UPDATES

വയല്‍ നികത്തിയുള്ള ബൈപാസ് നിര്‍മ്മാണം; കണ്ണൂര്‍ കീഴാറ്റൂരില്‍ സിപിഎം ഭീഷണിക്ക് വഴങ്ങാതെ വയൽക്കിളികള്‍ വീണ്ടും സമരത്തിന്

ഞങ്ങൾ അധികാരത്തിലേറ്റിയ ഒരു സർക്കാർ ഞങ്ങളുടെ ആവശ്യം അംഗീകരിച്ചുതരുന്ന കാലം വരെ പാർട്ടിയോടുള്ള അനുഭാവം നിലനിർത്തിക്കൊണ്ട് തന്നെ സമരം ചെയ്യും എന്ന് സമരക്കാര്‍

ദീഷ്‌ണ സി.

ദീഷ്‌ണ സി.

സമരം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിൽ കണ്ണൂരിലെ വയൽക്കിളികള്‍. കണ്ണൂർ തളിപ്പറമ്പിൽ കീഴാറ്റൂർ പ്രദേശത്തെ ഏക്കറുകൾ വ്യാപിച്ച് കിടക്കുന്ന വയലുകൾ സംരക്ഷിക്കുക എന്ന ആവശ്യം മുൻനിർത്തിയാണ് വീണ്ടുമൊരു സമരത്തിനായി വയൽക്കിളി തയ്യാറെടുക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ മുന്നോട്ട് വച്ച കാസർകോഡ്-കോഴിക്കോട് ബൈപാസ് ലൈൻ പ്രാബല്യത്തിൽ വരുന്ന പക്ഷം കീഴാറ്റൂർ പ്രദേശത്തെ വയലുകളെല്ലാം പൂർണമായി നശിക്കപ്പെടുകയും ജനജീവിതത്തിന് തടസ്സം സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇതിനെതിരെ, പ്രദേശത്തെ പതിനായിരത്തോളം വരുന്ന ജനങ്ങൾ സംഘടിക്കുകയും വയൽക്കിളി എന്ന പേരിൽ ഒരു സ്വതന്ത്ര കൂട്ടായ്മ രൂപീകരിച്ച് സമരം ശക്തിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. എന്നാല്‍ തുടർന്ന് വന്ന ഇടതു സർക്കാരും പഴയ സർക്കാരിന്റെ നീക്കങ്ങളെ ശരി വെക്കുന്ന രീതിയില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോയതോടെയാണ് സമരം ശക്തമായത്.

