UPDATES

ട്രെന്‍ഡിങ്ങ്

‘ഫ്രീക്കനെ’ തല്ലിക്കൊല്ലുന്ന പൊതുബോധം; ഇപ്പോഴും നീതി ലഭിക്കാത്ത വിനായക് 2017ന്റെ വേദന

പ്രതിഷേധമുയര്‍ത്തി ഊരാളി ബാന്‍ഡിന്റെ നേതൃത്വത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച ‘ഫ്രീക്ക് സാറ്റര്‍ഡേ’യും ജസ്റ്റിസ് ഫോര്‍ വിനായക് കൂട്ടായ്മയും

മുടി ചീകിയൊതുക്കി, വെളുത്ത വസ്ത്രങ്ങളണിഞ്ഞ, വെള്ളയുടലുകളെ താലോലിക്കുന്ന മലയാളികളുടെ പൊതുമര്യാദാ താല്‍പര്യങ്ങളെ ലംഘിച്ചു എന്നൊരു തെറ്റ് മാത്രമേ വിനായക് ചെയ്തിട്ടുള്ളൂ. ആ പൊതിഞ്ഞുപിടിച്ചിരിക്കുന്ന ‘പൊതുമൂല്യ’ങ്ങളെ ലംഘിക്കുന്നവര്‍ ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം, പോലീസ് മര്‍ദ്ദനത്തിനിരകളായി ജീവനൊടുക്കേണ്ടി വരാം-അതാണ് വിനായകന്‍ കാട്ടി തന്ന സമൂഹത്തിന്റെ ചിത്രം. കറുത്ത ശരീരവും, നീട്ടിവളര്‍ത്തിയ മുടിയുമുണ്ടെങ്കില്‍ ഒരാള്‍ കുറ്റവാളിയോ സാമൂഹ്യവിരുദ്ധനോ ആവാമെന്ന പൊതുബോധമാണ് വിനായകനെ പിടിച്ചുകൊണ്ടുപോയി കൊന്നത്. മുടി നീട്ടി വളര്‍ത്തിയ’ഫ്രീക്കന്‍’മാര്‍ സമൂഹമനസ്സില്‍ കുറ്റവാളികളായി മാറുന്നുവെങ്കില്‍, കറുത്ത ഉടലുകളുള്ള ‘ഫ്രീക്കന്‍’മാരുടെ മരണം പോലും ചോദ്യം ചെയ്യപ്പെടാതെ വരുന്നു എന്ന യാഥാര്‍ഥ്യവും വിനായക് കാട്ടിത്തന്നു.

മകനെ നഷ്ടപ്പെട്ട ഈച്ചരവാര്യരുടെ അന്വേഷണങ്ങളേയും നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പിനേയും ഇന്നും അനുകമ്പയോടെ മനസ്സില്‍ പേറുന്നവരാണ് മലയാളി സമൂഹം. ജിഷ്ണു പ്രണോയിയുടെ മരണവും ഒരര്‍ഥത്തില്‍ സമൂഹം ഏറ്റെടുക്കുകയും സര്‍ക്കാരിനെ വരെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ പ്രതിഷേധങ്ങളും ചര്‍ച്ചകളും ഉണ്ടാവുകയും ചെയ്തു. എന്നാല്‍ ഈച്ചരവാര്യര്‍ക്കോ, ജിഷ്ണുപ്രണോയിക്കോ ലഭിച്ച പ്രാധാന്യം പോലും വിനായകിന് ലഭിച്ചില്ല എന്നിടത്താണ് ഫ്രീക്കന്‍മാര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനപ്പുറത്തായി, കറുത്ത ശരീരങ്ങളനുഭവിക്കുന്ന അവഗണനയുടേയും ജാതിയുടേയും രാഷ്ട്രീയം പ്രകടമാവുന്നത്. ഇങ്ങനെ രണ്ട് തലത്തിലുള്ള സംവാദങ്ങള്‍ക്ക് കൂടിയാണ് വിനായകിന്റെ മരണം കാരണമായത്. പോലീസ് പിടിച്ചുകൊണ്ടുപോയി കൊന്ന, ഇപ്പോഴും നീതി ലഭിക്കാത്ത വിനായക് പോയ വര്‍ഷത്തിന്റെ വേദനയാണ്.

