UPDATES

ഒരു ജനത കുടിയിറങ്ങേണ്ടി വരുമോ? പാരിസ്ഥിതിക ദുരന്ത ഭീഷണിയില്‍ വയനാട്

ചരിത്രത്തിൽ അത്രയേറെയൊന്നും സമാനതകളില്ലാത്ത കനത്ത മഴ വയനാട്ടിൽ പെയ്തിറങ്ങിയപ്പോൾ അപൂർവമായ ഭൗമ പ്രതിഭാസങ്ങൾക്കും പാരിസ്ഥിതിക ചലനങ്ങൾക്കുമാണ് ഈ നാട് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്-ഭാഗം 2

ചരിത്രത്തിൽ അത്രയേറെയൊന്നും സമാനതകളില്ലാത്ത കനത്ത മഴ വയനാട്ടിൽ പെയ്തിറങ്ങിയപ്പോൾ അപൂർവമായ ഭൗമ പ്രതിഭാസങ്ങൾക്കും പാരിസ്ഥിതിക ചലനങ്ങൾക്കുമാണ് ഈ നാട് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഭൂമി വിണ്ടുകീറി വീടുകൾ വിള്ളൽ വീണ് വാസയോഗ്യമല്ലാതായി തീർന്നതാണ് ഈ പ്രതിഭാസങ്ങളുടെ ഏറ്റവും പ്രത്യക്ഷമായ അനുഭവങ്ങൾ. വയനാടിനെ സംബന്ധിച്ചിടത്തോളം സമഗ്രമായ ഭൗമശാസ്ത്ര പഠനത്തിന്റെ ആവശ്യകത കൂടി കഴിഞ്ഞുപോയ അതിവർഷത്തിന്റെ ദിനങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. കാലവര്‍ഷ ദുരന്തങ്ങള്‍ക്ക് ശേഷം വയനാട്. ആദ്യ ഭാഗം ഇവിടെ വായിക്കാംനിലതെറ്റിയ കുന്നുകള്‍ നിലവിളിക്കുന്നു; മറക്കരുത്, പരിസ്ഥിതി ലോലമാണ് വയനാട്

മാനന്തവാടി നഗരത്തിന് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള എടവക ഗ്രാമപഞ്ചായത്തിലെ ദ്വാരക , തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി, പ്ലാമൂല തുടങ്ങിയ പ്രദേശങ്ങളിലാണ്കൂടുതലായി ഭൂമി വിണ്ടുകീറി നിരങ്ങി നീങ്ങിയതും വീടുകൾക്ക് വിള്ളൽ സംഭവിച്ചതും. മഴ മാറിയിട്ടും ഈ പ്രതിഭാസങ്ങൾ ആവർത്തിക്കുന്നുണ്ട് പ്ലാമൂലയിൽ. പ്രദേശത്തെ ഏഴു വീടുകൾ പൂർണമായും തകർന്നു വാസ യോഗ്യമല്ലാതായിരിക്കുന്നു. ആർച് രൂപത്തിൽ കുന്ന് ഇടിഞ്ഞു താഴുന്ന പ്രതിഭാസമാണ് ഇവിടങ്ങളിൽ ഉണ്ടായത്. ഏഴു വീടുകൾ തകർന്നതിനു പുറമെ നിരവധി വീടുകൾ വിള്ളൽ വീണു വാസയോഗ്യമല്ലാതായി. പ്ലാമൂല കൊടുകളത്തെ റോഡ് ഒരു കിലോമീറ്ററോളം നീളത്തിലും പതിനെട്ട് അടിയോളം താഴ്ചയിലും തകർന്നുപോയി.

കൊടുകളത്തെ റിട്ട; അധ്യാപകൻ ടി കുഞ്ഞിക്കൃഷ്ണ മാരാരുടെ വീടിനു വിള്ളൽ സംഭവിച്ചതോടെയാണ് സമീപ വാസികളിലും ആശങ്ക പരന്നത് . ഭൂമി വിണ്ടു കീറുന്നതിനോടൊപ്പം മറ്റു വീടുകൾക്കും വിള്ളൽ വീണു തുടങ്ങിയതോടെ എല്ലാവരും വീടുകൾ ഉപേക്ഷിച്ചു മറ്റ് സ്ഥലങ്ങളിലേക്ക് താമസം തേടി പോയി. ഏറെ കാലത്തെ അധ്വാനത്തിന്റെ ഫലമായ വീടുകൾ ഒന്നോ രണ്ടോ ദിനങ്ങൾ കൊണ്ട് തകർന്നു നാട് പോലും വിട്ടു പോകേണ്ടി വരുന്നവരുടെ വേദന പറഞ്ഞറിയിക്കാനാവാത്തതാണ്.

