UPDATES

പ്രസവം വള്ളത്തില്‍, അസുഖം വന്നാല്‍ മരണം; കൊച്ചിയുടെ തൊട്ടടുത്ത വളന്തക്കാട് ദ്വീപില്‍ ഇങ്ങനെ കുറെ മനുഷ്യര്‍ ജീവിക്കുന്നുണ്ട്

ബാംഗ്ലൂർ ആസ്ഥാനമായുള്ള ശോഭാ ഡവലപ്പേഴ്‌സിന്റ 400 ഏക്കറിന്റെ ഹൈടെക് സിറ്റി പദ്ധതിയാണോ വളന്തക്കാടിന് തടസ്സം?

“മഴയുള്ളപ്പോൾ ഞങ്ങള്‍ക്ക് എല്ലാദിവസമൊന്നും സ്‌കൂളില്‍ പോകാന്‍ പറ്റില്ല. മഴയത്ത് പായലിനിടയിലൂടെ വഞ്ചിയും തുഴഞ്ഞ് അക്കരെ എത്തി നടന്ന് ചെല്ലുമ്പോഴേക്കും സ്‌കൂള്‍ ബസ് പോയി കാണും. പിന്നെ തിരിച്ച് പോരും”, ഒന്നാം ക്ലാസുകാരനായ ആശിക് വിനീത് പറഞ്ഞു. കൊച്ചി മെട്രോ നഗരമായി കുതിക്കുമ്പോഴും നഗരത്തില്‍ നിന്ന് പത്തില്‍ താഴെ കിലോമീറ്റര്‍ ദൂരം മാത്രം അകലെ വര്‍ഷങ്ങളായി അവഗണനയുടെ വക്കില്‍ കഴിയുന്ന വളന്തക്കാടിന്‍റെ ഇളയ തലമുറയുടെ പ്രതിനിധിയാണ് ആശിക്.

45 പട്ടികജാതി കുടുംബങ്ങള്‍ വസിക്കുന്ന വളന്തക്കാട് ദ്വീപിലേക്കൊരു പാലത്തിനായി ഇവിടുത്തുകാര്‍ അധികാരികളുടെ പുറകെ നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. സര്‍ക്കാരുകള്‍ക്ക് വളന്തക്കാടിലേക്കൊരു പാലം പഴങ്കഥയാണ്, എന്നാല്‍ ഇവിടുത്തുകാര്‍ക്ക് ഇതൊരു പോരാട്ടമാണ്. മാറി മാറി വരുന്ന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് വോട്ട് ബഹിഷ്‌കരണം വരെ ഇവര്‍ നടത്തി; ഒന്നിനും പ്രയോജനമുണ്ടായില്ല. വളന്തക്കാടിലേക്കൊരു പാലമല്ലേ അതിനിപ്പോ എന്താ പുതുമ? അത് കേട്ട് തുടങ്ങിയിട്ട് കാലമേറെ ആയില്ലെ? അത് നടപടികള്‍ നടക്കുന്നു; ഇതാണ് അധികാരികളില്‍ നിന്നു കിട്ടുന്ന മറുപടിയെന്ന് ഇവിടുത്തുകാര്‍ പറയുന്നു.

മരട് നഗരഭയിലെ 22 ാം ഡിവിഷനില്‍പ്പെട്ട വളന്തക്കാടില്‍ 90 ശതമാനം ആളുകളും മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്നവരാണ്. പ്രായമായവരും കുട്ടികളും ഉള്‍പ്പെടെയുളളവര്‍ അക്കരയ്ക്ക് വഞ്ചി തുഴയുന്നത് ഇവിടുത്തെ നിത്യകാഴ്ചയാണ്. ദ്വീപിനുള്ളില്‍ ഇടവഴികള്‍ അല്ലാതെ പൊതു റോഡുകളൊന്നുമില്ല. ആകെയുള്ളത് ഒരു പ്രാഥമികാരോഗ്യ കേന്ദ്രം മാത്രമാണ്. ഇവിടെ കിടത്തി ചികിത്സയും ഇല്ല. പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍ക്ക് ചികിത്സ തേടണമെങ്കില്‍ അക്കരെ തോണി കടന്ന് ചെല്ലണം. അക്കരെ ചെന്നാലോ അവിടെ ബസ് സൗകര്യമൊന്നുമില്ല. അവിടുന്നും ഒന്നര കിലോമീറ്ററിലധികം ചെന്നാലെ വാഹന സൗകര്യമുള്ളു.