കഴിഞ്ഞ ജൂലൈ 17 തിങ്കളാഴ്ച ഉച്ചയ്ക്ക് പാവറട്ടി മുതുക്കരയില്‍ നിന്നാണ് വിനായകനേയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരു പെണ്‍കുട്ടിയുമായി റോഡില്‍ സംസാരിച്ചുനില്‍ക്കുമ്പോള്‍ വിനായകിനേയും ശരത്തിനേയും പെണ്‍കുട്ടിയേയും സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. രക്ഷിതാക്കളെ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ വീട്ടിലേക്കയച്ചു. പിന്നീട് വിനായകിന് പേലീസ് സ്റ്റേഷനില്‍ നേരിടേണ്ടി വന്ന ക്രൂരതയുടെ കഥ സുഹൃത്ത് ശരത്താണ് പുറംലോകത്തെയറിയിച്ചത്. മാലമോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു പാവറട്ടി പോലീസ് സ്റ്റേഷനില്‍ ജി.ഡി.ചാര്‍ജുണ്ടായിരുന്ന കെ.സാജന്റെ നേതൃത്വത്തിലുള്ള മര്‍ദ്ദനം. വിനായകന്‍ മാലമോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്നയാളുമാണെന്നതിന് തെളിവായി പോലീസുകാര്‍ കണ്ടെത്തിയത് അവന്‍ മുടിനീട്ടുവളര്‍ത്തുകയും കണ്ണെഴുതുകയും ചെയ്തിരുന്നു എന്നതാണ്. ചുമരില്‍ ചാരിനിന്ന വിനായകിന്റെ നീട്ടിവളര്‍ത്തിയ മുടി വലിച്ചുപറിച്ച ശേഷം കുനിച്ചുനിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചു. നെഞ്ചില്‍ ഇടിച്ച ശേഷം മുലഞെട്ടുകള്‍ ഉടച്ചു. വേദനകൊണ്ട് കരഞ്ഞ വിനായകിന്റെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിക്കുകയും ചെയ്തു. കാലില്‍ ബൂട്ടിട്ട് ചവിട്ടി. കുറ്റം സമ്മതിച്ചാല്‍ വിടാമെന്നായിരുന്നു പോലീസ് നിലപാട്. തുടങ്ങി താന്‍ സാക്ഷിയായ മര്‍ദ്ദനം ശരത് എല്ലാവരോടുമായി പറഞ്ഞു. പിന്നീട് വിനായകിന്റെ അച്ഛനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്നും ധരിപ്പിച്ചതിന് ശേഷം മുടി വെട്ടിക്കണമെന്ന നിര്‍ദ്ദേശവും നല്‍കി. പോലീസിന്റെ ശാസനയില്‍ ഭയന്ന വിനായകിന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടി മകന്റെ മുടി വെട്ടിച്ചതിന് ശേഷമാണ് വീട്ടിലെത്തുന്നത്.

നമ്മക്കൊന്നും ജാതിയേ ഇല്ല; പുരോഗമന കേരളം ഇടിച്ചു കൊന്നു കളഞ്ഞ വിനായകിനെക്കുറിച്ചു തന്നെ

പിറ്റേന്ന് രാത്രി ഏങ്ങണ്ടിയൂരിലെ നാല് സെന്റ് പറമ്പിലെ തേക്കാത്ത വീട്ടുമുറിയില്‍ ഒരു കയര്‍ത്തുമ്പില്‍ വിനായക് ജീവനൊടുക്കി. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിച്ചിരുന്ന ആ പത്തൊമ്പതുകാരന് പോലീസുകാരേല്‍പ്പിച്ച ശാരീരിക,മാനസിക പീഡനങ്ങള്‍ താങ്ങാനാവുന്നതായിരുന്നില്ല. വിനായകിന്റെ മരണത്തില്‍ നാട്ടുകാരും വീട്ടുകാരും പ്രതിഷേധിച്ചു. സംഭവം വിവാദമായതോടെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജിത്, സാജന്‍ എന്നിവരെ സസ്പന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ പ്രതിഷേധങ്ങള്‍ അതുകൊണ്ട് അടങ്ങിയില്ല.

