UPDATES

ഞങ്ങള്‍ തൊഴിലെടുത്ത് ജീവിച്ച് കാണിക്കും; കൊച്ചി മെട്രോയില്‍ നിയമനം കിട്ടിയ ട്രാന്‍സ്‌ജെന്‍ഡര്‍ രാഗ രഞ്ജിനി

ജോലി കിട്ടി, താമസം ഇപ്പൊഴും പ്രശ്നം; ഇപ്പോള്‍ താമസിക്കുന്നത് ഹോട്ടലുകളില്‍

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലി നല്കി കൊച്ചി മെട്രോ ചരിത്രത്തിലേക്ക്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലി നല്കിയ ലോകത്തിലെ ആദ്യ മെട്രോ എന്ന പേരിലായിരിക്കും ഇനി കൊച്ചി മെട്രോ അറിയപ്പെടുക. ഇത്രയധികം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലി നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനവുമായി കൊച്ചി മെട്രോ മാറി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്‍കുമെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 23 പേര്‍ക്കാണ് കൊച്ചി മെട്രോയില്‍ ജോലി നല്കിയിരിക്കുന്നത്.

സമൂഹത്തില്‍ സ്വന്തം ഐഡന്‍റിറ്റി വെളിപ്പെടുത്താതെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു എപ്പോഴും ട്രാന്‍സ്‌ജെന്‍ഡേഴ്സ്. സ്വന്തം ഐഡന്‍റിറ്റി തിരിച്ചറിയുന്നതോടെ വീട്ടുകാരും സമൂഹവും അവരെ ഒറ്റപ്പെടുത്താറാണ് പതിവ്. പലപ്പോഴും അവര്‍ക്ക് നാടും വീടും വിട്ടു പലായനം ചെയ്യേണ്ടിവരുന്നു. നിരവധി ചൂഷണങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ഒരു ന്യൂനപക്ഷ വിഭാഗമാണ് ട്രാന്‍സ്‌ജെന്‍ഡേഴ്സ്. അവരില്‍ പലര്‍ക്കും നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും ഒരു തൊഴില്‍ സ്വപ്നം മാത്രമായിരുന്നു. അവരുടെ ഐഡന്‍റിറ്റി, അവരുടെ സാന്നിദ്ധ്യം പൊതുസമൂഹത്തിന് എപ്പോഴും അരോചകവുമായിരുന്നു. അതുകൊണ്ട് തന്നെയാണ് അവര്‍ക്ക് എപ്പോഴും ഇരുട്ടിന്‍റെ മറവില്‍ നില്‍ക്കേണ്ടി വന്നത്. അവര്‍ക്ക് അവരായി തന്നെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി അവര്‍ രംഗത്ത് വരാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. അവരുടെയും അവരോടൊപ്പം നില്‍ക്കുന്നവരുടെയും പോരാട്ടങ്ങള്‍ക്ക് ഫലമുണ്ടാകുന്നു എന്നതിന് തെളിവാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍.

പാലാരിവട്ടം മുതല്‍ ആലുവ വരെയുള്ള 11 മെട്രോ സ്‌റ്റേഷനുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ തൊഴിലാളികള്‍ ഉണ്ടാകുമെന്ന് കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറായ ഏലിയാസ് ജോര്‍ജ്ജ് പ്രഖ്യാപിച്ചു കഴിഞ്ഞു. പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമാണ് തൊഴിലാളികളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ക്ക് ഒരുമാസത്തെ പ്രത്യേക പരിശീലനവും കൊടുത്തിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചാണ് ഇവര്‍ക്ക് ജോലി നല്കിയിട്ടുള്ളത്. വിദ്യാഭ്യാസ യോഗ്യത കൂടുതലുള്ളവര്‍ക്ക് ടിക്കറ്റ് കൗണ്ടറിലും ബാക്കിയുള്ളവര്‍ക്ക് ഹൗസ് കീപ്പിംഗ് വിഭാഗത്തിലുമാണ് ജോലി നല്കിയിട്ടുള്ളത്.

ടിക്കറ്റ് കൌണ്ടറിലെ ജോലിക്കു അഞ്ചു പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അവരില്‍ ഒരാളായി ഒരുമാസത്തെ ട്രെയിനിംഗില്‍ പങ്കെടുത്ത രാഗരഞ്ജിനി ജോലികിട്ടിയതിലെ സന്തോഷവും ട്രെയിനിംഗ് അനുഭവങ്ങളും പങ്കുവെക്കുന്നു.

