പൊതുസമൂഹം ശ്രദ്ധിക്കാത്ത സൂപ്പിക്കടയിലെ വളച്ചുകെട്ടില്‍ കുടുംബത്തിന്റെ കഥ
കേരളം നിപ്പ അതിജീവനത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ആളൊഴിഞ്ഞ കോഴിക്കോട് അങ്ങാടിയും മുഖം മറയ്ക്കുന്ന മാസ്‌കുകള്‍ ധരിച്ചു മാത്രം പുറത്തിറങ്ങിയിരുന്നവരും പതിവു ദൃശ്യമായിരുന്നു. സാമ്പത്തികമായ തകര്‍ച്ചയും സാമൂഹികമായ ഒറ്റപ്പെടലും കോഴിക്കോടിനെയും പേരാമ്പ്ര എന്ന പ്രദേശത്തെയാകെയും ബാധിച്ചിരുന്നു. ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കട എന്ന കൊച്ചു പ്രദേശത്തേക്ക് എല്ലാവരുടേയും ഭീതി കലര്‍ന്ന ശ്രദ്ധ പതിഞ്ഞ ദിവസങ്ങളായിരുന്നു അത്. പേരാമ്പ്രയിലേക്കുള്ള ബസ്സുകള്‍ സര്‍വ്വീസ് വെട്ടിക്കുറച്ചതും, പേരാമ്പ്രയില്‍ നിന്നാണെന്നു പറഞ്ഞാല്‍ അടുത്തിരിക്കാന്‍ പോലും ആളുകള്‍ ഭയപ്പെട്ടതുമെല്ലാം ഇന്ന് വിശദീകരിക്കുമ്പോള്‍, ചങ്ങരോത്തുകാര്‍ക്ക് ഭയമോ ആശങ്കയോ അല്ല, മറിച്ച് അഭിമാനമാണുള്ളത്. ഒരു പഞ്ചായത്തും ഒരു സംസ്ഥാനമാകെയും പരിചയമില്ലാത്ത വൈറസിനെ ചെറുത്തു തോല്‍പ്പിച്ച കഥ ലോകമെങ്ങുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പാഠപുസ്തകം തന്നെയാണ്.
സൂപ്പിക്കടയിലെ വളച്ചുകെട്ടില്‍ സാബിത്താണ് നിപ്പ ബാധിച്ച് ആദ്യം മരിക്കുന്നത്. കണ്ടു പരിചയമില്ലാത്ത ലക്ഷണങ്ങളും കടുത്ത പനിയുമായി സാബിത്ത് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോള്‍ നിപ്പയെന്താണ് എന്നുപോലും ആര്‍ക്കും അറിയുമായിരുന്നില്ല. സാബിത്തിന്റെ മരണശേഷം സഹോദരന്‍ സ്വാലിഹിനും സമാനമായ ലക്ഷണങ്ങളോടെയുള്ള പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴാണ് സാംപിള്‍ പരിശോധനകള്‍ക്കായി അയക്കുകയും നിപ്പ വൈറസാണ് ബാധിച്ചിരിക്കുന്നതെന്ന് തിരിച്ചറിയുകയും ചെയ്തത്. തുടര്‍ന്ന് നടന്നത് എല്ലാവര്‍ക്കുമറിയാവുന്ന കഥകളാണ്. സ്വാലിഹും പിതാവ് മൂസ മുസലിയാരും അടുത്ത ബന്ധുവായ മറിയവും നിപ്പ ബാധയേറ്റ് മരണത്തിനു കീഴടങ്ങി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഇവരില്‍ നിന്നും വൈറസ് ബാധിച്ച മറ്റു പതിനഞ്ചോളം പേരും പലപ്പോഴായി മരണപ്പെട്ടു. ശ്വസിക്കുന്ന വായുവില്‍ വൈറസുണ്ടോ എന്നു ഭയന്ന് പേരാമ്പ്രയും കോഴിക്കോട് ജില്ലയുമാകെ മുള്‍മുനയില്‍ നിന്ന ദിവസങ്ങളായിരുന്നു പിന്നീടങ്ങോട്ട്.
