UPDATES

ക്ഷണിക്കാത്ത സദ്യക്ക് പോകാത്ത വിഎസും പുത്തരിയില്‍ കല്ലിട്ട് കടിക്കുന്ന സര്‍ക്കാരും

വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. ഒരു കണക്കിന് ഉചിതമായ രീതിയില്‍ ക്ഷണിക്കാത്ത സദ്യക്ക് കാരണവര്‍ പോകാതിരുന്നത് നന്നായി.

കെ എ ആന്റണി

കെ എ ആന്റണി

തന്റെ സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ഒരു കാര്യം ഊന്നി പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ പോകാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നായിരുന്നു അത്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ ഉത്ഘാടനം ചെയ്യുന്ന വേളയില്‍ മുഖ്യമന്ത്രി ഒരു കാര്യം കൂടി വ്യക്തമാക്കി – ക്രിയാത്മക വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും നശീകരണ സ്വഭാവമുള്ള വിമര്‍ശനം അംഗീകരിക്കില്ലെന്നും. വിഎസ് അച്യുതാന്ദന്‍ ഇന്നലെ നടന്ന ആഘോഷച്ചടങ്ങില്‍ നിന്നും വിട്ടുനിന്നത് സംബന്ധിച്ച് ഉയരുന്ന വിമര്‍ശനത്തെ മുഖ്യമന്ത്രി ഇതില്‍ ഏത് വിഭാഗത്തില്‍ പെടുത്തും എന്നറിയില്ല. എന്നാലും വിഎസിന്‍റെ വിട്ടുനില്‍ക്കല്‍ പുത്തരിയില്‍ കല്ലുകടിച്ചത് പോലെയായി എന്ന് പറയാതെ തരമില്ല.

ആഘോഷ ചടങ്ങില്‍ നിന്നും വിഎസ് വിട്ടുനിന്നതിന് അദ്ദേഹത്തോടടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്. മുന്‍ മുഖ്യമന്ത്രിയും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സഭയിലെ ഏറ്റവും പ്രായമുള്ള അംഗവും ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും ഒക്കെയായ വിഎസിനെ ചടങ്ങിന് നേരിട്ട് ക്ഷണിച്ചില്ലെന്നും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളടക്കമുള്ളവര്‍ക്ക് നല്‍കിയ സാദാ പാസ് മാത്രമാണ് നല്‍കിയതെന്നുമാണ്. ഈ ആക്ഷേപം ശരിയാണെങ്കില്‍ വിഎസിനോട് ചെയ്തത് ഒട്ടും ശരിയായില്ല എന്ന് തന്നെ പറയേണ്ടിവരും.

വിഎസ് കാട്ടിയത് കൊതിക്കെറുവാണെന്ന് പറയുന്നവരുണ്ടാകാം. എന്നാല്‍ ഇതിനെ വെറും കൊതിക്കെറുവായി കാണുന്നത് ഒട്ടും ഉചിതമല്ല. തറവാട്ടില്‍ ഒരു ആഘോഷം നടക്കുമ്പോള്‍ തറവാട്ട് കാരണവരെ ഇങ്ങനെയായിരുന്നോ ക്ഷണിക്കേണ്ടിയിരുന്നതെന്ന് ഇനിയെങ്കിലും ചിന്തിക്കുന്നത് നന്നായിരിക്കും. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്. ഒരു കണക്കിന് ഉചിതമായ രീതിയില്‍, ക്ഷണിക്കാത്ത സദ്യക്ക് കാരണവര്‍ പോകാതിരുന്നത് നന്നായി.

ആഘോഷം തങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ അറിയിച്ചിരുന്നു. അവര്‍ ബഹിഷ്‌ക്കരിക്കുകയും ചെയ്തു. എന്നാല്‍ അവരുടെ ബഹിഷ്‌കരണത്തേക്കാള്‍ ഇന്നലെ വാര്‍ത്താ പ്രാധാന്യം ലഭിച്ചത് പിണറായി സര്‍ക്കാരിന്റെ ‘ജനവിരുദ്ധ’ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് – യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ കയ്യാങ്കളിയാണ്. ബുധനാഴ്ച രാത്രി തുടങ്ങിവെച്ച തല്ല് വ്യാഴാഴ്ച ഉച്ചവരെ നീണ്ടതിലൂടെ പ്രതിപക്ഷ ഐക്യം എത്ര ‘ശക്തം’ ആണെന്നും വ്യക്തമായി. പ്രതിപക്ഷത്തിന്റെ ഈ വീഴ്ചയിലൂടെ ലഭ്യമായ നേട്ടമാണ് വിഎസിനെ ‘അപമാനിക്കുക’ വഴി നഷ്ട്ടമാക്കിയതെന്ന് കൂടി സര്‍ക്കാര്‍ തിരിച്ചറിയുന്നത് നന്നായിരിക്കും.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