എൽഡിഎഫ് സർക്കാർ അധികാരത്തിലേറി ആറുമാസം പിന്നിട്ട ശേഷമാണ് വയൽക്കിളി ആദ്യസമരം ആരംഭിക്കുന്നത്. തളിപ്പറമ്പ് നഗരസഭാ പരിധിക്കകത്തുകൂടി കടന്നുപോകുന്ന ബെപാസ് ലൈൻ അലൈൻമെന്റ് വിജ്ഞാപനം ലിഭിക്കുന്നതിനു മുൻപ് അനധികൃത സർവെ നടത്തി മാറ്റാന്‍ ശ്രമിക്കുന്നതിനെതിരെയായിരുന്നു ആദ്യ ഘട്ട സമരം. സ്ത്രീകളും കുട്ടികളുമടക്കമുള്ള തദ്ദേശവാസികള്‍ ഏറ്റെടുത്ത് ജനകീയ സമരമായി മുന്നോട്ട് കൊണ്ടുപോവുകയും തുടര്‍ന്ന് അധികാരികളിൽ നിന്നും ലഭിച്ച ഉറപ്പിന്മേലും കണ്ണൂരിലെ മറ്റ് രാഷ്ട്രീയ സഹചര്യങ്ങൾ കണക്കിലെടുത്തും മാസങ്ങൾക്ക് മുൻപ് സമരം നിർത്തിവെക്കുകയുമായിരുന്നു. ബൈപാസിനെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ഒന്നുംതന്നെ ലഭിക്കാതിരുന്ന സാഹചര്യത്തിലായിരുന്നു താൽക്കാലിക നിർത്തിവെപ്പ് നടന്നത്. മാസങ്ങൾക്ക് ശേഷം ഇപ്പോൾ ബൈപ്പാസിനെ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു ജനകീയ സമരം നടത്താനായുള്ള തയ്യാറെടുപ്പുകൾ വയൽക്കിളി നടത്തുന്നത്. ഔദ്യോഗിക കണക്കെടുപ്പുകൾ നടത്താതെ, സർവേ നമ്പർ അടക്കം ബൈപാസ് നിർമാണ പ്രവർത്തനത്തിനായുള്ള അനുമതികൾ എല്ലാം തന്നെ നൽകുന്ന ഹൈക്കോടതി വിധി ഉൾപ്പെടുന്നതാണ് പുതിയ വിജ്ഞാപനം. ആദ്യഘട്ട സമരങ്ങൾ 19 ദിവസത്തോളം നീണ്ടുനിന്നപ്പോൾ, വരാൻ പോകുന്ന സമരങ്ങൾ ബൈപാസ് അലൈൻമെന്റ് കീഴാറ്റൂരിൽ നിന്നും മാറ്റി സ്ഥാപിക്കുന്നത് വരെ തുടരുമെന്ന് കൂട്ടായ്മയിലെ പ്രതിനിധികൾ അറിയിച്ചു.

റോഡ് നിർമാണം വഴി വീടും കൃഷിയിടങ്ങളും നഷ്ടപ്പെടുന്ന കർഷകരുടെയും ഭൂവുടമകളുടെയും പരാതികളും നിവേദനങ്ങളും കോടതിക്ക് മുൻപാകെ സമർപ്പിക്കണമെന്നുള്ളതിനാൽ പെട്ടന്നൊരു സമരത്തിന് ആഹ്വാനം ചെയ്യാതെ, അഭിഭാഷകരുടെ അഭിപ്രായങ്ങൾ കൂടെ കണക്കിലെടുത്ത് സാവകാശം ശക്തമായ പ്രക്ഷോഭങ്ങൾക്ക് തുടക്കമിടാനാണ് വയൽക്കിളിയുടെ തീരുമാനം. എങ്കിലും പെട്ടന്നുവന്ന വിജ്ഞാപനത്തോടുള്ള പ്രതിഷേധ സൂചകമായി അടുത്ത ദിവസം തന്നെ തളിപ്പറമ്പ് പട്ടണത്തിൽ വച്ച് പ്രതീകാത്മകമായി നോട്ടിഫിക്കേഷൻ കത്തിക്കുകയും വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുമെന്ന് വയൽക്കിളി അറിയിച്ചു.

പ്രദേശത്തിന്റെ ഭൂമിശാസ്ത്രം വിലയിരുത്തുമ്പോൾ, കുപ്പം പുഴയ്ക്കും കുറ്റിക്കൽ പുഴക്കുമിടയിൽ സ്ഥിതി ചെയ്യുന്ന തളിപ്പറമ്പ് നഗരസഭ എന്ന പ്രദേശം, ഉയർന്ന പ്രദേശമെന്നും താഴ്ന്ന പ്രദേശമെന്നും തരംതിരിക്കപ്പെട്ടിരിക്കുന്നു. ഇതിനൊപ്പം ഇടനാടൻ കുന്നുകളുടെ നിറഞ്ഞ സാന്നിധ്യവുമുണ്ട് കണപ്പെടുന്നു. കുന്നിന്റെ മുകൾ ഭാഗത്ത് പട്ടണവും കീഴ്ഭാഗത്ത് വയലുകളുമാണുള്ളത്. നഗര ഭാഗത്തുളള പ്രദേശമാണെങ്കിലും ഗ്രാമീണ ജീവിതവും കാർഷിക വൃത്തിയും പിന്തുടരുന്ന ഭൂരിപക്ഷം വരുന്ന ജനങ്ങളുമാണ് ഇവിടെ താമസിക്കുന്നത്. അതുകൊണ്ടുതന്നെ ബൈപാസ് അലൈന്മെന്റ് പ്രകാരമുള്ള അൻപത് മുതൽ അറുപത് മീറ്റർ വരെ വീതിയിലുള്ള റോഡുകൾ ജനങ്ങളും വയലുകളും തണ്ണീർത്തടങ്ങളും വിന്യസിച്ചിരിക്കുന്ന കീഴാറ്റൂർ പ്രദേശത്ത് കൂടെ കടന്നുപോകാൻ സാധിക്കില്ലെന്ന് വയൽക്കിളി സംഘാടക സമിതി പ്രവർത്തകർ വ്യക്തമാക്കുന്നു.