“മഴക്കാല സമയങ്ങളില്‍ പായല്‍ നിറഞ്ഞ് കിടക്കുന്ന കായലിലൂടെ വഞ്ചി തുഴയുക അത്ര എളുപ്പമല്ലെ”ന്ന് കടത്ത് വളളം തുഴയുന്ന വനജ പറയുന്നു. “പായലുള്ളതിനാൽ ഇവിടെ മെഷീന്‍ വള്ളങ്ങളൊന്നും ഇറക്കാന്‍ പറ്റില്ല. മഴക്കാല സമയങ്ങളില്‍ കാറ്റിനും മഴയും ഉള്ളപ്പോള്‍ ഈ പായല്‍ നിറഞ്ഞ കായലിലൂടെ തുഴഞ്ഞ് അക്കരെ എത്തുമ്പോഴെക്കും സമയം കുറെ എടുക്കും. രോഗിയെ കൊണ്ടാണ് പോകുന്നതെങ്കില്‍ ആള് അക്കരെ എത്തുമ്പോഴേക്കും മരിക്കും. ഇനി ഒരു കണക്കിന് അക്കരെ എത്തിയാല്‍ പോകാന്‍ ഓട്ടോയും മറ്റും ഇല്ലെങ്കില്‍ എന്ത് ചെയ്യും. അവിടെ നിന്നും ഒരു കിലോമീറ്ററിലധികം പോകണം.”

കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യ സ്ഥിതി മോശമാതിനെ തുടർന്നു അനിത എന്ന യുവതിയെ അക്കരെ എത്തിച്ച സംഭവം വനജ പറയുന്നത് ഇങ്ങനെയാണ്. “രാവിലെ ഏഴുമണിയോടെയാണ് അനിതയെ ബോധം നഷ്ടപ്പെട്ട നിലയില്‍ കസേരയില്‍ ഇരുത്തി ദ്വീപിന്റെ ഇടവഴികളിലൂടെ ഇവിടുത്തുകാര്‍ എടുത്ത് കൊണ്ട് വന്ന് വള്ളത്തില്‍ കയറ്റി അക്കരെ എത്തിച്ചത്. അക്കരെ നിന്ന് കൃത്യസമയത്ത് ആംബുലന്‍സ് കിട്ടിയതു കൊണ്ടും ജീവന്‍ രക്ഷിക്കാനായി. സംഭവം രാവിലെ സമയത്തു നടന്നതുകൊണ്ടാണ് ഇവിടെ ആണുങ്ങള്‍ ഉണ്ടായത്. ഇല്ലായിരുന്നെങ്കില്‍ ദ്വീപിനുള്ളില്‍ റോഡ് സൗകര്യമോ അക്കരെ കടക്കാന്‍ പാലമോ ഇല്ലാതെ എന്ത് ചെയ്യാനാകും?” ഗര്‍ഭണി വഞ്ചിയില്‍ വെച്ച് പ്രസവിച്ചതും വൃദ്ധനായ മറ്റൊരാള്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് തോണിയില്‍ വെച്ച് മരിച്ച സംഭവും വനജ ഓര്‍ത്തെടുത്തു.

വളന്തക്കാടുകാര്‍ക്ക് പാലം; സ്വരാജ് എംഎല്‍എയും മരട് നഗരസഭയും ശോഭാ ഗ്രൂപ്പിനെ പേടിക്കേണ്ടതുണ്ടോ?

പാലം വൈകുന്നതിന് പിന്നില്‍ ശോഭാ ഗ്രൂപ്പോ?

