പുഴ കരകവിഞ്ഞ് ഒഴുകിയതിനപ്പുറം വലിയ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ
കേരളത്തിലെ പ്രളയ വാര്‍ത്തകള്‍ ഏറ്റവും അധികം ഭീതിയോടെ കേട്ടിരിക്കുന്നവരാണ് പ്രവാസികള്‍. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വരുന്ന ഓരോ വാര്‍ത്തയും ഇവരുടെ ചങ്കിടിപ്പ് കൂട്ടുകയാണ്. വരുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ അറിയാന്‍ വഴിയില്ല. നാട്ടിലുള്ള തങ്ങളുടെ കുടുംബങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ എന്തെങ്കിലും അത്യാഹിതം സംഭവിച്ചോ എന്നറിയാന്‍ കഴിയാതെ പോകുന്നതാണ് പ്രവാസികളെ തളര്‍ത്തുന്നത്. വൈദ്യുതിയും ഇന്റര്‍നെറ്റ് സൗകര്യവും തടസപ്പെട്ടതോടെ നാട്ടില്‍ ആരെയും ബന്ധപ്പെടാന്‍ നിവൃത്തിയില്ല. ഇതുമൂലം പലഭാഗങ്ങളിലുള്ള സുഹൃത്തുക്കളെ ഓരോ നിമിഷവും വിളിച്ച് വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുകയാണ് പലരും. ചിലര്‍ നാട്ടിലേക്ക് എത്താന്‍ വേണ്ടിയുള്ള പരിശ്രമത്തിലാണ്.
ഇത്തവണ പ്രളയം വലിയ നാശം വിതച്ച മലപ്പുറത്തെ വാര്‍ത്തകളാണ് പ്രവാസികളിലെ കൂടുതല്‍ ഭയത്തിലാഴ്ത്തുന്നത്. കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുകളും നിലമ്പൂരും പരിസര പ്രദേശങ്ങളും ആകെ തകര്‍ത്തിരിക്കുകയാണ്. കമ്യൂണിക്കേഷന്‍ മാര്‍ഗങ്ങളും അടഞ്ഞതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകളിലെ വാസ്തവം അറിയാതെ പരിഭ്രാന്തരായിരിക്കുകയാണ് നൂറുകണക്കിന് പ്രവാസികള്‍.
കവളപ്പാറയില്‍ ഉണ്ടായ വന്‍ അത്യാഹിതത്തിനു പിന്നാലെ തൊട്ടടുത്ത പ്രദേശമായ അമ്പിട്ടാന്‍പൊട്ടിയില്‍ നൂറോളം വീടുകള്‍ ഒലിച്ചു പോയെന്ന വാര്‍ത്തയാണ് പ്രവാസികളെ ഞെട്ടിച്ചിരിക്കുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപോലെ വലിയൊരു ദുരന്തം അമ്പിട്ടാംപൊട്ടിയില്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളും സ്ഥലം എംഎല്‍എ പി വി അന്‍വറും അടക്കമുള്ളവര്‍ പറയുന്നത്. മാധ്യമങ്ങള്‍ കൃത്യമായ വിവരമല്ല വാര്‍ത്തകളാക്കുന്നതെങ്കില്‍ അത് ജനങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്നാണ് ഇവരുടെ പ്രതികരണം.