ജാതിക്കോളനികളില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി തല്ലിക്കൊല്ലുന്ന കേരളം

വിനായക് മരിച്ചതിന് പിന്നാലെ പലതരം പ്രതിഷേധങ്ങളും രൂപപ്പെട്ട് വന്നെങ്കിലും വളരെ താമസമില്ലാതെ തന്നെ അതടങ്ങി. ഇതില്‍ വ്യത്യസ്തമായ ഒന്നായിരുന്നു ജൂലൈ 29ന് ഊരാളി ബാന്‍ഡിന്റെ നേതൃത്വത്തില്‍ തൃശൂരില്‍ സംഘടിപ്പിച്ച ‘ഫ്രീക്ക് സാറ്റര്‍ഡേ’. വേഷത്തിന്റെയും രൂപത്തിന്റെയും പേരില്‍ ആക്രമിക്കപ്പെടുന്ന യുവാക്കള്‍ക്ക് പിന്തുണയുമായി സംഘടിപ്പിച്ച പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അണിചേര്‍ന്നു. ആടിയും പാടിയും അവര്‍ വിനായകനെ കൊന്നതിലുള്ള പ്രതിഷേധമറിയിച്ചു. വന്‍ജനാവലിയുടെ പിന്തുണയോടെ നടന്ന ‘ഫ്രീക്ക് സാറ്റഡേ’ കേരളത്തില്‍ വലിയ ചലനമുണ്ടാക്കി. ഇഷ്ടമുള്ള രൂപത്തില്‍, വേഷത്തില്‍ നടക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിയുടേയും അവകാശമാണെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു അത്. പരിപാടിക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളായ ഊരാളി മാര്‍ട്ടിന്‍ പറയുന്നതിങ്ങനെ ‘ വിനായക് മരിച്ചത് അവന്റെ രൂപത്തിന്റെ പേരില്‍ പോലീസ് ആക്രമണം നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണ്. മുടിനീട്ടി വളര്‍ത്തുന്നതിന്റെയോ, കണ്ണെഴുതുന്നതിന്റെയോ പേരില്‍, അല്ലെങ്കില്‍ ഒരാളുടെ വേഷമോ രൂപമോ ഏത് സമയവും ആക്രമിക്കപ്പെടാനുള്ള സാധ്യതകളായി മാറുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് അത്തരമൊരു പരിപാടി നടത്താന്‍ തീരുമാനിച്ചത്. പിന്നെ കേരളത്തില്‍ പലയിടത്തുമുള്ള ‘ഫ്രീക്ക്’ പയ്യന്‍മാരും പെണ്‍കുട്ടികളും അവര്‍ക്കായി, അവരെ പിന്തുണയ്ക്കുന്ന ഒരു പരിപാടി ഊരാളി നടത്താത്തതെന്തെന്ന ചോദ്യം ഉന്നയിച്ചിരുന്നു. രൂപത്തിന്റെ പേരില്‍ ഇനിയാരും ആക്രമിക്കപ്പെടരുതെന്ന പ്രതീക്ഷയോടെയാണ് ‘ഫ്രീക്ക് സാറ്റഡേ’ സംഘടിപ്പിച്ചത്. പരിപാടി വന്‍ വിജയമായി. അത് വിനായകിന്റെ മരണത്തിലുള്ള പ്രതിഷേധവുമായി.’