സംഘാടക സമിതി അംഗം സുരേഷ് കീഴാറ്റൂർ പ്രതികരിക്കുന്നു;

“നാലര കിലോമീറ്റർ നീളത്തിലാണ് കീഴാറ്റൂർ ബൈപാസ് ലൈൻ കടന്നുവരാൻ പോകുന്നത്. അത്രയധികം വിളവിറക്കുന്ന വയലുകളെയും തണ്ണീർത്തടങ്ങളെയും ഇതെല്ലാം ആശ്രയിച്ച് ജീവിക്കുന്ന ഒൻപതോളം വാർഡുകളിലെ പതിനായിരത്തോളം വരുന്ന ജനങ്ങളെയും ഒറ്റയടിക്ക് ഇല്ലായ്മ ചെയ്യുന്ന ഒരു പ്രോജക്ടാണ് തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്. 50 മുതൽ 60 കിലോമീറ്റർ വരെ വീതിയിലുള്ള ബൈപാസ് നിർമിക്കുമ്പോൾ അത് വയലുകളെ പൂർണമായി നശിപ്പിക്കുമെന്ന് മാത്രമല്ല, തുടർന്നും നിരവധി ഭവിഷ്യത്തുകൾക്കും കാരണമാകും.

കീഴാറ്റൂർ പ്രദേശത്തിന്റെ മൂന്ന് ഭാഗവും 150 അടിയിലധികം ഉയരമുള്ള കുന്നുകളാണുള്ളത്. കുന്നുകൾക്ക് താഴെയാണ് വയലുകളും വീടുകളും സ്ഥിതി ചെയ്യുന്നത്. ആയതിനാൽത്തന്നെ, മഴക്കാലത്ത് വയലുകളെല്ലാം പുഴകൾക്ക് സമാനമായി വെള്ളം നിറഞ്ഞ് നിൽക്കുകയും കൃഷികൾ നിർത്തിവെയ്ക്കുകയും ചെയ്യാറാണ് പതിവ്. അത്തരത്തിലൊരു ഭൂപ്രകൃതിയിലേക്ക് വയൽ ക്രോസ്സ് ചെയ്ത് ബൈപാസ് കടന്നുവരുമ്പോൾ സ്വാഭാവികമായും വയലുകളിലെ വെള്ളം കവിഞ്ഞൊഴുകുകയും വയൽക്കരയിലുള്ള ആയിരക്കണക്കിന് ജനങ്ങൾക്ക് കുടിയൊഴിഞ്ഞ് പോകേണ്ടിയും വരും. സാമാന്യ യുക്തിക്ക് നിരക്കുന്ന ഇത്തരം കാര്യങ്ങൾക്കു മുന്‍പില്‍ സർക്കാർ കണ്ണടക്കുന്നതിലാണ് ജനങ്ങളുടെ ആശങ്ക.

