UPDATES

പ്രായമായ അമ്മയെ കസേരയിൽ ഇരുത്തി വഞ്ചിയിൽ കയറ്റി വെള്ളത്തിലൂടെ നടന്നത് കിലോമീറ്ററുകള്‍; ഭയം വിട്ടുമാറാതെ പ്രളയബാധിതര്‍

മനുഷ്യര്‍ ഒറ്റക്കെട്ടാണിവിടെ; ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല; ദുരിതാശ്വാസ ക്യാമ്പുകള്‍ പറയുന്നു

മനുഷ്യൻ ഒറ്റക്കെട്ടാണിവിടെ. ഇവിടെ ജാതിയില്ല, മതമില്ല, രാഷ്ട്രീയ നിലപാടുകളില്ല. എല്ലാവരും ഒറ്റക്കെട്ടായാണ് കേരളത്തിലെ പ്രളയക്കെടുതിയെ നേരിടുന്നത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയിരത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്ന എട്ടു ലക്ഷത്തോളം പേരുടെ മനസാണിത്.

തിരുവാങ്കുളം വില്ലേജിന് കീഴിൽ വരുന്ന കരിങ്ങാച്ചിറ എംഡിഎം എൽ പി സ്കൂളിലെ ക്യാമ്പിൽ മാത്രം നൂറ്റമ്പതിലേറെ പേരാണുള്ളത്. ഇവരിൽ ഭൂരിഭാഗവും വടക്കൻ പറവൂർ ഭാഗത്തു നിന്നുള്ളവരാണ്. ഇതിൽ എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളും ഇതര സംസ്ഥാന തൊഴിലാളികളും ഇക്കൂട്ടത്തിലുണ്ട്.

51 പുരുഷൻമാരും 70 സ്ത്രീകളും 22 കുട്ടികളും 15 അന്യദേശ തൊഴിലാളികളും അടക്കം 158 പേരാണ് ഈ ക്യാമ്പിലുള്ളതെന്ന് കരിങ്ങാച്ചിറ എംഡിഎം സ്കൂളിന്റെ ചുമതലയിലുള്ള റവന്യൂ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തിരുവാങ്കുളം വില്ലേജിന് കീഴിൽ 3 ക്യാമ്പുകളാണ് ഉള്ളത്. ഭാസ്കരൻ കോളനിയാണ് അടുത്തത്. 146 പുരുഷൻമാരും 160 സ്ത്രീകളും 68 കുട്ടികളും ഉൾപ്പെടെ 374 പേരാണ് ഉള്ളത്. ഇരുമ്പനം വി എച്ച് എസ് സി ആണ് മറ്റൊരു ദുരിതാശ്വാസ ക്യാമ്പ്. 10 പുരുഷൻമാരും എട്ട് സ്ത്രീകളും 26 കുട്ടികളുമാണ് ഇവിടെയുള്ളത്. കരിങ്ങാച്ചിറ സെന്റ് ജോർജ്ജ് കത്തീഡ്രൽ യൂത്ത് അസോസിയേഷനാണ് ക്യാമ്പിലേക്ക് വേണ്ട സഹായങ്ങളെല്ലാം എത്തിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചതെന്ന് യൂത്ത് അസോസിയേഷൻ ഭാരവാഹി ബൈജു മാത്തറ അറിയിച്ചു. വരാപ്പുഴ, പറവൂർ മേഖലയിലുള്ളവരാണ് എല്ലാവരും. മറ്റുള്ള സ്ഥലങ്ങളിൽ നിന്നും കൊണ്ടുവന്ന സാധനങ്ങൾ മറ്റ് ദുരിതാശ്വാസ ക്യാമ്പുകളിലേക്കും എത്തിക്കുന്നുണ്ടെന്ന് ഇദ്ദേഹം അറിയിച്ചു. കൂനമ്മാവ്, വൈപ്പിൻ, തലയോലപ്പറമ്പ്, കീച്ചേരി, പെരുമ്പാവൂർ തുടങ്ങിയ ഭാഗങ്ങളിലേക്കാണ് ഇവർ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും എത്തിക്കുന്നത്. തിരുവാങ്കുളം മേഖലയിലെ വിവിധ സംഘടനകളും വ്യക്തികളുമാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സാധനങ്ങൾ എത്തിക്കുന്നത്. സാനിറ്ററി നാപ്കിനുകൾക്കും കുടിവെള്ളത്തിനുമാണ് ഏറ്റവുമധികം ആവശ്യക്കാരുള്ളത്. വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സാധനങ്ങൾ തരംതിരിച്ചാണ് അയക്കുന്നത്. രണ്ടായിരത്തിലേറെ ഭക്ഷണപ്പൊതികൾ ദിവസവും ഇവിടെ നിന്നും കയറ്റി അയക്കുന്നുണ്ടെന്ന് യൂത്ത് അസോസിയേഷൻ ഭാരവാഹി ലെവിൻ കൂട്ടിച്ചേർത്തു. അതുകൂടാതെ ഇവിടെയുള്ളവർക്കും ഭക്ഷണം തയ്യാറാക്കുന്നു.