പ്ലാമൂലയിൽ ആദ്യം തകർന്നു തുടങ്ങിയത് ഓടിട്ട വീടുകളായിരുന്നു. കുന്നിനു താഴെയുള്ള വീടുകളിൽ ആഗസ്ത് പകുതിയോടെയായിരുന്നു ഈ പ്രതിഭാസം കണ്ടുതുടങ്ങിയത് എന്ന് നാട്ടുകാരനും പരിസ്ഥിതി പ്രവർത്തകനുമായ വി കെ മനോജ് പറയുന്നു. മനോജിന്റെ വീടും വിള്ളൽ വീണ് വാസയോഗ്യമല്ലതായതോടെ ഇപ്പോൾ മാനന്തവാടിയിൽ വാടക വീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.

കുന്നിൻ ചെരിവിൽ ഭൂമി തള്ളി പോകുന്ന അവസ്ഥ ആയിരുന്നുവെന്നും പൂർണമായി ആ പ്രതിഭാസം നിലച്ചിട്ടില്ലെന്നും മനോജ് പറഞ്ഞു. “കുന്ന് നിരങ്ങിപോവുന്ന അവസ്ഥയാണിതെന്നു പ്രദേശം സന്ദർശിച്ച ജിയോളജിയുടെയും മറ്റും ഉദ്യോഗസ്ഥർ പറഞ്ഞു. ആഗസ്ത് 14 നാണ് വീടിന്റെ മുറ്റത്ത് വിണ്ടു കീറിയത്. അഞ്ചു കൊല്ലം മുമ്പ് നിർമ്മിച്ച കോൺക്രീറ്റ് വീടാണ്. ടൈൽസ് പൊട്ടി ഇളകി. ഭൂമിയിൽ വിള്ളൽ വന്നു പിന്നെ അത് വീടുകളിലേക്ക് വ്യാപിക്കുന്ന അവസ്ഥ. ഇരുപത് കോൽ ആഴമുള്ള കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്നു. കരിങ്കല്ല് കൊണ്ട് താഴോട്ട് കെട്ടി വന്ന കിണറാണ്..കുന്ന് നിരങ്ങി നീങ്ങിയതോടൊപ്പം വീടിരിക്കുന്ന സ്ഥലവും താഴ്ന്നു പോയി. വീടിന്റെ ചുമരുകൾ വിണ്ടു കീറി. സ്റ്റെപ്പുകൾ പൊളിഞ്ഞു.” മനോജ് പറഞ്ഞു നിർത്തുന്നു.

ഇങ്ങനെ നിരവധി കുടുംബങ്ങൾ ഈ മേഖലയിൽ ഭൗമ പ്രതിഭാസത്തിന്റെ കെടുതികൾ അനുഭവിച്ചവരാണ്. തൃശ്ശിരേലിയിലാണ് ഉളിക്കൽ ആദിവാസി കോളനി. ഇവിടെ മൂന്ന് വീടുകൾ വിണ്ടു കീറി പൂർണമായും തകർന്നു. സർക്കാർ സഹായത്തോടെ നിർമ്മിച്ച വീടുകൾ. ” രണ്ടു പെണ്മക്കളാണ്, വീട് ആണെങ്കിൽ പൂർണമായും തകർന്നു..ഇനി എവിടെ കയറിക്കിടക്കും? ” കോളനിയിലെ ജോഗിയുടെ കണ്ണുകൾ നിറഞ്ഞു.

തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ആയിരുന്നു കോളനിയിലെ രാധയുടെ വീട് നിർമ്മിച്ചത്. താമസം തുടങ്ങിയിട്ട് അധിക നാളായിരുന്നില്ല. ഇപ്പോൾ വിള്ളൽ വീണു തകർന്നതോടെ ഒഴിഞ്ഞു പോകേണ്ടി വന്നു. വീട്ടിലേക്കുള്ള വഴിയും പൂർണമായും തകർന്നു. ഈ പ്രദേശത്തെ മണപ്പുറത്ത് രാമചന്ദ്രന്റെ വീടിന് വിള്ളൽ വന്നതോടൊപ്പം ഒരേക്കറോളം വയൽ മൂടിപ്പോയി.