ഒരു വര്‍ഷത്തിനിപ്പുറം തിരിഞ്ഞുനോക്കുമ്പോള്‍, കേരളം നിപ്പയെ തുരത്തിയ കഥ അങ്ങേയറ്റം ആവേശകരമായ ഒരു അധ്യായം തന്നെയാണ്. ആരോഗ്യവകുപ്പിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ പൂര്‍ണമായ സഹകരണവും ചേര്‍ന്നപ്പോള്‍ നമ്മള്‍ നിപ്പയെ തോല്‍പ്പിച്ച ജനതയായി. പടര്‍ന്നിടത്തെല്ലാം വലിയ മരണസംഖ്യകള്‍ സൃഷ്ടിച്ച ശേഷം മാത്രം പിന്മാറിയിട്ടുള്ള നിപ്പയെ 18 മരണങ്ങളില്‍ തളയ്ക്കാന്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി. നിപ്പ പിടിപെട്ടാല്‍ മരണം മാത്രം എന്ന വിധി തിരുത്തിയെഴുതി, ഉബീഷിനെയും അജന്യയെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പഠനത്തിനെടുക്കുന്ന അതിജീവനപാഠമായി മാറി, കേരളത്തിലെ നിപ്പ.
അതിനിടയിലും ശ്രദ്ധ നേടാതെ പോയത് വളച്ചുകെട്ടില്‍ കുടുംബത്തിന്റെ കഥയാണ്. നിപ്പ മരണങ്ങളുണ്ടായ ആദ്യ ദിവസങ്ങളില്‍ അടുത്ത വീട്ടുകാരോ ബന്ധുക്കളോ പോലും ആശ്വസിപ്പിക്കാനെത്താതിരുന്ന വളച്ചുകെട്ടില്‍ വീട്ടില്‍ നാലു മരണങ്ങളാണ് തുടര്‍ച്ചയായുണ്ടായത്. സൂപ്പിക്കടയിലെ റോഡിനിരുവശവുമായുള്ള രണ്ടു വീടുകളിലേക്ക് കയറിച്ചെല്ലാന്‍ പിന്നെയും ഏറെക്കാലും ആളുകള്‍ ഭയന്നു. അയല്‍വാസികളെല്ലാം താല്‍ക്കാലികമായോ സ്ഥിരമായോ താമസം മാറി. സഹായത്തിനാരുമില്ലാതെയും, പ്രിയപ്പെട്ടവരുടെ മൃതദേഹം അവസാനമായി ഒന്നു കാണാനാകാതെയും ആ വീട്ടിലുണ്ടായിരുന്നത് മുത്തലിബും അവന്റെ ഉമ്മ മറിയവുമായിരുന്നു. ഒരു റമദാന്‍ കാലത്ത് ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ഇരുവര്‍ക്കും അടുത്ത റമദാന്‍ കാലമായിട്ടും പരിഹരിക്കാനാകാത്ത ഒട്ടേറെ പ്രതിസന്ധികളുണ്ട്. സൂപ്പിക്കടയിലെ വീട്ടില്‍ നിന്നും അല്പമകലെ കുയ്യണ്ടം പള്ളിയ്ക്കടുത്ത് ആപ്പറ്റയില്‍ പുതുതായി വാങ്ങിച്ചിരുന്ന പണിതീരാത്ത വീട്ടിലേക്ക് മുത്തലിബും മറിയവും താമസം മാറിയിട്ടുണ്ട്. വീടിന്റെ പണികളെല്ലാം തീര്‍ത്ത് ആഘോഷമായി താമസം മാറാനിരുന്നവര്‍ നിപ്പ മരണങ്ങള്‍ക്കു ശേഷം കഴിഞ്ഞ കുറച്ചു കാലമായി ഇവിടെയാണുള്ളത്. വിദ്യാര്‍ത്ഥിയായ മുത്തലിബും മറിയവും മാത്രമുള്ള കുടുംബത്തിന് കാര്യമായ വരുമാനമാര്‍ഗ്ഗം പോലും ഇപ്പോഴില്ല.
