UPDATES

ട്രെന്‍ഡിങ്ങ്

കാസര്‍ക്കോട് അതിര്‍ത്തിയില്‍ നടന്നത് ബജ്രംഗ്ദളിന്റെ ഉത്തരേന്ത്യന്‍ മോഡല്‍ പശുക്കടത്ത് ആക്രമണമോ?

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടു കൊണ്ട് അതിര്‍ത്തിപ്രദേശങ്ങളില്‍ വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ പലവിധത്തിലും ശ്രമിക്കുന്നു

ശ്രീഷ്മ

ശ്രീഷ്മ

കാസര്‍കോട്ടെ പശുക്കടത്ത് ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ആഴ്ചകള്‍ക്കു ശേഷവും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ജൂണ്‍ 24നാണ് കര്‍ണാടകയിലെ പൂത്തൂരില്‍ നിന്നും കാസര്‍കോട്ടെ ബദിയടുക്കയിലേക്ക് പശുക്കളുമായി വന്ന പിക്ക് അപ് വാന്‍ അതിര്‍ത്തി പ്രദേശമായ മഞ്ചനടുക്കത്തു വച്ച് ആക്രമിക്കപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന കര്‍ണാടക സ്വദേശികളായ രണ്ടു പേരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം വാനും രേഖകളും അമ്പതിനായിരം രൂപയുമായി അക്രമികള്‍ കടന്നുകളയുകയായിരുന്നു.

പശുക്കടത്ത് ആരോപിച്ചുള്ള ആക്രമണത്തിനു പിന്നില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന ആരോപണം ആദ്യഘട്ടത്തില്‍ തന്നെ ഉയര്‍ന്നിരുന്നതാണ്. ഉത്തരേന്ത്യന്‍ മാതൃകയിലുള്ള പശുക്കടത്ത് ആക്രമണം കേരളത്തില്‍ സംഭവിച്ചു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നതോടെ, പ്രതികളെ എത്രയും പെട്ടന്ന് അറസ്റ്റു ചെയ്യുമെന്ന് ബദിയടുക്ക പൊലീസ് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സംഭവം നടന്ന് രണ്ടാഴ്ചയാകുമ്പോഴും, അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ലാത്തതിനെ ചോദ്യം ചെയ്യുകയാണ് ബദിയടുക്കയിലെ പ്രാദേശിക രാഷ്ട്രീയനേതാക്കളും സാമൂഹിക പ്രവര്‍ത്തകരും.

കര്‍ണാടകയിലെ പൂത്തൂര്‍ പര്‍പുഞ്ച സ്വദേശികളായ ഹംസ, അല്‍ത്താഫ് എന്നിവരാണ് എന്‍മകജെയിലെ മഞ്ചനടുക്കത്തു വച്ച് ആക്രമിക്കപ്പെട്ടത്. കാസര്‍കോട് ബന്തിയോടുള്ള ഫാമിലേക്ക് എത്തിക്കേണ്ട പശുക്കളായിരുന്നു വാനിലുണ്ടായിരുന്നതെന്നും, വഴിയില്‍ മഞ്ചനടുക്കത്ത് ഫാം നടത്തുന്ന ഹാരിസ് എന്നയാള്‍ക്ക് അമ്പതിനായിരം രൂപ കൈമാറാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്നും ഹംസ പൊലീസിനു നല്‍കിയ മൊഴിയില്‍ സൂചിപ്പിച്ചിരുന്നു. മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘം ഇരുവരെയും മര്‍ദ്ദിച്ച് അവശരാക്കി വാനുമായി കടന്നുകളയുകയായിരുന്നു. പുത്തൂരിലെ ഇസ്മായില്‍ എന്ന വ്യാപാരിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഹംസയും ഇസ്മായിലും പശുക്കളുമായി ഫാമിലേക്ക് തിരിച്ചത്. കാസര്‍കോട് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ഇരുവരും സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു. ആക്രമണത്തിനു പിന്നില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകാണെന്ന സൂചനകള്‍ കൂടി ലഭിച്ചതോടെ, പശുക്കടത്തുമായി ബന്ധപ്പെട്ട ആക്രമണം എന്ന നിലയില്‍ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം ഏറെ സജീവമായിത്തന്നെ വിഷയത്തില്‍ ഇടപെട്ടിരുന്നു.

കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ സ്ഥിരമായി നടക്കാറുള്ളതാണെന്നും, കേരളത്തില്‍ വച്ച് ആദ്യമായാണെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിര്‍ത്തിയില്‍ കര്‍ണാടകയുടെ പരിധിയില്‍ വരുന്നയിടങ്ങളിലാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കാറുള്ളതെന്നതിനാല്‍ കേരളത്തില്‍ ഇത് പൊതുവേ വാര്‍ത്തയാകാറില്ലെന്നും, ഇത്തവണ കേരളത്തില്‍ വച്ചു തന്നെ സംഭവിച്ചതിനാലാണ് പൊതുസമൂഹം ശ്രദ്ധിച്ചതെന്നും വിഷയത്തില്‍ ഇടപെട്ടിട്ടുള്ള മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ പറയുന്നു. ‘അതിര്‍ത്തി പ്രദേശങ്ങളില്‍ പലപ്പോഴും നടക്കാറുള്ള സംഭവമാണിത്. കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ മുന്‍പും ആക്രമിക്കപ്പെട്ടിട്ടുണ്ട്, കര്‍ണാടക സംസ്ഥാനത്ത് അതിര്‍ത്തിയോടു ചേര്‍ന്നയിടങ്ങളിയലാണെന്നു മാത്രം. ഇത്തവണ അത് കേരളത്തില്‍ വച്ചായെന്നേയുള്ളൂ. കവര്‍ച്ചാശ്രമമാണ് ആക്രമണത്തിനു പിന്നില്‍ എന്നെല്ലാം വിശദീകരിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. കവര്‍ച്ചാശ്രമം എന്ന പേരില്‍ ലഘൂകരിച്ച് കാണേണ്ട പ്രശ്‌നമല്ല ഇത്. ഉത്തരേന്ത്യന്‍ മോഡല്‍ പശുക്കടത്ത് ആക്രമണങ്ങള്‍ കേരളത്തില്‍ നടക്കുന്നില്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തി്‌ന്റെ ഭാഗമായാണ് കവര്‍ച്ചയാണ് ലക്ഷ്യം എന്നു പറയുന്നത്. കൃത്യമായി ആസൂത്രണം ചെയ്തു നടത്തിയ സംഘടിതമായ ആക്രമണം തന്നെയാണിത്.’

കന്നുകാലി വളര്‍ത്തലും വ്യാപാരവും ചെയ്യുന്ന രണ്ടു ഫാമുടമ സംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തിന്റെ ഭാഗമായി നടന്ന ആക്രമണമാണെന്നും സൂചനകളുണ്ടായിരുന്നു. പണവും വാനും തട്ടിയെടുത്തതെല്ലാം ബിസിനസുമായി ബന്ധപ്പെട്ട മത്സരത്തിന്റെയും വിദ്വേഷത്തിന്റെയും ഭാഗമായാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അക്രമിസംഘത്തിലുള്ളവര്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണെന്നു വെളിപ്പെട്ടതോടെ, മുസ്ലിം നാമധാരികളെ ആക്രമിച്ചിരിക്കുന്ന സംഭവത്തെ ഒരു തരത്തിലും ലഘൂകരിച്ച് കാണേണ്ടതില്ലെന്ന നിലപാടിലാണ് മുസ്ലിം യൂത്ത് ലീഗ് അടക്കമുള്ളവര്‍. സംഭവം നടന്നതിനു ശേഷം കേസ് രജിസ്റ്റര്‍ ചെയ്ത ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ കര്‍ണാടയില്‍ നിന്നുള്ള ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെത്തി എന്ന വാര്‍ത്തകള്‍ കൂടി പുറത്തുവന്നതോടെ, പശുക്കടത്തുമായി ബന്ധപ്പെട്ട ആക്രമണം തന്നെയാണ് നടന്നിരിക്കുന്നത് എന്ന നിലപാടിലേക്ക് പ്രദേശവാസികളും എത്തിച്ചേരുകയായിരുന്നു. ‘ആക്രമിച്ചവരും ആക്രമിക്കപ്പെട്ടവരും പശു വ്യാപാരവുമായി ബന്ധപ്പെട്ടവരാണ്. ഇവരുടെ സംഘങ്ങള്‍ തമ്മിലുള്ള വിദ്വേഷമാണ് അക്രമത്തിനു കാരണമായതെന്നും ക്വട്ടേഷനാണെന്നും കേള്‍ക്കുന്നു. പക്ഷേ, കേസെടുത്തതോടെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തി എസ്.ഐയെ കണ്ടിരുന്നു എന്നത് വാസ്തവമാണ്. അതിര്‍ത്തിയില്‍ നടന്ന ഒരു സംഭവം കേരളത്തില്‍ കേസാക്കിയതിനെക്കുറിച്ച് അന്വേഷിക്കാനാണ് അവര്‍ വന്നതെന്നാണ് സ്‌റ്റേഷനില്‍ നിന്നും ലഭിച്ച വിവരം. കര്‍ണാടകയില്‍ വച്ചു നടന്ന ഒരു വിഷയം കേരളത്തില്‍ മനഃപൂര്‍വം കേസാക്കിയതാണോ എന്നായിരുന്നു അവരുടെ സംശയമെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.’ ബദിയടുക്കയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ രഞ്ജിത്ത് പറയുന്നു.

