UPDATES

ട്രെന്‍ഡിങ്ങ്

കല്ലട ബസ്: 500 അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ 20 ദിവസം കൊണ്ട് ചുമത്തിയ പിഴ 1.32 കോടി രൂപ; എന്നിട്ടും നിയമലംഘനങ്ങള്‍ക്ക് കുറവില്ല

ബസ് പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാന്‍ ഗതാഗതവകുപ്പ് ആലോചിക്കുന്നു

പിഴ ചുമത്തിയാലും നിയമലംഘനം ആവര്‍ത്തിക്കാമോ? അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ക്ക് അങ്ങനെയാവാം എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍. മോട്ടോര്‍വാഹന വകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന സ്വകാര്യ ബസുകളുടെ എണ്ണം 500 ആണ്. ഇത്രയും ബസുകള്‍ക്കെതിരെ ഇപ്പോള്‍ ചാര്‍ജ് ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 3748. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്ന കണക്കനുസരിച്ച് തന്നെ ദിവസേന 120 മുതല്‍ 150 ബസുകള്‍ക്കെതിരെ കേസുകള്‍ ചാര്‍ജ് ചെയ്ത് പിഴ ചുമത്താറുണ്ട്. ആകെയുള്ള ബസുകളുടെ എണ്ണവും നിലവിലെ കേസുകളുടെ എണ്ണവും ദിവസേന ചാര്‍ജ് ചെയ്യപ്പെടുന്ന കേസുകളുടെ കണക്കും തമ്മിലെ ചേര്‍ച്ചക്കുറവ് വ്യക്തമാണ്. എന്നാല്‍ മോട്ടോര്‍വാഹന വകുപ്പിന് ഇത് കേവലം പിഴ ചുമത്തലിന്റെ വിഷയം മാത്രമാണ്. ഏപ്രില്‍ 24ന് തുടങ്ങിയ പരിശോധന ഇപ്പോഴും പുരോഗമിക്കവെ 20 ദിവസം കൊണ്ട് അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയ പിഴ 1.32 കോടി രൂപയിലധികം വരും. എന്നാല്‍ നിയമലംഘനങ്ങള്‍ക്ക് മാത്രം കുറവില്ലെന്ന് വ്യക്തമാക്കുന്നതാണ് ദിവസേനയുള്ള കേസുളുടെ എണ്ണം. നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടി എന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോഴും നിയമലംഘനങ്ങള്‍ തടയുന്നതിനോ കര്‍ശന നടപടിക്കോ മുതിരാതെ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരെ സഹായിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.

കഴിഞ്ഞ മാസം കല്ലട ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവാക്കളെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തോടെയാണ് കല്ലടയുള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ രോഷം ഉയര്‍ന്നത്. ബസ് ജീവനക്കാര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ കേസ് എടുക്കാന്‍ പോലീസും നിര്‍ബന്ധിതരായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വകാര്യ ബസ് സര്‍വീസുകളെ വിമര്‍ശിച്ചുകൊണ്ടും ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞും നിരവധി പേരെത്തി. ബസ് ഉടമയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കുകയുമുണ്ടായി. നിയമങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ആ സാഹചര്യത്തിലാണ്. പരിശോധനകള്‍ ശക്തമാക്കി നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശത്തിനൊപ്പം അന്തര്‍സംസ്ഥാന ബസ് ഓപ്പറേറ്റര്‍മാര്‍ക്കായി മാനദണ്ഡങ്ങളും നിബന്ധനകളും അടങ്ങിയ ഉത്തരവും ഗതാഗതവകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ചു.