അശവൻകൊല്ലി വയലിലെ നെൽകൃഷി പൂർണമായും നശിച്ചു. മുള്ളൻകൊല്ലി, തൃശ്ശിലേരി ഹൈസ്കൂൾ റോഡിന്റെ ഒരു വശം ചെരിഞ്ഞമർന്ന നിലയിലാണ്. ഇങ്ങനെ പൂർവ സ്ഥിതിയിലാവാൻ കാലങ്ങൾ വേണ്ടി വരുന്ന വിധം ഭൗമ പ്രതിഭാസങ്ങൾ നിരവധി പ്രദേശങ്ങളിൽ നഷ്ടങ്ങൾ സമ്മാനിച്ചിരിക്കുന്നു.

പ്ലാമൂല കോളനിയിലെ ദാസന്റെ ഗൃഹപ്രവേശം ഒരു വര്‍ഷം മുൻപ് തിരുവോണ നാളിലായിരുന്നു. പക്ഷെ ഇക്കഴിഞ്ഞ ഓണ നാളുകളിൽ ഈ വീടിരുന്ന സ്ഥലം നിരങ്ങി നീങ്ങി താഴേക്ക് പതിച്ചു. വീട് പാടെ തകർന്നു. വീട്ടുപകരണങ്ങൾ അടക്കം എല്ലാം നഷ്ടപ്പെട്ടു. പതിവിലും ശക്തിയോടെ മഴ പെയ്തു തുടങ്ങിയപ്പോൾ സംഭവിക്കാൻ പോകുന്ന അപകടം തിരിച്ചറിഞ്ഞവരാണ് ഇവരെല്ലാം. അതിനാൽ ഭാഗ്യം എന്ന പോലെ ജീവൻ തിരിച്ചു കിട്ടി. പക്ഷെ മഴ വിട്ടകന്ന നാളുകളിൽ അവരില്ലെല്ലാം കണ്ണീരിന്റെ മരം പെയ്യുന്നുണ്ട്. കുന്ന് നിരങ്ങി നീങ്ങി വീടിന്റെ മുകളിലേക്ക് പതിച്ചപ്പോഴാണ് മക്കിമലയിൽ രണ്ടു പേരുടെ ജീവൻ നഷ്ടമായത്.

ദ്വാരകയിൽ അമ്പലത്തിങ്കൽ കുട്ടപ്പൻ സ്വന്തം വീടൊഴിഞ്ഞു പോയി. വീട് ഉൾപ്പെടുന്ന ഒരേക്കർ വരുന്ന സ്ഥലം ഒരു മീറ്ററിലധികം താഴ്ചയിലേക്ക് ഇരുന്നു പോയി. അത്ര വലിയ കുന്ന് അല്ലാതിരുന്നിട്ടും ഇവിടെയും ആർച്ച് മോഡലിൽ കുന്ന് ഇടിഞ്ഞു താഴ്ന്നു. റോഡിൽ നിന്ന് വീട്ടിലേക്കുള്ള വഴിയും വേർപെട്ടു. തൊട്ടു താഴെയുള്ള വയലും മൂടിപ്പോയി.

ഏറെ വർഷങ്ങൾക്ക് ശേഷമാണ് വയനാട്ടിൽ ഭൂമി വിണ്ടു കീറി ഇടിഞ്ഞു താഴേക്ക് പോകുന്ന പ്രതിഭാസം ഉണ്ടായത്. പ്ലാമൂല, ദ്വാരക, ഒഴക്കുടി, മക്കിമല തുടങ്ങിയ ഭാഗങ്ങളിലായിരുന്നു ഇത് കൂടുതൽ. ഇതിനു കാരണമായി കണക്കാക്കപ്പെടുന്നത് ഈ പ്രദേശങ്ങളുടെയെല്ലാം താഴെ ഭാഗത്ത് വലിയ ചതുപ്പ് നിലങ്ങൾ ഉണ്ടാവും. മലയുടെ ഉള്ളിൽ ഉരുള്‍പൊട്ടലിലേക്ക് നയിക്കുന്ന സമാനമായ ചലനങ്ങൾ ഇങ്ങനെയുള്ള പ്രദേശങ്ങളിലും സംഭവിക്കുന്നുണ്ട്. വയനാട്ടിലെ സ്ഥലങ്ങൾ ഏതാണ്ട് പഴയ ചതുപ്പുകൾ ആണ്. നൂറ് കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഈ അവസ്ഥ ആയിരുന്നു എന്ന പഠനങ്ങൾ പുറത്തു വന്നതാണ്. ഇത്തവണ പെയ്ത അതിവർഷത്തിൽ പഴയ ചതുപ്പിൽ ഉൾപ്പടെ വെള്ളം നന്നായി ഇറങ്ങിയതോടെ ഈ പ്രദേശങ്ങളിലെ മണ്ണ് മുഴുവൻ കുതിർന്നു. ഉരുള്‍പൊട്ടലിന് കാരണമായ സമാനചലനങ്ങൾ കൂടി ഭൂമിക്കടിയിൽ സംഭവിച്ചതോടെ കുന്നിൻ ചെരിവുകളിലെ ദുർബലമായ ഭാഗങ്ങൾ സ്വാഭാവികമായും ചതുപ്പിലേക്ക് നിരങ്ങി നീങ്ങുകയായിരുന്നു എന്ന് മണ്ണ് സരംക്ഷണ ഓഫിസർ പി യു ദാസ് പറയുന്നു.