നിപ്പ ബാധയെത്തുടര്‍ന്ന് വലിയ ആരോപണങ്ങളാണ് സാബിത്തിന്റെ പേരില്‍ ഇവര്‍ക്ക് കേള്‍ക്കേണ്ടിവന്നിട്ടുള്ളത്. നിപ്പയാണെന്ന് തിരിച്ചറിയാതെയാണ് സാബിത്ത് മരിച്ചതെങ്കിലും, സാബിത്തില്‍ നിന്നാണ് വൈറസ് പടര്‍ന്നത് എന്നതില്‍ വിദഗ്ധര്‍ക്ക് വ്യക്തതയുണ്ടായിരുന്നു. അതോടെ, സാബിത്ത് വിദേശത്തു നിന്നും കൊണ്ടുവന്ന വൈറസാണിത് എന്ന തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ പോലും ധാരാളമുണ്ടായി. മലേഷ്യയില്‍ നിന്നോ അഫ്ഗാനിസ്ഥാനില്‍ നിന്നോ സാബിത്തിനെ ബാധിച്ച വൈറസാണ് നാട്ടില്‍ ഇത്രയേറെ ഭീതി പരത്തിയതെന്നും മരണങ്ങളുണ്ടാക്കിയതെന്നും പറയാന്‍ ആളുകളുണ്ടായി. മരിക്കുന്നതിനു മുന്‍പ് സാബിത്ത് അത്തരം യാത്രകളൊന്നും നടത്തിയിട്ടില്ലെന്ന് തെളിഞ്ഞിരുന്നെങ്കിലും, സത്യത്തേക്കാള്‍ എളുപ്പത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. നിപ്പ വൈറസ് ജൈവായുധമാണെന്നു പോലും വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികള്‍ പടച്ചുവിട്ടിരുന്നു. വൈറസിനൊപ്പം വ്യാജപ്രചരണങ്ങളേയും അതിജീവിക്കേണ്ടി വന്നപ്പോഴും, കുറ്റവാളികളെപ്പോലെ നില്‍ക്കേണ്ടി വന്നവരാണ് മുത്തലിബും ഉമ്മയും. എന്നാല്‍, നിപ്പ ആദ്യം ബാധിച്ചത് സാബിത്തിനെയാണെന്നതില്‍ ആര്‍ക്കും സംശയമില്ലാതിരിക്കുമ്പോള്‍ത്തന്നെ, വര്‍ഷമൊന്നു കഴിഞ്ഞിട്ടും സാബിത്തിന്റെ മരണത്തെത്തുടര്‍ന്ന് ന്യായമായും ലഭിക്കേണ്ട ധനസഹായം മാത്രം ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ഇക്കാര്യത്തിനായി മുട്ടാത്ത വാതിലുകളില്ലെങ്കിലും, സാബിത്തിന്റെ മരണകാരണം നിപ്പയാണെന്ന രേഖകളില്ലാത്തതിനാല്‍ സ്ഥിരീകരിക്കാനാവില്ലെന്ന വിചിത്രന്യായമാണ് അധികൃതര്‍ക്ക് പറയാനുള്ളത്.
‘സഹായങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. നിപ്പ സ്ഥിരീകരിച്ചിട്ടില്ല എന്നാണ് പറയുന്നത്. അവന്റെയടുത്തുനിന്നാണ് എല്ലാവര്‍ക്കും പകര്‍ന്നത് എന്നു പറയുന്നുണ്ട്. പൈസയുടെ കാര്യം വരുമ്പോള്‍ മാത്രം സ്ഥിരീകരണമില്ലെന്നും പറയും. ബേബി മെമ്മോറിയലില്‍ അടച്ച പൈസയ്ക്കു വേണ്ടി അന്വേഷിച്ചപ്പോള്‍ പൈസയൊന്നും സര്‍ക്കാരില്‍ നിന്നും വന്നിട്ടില്ല എന്നാണ് പറഞ്ഞത്. ഇരുപത്തിയയ്യായിരം രൂപ കൈയില്‍ നിന്നും അടച്ചു. ഞങ്ങള്‍ക്ക് പ്രത്യേകിച്ച് വരുമാനമൊന്നുമില്ല. സോഷ്യോളജി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണിപ്പോള്‍. ജോലി വാഗ്ദാനമുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും അങ്ങിനെ ഒന്ന് ആരും തന്നിട്ടില്ല എന്നതാണ് വാസ്തവം. ഇപ്പോള്‍ പഠിക്കുകയല്ലേ, പഠിച്ചു കഴിഞ്ഞിട്ട് നോക്കാം എന്നാണ് നിലപാട്. പഠനം കഴിയുമ്പോഴേക്കും എന്തെങ്കിലും ജോലി കിട്ടുകയാണെങ്കില്‍ സമാധാനമായിരുന്നു. വേറാരുമില്ലല്ലോ ഇവിടെ. അങ്ങിനെ ഒരു ഉറപ്പെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു.’ മുത്തലിബിന് പറയാനുള്ളതിതാണ്. സാബിത്തിനെയും സ്വാലിഹിനെയും കൂടാതെ മൂന്നാമതൊരു സഹോദരനുമുണ്ടായിരുന്നു മുത്തലിബിന്. നേരത്തേ ആക്‌സിഡന്റില്‍ മരണപ്പെട്ട സാലിം. നാലു മക്കളുണ്ടായിരുന്ന കുടുംബത്തില്‍ മുത്തലിബും മറിയവും മാത്രമാണ് ഇപ്പോഴുള്ളത്.