ഇങ്ങനെയൊരു സംശയവും അവിടെ പോരാട്ടം നടത്തുന്ന വളന്തക്കാട് ജനകീയ സമിതി പങ്കുവയ്ക്കുന്നുണ്ട്. ബാംഗ്ലൂർ ആസ്ഥാനമായുള്ള ശോഭാ ഡവലപ്പേഴ്‌സിന്റ ഹൈടെക് സിറ്റി പദ്ധതിക്കായി 400 ഏക്കര്‍ സ്ഥലമാണ് ഇവിടെ വേണ്ടത്. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ സ്ഥലം പൂര്‍ണമായും ലഭ്യമായിട്ടില്ല. വളന്തക്കാട് ദ്വീപ് നിവാസികളെ ഒഴിപ്പിച്ചാല്‍ പദ്ധതിക്കായുള്ള ആവശ്യത്തിന് സഥലം കമ്പനിക്ക് ലഭ്യമാകും. ദ്വീപ് നിവാസികള്‍ക്കായി പാലം നിര്‍മ്മിച്ച് ഗതാഗതം സുഖമമാക്കിയാല്‍ ഇവിടത്തുകാരെ കുടിയൊഴുപ്പിക്കുക അത്ര എളുപ്പമല്ലെന്നു ശോഭാ ഗ്രൂപ്പിനറിയാമെന്നും വളന്തക്കാട് ജനകീയ സമിതി സെക്രട്ടറി കെ.ബി ബാബു അഴിമുഖത്തോട് പറഞ്ഞു. ദ്വീപു നിവാസികള്‍ക്ക് വീടുകളിലേക്കെത്തുന്നതിന് പൊതുറോഡ് നിര്‍മ്മിക്കുന്നതിനും ദ്വീപിന്റെ നല്ലൊരു ശതമാനവും കൈയ്യടക്കി വെച്ചിരിക്കുന്ന ശോഭാ ഗ്രൂപ്പ് സ്ഥലം നല്‍കുന്നില്ലെന്നും ഇദ്ദേഹം പറയുന്നു.

“2013 ല്‍ കുറഞ്ഞ ചിലവില്‍ ദ്വീപിലേക്കെത്താന്‍ 110 മീറ്റര്‍ പാലം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ഒരു സ്വകാര്യ കമ്പനിയുമായി ബന്ധപ്പെട്ട് പദ്ധതി രൂപരേഖ മരട് നഗരസഭയില്‍ സമര്‍പ്പിച്ചതും വെള്ളത്തില്‍ വരച്ച വരപോലെയായി. ആദ്യം പദ്ധതി ചിലവ് 40 ലക്ഷമായിരുന്നു, വൈകും തോറും കമ്പനിയുടെ എസ്റ്റിമേറ്റ്‌ കൂടി വന്നു. 2013 ല്‍ 40 ലക്ഷം ആയിരുന്നത് പിന്നീട് 85 ലക്ഷം ആയി. അത് ഇപ്പോള്‍ 1.25 കോടിവരെ എത്തി. നഗരസഭ പിന്നെ പദ്ധതി ഉപേക്ഷിച്ചു. ശോഭ ഡവലപ്പേഴ്‌സിന്റെ പദ്ധതി പരിഗണനയിലിരിക്കെ ദ്വീപ് നിവാസികള്‍ക്ക് പാലം നിര്‍മ്മിച്ച് കൊടുക്കുന്നിനായി പ്ലാന്‍ ഫണ്ട് ചിലവഴിക്കേണ്ട ആവശ്യമുണ്ടോ എന്നതടക്കമുള്ള ആശയകുഴപ്പത്തിലാണ് മരട് നഗരസഭ. ഇരുകൂട്ടര്‍ക്കും ഇടയില്‍പ്പെട്ട് കാലങ്ങളായി അവഗണനയുടെ വക്കില്‍ കഴിയുന്ന ഞാനുള്‍പ്പെടുന്ന ദ്വീപ് നിവാസികളുടെ പ്രശ്‌നത്തിന് വേഗത്തില്‍ പരിഹാരം കാണണം. മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന ഞങ്ങളെ ഇവിടുന്ന് ഒഴിപ്പിച്ചാല്‍ ഞങ്ങളെങ്ങനെ ജീവിക്കും?” കെ.ബി ബാബു ചോദിക്കുന്നു.