ബന്ധുക്കളെല്ലാം വിവിധ ക്യാമ്പുകളിലായി പോയതിന്റെ ആശങ്കയിലാണ് പറവൂർ ചെറിയപനന്തുരുത്തി സ്വദേശി സിന്ധു സോമൻ. സിന്ധുവും സഹോദരന്മാരുടെ ഭാര്യമാരും മക്കളും ഇവിടെയുണ്ടെങ്കിലും ഭർത്താവും സഹോദരന്മാരും മറ്റെവിടെയോ ആണ്. ഇവരുടെയെല്ലാം വീടുകളുടെ മേൽക്കൂരയ്ക്ക് മുകളിലാണ് വെള്ളം. വീടുകളിൽ അരപ്പൊക്കം വെള്ളം കയറിയപ്പോൾ കരിമ്പാടത്തെ ക്യാമ്പിലേക്കാണ് ഇവർ ആദ്യം പോയത്. അന്ന് വൈകുന്നേരത്തോടെ ജല നിരപ്പ് വർദ്ധിച്ചതോടെ ക്യാമ്പിന്റെ രണ്ടാം നിലയിലേക്ക് കയറി. വീണ്ടും വെള്ളം കയറിയതോടെ നീന്തി പറവൂർ പള്ളിയിലെത്തി. എന്നാൽ വെള്ളപ്പൊക്കം അവരെ അവിടെയും തങ്ങാൻ അനുവദിച്ചില്ല. ആദ്യം പറവൂർ സമൂഹ സ്കൂളിലേക്കും പിന്നീട് വാഹനത്തിൽ കിലോമീറ്ററുകൾ അകലെയുള്ള കരിങ്ങാച്ചിറ പള്ളിയിലും ഇവരെത്തുകയായിരുന്നു. വെളളിയാഴ്ച രാത്രി പതിനൊന്ന് മണിക്കാണ് സിന്ധുവും കൂട്ടരും ഇവിടെയെത്തിയത്. കുട്ടികളെയെല്ലാം തലയിൽ ചുമന്ന് നീന്തിയ ആ ദിവസങ്ങളെക്കുറിച്ച് ഇവർക്കിപ്പോൾ ചിന്തിക്കാൻ പോലുമാകില്ല.

വെള്ളം കയറിയപ്പോൾ പറവൂർ സ്കൂളിലേക്കാണ് മനക്കപ്പടി സ്വദേശി വത്സലയും മക്കളും. പാത്രങ്ങളും രേഖകളുമെല്ലാം അടുത്തുള്ള തറവാട്ട് വീട്ടിൽ കൊണ്ടു പോയി വച്ചെങ്കിലും അവിടെയും വെള്ളം കയറി എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്.

