UPDATES

ട്രെന്‍ഡിങ്ങ്

ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവ് അധ്യക്ഷനായ മട്ടന്നൂര്‍ നഗരസഭയില്‍ ഡെങ്കിപ്പനിക്കെതിരെ യുഡിഎഫ് ഹര്‍ത്താല്‍

ഹർത്താൽ നടത്തിയാൽ കൊതുകിനു സംഗതി മനസ്സിലാകുമോ എന്നാണ് നഗരസഭ

കെ എ ആന്റണി

കെ എ ആന്റണി

ജനാധിപത്യ സംവിധാനത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു സമര മുറയാണ് ഹർത്താൽ എന്ന് ആർക്കാണ് അറിയാത്തത്! ഉപവാസ സമരത്തേക്കാളും പട്ടിണി സമരത്തേക്കാളും എളുപ്പം വിജയിപ്പിക്കാൻ  കഴിയുന്ന ഒരു സമര മുറ. കേരളത്തിൽ ഈർക്കിൽ പാർട്ടികൾ തൊട്ടു കടലാസു സംഘടനകൾ പോലും പലപ്പോഴും ആശ്രയിക്കുന്ന ഒരു സമരമുറ കൂടിയാണ് ഹർത്താൽ.

ഇന്ന് കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിൽ ഒരു ഹർത്താൽ നടക്കുകയാണ്. കണ്ണൂർ എന്നും ഹർത്താൽ എന്നും കേൾക്കുമ്പോൾ ആരെങ്കിലും കൊല്ലപ്പെട്ടു എന്ന് വെറുതെ കയറി ആശങ്കപ്പെടരുതേ. ആരും കൊല്ലപ്പെട്ടതിന്റെ പേരിലല്ല, കൊല്ലാത്തതിന്റെ പേരിലാണ് ഈ ഹർത്താൽ. കൊല്ലുക എന്നുവെച്ചാൽ മനുഷ്യരെ കൊല്ലുക എന്ന് തെറ്റിദ്ധരിക്കരുത്. കൊല്ലേണ്ടത് ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ ആണ്. മട്ടന്നൂര്‍ നഗരസഭ പരിധിയിൽ ഇതിനകം തന്നെ നൂറോളം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുണ്ടെന്നാണ് ഹർത്താൽ ആഹ്വാനം ചെയ്ത യു ഡി എഫ് പറയുന്നത്. ഡെങ്കി ബാധിച്ച് ഒരാൾ മരിച്ചതായും അവർ അവകാശപ്പെടുമ്പോൾ ഹൃദയസ്തംഭനം മൂലം ഉണ്ടായ മരണത്തെ ഡെങ്കി മരണമായി ചിത്രീകരിക്കുകയാണെന്നാണ് നഗരസഭ ഭരിക്കുന്ന സിപിഎം വാദം.

ഈ വാദ പ്രതിവാദങ്ങൾ കൊഴുപ്പിന്നതിനിടയിലാണ് ഇന്നലെ യു ഡി എഫ് അംഗങ്ങൾ ഡെങ്കി പ്രശ്നത്തിൽ നഗരസഭയുടെ മെല്ലെപ്പോക്ക്  നയത്തിൽ പ്രതിക്ഷേച്ചത്. ഹർത്താൽ നടത്തിയാൽ കൊതുകിനു സംഗതി മനസ്സിലാകുമോ എന്നാണ് നഗരസഭ അധ്യക്ഷൻ കെ ഭാസ്കരന്റെ ചോദ്യം. ചോദ്യം പ്രസക്തമാണെങ്കിലും കൊതുകു ശല്യം അതിരൂക്ഷമാവുകയും ഡെങ്കി പനി പടർന്നുപിടിക്കുകയും ചെയ്യുമ്പോൾ നഗരവാസികൾ പിന്നെന്തു ചെയ്യും?

ഡെങ്കി പനി പടർന്നു പിടിക്കുന്നെണ്ടെന്ന കാര്യത്തിൽ നഗരസഭ അധ്യക്ഷനും സംശയം ലവലേശമില്ല. പനിയെ പ്രതിരോധിക്കാൻ മനുഷ്യ സാധ്യമായ എല്ലാ ഏര്‍പ്പാടുകളും ചെയ്യുന്നുണ്ടത്രേ. കൊതുകിനെ വെടിവെച്ചു കൊല്ലാൻ പറ്റില്ലല്ലോ. അധ്യക്ഷനെ അങ്ങനെയങ്ങു അവിശ്വസിക്കേണ്ട. കാരണം അദ്ദേഹം നമ്മുടെ ആരോഗ്യ മന്ത്രി കെ കെ ഷൈലജയുടെ ഭർത്താവാണ്.

എന്നാൽ നഗരസഭ അധ്യക്ഷന്റെ വാദം ഒന്നും കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി അംഗീകരിക്കുന്ന പ്രശ്നമില്ല. അധ്യക്ഷന്റെ ഭാര്യ ശൈലജ മന്ത്രിയുടെ ആരോഗ്യ വകുപ്പ് തന്നെ പൂർണ പരാജയം ആണെന്നും അപ്പോൾ പിന്നെ ഭർത്താവ് ഭാസ്കരൻ  പറയുന്നത് എങ്ങനെ മുഖവിലയ്ക്ക് എടുക്കും എന്നുമാണ് സതീശൻ ചോദിക്കുന്നത്. കൊതുകിന്റെ രാഷ്ട്രീയത്തിനപ്പുറമാണ് മനുഷ്യന്റെ ചോര കുടിക്കുന്ന രാഷ്ട്രീയ കൊതുകുകള്‍. വര്‍ഗ്ഗ, കൊടി ഭേദമില്ലാത്ത ഇത്തരക്കാരോട് കൊതുക് എങ്ങനെ പ്രതികരിക്കും എന്നതാണ് ഇനി അറിയേണ്ടത്.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