എന്നാല്‍ ഊരാളിയും സമാനമനസ്‌ക്കരും ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ ശരിവക്കുമ്പോഴും അതിലുപരിയായ ഒരു തലം വിനായകന്റെ മരണത്തിനുണ്ടെന്ന വാദവുമായാണ് ജസ്റ്റിസ് ഫോര്‍ വിനായക് ആക്ഷന്‍ കൗണ്‍സില്‍ എന്ന കൂട്ടായ്മ രൂപം കൊള്ളുന്നത്. വിനായകന്റെ കൊലപാതകത്തിലേക്ക് നയിച്ച ജാതി രാഷ്ട്രീയവും, കോളനികളില്‍ താമസിക്കുന്നവരെ കുറ്റവാളികളായി കാണുന്ന പൊതുബോധത്തെയുമാണ് വിനായകന് നീതി ലഭിക്കാന്‍ നിയമപോരാട്ടം തുടരുന്ന ജസ്റ്റിസ് ഫോര്‍ വിനായക് കൂട്ടായ്മ പ്രശ്‌നവല്‍ക്കരിക്കുന്നത്. ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഷൈജു വാടാനപ്പള്ളി പ്രതികരിക്കുന്നു;
‘ദളിത് യുവത്വങ്ങളെ, സമൂഹത്തില്‍ തങ്ങളും കൂടി ഒരു ഭാഗമാണ് എന്ന് സമൂഹത്തോട് പറയുന്നവരെ ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയ മുഖം ഇവിടെ ഉണ്ട്. ആ രാഷ്ട്രീയത്തോട് നമ്മള്‍ സംവദിക്കുമ്പോള്‍ ആ സംവാദം പോലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു സമൂഹം ഇവിടെ നിലനില്‍ക്കുന്നു. അവിടെയാണ് വിനായകിന്റെ പോലുള്ള പ്രതിഷേധ ആത്മഹത്യകള്‍ നമ്മള്‍ ചൂണ്ടിക്കാണിക്കുന്നത്. അത് സത്യത്തില്‍ ജാതിയാണ്. കോളനികളില്‍ നിന്ന് ആളുകളെ പോലീസ് പിടിച്ചുകൊണ്ടുപോവുമ്പോള്‍ അവരെല്ലാം കുറ്റവാളികളായി കാണുന്ന അഥവാ അങ്ങനെയാക്കി മാറ്റുന്ന വ്യവസ്ഥിതി സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അത് വിനായകനിലൂടെ നമുക്ക് വ്യക്തമാവുന്ന സത്യമാണ്. അത് മറികടക്കാനുള്ള ആലോചനകള്‍ കൂടി ഈ സമൂഹത്തില്‍ നിന്നും ഉണ്ടാവേണ്ടതാണ്. ഭരണകൂടത്തിന് അംഗീകരിക്കാന്‍ കഴിയാത്ത ഒരു വസ്തുതയായി വിനായകന്‍ മാറ്റപ്പെട്ടുകഴിഞ്ഞു. ഭരണകൂട സംവിധാനങ്ങളുടെ ക്രൂരതയ്ക്കിരയായി സ്വന്തം ജീവനൊടുക്കേണ്ടി വന്ന വിനായകിന് ഇന്നേവരെ ഒരു രൂപ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്നത് ദളിത് സമൂഹത്തെ എത്രത്തോളം ഒരു ഭരണകൂടം മാറ്റിനിര്‍ത്തുന്നു എന്നതിന് ഉദാഹരണമാണ്. ഒരു പട്ടികജാതിക്കാരന്‍ ക്രൂരമായി ആക്രമിക്കപ്പെട്ട് മരിച്ചിട്ടും ശരിയായ രീതിയില്‍ ഒരു അന്വേഷണം നടത്താന്‍ പോലും കഴിഞ്ഞിട്ടില്ല. പ്രേരണാകുറ്റം പോലും ചുമത്താതെ പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വീകരിക്കുന്നത് എന്നുള്ളതുകൊണ്ട് ആ അന്വേഷണ ഉദ്യോഗസ്ഥനെ പോലും പ്രതിചേര്‍ക്കാനാണ് ലോകയുക്ത നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദളിതര്‍ക്ക് എവിടെയാണ് നീതി കിട്ടുന്നതെന്നതാണ് ചോദ്യം. രൂപത്തിന്റെയും വേഷത്തിന്റെയും പേരില്‍ ആക്രമിക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുമ്പോഴും, അവരുയര്‍ത്തുന്ന രാഷ്ട്രീയത്തെ അംഗീകരിക്കുമ്പോഴും, വിനായകിന്റെ മരണത്തെ, അതിലേക്കെത്തിച്ച സാഹചര്യങ്ങളെ ജാതിയുടെ രാഷ്ട്രീയമായാണ് ഉയര്‍ത്തിക്കൊണ്ട് വരേണ്ടതെന്നാണ് അഭിപ്രായം.’

ആക്ഷന്‍ ഹീറോ ബിജുമാരോട് ബെഹ്റ; ‘ക്ഷൌരം വേണ്ട’

ഇന്ന് സസ്പന്‍ഷന്‍ കാലാവധി പൂര്‍ത്തിയാക്കി കേസില്‍ പ്രതികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ജോലിയില്‍ തിരികെ പ്രവേശിച്ചിരിക്കുന്നു. പ്രതികള്‍ക്ക് സഹായം ചെയ്ത് നല്‍കുന്നു എന്ന് ആരോപണങ്ങള്‍ കേട്ട അതേ അന്വേഷണ ഉദ്യാഗസ്ഥന്‍ തന്നെ കേസ് അന്വേഷിക്കുകയും ചെയ്യുന്നു. സംഭവം നടന്ന് ആറ് മാസങ്ങളാവുമ്പോഴും വിനായകിന് ലഭിക്കേണ്ട നീതി ഇന്നും അന്യമായി തുടരുകയാണ്.

പാവറട്ടിയിലെയും കമ്മട്ടിപ്പാടത്തിലെയും വിനായകന്മാര്‍; ജാതിഭാരത്താല്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ നാട്ടിലാണ് ഈ സ്വാതന്ത്ര്യാഘോഷം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