ജീവിതകാലം മുഴുവൻ സമ്പാദിച്ചതെല്ലാം ഒരു പ്രളയം കൊണ്ടു പോയതിന്റെ വേദന സോമലതയുടെ കണ്ണുകളിൽ ഉറഞ്ഞിരിപ്പുണ്ട്. ഇവരും പറവൂർ സ്വദേശിയാണ്. ഒറ്റ രാത്രി കൊണ്ട്, കിടപ്പാടവുമില്ല, ആധാരവുമില്ല എന്നതാണ് ഇവരുടെ അവസ്ഥ. തമിഴ്നാട്ടിൽ പ്രളയമുണ്ടായപ്പോൾ അമ്പരന്ന് നോക്കി നിന്നവരാണ് നമ്മൾ ഇപ്പോൾ ഇത് നേരിട്ടനുഭവിക്കുമ്പോൾ ഇവരുടെ മനസിൽ മരവിപ്പാണ്. രണ്ട് കുഞ്ഞുകുട്ടികളെയുമായാണ് ഇവരെ രക്ഷാപ്രവർത്തകർ വീടിന് പുറത്തെത്തിച്ചത്. മക്കളുമായി രക്ഷപ്പെട്ടെങ്കിലും ആടുകളും കോഴികളും ഈ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയിട്ടുണ്ടാകുമെന്ന വേവലാതിയിലാണ് സോമലത.