കര്‍ണാടകയില്‍ നടന്ന സംഭവം കേരളത്തില്‍ കേസെടുത്ത് വഷളാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് തൊട്ടടുത്ത ദിവസങ്ങളില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കര്‍ണാടകയിലെ വിട്‌ലയില്‍ ഹര്‍ത്താലും നടത്തിയിരുന്നു. ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമങ്ങളും അതിര്‍ത്തി ഗ്രാമങ്ങളില്‍ നടന്നിരുന്നു. കേരളത്തില്‍ നിന്നും എത്തുന്ന ബസ്സുകള്‍ക്കു നേരെ കല്ലേറും ആക്രമണങ്ങളും അഴിച്ചുവിടുകയും ചെയ്തിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ഡ്രൈവര്‍ക്കടക്കം കല്ലേറില്‍ പരിക്കേറ്റിരുന്നുവെന്നും, ഈ വിഷയത്തിന്റെ മറവില്‍ കാസര്‍കോട് ജില്ലയുടെ അതിര്‍ത്തിപ്രദേശങ്ങളിലടക്കം അക്രമപരമ്പരകള്‍ നടത്താനുള്ള പദ്ധതിയാണ് സംഘപരിവാര്‍ ആസൂത്രണം ചെയ്തിരുന്നതെന്നുമാണ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടു കൊണ്ട് അതിര്‍ത്തിപ്രദേശങ്ങളില്‍ വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ പലവിധത്തിലും ശ്രമിക്കുന്നുണ്ടെന്നും, അത്തരത്തിലൊരു നീക്കമാണ് ഇക്കാര്യത്തിലും കാണാന്‍ സാധിക്കുന്നതെന്നും എന്‍മകജെയിലെ സി.പി.എം പ്രാദേശിക നേതാവ് ഹനീഫ് നടുബയിലും അഭിപ്രായപ്പെടുന്നുണ്ട്. ‘ഈ വിഷയത്തില്‍ ഡിവൈഎഫ്ഐയും സിപിഎമ്മും കര്‍ശനമായ നിലപാട് എടുത്തിട്ടുള്ളതാണ്. ഇത്തരത്തിലുള്ള അക്രമികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം എന്നതു തന്നെയാണ് ആ നിലപാട്. സംഭവം നടന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ പൊലീസുദ്യോഗസ്ഥരെ ബന്ധപ്പെട്ട് എത്രയും പെട്ടന്ന് അറസ്റ്റിലേക്കു കടക്കാന്‍ സിപിഎം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിട്ടുമുണ്ട്. പക്ഷേ, പ്രതികള്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരായതിനാല്‍ അവരെ സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ പ്രദേശത്തെ ബി.ജെ.പി നേതാക്കള്‍ തന്നെ നടത്തുന്നുണ്ട്.” സിപിഎം ബദിയടുക്ക ലോക്കല്‍ കമ്മറ്റി സെക്രട്ടറി ജഗന്നാഥ ഷെട്ടി പറയുന്നതിങ്ങനെ.