ഒരിക്കലും വറ്റാത്ത കിണറുകളും നീരുറവകളുമാണ് കീഴാറ്റൂരിന്റെ സമ്പത്ത്. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ വരൾച്ച ശക്തിപ്പെട്ടപ്പോഴെല്ലാം ജലം നൽകി സഹായിച്ചത് ഈ ഗ്രാമീണ പ്രദേശമാണ്. കേരളാ വാട്ടർ അതോറിറ്റി കഴിഞ്ഞ വർഷത്തെ വരൾച്ചയിൽ ജലവിതരണത്തിനായി ആശ്രയിച്ചതും കീഴാറ്റൂരിലെ ജല സ്രോതസ്സുകളെയായിരുന്നു. ഇത്ര ജല സമൃദ്ധിയുള്ള പ്രദേശത്തിന്റെ മൂന്നിലൊരു ഭാഗവും ടാറിംഗ് ചെയ്താൽ, ജലം സംരക്ഷിക്കാനുളള മണ്ണിന്റെ സ്വാഭാവിക ശേഷി ഗണ്യമായി കുറയും. അത് മഴക്കാലത്ത് വെള്ളക്കെട്ടിലേക്കും വേനൽക്കാലത്ത് ജലക്ഷാമത്തിലേക്കുമാണ് വഴിയൊരുക്കുക. മാത്രമല്ല, ഏഴോ എട്ടോ പഞ്ചായത്തുകൾ വയലിന്റെ കരയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇത്രയധികം ജനങ്ങൾക്ക് വന്നുഭവിക്കാൻ പോകുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാനായി വരും വർഷങ്ങളിൽ എത്ര കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്ന് കൂടെ ചിന്തിക്കണം. ജനങ്ങൾക്കും പ്രകൃതിക്കും മാത്രമല്ല, സർക്കാരിനും നഷ്ടങ്ങളുണ്ടാക്കാൻ ബൈപാസ് ലൈൻ വഴിയൊരുക്കും.

ആദ്യ അലൈന്മെന്റ് പ്രകാരം റോഡിന്റെ നീളം 5.5 കിലോമീറ്റർ ആയിരുന്നു.എന്നാൽ പിന്നീട് വന്ന തിരുത്തിൽ ഇന്ന് ഞങ്ങളുടെ നാട്ടിൽക്കൂടെ പോകുന്ന റോഡിന്റെ നീളം 6.1 കിലോമീറ്റർ ആയി മാറി. അതായത്, 700 മീറ്റർ നീളം അധികം വർധിച്ചു. അതിനാൽ തന്നെ റോഡിന്റെ നിർമാണചിലവ് നിലവിലുള്ളതിലും ഇരട്ടിക്കുകയും ചെയ്യും.

ടി പി ക്ക്‌ പിന്നാലെ വയല്‍കിളികളും; സിപിഎമ്മില്‍ കുലംകുത്തികള്‍ പെരുകുന്നു

മേൽപ്പറഞ്ഞ 6.1 കിലോമീറ്റർ നീളത്തിലുള്ള ബൈപാസ് ലൈനിൽ 4.2 കിലോമീറ്റർ പൂർണമായും വയലുകളാണ്. ഇത്രയധികം വയലുകൾ മണ്ണിട്ടു നികത്തണമെങ്കിൽ എത്ര കുന്നുകൾ ഇല്ലാതാക്കണമെന്നു കൂടെയുള്ള ആശങ്കയും ജനങ്ങൾ പ്രകടിപ്പിക്കുന്നു. മാത്രമല്ല, ഇപ്പറഞ്ഞ രീതിയിലുള്ള വയലിന്റെ ഭൂരിഭാഗവും ചതുപ്പ് പ്രദേശങ്ങളാണ്. വയലിനു പുറമെ ചതുപ്പും പ്രത്യേകമായി നികത്തിയെങ്കിൽ മാത്രമേ റോഡ് നിർമാണം സാധ്യമാവുകയുള്ളൂ. ചതുപ്പ് നികത്താൻ കട്ടികൂടിയ ചരൽ മണ്ണാണ് ആവശ്യം. അതായത്, നിർമാണച്ചിലവ് വീണ്ടും വർധിക്കും, അല്ലെങ്കിൽ ഇരട്ടിക്കും. നാട്ടുകാർക്ക് പുറമെ എൻജിനീയർമാരും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധികളും നൽകിയ വിവരങ്ങളനുസരിച്ച് ഏഴര മുതൽ എട്ടു ലക്ഷം ലോഡ് മണ്ണുവരെ ഇതിനായി ആവശ്യമാണ്. തളിപ്പറമ്പ് മാത്രമല്ല, കണ്ണൂരിലെ തന്നെ എത്ര എണ്ണം കുന്നുകൾ ഇതിനായി മരണപ്പെടുമെന്ന് കൂടെ ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഒരു ദേശത്തിന്റെ സ്വാഭാവിക പരിസ്ഥിതിയെ താങ്ങിനിർത്തുന്ന, പ്രകൃതിയുടെ നട്ടെല്ലെന്ന് വിശേഷിക്കപ്പെടുന്ന കുന്നുകളാണ് നികത്തപ്പെടുന്നത്. ഇത് ഇന്നിനോടും നാളെയോടും പക്ഷി മൃഗാദികളോടും ചെയ്യുന്ന പരിഹരിക്കാന്‍ സാധിക്കാത്ത തെറ്റാണ്.