“ഡാമുകൾ തുറന്ന് വിട്ടതോടെ പെരിയാർ കര കവിഞ്ഞൊഴുകിയപ്പോൾ തങ്ങൾക്ക് നഷ്ടമായത് സ്വന്തമെന്ന് പറയാനുണ്ടായിരുന്ന എല്ലാമാണ്.” വരാപ്പുഴ പാനായിക്കുളം മുല്ലൂർ വീട്ടിൽ എം.ജെ ഷാജി (47) ഇത് പറയുമ്പോൾ ശബ്ദം ഇടറുകയായിരുന്നു. സിവിൽ കോൺട്രാക്ട് ജോലികൾ ചെയ്ത് ഉപജീവനം കഴിക്കുന്ന ഇദ്ദേഹത്തിന്റെ വീട്ടിൽ വെള്ളം ഇരച്ചെത്തുന്ന സമയത്ത് പ്രായമായ അമ്മയും രണ്ട് മക്കളും ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ ഷാജു പറഞ്ഞത് ഇങ്ങനെയായിരുന്നു. “61 ൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ ഈ പ്രദേശത്ത് അരയ്ക്കൊപ്പം വെള്ളം കയറിയതായി കേട്ടുകേൾവി ഉണ്ടായിരുന്നു. അതിനപ്പുറത്തേക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് കിട്ടിയപ്പോൾ ഇത്ര വലിയ ദുരന്തം പ്രതീക്ഷിച്ചിരുന്നില്ല.
ഒരു ജീവിതായുസിന്റെ സമ്പാദ്യമാണ് വീട്ടിലുണ്ടായിരുന്നത് പെട്ടെന്ന് അത് ഇട്ടെറിഞ്ഞ് പോകാൻ മനസനുവദിച്ചില്ല. ഡാം തുറന്ന ആദ്യ ദിവസം വീടിന്റെ സമീപ പ്രദേശങ്ങളിൽ വള്ളം കയറിയപ്പോൾ അത് മഴ പെയ്ത വെള്ളമാണ് ഒഴുകി പൊയ്ക്കൊള്ളുമെന്ന് കരുതി. എന്നാൽ വെള്ളത്തിന്റെ അളവ് കുറയുമെന്ന് കരുതി. ഈ സമയം വൈദ്യുതി ബന്ധം നിലച്ചിരുന്നു. അതുകൊണ്ട് പ്രളയത്തിന്റെ തീവ്രത മുൻകൂട്ടി അറിയാൻ സാധിച്ചില്ല. ഫോണിൽ ചാർജില്ലാതെ ആയതോടെ പുറത്ത് നിന്ന് സന്ദേശങ്ങൾ ഒന്നും ലഭിക്കാൻ മാർഗമില്ലാതെ ആയി. രണ്ടാം ദിവസം രാവിലെ ആയതോടെ വീടിനകത്ത് വെള്ളം എപ്പോൾ വേണമെങ്കിലും കേറാമെന്ന അവസ്ഥയായി. ആ നിമിഷം മുതൽ വീട്ടിലെ ഉപകരണങ്ങൾ എല്ലാം കഴിയും വിധം സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റാൻ തുടങ്ങുകയായിരുന്നു. ഇലക്ട്രോണിക് സാധനങ്ങളായ ഫ്രിഡ്ജ്, ടിവി എന്നിവ കഴിവതും സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി. അതേസമയം വീടിന് എന്ത് സംഭവിക്കുമെന്ന ആകുലത ഉള്ളതുകൊണ്ട് വീട്ടിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ സുഹ്യത്തിന്റെ വീട്ടിൽ അഭയം തേടി. എന്നാൽ ഇവിടെയും വെള്ളം ഇരച്ചെത്തിയതോടെ പ്രായമായ അമ്മയും ഒപ്പമുള്ളതിനാൽ ഇവിടെ നിന്ന് 300 മീറ്റർ മാറി സമീപത്തെ ഉയർന്ന പ്രദേശത്തുള്ള വീടിന്റെ ടെറസിൽ അഭയം തേടി. ഇവിടെ ഒത്തിരിയധികം ആളുകൾ ഉണ്ടായിരുന്നു. വെള്ളം അതിവേഗത്തിൽ എത്തുമെന്നറിഞ്ഞതിനാൽ ക്യാമ്പിൽ അഭയം തേടാൻ തീരുമാനിക്കുകയായിരുന്നു ഷാജു പറഞ്ഞു. ആദ്യം പാനായികുളം ലിറ്റിൽ ഫ്ലവർ പള്ളിയിൽ അഭയം തേടിയെങ്കിലും ഭക്ഷണവും ഉടുത്തു മാറാനുള്ളതും ഇവിടെ കുറവായിരുന്നു തുടർന്നാണ് പുത്തൻ കുരിശ് മേഖലകളിലെ ക്യാമ്പുകളിൽ അഭയം തേടിയത്. തങ്ങൾ പ്രളയക്കെടുതിയിൽ അകപ്പെട്ടതിനെ തുടർന്ന് ബന്ധു തിരുമുപ്പം പ്രദേശത്ത് കാത്തിരിക്കുന്നു എന്നറിഞ്ഞു. തുടർന്ന് പ്രായമായ അമ്മയെ കസേരയിൽ ഇരുത്തി വഞ്ചിയിൽ കയറ്റി വെള്ളത്തിലൂടെ കിലോമീറ്ററുകൾ നടന്ന് സ്വന്തം നിലയ്ക്ക് രക്ഷപ്പെട്ടതാണ് ജീവനോടെ ഇരിക്കാൻ കാരണമെന്നും ഇദ്ദേഹം പറയുന്നു. ഇനി തിരികെ ചെന്നാൽ വിലപ്പെട്ട രേഖകൾ ഒന്നും അവിടെ ഉണ്ടാകുമെന്ന് കരുതുന്നില്ല. ആദ്യം വീട് അവിടെ ഉണ്ടോ എന്നറിയണം എന്നിട്ട് വേണം മുന്നാട്ടുള്ള നടപടികൾ വരാപ്പുഴ.”