ഇന്നലെ മീഡിയ വണ്‍ ചാനലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മല വെള്ളപ്പാച്ചിലില്‍ നിലമ്പൂര്‍ മുണ്ടേരിയിലെ അമ്പിട്ടാന്‍പൊട്ടിയില്‍ ഒരു പ്രദേശം പൂര്‍ണമായി അപ്രത്യക്ഷമായെന്നാണ്. ഇവിടെ നൂറോളം വീടുകള്‍ വെള്ളത്തില്‍ ഒലിച്ചുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെയുണ്ടായിരുന്ന ജനങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നതിനാല്‍ ആളപായം ഒന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
ചാലിയാറും കാരാടന്‍ പുഴയും ഒന്നിക്കുന്ന പ്രദേശമാണ് അമ്പിട്ടാന്‍പൊട്ടി. ഇതിന്റെ അക്കരെയുള്ള പ്രദേശമാണ് ശാന്തിഗ്രാം. രണ്ടു ഗ്രാമങ്ങളെയും ഒന്നിപ്പിക്കുന്നത് ശാന്തിഗ്രാം പാലം ആയിരുന്നു. ഈ പാലം വെള്ളത്തില്‍ ഒളിച്ചു പോയി. ഇതോടെ പുറത്തേക്ക് കടക്കാന്‍ മാര്‍ഗമില്ലാതെ ശാന്തിഗ്രാം ഒറ്റപ്പെട്ടു. കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതോടെ ഈ മാര്‍ഗവും ശാന്ത്രിഗാം നിവസികള്‍ക്കു മുന്നില്‍ അടഞ്ഞു. ഏകദേശം 200 ഓളം കുടുംബങ്ങള്‍ ഇവിടെ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇങ്ങോട്ടേക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ആകെ രണ്ട് ചെറിയ കടകള്‍ മാത്രമാണ് ഇവിടെയുള്ളതെന്നാണ് തൊട്ടടുത്ത പ്രദേശമായ വെളിമ്പിയംപാടത്തുള്ളവര്‍ പറയുന്നത്. പോത്തുകല്‍ ടൗണിനെയായിരുന്നു ശാന്തിഗ്രാമിലുള്ളവര്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. ആശുപത്രി സൗകര്യവും ശാന്തിഗ്രാമിലില്ല. മലവെള്ളം കുത്തിയൊലിച്ച് വന്നതോടെയാണ് മുണ്ടേരി മുതല്‍ അമ്പിട്ടാന്‍പൊട്ടി വരെയുള്ള തീരങ്ങളില്‍ പുഴ കരവിഞ്ഞ് ഒഴുകിയത്. ഈയൊഴുക്കിലാണ് പാലം തകര്‍ന്നതും. പാലത്തിന്റെ മൂന്നു ബീമുകള്‍ പാടെ തകര്‍ന്നു പോയി. പുഴ കരകവിഞ്ഞ് ഒഴുകിയപ്പോഴാണ്, തീരത്തുണ്ടായിരുന്ന അമ്പിട്ടാന്‍പൊട്ടിയിലെ നൂറോളം വീടുകള്‍ ഒലിച്ചുപോയതെന്നായിരുന്നു വാര്‍ത്ത. 200 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായെന്നും പറഞ്ഞു.
വീടുകള്‍ നശിച്ചിട്ടുണ്ടെങ്കിലും വാര്‍ത്തയില്‍ പറയുന്നത്ര ദുരന്തം ഉണ്ടായിട്ടില്ലെന്ന് അമ്പിട്ടാന്‍പൊട്ടിയിലെ നാട്ടുകാര്‍ പറയുന്നുണ്ട്. 12 ഓളം വീടുകള്‍ ഒരുമിച്ച് പോയിട്ടുണ്ട് ഇവിടെ. ഭൂമിയും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ നൂറോളം വീടുകള്‍ പോയി എന്നു പറയുന്നത് ശരിയല്ലെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. നൂറു വീടുകള്‍ പോയെന്നു പറഞ്ഞാല്‍ കവളപ്പാറയിലേക്കാള്‍ വലിയ നാശനഷ്ടമാകും. കവളപ്പാറയും അമ്പിട്ടാന്‍പൊട്ടിയും പുഴയുടെ അക്കരയും ഇക്കരയും ഉള്ള സ്ഥലങ്ങളാണ്. പാലത്തിന്റെ വശത്തുള്ള വീടുകള്‍ക്ക് നാശം ഉണ്ടായിട്ടുണ്ട്. നൂറു വീടുകളൊന്നും പോയിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ നാട്ടിലില്ലാത്തവരാണ് ഭയക്കുന്നത്. ഈ പ്രദേശങ്ങളില്‍ നിന്നും നിരവധി പേര്‍ പ്രവാസികളായിട്ടുണ്ട്. അവരൊക്കെ വല്ലാത്ത ഭയത്തിലാണ്. നെറ്റ് വര്‍ക്ക് പ്രശ്‌നം കാരണം ഫോണില്‍ ഇവിടെയുള്ളവരെ കിട്ടില്ല. അതുകൊണ്ട് ആര്‍ക്കും വിളിച്ച് വിവരങ്ങള്‍ അറിയാനും കഴിയുന്നില്ല. ഇതാണവരെ കൂടുതല്‍ പേടിപ്പിക്കുന്നത്. ശരിയായ വാര്‍ത്തകളല്ല പുറത്തു വരുന്നതെങ്കില്‍, അത് കുറെ മനുഷ്യരെ പേടിപ്പിക്കുമെന്ന കാര്യം കൂടി എല്ലാവരും ഓര്‍ക്കണം; നാട്ടുകാരനായ റിന്‍ഷാദ് പറയുന്നു.
