ്പോയത്. താരതമ്യേന ലാഭകരമല്ലാത്തതുകൊണ്ടാണിത്. അതേ പ്രശ്‌നമാണ് വനിതാബസ്സും അഭിമുഖീകരിക്കുന്നത് അതല്ലാതെ മറ്റു പ്രതിസന്ധികളോ സാമ്പത്തിക പ്രശ്‌നങ്ങളോ ഇല്ല. ബസ്സിന്റെ നടത്തിപ്പു ചുമതലയുള്ള സൊസൈറ്റി, മെയിന്‍ റോഡിനരികെ ഇരുപതു സെന്റോളം സ്ഥലം സ്വന്തമായി വാങ്ങിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ മുടക്കിയതിനേക്കാള്‍ക്കൂടുതല്‍ ഇപ്പോള്‍ ആസ്തിയുണ്ട്.’
പതിറ്റാണ്ടുകള്‍ക്കു മുന്‍പ് യാതൊരു പരിചയവുമില്ലാത്ത മേഖലയിലേക്ക് ആത്മവിശ്വാസം മാത്രം കൈമുതലാക്കി കടന്നുവന്ന ഈ സ്ത്രീകള്‍ക്ക്, അന്നത്തെ ആര്‍ജവവും കാര്യപ്രാപ്തിയും ഇപ്പോഴും കൈമോശം വന്നിട്ടില്ല. ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായാല്‍, ഇപ്പോഴുള്ള പ്രശ്‌നങ്ങളെയും എളുപ്പത്തില്‍ ഇവര്‍ അതിജീവിക്കും. ഇരുപതു വര്‍ഷക്കാലം പിന്മാറാതെ നോക്കിനടത്തിയ വനിതാ ബസ്സ് ഇനിയും നിരത്തിലോടുന്നത് കാണണമെന്ന ആഗ്രഹം അത്രയേറെയുണ്ട് ഇവര്‍ക്കെല്ലാം.