എറണാകുളം ഗോതുരുത്തിൽ പ്രളയ മുന്നറിപ്പ് കിട്ടിയിട്ടും സുരക്ഷിതരെന്ന് കരുതിയ കുടുംബമായിരുന്നു നടുവിലെ വീട്ടിൽ സാബു സെബാസ്റ്റ്യനും കുടുംബവും. ഈ മേഖലയിൽ താരതമ്യേന ഉയരം കൂടിയ സ്ഥലത്ത് വീടുള്ള കുടുംബമായിരുന്നു സെബാസ്റ്റ്യന്റത്. അതുകൊണ്ട് തന്നെ ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം ആധിയില്ലാതെ ആയിരുന്നു കഴിഞ്ഞത്. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായി ഇവിടെയും വെള്ളം കയറി. എന്നാൽ അയൽവാസികൾ വിളിച്ചറിയിച്ചപ്പോഴാണ് ഞെട്ടലോടെ സെബാസ്റ്റ്യൻ ഇത് കേട്ടത്. എങ്ങോട്ടെങ്കിലും മാറിക്കോ വെള്ളം എത്തുന്നുണ്ട് എന്ന്. ഈ സമയം വെള്ളം സമീപ പ്രദേശങ്ങിൽ ഇരച്ചെത്തുന്ന ശബ്ദം കേൾക്കാമായിരുന്നു. അപ്പോൾ 16 തീയതി 2.45 ടെ സമയം അടുത്തിരുന്നു. എന്നാൽ പുറത്തിറങ്ങി നോക്കിയപ്പോൾ വെള്ളം അടുത്തെങ്ങും എത്തിയിരുന്നില്ല. പിന്നീട് പുലർച്ചെ അഞ്ചോടെ പുറത്തിറങ്ങിയപ്പോൾ മുട്ടോളം വെള്ളം വീടിനകത്തേക്ക് എത്തിയിരുന്നു. തലേ ദിവസം കറണ്ട് ഇല്ലാതിരുന്നാലും മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് സെബാസ്റ്റ്യൻ പറയുന്നു. മുട്ടോളം വരെ എത്തിയ വെള്ളത്തിന്റെ അളവ് കുറയുമെന്ന് കരുതി കുറച്ച് നേരം കാത്തിരുന്നെങ്കിലും വെള്ളം കൂടുതൽ എത്തുന്നതല്ലാതെ കുറയുന്ന സാഹചര്യം ആയിരുന്നില്ല. ഒടുവിൽ മനസില്ലാ മനസോടെ വീട് വിട്ട് ഇറങ്ങുകയായിരുന്നു. അയൽവാസികളായ 80 ഉം 85 ഉം പ്രായമുള്ള അമ്മ മാരെ തോണിയിൽ ഇരുത്തി ഞങ്ങൾ ഗോതുരുത്ത് സൗത്ത് ബ്രിഡ്ജിനടുത്ത് എത്തുകയായിരുന്നു. അവിടെ നിന്ന് ആരെയോ കൊണ്ടു പോകുന്നതിനു എത്തിയ ബസിൽ രക്ഷപ്പെട്ടെത്തുകയായിരുന്നു സെബാസ്റ്റ്യൻ അഴിമുഖത്തോട് പറഞ്ഞു.

വരാപ്പുഴ കുരിശ് മറ്റം സ്വദേശി ബെൻസി സാജുവിന് പ്രളയം കന്നുകാലി കൃഷിയിലും നഷ്ടം വരുത്തി. പശു , പോത്ത് തുടങ്ങിയ കൃഷി നടത്തി വന്നിരുന്ന ബെൻസിയുടെ ഒരു പശു ജലപ്രളയത്തെ തുടർന്ന് ചത്തു. നാല് പോത്തുകളെ പ്രളയത്തിൽ ഉപേക്ഷിച്ചാണ് ബെൻസി ക്യാമ്പിലെത്തിയത്.

ദുരിതാശ്വാസ ക്യാമ്പുകൾ ഇവർക്ക് താൽക്കാലിക ആശ്വാസം മാത്രമാണ്. ഈ ക്യാമ്പുകളിൽ നിന്ന് തിരികെ പോകുമ്പോൾ അവരെ കാത്തിരിക്കുന്നത് തങ്ങളുടെ പൂർവകാലത്തിന്റെ ശവപ്പറമ്പായിരിക്കും. എങ്കിലും ഇവർ നമ്മോട് ചോദിച്ചു കൊണ്ടിരിക്കും എന്ന് വെള്ളം കുറയും എന്ന് ഞങ്ങളുടെ വീടുകളിൽ പോകാം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