ഇടനാടൻ കുന്നുകൾ എന്നത്, ജലം സംഭരിച്ചു വെച്ചിരിക്കുന്ന ഒരു വലിയ തൊട്ടിലാണ്. അലൂമിനിയം കണ്ടെന്റുള്ള ഇത്തരം കുന്നുകൾ ഇല്ലാതാവുന്നത് വഴി ജലത്തിന്റെ വലിയൊരു സംഭരണശാല തന്നെയാണ് അപ്രത്യക്ഷമാക്കാൻ പോകുന്നത്. പ്രകൃതി തന്നെ ഒരുക്കിവെച്ചിട്ടുള്ള ഇത്തരം അമൂല്യ സമ്പത്തുകളെല്ലാം ഈയൊരു ബൈപാസ് ലൈൻ പ്രാബല്യത്തിൽ വരുന്നത് വഴി തുടച്ചു നീക്കപ്പെടും.”

99 ശതമാനം അനുഭാവികളുള്ള കീഴാറ്റൂർ പോലൊരു സിപിഎം പാർട്ടി ഗ്രാമത്തിൽ, പാർട്ടി അനുയായികൾ തന്നെ സർക്കാരിനെതിരെ സമരം ചെയ്യുന്നത് സമരത്തിന്റെ ജനകീയത എത്രമാത്രമെന്ന് വിളിച്ചുപറയുന്നതാണ്. ഒരു നാടിന്റെ നിലനിൽപ്പിന് ഭീഷണിയുയർത്തിക്കൊണ്ട് വരുന്ന പുതിയ റോഡുകളുടെ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്‌ച്ചയ്ക്കൊരുങ്ങാത്ത മനോഭാവം പുലർത്തുന്നത് രാഷ്ട്രീയ നേതൃത്വവും റിയൽ എസ്റ്റേറ്റ് മാഫിയകളും തമ്മിലുള്ള കൂട്ടുകെട്ടിന്റെ പ്രതിഫലനമാണെന്ന് വയൽക്കിളി കൂട്ടായ്മ ഒരേ സ്വരത്തിൽ പറയുന്നു. ആദ്യ ഘട്ട സമരങ്ങളിൽ പാർട്ടിക്കെതിരെ പ്രതികരിച്ച 11 പ്രവർത്തകരെ മറ്റു മുന്നറിയിപ്പുകളൊന്നും നൽകാതെ പുറത്താക്കിയതും ജനങ്ങളുടെ പ്രതിഷേധത്തെ ശക്തിപ്പെടുത്തുന്നു. വയൽക്കിളി മുന്നോട്ട് വച്ച പരിഹാര മാർഗങ്ങൾ സ്വീകരിക്കുകയും കീഴാറ്റൂർ പ്രദേശത്തെ വയലുകളിലൂടെ ബൈപാസ് കടന്നുപോകുന്നത് പൂർണമായും നിർത്തിവെക്കുന്നത് വരെ പ്രതിഷേധം മുന്നോട്ട് കൊണ്ടുപോകുമെന്നും ഇവര്‍ അറിയിച്ചു.

