ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വിഎസിനെ തള്ളി സര്‍ക്കാര്‍. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിഎസിനെ തള്ളി സര്‍ക്കാര്‍. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസില്‍ കുഞ്ഞാലിക്കുട്ടിയുള്‍പ്പെട്ടിട്ടില്ല എന്ന അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതോടെ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള വി എസിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് അന്ത്യമായേക്കും. കേരളത്തില്‍ ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച കേസ് അന്ത്യത്തിലേക്കെന്ന സൂചനയാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നല്‍കുന്നത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് വി എസ് വീണ്ടും കീഴ്‌ക്കോടതിയെ സമീപിച്ചത്. വിഎസിന്റെ ആവശ്യം തള്ളിയ സുപ്രീംകോടതി വേണമെങ്കില്‍ ഈ ആവശ്യമുന്നയിച്ച് വിചാരണക്കോടതിയെ സമീപിക്കാം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ച് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പുനരന്വേഷണ ഹര്‍ജി തള്ളിയതിനെതിരെ വിഎസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജിയിലാണ് നിലവില്‍ വാദം തുടരുന്നത്. കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയുടെ വിമര്‍ശനവും ഉണ്ടായിരുന്നു. അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട കേസല്ല ഇതെന്നും അതിനുവേണ്ടി സമയം കളയാനില്ലെന്നും ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. കുഴിച്ചുമൂടാന്‍ തക്ക കാലഹരണപ്പെട്ട കേസാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസെന്നും കോടതിയ്ക്ക് മറ്റ് പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കേണ്ടതുണ്ടെന്നും സര്‍ക്കാരാണ് റിവിഷന്‍ ഹര്‍ജി നല്‍കേണ്ടതെന്നും കോടതി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം വിഎസിന്റെ ആവശ്യത്തിന് എതിരായതോടെ ഹൈക്കോടതി വിഎസിന്റെ ആവശ്യം തള്ളാനാണിട. ഹൈക്കോടതി പുനരന്വേഷണ ആവശ്യം തള്ളിയാല്‍ പിന്നീട് വിഎസിന് നിയമപരമായി മുന്നോട്ട് പോവാനാവില്ല എന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു.
കേസില്‍ ആരോപണവിധേയനായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതാണ് സര്‍ക്കാര്‍ സത്യവാങ്മൂലം. വി എസിന്റെ വാദങ്ങള്‍ തെറ്റാണ്. കേസില്‍ ഇനി ഒരന്വേഷണവും ആവശ്യമില്ല. ഭരണമാറ്റം കേസിനെ ബാധിച്ചില്ല. അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കണം. റൗഫ് പെണ്‍കുട്ടിക്ക് പണം നല്‍കിയത് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയാണെന്നതിന് തെളിവില്ല എന്നീ കാര്യങ്ങളാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
ഐസ്‌ക്രീം പാര്‍ലര്‍ പീഡനക്കേസിന്റെ അന്വേഷണവും വിചാരണയും അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു വിഎസ് കോഴിക്കോട് ജെഎഫ്‌സിഎം കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസിലെ നടപടികള്‍ 2017 ഡിസംബര്‍ 23ന് കോടതി അവസാനിപ്പിച്ചു. പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ചായിരുന്നു കോടതി വിധി. ഇതിനെയാണ് വിഎസ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. പുനപരിശോധനാ ഹര്‍ജിയില്‍ പി കെ കുഞ്ഞാലിക്കുട്ടിയേയിം റൗഫിനേയും കക്ഷി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതി നിരീക്ഷണത്തില്‍ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ കീഴ്‌ക്കോടതി അവസാനിപ്പിച്ചത് ശരിയായില്ല. രാഷ്ട്രീയ സ്വാധീനമുള്ളവര്‍ നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചത് എങ്ങനെയെന്ന കാര്യം പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചില്ല എന്നും വിഎസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസിലെ വിചാരണ കഴിഞ്ഞയുടന്‍ ഇരകളെ ലണ്ടനിലേക്ക് നാടുകടത്തി. ലക്ഷക്കണക്കിന് രൂപ കുഞ്ഞാലിക്കുട്ടിയും കെ എ റൗഫും ഇരകള്‍ക്ക് നല്‍കി. ഇതെല്ലാം പരിശോധിച്ച് കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നായിരുന്നു വിഎസിന്റെ ആവശ്യം.