യാത്രാവഴിയില്‍ 50കി.മീ. ഇടവിട്ടുള്ള സ്ഥലങ്ങളില്‍ യാത്രക്കാര്‍ക്ക് ടോയ്‌ലറ്റ്, റിഫ്രഷ്‌മെന്റ് സൗകര്യം ലഭ്യമാക്കണം. യാത്രക്കാരുടെ ലഗേജ് അല്ലാതെ പാഴ്‌സലുകള്‍ കൊണ്ടുപോവാന്‍ പാടില്ല. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് 500 മീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ ബസുകളുടെ ബുക്കിങ് ഓഫീസോ പാര്‍ക്കിങ് കേന്ദ്രമോ അനുവദിക്കില്ല. ബുക്കിങ് ഓഫീസിന് ചുരുങ്ങിയത് 150 ചതുരശ്രഅടി വിസ്തീര്‍ണം വേണം. സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് യാത്രക്കാര്‍ക്കെങ്കിലും ഇരിക്കാനുള്ള സൗകര്യം വേണം. ടോയ്‌ലറ്റ് സൗകര്യവും ലോക്കര്‍ സംവിധാനവുമുള്ള ക്ലോക്ക് റൂം വേണം. ആറ് മാസം ബാക്ക് അപ്പ് ഉള്ള സിസിടിവി, കുടിവെള്ളം, അഗ്നിശമന സംവിധാനങ്ങള്‍ എന്നിവ ഓഫീസില്‍ ഉണ്ടായിരിക്കണം എന്നിവയാണ് ഗതാഗത വകുപ്പിറക്കിയ ഉത്തരവില്‍ പറയുന്ന മാനദണ്ഡങ്ങള്‍. എന്നാല്‍ ഇവയില്‍ ഒന്ന് പോലും പാലിക്കാതെയാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് തുടരുന്നത്. ഈ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് ഗതാഗത വകുപ്പ് നീങ്ങുമെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ സ്വകാര്യ ബസുകള്‍ക്കെതിരെ ജനരോഷം ഉയര്‍ന്ന സമയത്ത് പരിശോധനയും നടപടിയും കര്‍ശനമായിരുന്നു. ആ സമയത്ത് കുറേയേറെ ബസുകള്‍ നിരത്തില്‍ നിന്ന് പിന്‍വലിയുകയും സര്‍വീസുകള്‍ മൂന്നിലൊന്നായി ചുരുങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് പിഴചുമത്തി ‘പരിഹാരം’ കാണാന്‍ തുടങ്ങിയതോടെ വീണ്ടും സര്‍വീസുകള്‍ സജീവമായി.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നതിങ്ങനെ, ‘അവര് അവര്‍ക്ക് സൗകര്യമുള്ളത് പോലെ ഓടുന്നുണ്ട്. കുറേ മാനദണ്ഡങ്ങള്‍ വച്ചെങ്കിലും ആരും അത് അനുസരിക്കുന്നില്ല. സ്വകാര്യ ബസ് ലോബിയെ തൊടാന്‍ ആരും തയ്യാറാവില്ല. പലരുടേയും ഒത്താശയോടെയാണ് അവര്‍ പണ്ട് മുതലേ സര്‍വീസ് നടത്തുന്നത്. മൊത്തം ക്രമക്കേടാണെന്ന് അറിഞ്ഞിട്ടും ഇതുവരെ നടപടികളൊന്നും സ്വീകരിക്കാതിരുന്നത് അതുകൊണ്ടാണ്. ഫേസ്ബുക്കില്‍ ഇത്രവലിയ പ്രശ്‌നം ഉണ്ടായത് കൊണ്ട് മാത്രമാണ് കേസെടുത്തതും തുടര്‍പരിശോധനകള്‍ക്ക് നിര്‍ദ്ദേശിച്ചതും. ഒരു അടിസ്ഥാന സൗകര്യവും ആരും ഒരുക്കിയിട്ടില്ല. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് സ്വകാര്യ ബസ് ബുക്കിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനൊക്കെ മോട്ടോര്‍വാഹന വകുപ്പ് പിഴ ഈടാക്കുന്നുണ്ട്. പക്ഷെ പിഴ ചുമത്തി ഒരു പേപ്പര്‍ കൊടുത്താല്‍ ഞങ്ങളുടെ ജോലി തീരും. അവരത് സര്‍ക്കാരിലേക്ക് അടക്കുന്നുണ്ടോ എന്നുകൂടി അറിയില്ല. ഇവിടെ ഓടുന്ന 95ശതമാനം ബസുകളും മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. അതിനാല്‍ തന്നെ ഇവിടെ ചുമത്തിയ പിഴ അടച്ചില്ലെങ്കിലും അവര്‍ക്ക് തട്ടുകേടൊന്നും വരില്ല. ഇപ്പോഴത്തെ പരിശോധന വെറും പ്രഹസനമാണ്. ആദ്യ കുറച്ച് ദിവസം ഓടാതിരുന്ന ബസടക്കം എല്ലാ ബസും സര്‍വീസ് നടത്തുന്നുണ്ട്.’

കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ ടിക്കറ്റ് നല്‍കിയും, പലയിടങ്ങളില്‍ നിന്നായി യാത്രക്കാരെ കയറ്റിയും സര്‍വീസുകള്‍ തുടരുമ്പോള്‍ പിഴ ചുമത്തുകയല്ലാതെ ഇവരെ എങ്ങനെ നിയന്ത്രിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍. ബുക്കിങ് ഏജന്‍സികള്‍ക്ക് എല്‍എപിടി ലൈസന്‍സ് നിര്‍ബന്ധമാക്കിയെങ്കിലും ഭൂരിഭാഗം ബസ് ഓപ്പറേറ്റര്‍മാരും അത് പാലിക്കുന്നില്ല. ചിലര്‍ പിഴ ചുമത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് തുടങ്ങുന്നതിന് മുമ്പ് തന്നെ കൈപ്പടി നല്‍കി കേസില്‍ നിന്നും പിഴയില്‍ നിന്നും ഒഴിയുന്നതായും ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ദീര്‍ഘദൂര യാത്രാ സര്‍വീസുകള്‍ നടത്തുമ്പോള്‍ സ്‌റ്റേജ് കാര്യര്‍ ലൈസന്‍സ് ആണ് വേണ്ടത്. എന്നാല്‍ ഇത്രയും നാള്‍ കോണ്‍ട്രാക്ട് കാര്യേജ് ലൈസന്‍സിലാണ് ബസുകള്‍ സര്‍വീസ് നടത്തിയിരുന്നത്. സര്‍വീസുകള്‍ക്ക് കോണ്‍ട്രാക്ട് കാര്യേജ് ലൈസന്‍സ് മതിയെന്ന സര്‍ക്കാര്‍ തീരുമാനം വിമര്‍ശനത്തിനിടയാക്കിയിരുന്നു. നിയമലംഘനത്തെ നിയമാനുസൃതമാക്കാനും അതുവഴി സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണ് ഉദ്യോഗസ്ഥരുടെ നീക്കമെന്നുമായിരുന്നു വിമര്‍ശകരുടെ പക്ഷം.

ബസ് പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങാന്‍ ഗതാഗതവകുപ്പ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ബസുകളുടെ സര്‍വീസ് കുറഞ്ഞാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആശ്രയിക്കാവുന്ന മറ്റ് മാര്‍ഗങ്ങള്‍ നിലവില്‍ ഇല്ലാത്തതിനാല്‍ ഇത് യാത്രക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന ധാരണയാലാണ് കടുത്ത തീരുമാനങ്ങളിലേക്ക് ഗതാഗത വകുപ്പ് കടക്കാത്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കെഎസ്ആര്‍ടിസി 50 ബസുകള്‍ വാടകയ്‌ക്കെടുത്ത് ഉടന്‍ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ആരും അത് ഏറ്റെടുക്കാന്‍ വന്നില്ല. വീണ്ടും ടെന്‍ഡര്‍ വിളിക്കാനാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനം. കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കാതെ സ്വകാര്യബസുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചാല്‍ അത് യാത്രക്കാരുടെ പ്രതിഷേധത്തിന് വകവച്ചേക്കും. നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെങ്കിലും ബസ് ജീവനക്കാരുടേയും ഓപ്പറേറ്റര്‍മാരുടേയും സമീപനത്തില്‍ കാര്യമായ വ്യത്യാസമുണ്ടായിട്ടുള്ളതായി സ്ഥിരം യാത്രക്കാരില്‍ ചിലര്‍ പറയുന്നു. നിരക്കിലും പെരുമാറ്റത്തിലും വന്ന മാറ്റങ്ങള്‍ സ്വാഗതാര്‍ഹമാണെന്നാണ് യാത്രക്കാരുടെ പക്ഷം.

ഒരുവശത്ത് പരിശോധനയും പിഴ ചുമത്തലും പേരിന് നടക്കുമ്പോള്‍ യുവാക്കളെ ബസില്‍ മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു. ഇന്ന് തിരിച്ചറിയല്‍ പരേഡ് നടത്താനിരിക്കെയാണ് ശനിയാഴ്ച പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. തിരിച്ചറിയല്‍ പരേഡ് നടത്തുന്ന കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ധരിപ്പിക്കാത്തതാണ് ജാമ്യം ലഭിക്കാന്‍ കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആരോപണം. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന ആക്ഷേപവുമുണ്ട്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് തൃക്കാക്കര എസിപി പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തില്ല. കേസില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു. ജയേഷ്, രാജേഷ്, ജിതിന്‍, അന്‍വറുദ്ദീന്‍, ഗിരിലാല്‍, വിഷ്ണുരാജ്, കുമാര്‍ എന്നിവര്‍ക്ക് എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുക കെട്ടിവച്ച് ജിതിന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ തിരിച്ചറിയല്‍ പരേഡ് നടക്കാനിരിക്കുന്ന കാര്യം അന്വേഷണസംഘം കോടതിയെ അറിയിച്ചതിനാല്‍ മറ്റ് ആറ് പേര്‍ക്കും ജയിലില്‍ നിന്ന് ഇറങ്ങാനായിട്ടില്ല. അനുവദിച്ച ജാമ്യം അതേ കോടതിക്ക് റദ്ദാക്കാന്‍ കഴിയില്ല എന്നുള്ളതിനാല്‍ ജാമ്യം നല്‍കിയതിനെതിരെ അന്വേഷണസംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

Read More: 56 ഇഞ്ച് നെഞ്ചും 56 ഇഞ്ച് ഹൃദയവും; രണ്ടു കാഴ്ചപ്പാടുകളുടെ യുദ്ധം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