മുഖ്യമന്ത്രീ, പ്ലാച്ചിമടയൊന്നും മറക്കരുത്; തുള്ളിവെള്ളം കുടിക്കാനില്ലാതാക്കും ജലമൂറ്റാനുള്ള ആ ഓര്‍ഡിനന്‍സ്

“സിപിഎം പോലെ പ്രത്യയശാസ്ത്ര പരമായി കെട്ടുറപ്പുള്ള ഒരു രാഷ്ട്രീയ നേതൃത്വം ഒരിക്കലും ഇത്തരമൊരു പദ്ധതിക്ക് പച്ചക്കൊടി കാണിക്കാൻ പാടുള്ളതല്ല. പ്രത്യേകിച്ച് 99 ശതമാനം അനുഭാവികളുള്ള ഒരു പാർട്ടി ഗ്രാമത്തിൽ. പാർട്ടിയുടെ 11 പ്രവർത്തകരെ പ്രാദേശിക നേതൃത്വം മുന്നറിയിപ്പ് നൽകാതെ പുറത്താക്കിയത് പോലും അധികാരത്തിലേറ്റിയ ജനവിഭാഗത്തെ തിരഞ്ഞെടുപ്പിന് ശേഷം കൈവിടുന്ന രാഷ്ട്രീയ മൂല്യച്യുതികളെ തുറന്നുകാണിക്കുന്നതാണ്. ഏതു സർക്കാർ ഭരിച്ചാലും റിയൽ എസ്റ്റേറ്റ് മാഫിയകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടും അതോടൊപ്പം കെട്ടുറപ്പിക്കുന്നു. കുന്നിടിച്ച്, നിരന്ന പ്രദേശങ്ങൾ രൂപപ്പെടുത്തുന്നത് റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് ഏറെ സൗകര്യപ്രദമെന്നതിനാൽ സാമ്പത്തികപരമായും അല്ലാതെയും അവർ ഇത്തരം പ്രവർത്തനങ്ങളെ പരമാവധി പിന്തുണക്കുന്നു. ഒരു ലോഡ് മണ്ണിന് 700 രൂപ തോതിൽ കീഴാറ്റൂർ പ്രദേശത്തെ വയലുകൾ മാത്രം മണ്ണിട്ട് നികത്തുന്നതിന് ഏകദേശം 50 കോടി രൂപയിലധികം ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇത്തരം ഭൂമാഫിയകൾ നിലനിൽക്കുന്ന കാലത്തോളം രാഷ്ട്രീയ നേതൃത്വങ്ങൾക്കും മാറിവരുന്ന സർക്കാരുകൾക്കും അതൊരു അധിക ഭാരമാവുകയില്ല എന്നതാണ് വാസ്തവം. റിയൽ എസ്റ്റേറ്റ് മുതലാളിമാർ ഇത്തരം അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്നു എന്നു തന്നെ പറയാം.

കുറ്റിക്കൽ പുഴ മുതൽ കുപ്പം പുഴ വരെ 5.5 കിലോമീറ്റർ ദൂരമാണുള്ളത്. പരമാവധി 2 കിലോമീറ്റർ മാത്രമേ സാങ്കേതിക പ്രശ്നങ്ങളെ വയൽക്കിളി ഉന്നയിക്കുന്നുള്ളു. തളിപ്പറമ്പ് പട്ടണത്തിൽ ഒറ്റത്തൂണിൽ ഒന്നര കിലോമീറ്റർ നീളത്തിൽ ഒരു മേൽപ്പാലം പണിയുന്നതാണ് ഉചിതം. പ്രദേശത്തെ കച്ചവട കേന്ദ്രങ്ങളെ സംരക്ഷിക്കാൻ ഇത് ഉപകരിക്കുയും ചെയ്യും. സമാന രീതിയിലുള്ള പ്രവർത്തനങ്ങൾ കോഴിക്കോടും കാസർകോടും ഇതേ പദ്ധതിയുടെ ഭാഗമായി നടത്തുന്നുമുണ്ട്.

