UPDATES

ട്രെന്‍ഡിങ്ങ്

കരുണയില്ലാത്ത ഭരണകൂടം ആസിമിന്റെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുകയാണെന്ന് വി എം സുധീരന്‍

സർക്കാർ വാഗ്ദാനം ചെയ്ത വാഹന സൗകര്യം വേണ്ടന്നും തന്റെ സ്കൂളിൽ തുടർന്നു പഠിക്കാനുള്ള അവകാശമാണ് തനിക്ക് വേണ്ടതെന്നും അതിന് വേണ്ടി എത്ര കാത്തിരിക്കാനും തയ്യാറാണെന്നും മുഹമ്മദ് ആസിം

വെളിമണ്ണ ഗവ.ജി.യു. പി സ്കൂളിലെ അംഗപരിമിതനായ വിദ്യാർത്ഥി മുഹമ്മദ് ആസിമിന്റെ സ്വപ്നങ്ങളെ പിന്തുണച്ച് മുൻ കെ.പി.സി. സി പ്രസിഡന്റ് വി.എം സുധീരൻ രംഗത്തെത്തി. 90% വൈകല്യം ബാധിച്ച ആസിം താൻ പഠിച്ച വെളിമണ്ണ ജി .യു.പി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്‌കൂൾ ആക്കണം എന്ന ആവശ്യവുമായി കഴിഞ്ഞ ഒരു വർഷത്തോളമായി പഞ്ചായത്ത് മുതൽ സെക്രട്ടറിയേറ്റ് വരെ കയറി ഇറങ്ങിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ആസിമിന്റെ ആവശ്യം പരിഗണിക്കാമെന്ന് പല തവണ ഉറപ്പ് നൽകിയെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്ന് തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ വരെ ഇടപെട്ടിട്ടും സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. തുടർന്ന് നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിൽ ആസിം കോടതിയെ സമീപിക്കുകയായിരുന്നു.

ആസിമിന്റെ വൈകല്യം കണക്കിലെടുത്തും മൂന്ന് കിലോമീറ്റർ പരിധിയിൽ വെളിമണ്ണ മേഖലയിൽ മറ്റ് സർക്കാർ ഹൈസ്‌കൂളുകൾ ഇല്ലെന്ന വാദം ശെരിവെച്ചും വെളിമണ്ണ ജി.യു. പി സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ കോടതി ഉത്തരവിറക്കി. കോടതി ആസിമിനെ തുണച്ചെങ്കിലും സർക്കാർ കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുകയും തുടർന്ന് ഈ ജൂലൈ 18ന് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയുമായിരുന്നു.

കരുണയില്ലാത്ത ഭരണകൂടം ആസിമിന്റെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുകയാണ് ചെയ്യുന്നതെന്ന് ഈ വിഷയത്തിൽ വി.എം സുധീരൻ അഭിപ്രായപ്പെട്ടു. “94 വർഷത്തെ പാരമ്പര്യമുണ്ട് വെളിമണ്ണ ജി.യു.പി സ്കൂളിന്. ആ സ്കൂൾ അപ്ഗ്രേഡ് ചെയ്യേണ്ടത് നാടിന്‍റെ തന്നെ ആവശ്യമാണ്. പിന്നോക്ക മേഖലയിലുള്ള ധാരാളം കുട്ടികൾക്ക് അതൊരു അനുഗ്രഹമാകും” അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏപ്രിൽ 28 ന് ഇതേ ആവശ്യം ഉന്നയിച്ച് വി.എം.സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. സ്വന്തമായി സ്കൂളിൽ പോവാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ കഴിയാത്ത അസീമിനെ മുഖ്യമന്ത്രിക്കു കത്തിലൂടെ പരിചയപ്പെടുത്തുകയും ഒപ്പം ആസീമിന്റെ ആഗ്രഹ സാക്ഷാത്കാരത്തിനു വേണ്ടുന്ന നടപടികൾ സ്വീകരിക്കാനും സുധീരൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു. “കോടതി നീതി നൽകിയിട്ടും അത് നിഷേധിച്ചു കൊണ്ട് സിംഗിൾ ബെഞ്ചിന്റെ വിധിയിൽ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയ സർക്കാരിന്റെ നടപടി ക്രൂരമാണ്” സുധീരൻ പറഞ്ഞു . മനുഷ്യത്വരഹിതമായ ഇത്തരം നിലപാടുകൾ സർക്കാരിൽ നിന്നും ഉണ്ടാവുന്നത് അങ്ങേയറ്റം പ്രധിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ആസിമും നാടും നടത്തുന്ന നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് എന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും” വി.എം സുധീരൻ പറഞ്ഞു.

അതേസമയം നീതിക്കു വേണ്ടി ഏതറ്റം വരെയും പോകുമെന്നും ഒരു നാട് മൊത്തം ആസിമിന്റെ കൂടെ ഉണ്ടെന്നും ആസിമിന്റെ പിതാവ് സഈദ് യമാനി പറയുന്നു. “സർക്കാരിന്റെ നടപടിയിൽ സങ്കടമുണ്ട്. എന്നാലും പ്രതീക്ഷ അസ്തമിച്ചിട്ടില്ല. ഇനിയും കോടതിയെ സമീപിക്കാനാണ് തീരുമാനം.” ഇത് ആസിമിന്റെ മാത്രം കാര്യമല്ലന്നും ഒരു നാടിന്റെ മൊത്തം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .

സർക്കാർ വാഗ്ദാനം ചെയ്ത വാഹന സൗകര്യം വേണ്ടന്നും തന്റെ സ്കൂളിൽ തുടർന്നു പഠിക്കാനുള്ള അവകാശമാണ് തനിക്ക് വേണ്ടതെന്നും അതിന് വേണ്ടി എത്ര കാത്തിരിക്കാനും തയ്യാറാണെന്നും മുഹമ്മദ് ആസിം പറഞ്ഞു.

എല്ലാം ശരിയാക്കുന്ന സര്‍ക്കാര്‍ എന്തിനാണ് ഈ ഭിന്നശേഷിക്കാരനായ കുഞ്ഞുബാലനോട് യുദ്ധം ചെയ്യുന്നത്?

അഞ്ജലി അമൃത്

അഞ്ജലി അമൃത്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