കോളിളക്കം സൃഷ്ടിച്ച ഐസ്‌ക്രീം പാര്‍ലര്‍ കേസ്
1995-96 കാലഘട്ടത്തിലാണ് കേസിനാസ്പദമാസ സംഭവം നടന്നത്. കോഴിക്കോട് ബീച്ചിനടുത്ത് ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നു. എ കെ ആന്റണി മുഖ്യമന്ത്രിയും പികെ കുഞ്ഞാലിക്കുട്ടി വ്യവസായവകുപ്പ് മന്ത്രിയുമായിരുന്നു അന്ന്. എന്നാല്‍ കേസില്‍ കാര്യമായ അന്വേഷണങ്ങളൊന്നും ഉണ്ടായില്ല. പിന്നീട് ഇ കെ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 1998ല്‍ കെ അജിതയാണ് കേസില്‍ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രി നായനാര്‍ക്ക് പരാതി നല്‍കിയത്. കേസ് അങ്ങനെ വീണ്ടും സജീവമായി. കേസന്വേഷണവും പ്രതിസന്ധിയിലായിരുന്നു. അന്വേഷണസംഘം തെളിവെടുപ്പിനെത്തുമ്പോള്‍ പെണ്‍വാണിഭം വ്യാപകമായി നടക്കുന്നു എന്ന് ആരോപിക്കപ്പെട്ട കെട്ടിടം പോലും സ്ഥലത്തുണ്ടായിരുന്നില്ല. കേസുമായി നേരിട്ട് ബന്ധമുള്ള രണ്ട് സ്ത്രീകളെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തുടക്കം മുതല്‍ കുറ്റാരോപിതനായ പി കെ കുഞ്ഞാലിക്കുട്ടിയിലേക്ക് വളരെ വേഗം അന്വേഷണം നീണ്ടു. പീഡിപ്പിക്കപ്പെട്ട അഞ്ച് പെണ്‍കുട്ടികള്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. എന്നാല്‍ പിന്നീട് എല്ലാവരും മൊഴിമാറ്റി. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയുള്ള മൊഴിയാണ് പിന്നീട് നല്‍കിയത്.
2004 ഒക്ടോബര്‍ 28ന് ഇന്ത്യാവിഷന്‍ ചാനലിലൂടെയാണ് കേസിലെ പ്രധാന ഇരയുടെ വെളിപ്പെടുത്തല്‍ വരുന്നത്. സംഭവം നടക്കുമ്പോള്‍ പ്രധാന ഇരയായ പെണ്‍കുട്ടിയ്ക്ക് 16 വയസ്സായിരുന്നു. അത് കേസില്‍ വീണ്ടും വഴിത്തിരിവായി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ആര്‍ എസ് പി നേതാവ് ടി ജെ ചന്ദ്രചൂഡനും ഇരയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് പത്രസമ്മേളനം വിളിച്ച് ആവശ്യപ്പെട്ടു. വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ച സംഭവ പരമ്പരകള്‍ക്കൊടുവില്‍ പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് മന്ത്രി സ്ഥാനം രാജിവക്കേണ്ടതായി വന്നു. പിന്നീട് വന്ന തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ കെ ടി ജലീലിനോട് പരാജയപ്പെടുകയും ചെയ്തു.
2005ല്‍ സബ് ജഡ്ജി കേസ് തള്ളി. പ്രധാന ഇര മൊഴിമാറ്റിയതോടെയാണ് കേസ് തള്ളപ്പെട്ടത്. പ്രതികളെയെല്ലാം കോടതി വെറുതെ വിട്ടു. 2006ല്‍ തെളിവില്ല എന്ന കാരണത്താല്‍ സുപ്രീംകോടതിയും കേസ് തള്ളി. പെണ്‍കുട്ടികളുടെയെല്ലാം ആദ്യ മൊഴി കുഞ്ഞാലിക്കുട്ടിക്ക് എതിരായിരുന്നെങ്കിലും പിന്നീട് പ്രധാന ഇരയടക്കം മൊഴിമാറ്റിയത് കേസിന് തിരിച്ചടിയായി. വിവാദങ്ങള്‍ കെട്ടടങ്ങിയപ്പോഴാണ് കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയും ബന്ധുവായ കെ എ റൗഫിന്റെ വെളിപ്പെടുത്തല്‍ വരുന്നത്. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം പ്രധാന ഇരയ്ക്ക് 2,65,000 രൂപയും മറ്റൊരു സാക്ഷിക്ക് 3,15,000 രൂപയും നല്‍കിയെന്നായിരുന്നു റൗഫിന്റെ വെളിപ്പെടുത്തല്‍. കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയായി വന്ന ഷെരീഫിനൊപ്പമാണ് പെണ്‍കുട്ടികളെ പോയി കണ്ടത്. കേസിലെ സാക്ഷികളായ രണ്ട് സ്ത്രീകളില്‍ നിന്ന് പേര് വച്ചും പേര് വക്കാതെയുമുള്ള രണ്ട് രേഖകള്‍ ഒപ്പിട്ട് വാങ്ങി. പത്തിലേറെ സ്ത്രീകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് വന്‍ തുകകള്‍ കൈമറിയിട്ടുണ്ടെന്നും റൗഫ് വെളിപ്പെടുത്തി. ഇതേതുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പേര് ഒഴിവാക്കി അദ്ദേഹത്തിന്റെ ഡ്രൈവര്‍ അരവിന്ദനെ പ്രതിയാക്കി കേസ് മുന്നോട്ട് പോയതെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്നും റൗഫ് പറഞ്ഞിരുന്നു. സാക്ഷികള്‍ക്കും ജഡ്ജിക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും വരെ പണം നല്‍കിയതായുള്ള വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയായി. 