ഞങ്ങളുടെ സ്വന്തം ഐഡന്‍റിറ്റിയില്‍ ഒരു ജോലി ചെയ്യുക എന്നു പറഞ്ഞാല്‍ ഏറെ സന്തോഷമുള്ള കാര്യമാണ്. ഇങ്ങനെ ഒരു ഐഡന്‍റിറ്റി ആയതുകൊണ്ടാണ് ജോലി കിട്ടാത്തതും കിട്ടിയ ജോലി പോയതും ഒക്കെ. ഞങ്ങളും മനുഷ്യരാണ്, ഞങ്ങള്‍ക്കും കഴിവുണ്ട്.സമൂഹത്തിന്റെ മുഖ്യധാരയില്‍ ജോലി കിട്ടിയാല്‍ അത് ചെയ്തു കാണിക്കാന്‍ കഴിയും. സ്വന്തം ഐഡന്‍റിറ്റി വെളിപ്പെടുത്താതെ ജീവിക്കുന്നവര്‍ കുറേ പേര്‍ ഇപ്പൊഴും ഉണ്ട്. ഇതുപോലുള്ള അവസരങ്ങള്‍ അവര്‍ക്ക് കൂടി കിട്ടാന്‍ ഞങ്ങള്‍ പ്രയത്നിക്കും.

ഞങ്ങള്‍ ജോലിക്കു ജോയിന്‍ ചെയ്തിട്ടില്ല. എന്താണ് ഞങ്ങളുടെ പോസ്റ്റ് തുടങ്ങിയ കാര്യങ്ങളൊക്കെ പറഞ്ഞു. ഒരു മാസം ട്രെയിനിംഗ് ഉണ്ടായിരുന്നു. ഇനി ഒരു വണ്‍ഡേ ട്രെയിനിംഗ് കൂടി ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതിനു വേണ്ടി കാത്തിരിക്കുകയാണ്. ഒരുമാസത്തെ ട്രെയിനിംഗ് രാജഗിരി കോളേജില്‍ വെച്ചായിരുന്നു. ഗ്രൂമിംഗ്, ഹൌസ് കീപ്പിംഗ്, ഫ്രണ്ട് ഓഫീസ്, സ്പോക്കണ്‍ ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ ഇതൊക്കെയായിരുന്നു ട്രെയിനിംഗില്‍ ഉണ്ടായിരുന്നത്. ഞങ്ങള്‍ 23 പേരുണ്ടായിരുന്നു. എല്ലാവരെയും സെലക്ട് ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത നോക്കിയിട്ടാണ് ജോലി നിശ്ചയിച്ചിരിക്കുന്നത്. ഞങ്ങള്‍ അഞ്ചു പേര്‍ ടിക്കറ്റ് കൌണ്ടറിലെക്കും ബാക്കിയുള്ളവര്‍ ഹൌസ് കീപ്പിംഗ് സെക്ഷനിലേക്കുമാണ്. ഞാന്‍ പഠിച്ചത് ഡറാഡൂണിലാണ്. ബി കോം കഴിഞ്ഞതാണ്.

ജോലി കിട്ടിയതില്‍ ഞങ്ങള്‍ എല്ലാവരും വളരെയധികം സന്തോഷത്തിലാണ്. പക്ഷേ ഞങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത് താമസ സൌകര്യം ഇല്ല എന്ന പ്രശ്നമാണ്. ഞങ്ങള്‍ ഇപ്പൊഴും താമസിക്കുന്നത് ഹോട്ടലുകളിലാണ്. സാധാരണക്കാര്‍ മുന്നൂറും അഞ്ഞൂറും ഒക്കെ കൊടുക്കുന്ന ഹോട്ടലുകളില്‍ ഞങ്ങളോടു 600 ഉം 700 രൂപയൊക്കെയാണ് ഒരു ദിവസത്തേക്ക് വാങ്ങുക. ഞങ്ങള്‍ക്ക് ഒരു ഷെല്‍ട്ടര്‍ ഉണ്ടായായിരുന്നെങ്കില്‍ പ്രശ്നം ഇല്ലായിരുന്നു. ഇപ്പോള്‍ ജോബ് മാത്രമേ ഓഫര്‍ ചെയ്തിട്ടുള്ളൂ. താമസത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യം ഇനി നോക്കണം. താമസം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഫുഡ് ഉണ്ടാക്കി കഴിക്കാം. അതൊരു വിഷയമല്ല. ഞങ്ങള്‍ വാടകയ്ക്ക് വീട് അന്വേഷിച്ചാല്‍ തന്നെ ഞങ്ങള്‍ ട്രാന്‍സ് ആണെന്ന് അറിയുമ്പോള്‍ വീട് കിട്ടില്ല. അങ്ങനെ ഒരവസ്ഥയുണ്ട്.