അമ്പിട്ടാന്‍പൊട്ടിയില്‍ നൂറ് വീടുകള്‍ ഒലിച്ചുപോയെന്ന വാര്‍ത്തയെ തള്ളി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറും രംഗത്തു വന്നിരുന്നു. പുഴ കരകവിഞ്ഞ് ഒഴുകിയതിനപ്പുറം വലിയ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് എംഎല്‍എ പറയുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട പി വി അന്‍വര്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
‘അമ്പിട്ടാന്‍പൊട്ടിയില്‍ നൂറോളം വീടുകള്‍ ഒലിച്ച് പോയി,ഒരു ഗ്രാമം ഒറ്റപ്പെട്ടു’എന്ന തരത്തില്‍ മീഡിയ വണ്‍ ചാനല്‍ ഇന്നലെ അര്‍ദ്ധരാത്രി പലതവണ വാര്‍ത്ത നല്‍കിയിട്ടുണ്ട്. അവിടെ പുഴ കരകവിഞ്ഞു.അതിനപ്പുറം ഒരു അനിഷ്ട സംഭവങ്ങലും ഉണ്ടായിട്ടില്ല.തഹസിദാര്‍,വില്ലേജ് ഓഫീസര്‍,ഞാന്‍ അടക്കമുള്ള ജനപ്രതിനിധികള്‍..ഞങ്ങളോട് ആരോടും ഈ സംഭവം അന്വേഷിച്ചിട്ടില്ല.വെള്ളം ഉയര്‍ന്നു എന്നതിനപ്പുറം,ഇവര്‍ പറയുന്ന തരത്തില്‍ ഒന്നും നടന്നിട്ടില്ല.വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനല്‍ അധികൃതര്‍ പോലും,ഇപ്പോള്‍ സംഭവം അന്വേഷിക്കുന്നവരോട്’ഉച്ചയ്ക്ക് മുന്‍പ് ചെയ്ത വാര്‍ത്തയാണ്,കാര്യമാക്കേണ്ട’എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുന്നു.
ഒരു നാട് മുഴുവന്‍ നിന്ന് ഉരുകുന്ന സമയമാണ്.എക്‌സ്‌ക്ലൂസീവുകള്‍ക്ക് മറ്റ് പല വഴികളും ഉണ്ട്.തകര്‍ന്നിരിക്കുന്ന ഒരു നാടിന്റെ നെഞ്ചില്‍ തീ കോരിയിടാന്‍ ശ്രമിക്കരുത്.ഈ മഹാദുരന്തത്തെ,കെട്ടിച്ചമച്ച സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളുള്ള ഇന്‍ക്യുബേറ്ററായി ദയവായി ഇനി നിങ്ങള്‍ ഉപയോഗിക്കരുത്.മാധ്യമധര്‍മ്മം പാലിച്ചില്ലെങ്കിലും,സാമാന്യ മര്യാദ പാലിക്കണം.ഇനി ആരാണെങ്കിലും.’ആദ്യം എത്തിയ ആളുകള്‍’ഉള്‍പ്പെടെയുള്ളവരോടാണ്.