വളന്തക്കാട് ദ്വീപിന്റെ കഥ ഇങ്ങനെ

മുണ്ടുവേലിയിലുള്ള കെ.പി ജോര്‍ജ് എന്നയാളുടെ കുടുംബത്തിന്റേതായിരുന്നു 246 ഏക്കറോളം വരുന്ന ഈ ദ്വീപ്. ഭൂപരിഷ്‌കരണ നിയമം വന്നതോടെ ഇവിടെ താമസിച്ചിരുന്നവര്‍ക്ക് കുടികിടപ്പവകാശം ലഭിച്ചു. ചെമ്മീന്‍കെട്ടും കൃഷിയുമായിരുന്നു ജനങ്ങളുടെ വരുമാനം. 80-കളുടെ അവസാനം കൃഷിയും ചെമ്മീന്‍കെട്ടും അവസാനിച്ചു. കൃഷിയുടെ ഭാഗമായി വരമ്പുകള്‍ ഉണ്ടാക്കിയിരുന്നു. അതാണ് വഴിയായി ഉപയോഗിച്ച് വന്നത്. 2000-ത്തിന് ശേഷം ലിങ്ക് ഇന്ത്യ എന്ന ഗ്രൂപ്പ് കെ.പി ജോര്‍ജില്‍ നിന്ന് വളന്തക്കാടിന്റെ നല്ലൊരു ശതമാനം വാങ്ങി. വില്‍പനയ്ക്കു മുമ്പ് ദ്വീപ് നിവാസികള്‍ക്ക് വഴിക്കും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും വഴി വിട്ടു നല്‍കി. എന്നാല്‍ റവന്യൂ ഉദ്യോഗസ്ഥരെത്തി റോഡ് നിര്‍മ്മിക്കാനുള്ള പ്രാരംഭ ജോലികള്‍ക്കായ് എത്തിയപ്പോഴാണ് സ്ഥലം ശോഭാ സിററിയുടെ കൈവശമുള്ളതണെന്ന് അറിയുന്നത്. വഴിക്ക് സഥലം ആവശ്യപ്പെട്ടപ്പോള്‍ പാലമല്ലെ ആവശ്യം, അത് ആദ്യം നടക്കട്ടെയെന്നായിരുന്നു. പാലത്തിനായുള്ള ഞങ്ങളുടെ സമരം ലക്ഷ്യം കാണുന്നതു വരെ തുടരും ഇത് ഞങ്ങളുടെ അവകാശമാണ്.” കെ.ബി ബാബു പറഞ്ഞു.

ദ്വീപില്‍ വാഹനമുള്ളവരെല്ലാം അക്കരെ കടവിലാണ് അവ വയ്ക്കുന്നത്. ദ്വീപിലേക്കെത്താന്‍ പാലമോ റോഡോ ഇല്ലാത്തതിനാല്‍ വള്ളത്തില്‍ കയറി അക്കരെ ചെന്ന് വേണം നഗരത്തിലേക്കെത്താന്‍. വീടുകളിലേക്കാവശ്യമായ അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ കടത്ത് കടന്ന് പോയി വാങ്ങികൊണ്ടു വരണം. വീടുകള്‍ പുതുക്കി പണിയാനാവശ്യമായ കല്ലും, സിമന്‍റും എല്ലാം ഇവിടുത്തെ കൊച്ചു വള്ളങ്ങളില്‍ പല പ്രാവശ്യമായി കൊണ്ടു വരണം, ഇങ്ങനെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ കടത്ത് കടത്തിയാണ് ദ്വീപ് നിവാസികള്‍ കൊണ്ടു വരുന്നത്. ദ്വീപിലെ ചില സ്ഥലങ്ങളില്‍ മാത്രമാണ് മൊബൈലില്‍ നെറ്റ്‌വര്‍ക്ക് ഉള്ളത്. കൊതുകു ശല്യം, ഇഴജന്തുക്കളുടെ ശല്യം എല്ലാം സഹിച്ച് ഇവര്‍ ഇവിടെ തന്നെ കഴിയുന്നതു മത്സ്യബന്ധനമല്ലാതെ മറ്റ് ഉപജീവന മാര്‍ഗങ്ങളൊന്നും വശമില്ലാത്തതുകൊണ്ടാണ്.

ജൂണ്‍ മാസത്തില്‍ നഗരസഭയും കൃഷി ഭവന്റെയും സഹായത്തോടെ 15 ഏക്കര്‍ സ്ഥലത്ത് പൊക്കാളി കൃഷി ഇറക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ ഗ്രാമവാസികള്‍.

അവള്‍ക്ക് മുന്‍പില്‍ മുട്ടുവിറച്ച് ഭരണകൂടവും കോര്‍പ്പറേറ്റുകളും; അഡ്വ. വിദ്യ സംഗീതിന്‍റെ പോരാട്ടത്തിന്‍റെ കഥ

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