എന്നാല്‍, ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിട്ടുകൂടി, ആദ്യഘട്ടത്തില്‍ കാണിച്ച താല്‍പര്യം ബദിയടുക്ക പൊലീസ് ഇപ്പോള്‍ എടുക്കുന്നില്ലെന്നാണ് മുസ്ലിം യൂത്ത് ലീഗിന്റെ പരാതി. രണ്ടാഴ്ചകള്‍ക്കു ശേഷവും പ്രതികളെ പിടികൂടാത്തത് പൊലീസിന്റെ അനാസ്ഥയാണെന്നും, ആറു പ്രതികളെ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടും അറസ്റ്റ് വൈകുന്നത് ന്യായീകരിക്കാനാകില്ലെന്നും അഷ്‌റഫ് എടനീര്‍ പറയുന്നു. ‘പൊലീസിന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ കടുത്ത അനാസ്ഥ ഉണ്ടായിട്ടുണ്ട്. പ്രതികളില്‍ രണ്ടു പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ബാക്കി രണ്ടു പേര്‍ അതിര്‍ത്തി പ്രദേശത്തുള്ളവരും. നേരത്തേ തന്നെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടുള്ളവരാണിവര്‍. മാത്രമല്ല, ഇവരിലൊരാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചിട്ടുമുണ്ട്. പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട് എന്നുതന്നെയാണ് സംശയിക്കുന്നത്. ഇത്രയേറെ ഗൗരവമായ ഒരു സംഭവമുണ്ടായിട്ടുപോലും ഇത്ര അലംഭാവം കാണിക്കുന്നതിനെയാണ് ഞങ്ങള്‍ ചോദ്യം ചെയ്യുന്നത്. ആദ്യത്തെ ദിവസങ്ങളില്‍ ആളുകളെ അറിയിക്കാന്‍ ചില ഇടപെടലുകള്‍ നടത്തി എന്നല്ലാതെ, മറ്റു നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. വിട്‌ലയില്‍ വച്ച് കര്‍ണാടക പൊലീസ് ഇവരുടെ വണ്ടി പിടികൂടി എന്നല്ലാതെ രണ്ടാഴ്ചയായിട്ടും മറ്റൊരു മുന്നേറ്റവും അന്വേഷണത്തിലുണ്ടായിട്ടുമില്ല. കഴിഞ്ഞ ദിവസം കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന് ഈ വിഷയത്തില്‍ നിയമസഭയില്‍ അടിയന്തിര ചോദ്യം ഉന്നയിച്ചിരുന്നു. സ്പീക്കര്‍ അനുമതി കൊടുത്തതല്ലാതെ മുഖ്യമന്ത്രിയുടെ മറുപടി ആ ചോദ്യത്തിനു ലഭിച്ചില്ല. സര്‍ക്കാരിന്റെ നിലപാടാണോ പൊലീസ് നടപ്പാക്കുന്നതെന്നറിയില്ല. മുസ്ലിം യൂത്ത് ലീഗ് ഇക്കാര്യത്തില്‍ പ്രത്യക്ഷ നടപടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.’

നേരത്തെയും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളവരാണ് പ്രതികളെന്നും ആരോപണമുണ്ട്. എന്നാല്‍, പ്രതികളെ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടും അറസ്റ്റു ചെയ്യാന്‍ വൈകുന്നത് ഇവര്‍ ഒളിവില്‍ പോയിരിക്കുന്നതിനാലാണെന്നാണ് ബദിയടുക്ക പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ നല്‍കുന്ന വിശദീകരണം. വാഹനം കണ്ടെടുത്തെങ്കിലും പ്രതികളെ പിടികൂടാനായില്ലെന്നും അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് അറസ്റ്റുകളുണ്ടാകുമെന്നും പൊലീസ് അറിയിക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ മാതൃകയില്‍ കേരളത്തിലും പശുക്കടത്താരോപിച്ചുള്ള ആക്രമണങ്ങള്‍ സാധാരണമാകുന്ന സ്ഥിതിയിലേക്ക് മാറാന്‍ അനുവദിക്കില്ലെന്നും, പ്രതികളെ പിടികൂടുന്നതു വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തുണ്ടാകുമെന്നും വിശദീകരിക്കുകയാണ് മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതൃത്വം.

Read More: ‘മാധ്യമപ്രവർത്തകരായി ചമഞ്ഞ ഷൂ നക്കികളെ കുറെയെണ്ണത്തിനെ ഞാൻ കണ്ടിട്ടുണ്ട്’: താൻ ഇന്ത്യയിൽ പ്രശസ്തി നേടിയതിനെക്കുറിച്ച് അമേരിക്കൻ മാധ്യമപ്രവർത്തകൻ

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