ഞങ്ങളുടെ ന്യായമായ ആവശ്യം നടപ്പിലാക്കിത്തരുന്നത് വരെ സമരങ്ങൾ നടത്താൻ തന്നെയാണ് തീരുമാനം. ഞങ്ങൾ അധികാരത്തിലേറ്റിയ ഒരു സർക്കാർ ഞങ്ങളുടെ ആവശ്യം അംഗീകരിച്ചുതരുന്ന കാലം വരെ പാർട്ടിയോടുള്ള അനുഭാവം നിലനിർത്തിക്കൊണ്ട് തന്നെ സമരം ചെയ്യും.” സുരേഷ് പറയുന്നു.

വയൽക്കിളി കൂട്ടായ്മയിലെ മറ്റൊരു അംഗമായ മനോഹരൻ പ്രതികരിക്കുന്നതിങ്ങനെ; “സിപിഎം പോലൊരു ജനകീയ രാഷ്ട്രീയ പാർട്ടിയുടെ ഭരണത്തിൽ ഒരിക്കലും സംഭവിക്കരുതാത്ത കാര്യമാണ് വന്നുഭവിച്ചിരിക്കുന്നത്. ഇവിടെ നെല്ല്, തെങ്ങ്, വെള്ളം, പാൽ തുടങ്ങി ഓരോ പദാർത്ഥങ്ങളും ഞങ്ങൾ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. ബൈപാസ് അലൈന്മെന്റ് നടപ്പിലാക്കുന്നതുവഴി സ്വാഭാവിക പ്രകൃതി സമ്പത്ത് എല്ലാം ഇല്ലാതാവുമെന്ന മാത്രമല്ല, തുടർന്ന് കീടനാശിനികളും വിഷ പദാർത്ഥങ്ങളുമടങ്ങിയ ഭക്ഷ്യ വസ്തുക്കൾ അന്യനാടുകളിൽ നിന്നും കൊണ്ടുവരേണ്ട ദുരവസ്ഥയും വന്നുചേരും. ഇപ്പോഴും പാർട്ടിയോടുള്ള അനുഭാവം നിലനിർത്തിക്കൊണ്ട് തന്നെയാണ് പ്രതിഷേധങ്ങൾ അറിയിക്കുന്നത്. സർക്കാരിന് നേരിട്ട് വയലുകൾ നികത്താമെന്ന ഭേദഗതി പോലും കേരളത്തിലെ കൃഷിയിടങ്ങളെ പാടെ തീർത്തു കളയാനും റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് തടിച്ചുകൊഴുക്കാനും ഉപകരിക്കാൻ മാത്രമാണെന്നുള്ളത് വ്യക്തമാണ്. ഞങ്ങളെ കയ്യൊഴിയാത്ത കാലം വരെ പാർട്ടിയ്ക്കൊപ്പം ഞങ്ങളുണ്ട്. കീഴാറ്റൂർ പ്രദേശത്തെ വയലുകൾ ഇല്ലാതാക്കികൊണ്ടൊരു ബൈപാസ് ലൈനുകളും കടന്നുപോകാൻ ഞങ്ങൾ അനുവദിക്കില്ല.അലൈന്മെന്റ് തിരുത്തി പണിയുന്നത് വരെ വയൽക്കിളി പ്രതിഷേധിക്കും.”

സിപിഎം സ്വയം കുഴി തോണ്ടിക്കോളൂ; പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നന്ദിഗ്രാമാക്കാന്‍ കുമ്മനം അരികിലുണ്ട്

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