2005ല്‍ ഹൈക്കോടതിയില്‍ കേസിലെ വാദം കേട്ട ജസ്റ്റിസുമാരായ ടി കെ തങ്കപ്പന്‍, കെ നാരായണക്കുറുപ്പ് എന്നിവര്‍ക്ക് 30 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു റൗഫിന്റെ മറ്റൊരു പ്രധാന വെളിപ്പെടുത്തല്‍. അഡ്വക്കേറ്റ ജനറലായിരുന്ന ദാമോദരനും പണം നല്‍കിയതായി റൗഫ് പറഞ്ഞു. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കല്ലറ സുകുമാരന്‍ കുഞ്ഞാലിക്കുട്ടിയെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് നായനാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലായിരുന്ന എം കെ ദാമോദരനോട് ഉപദേശം തേടി. എന്നാല്‍ ദാമോദരന്‍ അതിനെ എതിര്‍ത്തു. ടി കെ തങ്കപ്പന്‍ കേസ് മറ്റൊരു സബ്ജഡ്ജിക്ക് വിട്ടിരുന്നു. കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം തള്ളിയത് നാരായണക്കുറുപ്പ് ആണ്. ഇതെല്ലാം പണം നല്‍കി അട്ടിമറിച്ചതാണെന്ന വെളിപ്പെടുത്തലാണ് റൗഫ് നടത്തിയത്. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റൗഫ് ഇത് സംബന്ധിച്ച മൊഴിയും രേഖപ്പെടുത്തി.
റൗഫിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ കേസ് വീണ്ടും പൊങ്ങി വന്നു. 2011 ജനുവരി മുപ്പതിന് പുതിയ കേസ് ഫയല്‍ ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എന്നാല്‍ കേസില്‍ അട്ടിമറി നടന്നതായി കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. കേസ് അന്വേഷണം അവസാനിച്ചു. 2013ല്‍ സിബീഐ അന്വേഷണം വേണമെന്ന ആവശ്യവുമായി വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിച്ചു. വാദം നടക്കുന്നതിനിടെ ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഎസിനെതിരായാണ് സുപ്രീംകോടതിയില്‍ വാദിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും ഇക്കാര്യം റൗഫ് വെളിപ്പെടുത്തിയിട്ടുണ്ടെന്നും വിഎസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. വിന്‍സണ്‍ എം പോളിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല അന്വേഷണം അട്ടിമറിച്ചത് എം കെ ദാമോദരനാണെന്നും അദ്ദേഹമാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്നും വ്യക്തിമാക്കിയെങ്കിലും കോടതി കണക്കിലെടുത്തില്ല. രാഷ്ട്രീയ ശത്രുത കോടതിയിലേക്ക് വലിച്ചിഴക്കരുതെന്നും വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള വേദിയല്ല കോടതിയെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ വിഎസിനെ വിമര്‍ശിച്ചു.
പിന്നീടാണ് വി എസ് പുനരന്വേഷണം ആവശ്യപ്പെട്ട് കീഴ്‌ക്കോടതിയെ സമീപിക്കുന്നത്. അവിടെയും സര്‍ക്കാര്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയതോടെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന് അന്ത്യമാവാനുള്ള സാധ്യതകളാണ് തെളിയുന്നത്. കുഞ്ഞാലിക്കുട്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കി സര്‍ക്കാരും കൂടെ നിന്നതോടെ വിഎസ് അച്യുതാനന്ദന്‍ ഇനി കേസില്‍ എന്ത് നടപടി സ്വീകരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.