എന്തായാലും കേരളം വിട്ടു എങ്ങോട്ടും പോവില്ല എന്നു തീരുമാനിച്ചവരാണ് ഞങ്ങള്‍. ഞങ്ങളുടെ നാട് വിട്ടു ഞങ്ങള്‍ ഓടിപ്പോകേണ്ട കാര്യം ഇല്ലല്ലോ. ഞങ്ങള്‍ക്ക് ഞങ്ങളുടെ നാട്ടില്‍ തന്നെ ജീവിക്കണം. അതിനു എന്തു വേണമെങ്കിലും ഞങ്ങള്‍ സഹിക്കാം. ഇപ്പോള്‍ സഹിച്ചു കൊണ്ടും ഇരിക്കുകയാണ്. ഇനി വരുന്ന തലമുറക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ സ്വന്തം ഐഡന്‍റിറ്റി വെളിപ്പെടുത്തിക്കൊണ്ട് ജീവിക്കാന്‍ പറ്റണം.

ഞങ്ങളും മനുഷ്യരാണെന്ന് അംഗീകരിച്ച ആദ്യത്തെ അനുഭവമായിരുന്നു രാജഗിരി കോളേജിലെ ട്രെയിനിംഗ് ദിവസങ്ങള്‍. ഞങ്ങള്‍ ആദ്യമായി സമൂഹത്തിന്‍റെ മുഖ്യധാരയുടെ ഭാഗമായ ദിവസങ്ങളായിരുന്നു അത്. ഒരുമാസം ഞങ്ങള്‍ രാവിലെ പോകുകയും വൈകീട്ട് തിരിച്ചു വരികയും ചെയ്യുകയായിരുന്നു. ക്യാമ്പസിലെ മറ്റ് കുട്ടികളോടൊപ്പം തന്നെയായിരുന്നു ഞങ്ങളും. ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. മറ്റുള്ളവരെല്ലാം നല്ല സഹകരണമായിരുന്നു. പുതിയ തലമുറയിലെ കുട്ടികള്‍ എല്ലാം അറിഞ്ഞു വളരുന്നവരാണ്. അവര്‍ക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നു. പഴയ തലമുറയിലെ ആളുകള്‍ക്കാണല്ലോ ഞങ്ങളെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ട്. ഇത്രയും നാള്‍ ഞങ്ങളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താതെയാണ് ജീവിച്ചത്. ഐഡന്‍റിറ്റി വെളിപ്പെടുത്തിയതിന്റെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഞങ്ങള്‍ അനുഭവിക്കുന്നുമുണ്ട്. പക്ഷേ ഞങ്ങള്‍ അതൊന്നും മൈന്‍റ് ചെയ്യുന്നില്ല. അത് വരും തലമുറയ്ക്ക് ഗുണം ചെയ്യും.

ഞങ്ങളുടെ ഫാമിലിക്ക് കാര്യങ്ങള്‍ ഒക്കെ അറിയാം. പക്ഷേ അവരൊക്കെ താമസിക്കുന്നത് ചെന്നൈയിലോ ബാംഗ്ലൂരോ ഒന്നും അല്ലല്ലോ. ഗ്രാമങ്ങളിലാണല്ലോ. അവര്‍ക്ക് ഞങ്ങളെ മനസ്സിലാകും പക്ഷേ മറ്റുള്ളവര്‍ക്ക് അതിനു പറ്റില്ലല്ലോ. അവിടെ താമസിക്കണം എങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ ഐഡന്‍റിറ്റി ഹൈഡ് ചെയ്തു ജീവിക്കണം. അതിന്റെ ആവശ്യം ഇല്ലല്ലോ. എന്റെ സര്‍ജ്ജറി ഒക്കെ കഴിഞ്ഞു. ഞാന്‍ ഇപ്പോള്‍ ഒരു ട്രാന്‍സ് ജെന്‍ററാണ്. ഇനി ഐഡന്‍റിറ്റി മറച്ചു വെച്ചു ജീവിക്കാനൊന്നും പറ്റില്ല.

രാജഗിരി കോളേജില്‍ വെച്ചു മെട്രോയുടെ എം ഡി ഏലിയാസ് സാറും മറ്റും ഒക്കെ വന്നിട്ടാണ് ഞങ്ങളുടെ പോസ്റ്റും സാലറിയും ഒക്കെ പറഞ്ഞത്. ജോലി ചെയ്യുന്ന ദിവസവും കാത്തിരിക്കുകയാണ് ഞങ്ങള്‍. ഞങ്ങള്‍ ജോലി ചെയ്തു കാണിച്ചു കൊടുക്കും. ഞങ്ങളുടെ വരും തലമുറയ്ക്കും സെക്സ് വര്‍ക്കിനൊന്നും ഇറങ്ങാതെ പഠിച്ചു മാന്യമായ ജോലി ചെയ്തു ജീവിക്കാന്‍ പറ്റണം. അതിനു വേണ്ടി ലോകത്തിന് തന്നെ മാതൃകയാകണം എന്ന ആഗ്രഹത്തിലാണ് ഞങ്ങള്‍.

ആത്മവിശ്വാസത്തോടെ രാഗരഞ്ജിനി പറഞ്ഞു നിര്‍ത്തി.

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