ചിലയിടങ്ങളിൽ ആറ് മീറ്റർ വരെ താഴ്ന്നിട്ടുണ്ട്. ഈ സമ്മർദ്ദത്താൽ താഴെ ഭാഗങ്ങളിലുള്ള വയലുകൾ ഒരു മീറ്ററോളം പൊങ്ങി പോയി. അതിവർഷത്താൽ ബാലൻസ് തെറ്റിയ കുന്നിൻ ചെരിവുകളിലാണ് ഈ പ്രതിഭാസങ്ങൾ കൂടുതലായി കണ്ടത്. പ്ലാമൂലയിലെ വീടുകൾക്ക് സുരക്ഷ എത്രമാത്രം ഉണ്ട് എന്നത് പരിശോധിക്കേണ്ട വസ്തുതയാണ്.

ശക്തമായ ഉറവ ആണ് ഈ മഴയുടെ മറ്റൊരു പ്രത്യേകത. ഉറവകളിൽ നിന്ന് തെളിഞ്ഞ വെള്ളമാണ് വരുന്നതെങ്കിൽ അത്ര ഭയപ്പെടാൻ ഇല്ലെന്ന് പി യു ദാസ് പറയുന്നു. നല്ല പോലെ കലങ്ങിയിട്ടാണ് വെള്ളം വരുന്നതെങ്കിൽ ശ്രദ്ധിക്കണം. മണ്ണിനുള്ളിൽ എന്തോ ചലനങ്ങൾ നടക്കുന്നുണ്ട് എന്നതിന്റെ സൂചന ആണത്. എങ്കിലും ഈ ഉറവ പെട്ടന്ന് നിൽക്കും. അതിനു കാരണം മണ്ണിനകത്തെ ജൈവാംശം നഷ്ടപ്പെടുന്നതാണ്. മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ വെള്ളത്തെ സംഭരിക്കാൻ സാധിക്കുകയുള്ളൂ. അതാണ് ശക്തമായ മഴ പെയ്തിട്ടും വയനാട്ടിലെ പുഴകളിലെയും കിണറുകളിലെയും വെള്ളം അതിവേഗം താഴ്ന്നുകൊണ്ടിരിക്കുന്നത്.
ഇക്കാര്യങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് വയനാട്ടിലെ ഭൂമിക്ക് സംഭവിച്ച മാറ്റങ്ങളെ കുറിച്ചുള്ള വിപുലവും സമഗ്രവുമായ ഭൗമ ശാസ്ത്ര പഠനങ്ങളിലേക്കാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പടെയുള്ള സംഘടനകൾ ഈ ആവശ്യം ഉയർത്തിയിട്ടുണ്ട്.

അതിജീവനത്തിന്റെ മറുകരയിൽ എത്തുക എന്നത് എളുപ്പമല്ല വയനാടിന്. ആദിവാസികളും തോട്ടം തൊഴിലാളികളും സാധാരണ കർഷക തൊഴിലാളികളും ഉൾപ്പെടുന്ന വലിയൊരു ജനവിഭാഗം തിങ്ങി പാർക്കുന്ന വയനാടിന് ഇനി വേണ്ടതൊരു പുനർജന്മമാണ്. പരിസ്ഥിതിയെ ചേർത്തു പിടിക്കാൻ പാകത്തിലുള്ള പുനഃരുജ്ജീവനം.

നിലതെറ്റിയ കുന്നുകള്‍ നിലവിളിക്കുന്നു; മറക്കരുത്, പരിസ്ഥിതി ലോലമാണ് വയനാട്

ഇതാ, മലയാളികള്‍ ലോകത്തിന് മുന്നില്‍ വയ്ക്കുന്ന ‘New Kerala Model’

കൊന്നു തിന്നതിന്റെ ഒരംശമാണ് അവര്‍ തരുന്നത്; ദുരിതാശ്വാസ നിധിയിലേക്ക് പണം തരുന്ന കോര്‍പ്പറേറ്റുകളെ ആഘോഷിക്കേണ്ടതില്ല

ഷിജിത്ത് വായന്നൂര്‍

ഷിജിത്ത് വായന്നൂര്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