UPDATES

ജയിക്കുകയല്ല, ശക്തി തെളിയിക്കുക ലക്ഷ്യം; ചെങ്ങന്നൂര്‍ അങ്കത്തിന് നഴ്സുമാരും

ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തീര്‍പ്പാക്കാന്‍ മുന്നണികള്‍ കൂടെ നില്‍ക്കാത്തതില്‍ പ്രതിഷേധിച്ചാണ് മത്സര പ്രഖ്യാപനം

ചെങ്ങന്നൂരില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ മത്സരിക്കും. വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്തി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യുഎന്‍എ തീരുമാനിച്ചു. ഞായറാഴ്ച ചെങ്ങന്നൂരില്‍ ചേര്‍ന്ന യുഎന്‍എ കണ്‍വന്‍ഷനിലാണ് തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ ജാസ്മിന്‍ ഷാ ഇക്കാര്യം കണ്‍വന്‍ഷനില്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന സമയം സ്ഥാനാര്‍ഥിയേയും പ്രഖ്യാപിക്കുമെന്ന് യുഎന്‍എ ഭാരവാഹികള്‍ അഴിമുഖത്തോട് പറഞ്ഞു.

ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം തീര്‍പ്പാക്കാന്‍ ഏത് മുന്നണി കൂടെ നില്‍ക്കുന്നോ അവരോടൊപ്പം തങ്ങള്‍ നില്‍ക്കുമെന്നായിരുന്നു യുഎന്‍എയുടെ നിലപാട്. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഒരു മുന്നണിയും തയ്യാറായി വരാത്ത സാഹചര്യത്തില്‍ സ്വന്തം നിലക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യം ആലോചിക്കുമെന്നും യുഎന്‍എ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നഴ്‌സുമാര്‍ക്കൊപ്പം നില്‍ക്കാന്‍ ഇതേവരെ ഒരു മുന്നണിയും തയ്യാറായി വരാത്ത സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ യുഎന്‍എ തീരുമാനിച്ചത്.

ആറായിരത്തിലധികം വരുന്ന നഴ്‌സുമാരുടെയും അവരുടെ കുടുംബങ്ങളുടേയും വോട്ടുകള്‍ മറ്റൊരു മുന്നണിക്കും നല്‍കില്ല എന്നും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ഈ വോട്ടുകള്‍ ഉയര്‍ത്തി തന്നെയാണ് നഴ്‌സുമാരുടെ വെല്ലുവിളിയും. അതിലുപരിയായി വീടുവീടാന്തരം കയറിയിറങ്ങി നടത്തുന്ന പ്രചരണങ്ങളില്‍ കൂടുതല്‍ വോട്ട് നേടാനാവുമെന്നും നഴ്‌സുമാരുടെ സംഘടന പ്രതീക്ഷിക്കുന്നു. ജയിക്കുക എന്നതല്ല, ശക്തി തെളിയിക്കുക എന്നതാണ് തങ്ങളുടെ ആവശ്യമെന്ന് യുഎന്‍എ ഭാരവാഹികള്‍ പറഞ്ഞു.

ജാസ്മിന്‍ഷായുടെ വാക്കുകള്‍; ‘കെവിഎം സമരം 230 ദിവസം പിന്നിട്ടു. രാഷ്ട്രീയ കക്ഷികളാരും തന്നെ ഇതുവരെ ഒത്തുതീര്‍പ്പ് ശ്രമങ്ങളില്‍ പങ്കാളികളായില്ല. പിന്തുണയുമായി വരുന്നവരില്‍ പലരും മുതുകാടിന്റെ മാജിക് കണക്കെ രണ്ടിടത്തും കാണുന്നവരാണ്. ജില്ലയിലെ മന്ത്രിമാര്‍ ചര്‍ച്ചക്ക് വിളിച്ചിരുത്തിയിട്ടും മാനേജ്‌മെന്റ് മുഷ്‌ക്കു കാട്ടി ഇറങ്ങിപ്പോവുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഎന്‍എ വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്തും. കെവിഎം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ യുഎന്‍എ കക്ഷി ചേരും.’

സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതന വിജ്ഞാപനം ഉടനെ ഉണ്ടായില്ലെങ്കില്‍ ഏപ്രില്‍ 20 മുതല്‍ പണിമുടക്കിക്കൊണ്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യാനാണ് നഴ്‌സുമാരുടെ തീരുമാനം. മിനിമം വേതനം 20,000 രൂപയായി ഉയര്‍ത്തിക്കൊണ്ട് ആറ് മാസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ തീരുമാനമുണ്ടായത്. കരട് വിജ്ഞാപനം ഇറക്കിയ സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കാനിരിക്കെയാണ് ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി, സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കുന്നത് തടഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച കേസ് വീണ്ടും പരിഗണിച്ച ഹൈക്കോടതി ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്റെ ഹര്‍ജി തള്ളുകയും സര്‍ക്കാരിന് അന്തിമ വിജ്ഞാപനം ഇറക്കാമെന്ന് വിധിക്കുകയും ചെയ്തു.

എന്നാല്‍ വിധി വന്ന് ദിവസങ്ങളായിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നതില്‍ നഴ്‌സുമാര്‍ക്ക് പ്രതിഷേധമുണ്ട്. യുഎന്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് സുനീഷ് പറയുന്നു, ‘ശമ്പളം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇറക്കണമെന്നാണ് യുഎന്‍എ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം ഏപ്രില്‍ 20 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരമാരംഭിക്കും. സംസ്ഥാനമൊട്ടുക്കുമുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കി സമരത്തില്‍ പങ്കാളികളാവും. ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് പ്രഖ്യാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വനിതാ സ്ഥാനാര്‍ഥിയാവും മത്സരിക്കുക. ഇത് ചെങ്ങന്നൂരില്‍ മാത്രം ഒതുങ്ങില്ല. വരുന്ന തിരഞ്ഞെടുപ്പില്‍, ഏതെങ്കിലും മണ്ഡലത്തില്‍ കെവിഎമ്മിന് സമാനമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവിടെയെല്ലാം യുഎന്‍എ സ്ഥാനാര്‍ഥിയെ നിര്‍ത്തും.’

ഞായറാഴ്ച തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നോടിയായി നടന്ന കണ്‍വന്‍ഷനില്‍ ആയിരത്തിലധികം നഴ്‌സുമാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

നഴ്‌സുമാര്‍ക്ക് ഇനി പണിമുടക്കി സമരം ചെയ്യാം, സര്‍ക്കാരിന് മിനിമം വേതന വര്‍ധനവും നടപ്പാക്കാം; ഇന്ന് വിജയദിനമെന്ന് നഴ്സുമാര്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