സാബിത്തിന്റെ മരണത്തെക്കുറിച്ച് ആര്‍ക്കും സംശയമില്ലെന്നിരിക്കേ, ഒരു വര്‍ഷക്കാലമായി മുത്തലിബിന് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരുന്നതെന്താണെന്നാണ് ബന്ധുക്കളുടെയും ചോദ്യം. വീട്ടിലെ ചെലവുകള്‍ക്കായും കടങ്ങള്‍ വീട്ടാനായും സാമ്പത്തിക സഹായം ഇവര്‍ക്ക് ആവശ്യവുമാണ്. മദ്രസയില്‍ അധ്യാപകനായിരുന്നു മരിച്ച മൂസ മുസലിയാര്‍. തുച്ഛമായ വരുമാനം കൊണ്ടാണെങ്കിലും മക്കളെയെല്ലാം പഠിപ്പിക്കാനായി വലിയ തുകകള്‍ ഇവര്‍ക്ക് ചെലവായിട്ടുമുണ്ട്. മൂത്ത മകന്‍ സ്വാലിഹ് എഞ്ചിനീയറിംഗ് പഠനത്തിനു വേണ്ടി എടുത്തിരുന്ന വിദ്യാഭ്യാസ ലോണ്‍ പോലും നാളിതുവരെ അടച്ചു തീര്‍ത്തിട്ടില്ല. ഇത്തരം പ്രതിസന്ധികള്‍ക്കിടെയാണ് നിനച്ചിരിക്കാത്ത ദുരന്തം ഈ കുടുംബത്തെ തേടിയെത്തുന്നത്. പ്രത്യേകിച്ച് വരുമാന മാര്‍ഗ്ഗമില്ലാത്തതിനാല്‍ ബന്ധുക്കളുടെ സഹായത്തോടെയാണ് മുത്തലിബും മറിയവും ഇപ്പോള്‍ കഴിയുന്നത്.
Read More: നിപ്പ കാലത്തെ ഹീറോ സര്‍ഫാസി കുരുക്കില്‍; ശൈലജ ടീച്ചര്‍ വാഗ്ദാനം ചെയ്ത ജോലി കിട്ടിയില്ല
വളച്ചുകെട്ടില്‍ കുടുംബത്തിന്റെ അടുത്ത ബന്ധുവായ മുഹമ്മദ് അലി പറയുന്നതിങ്ങനെ, ‘ഇവര്‍ക്ക് അര്‍ഹതപ്പെട്ട പണം പോലും കിട്ടിയിട്ടില്ല. നേരത്തേ അന്വേഷിച്ചപ്പോള്‍ ഡി.എം.ഒയുടെ റിപ്പോര്‍ട്ട് വേണമെന്നാണ് പറഞ്ഞത്. സാബിത്തില്‍ നിന്നാണ് നിപ്പ എല്ലാവര്‍ക്കും പടര്‍ന്നത് എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എല്ലാവരും അംഗീകരിച്ചിട്ടുള്ള കാര്യമാണ്. എന്നിട്ടും പറഞ്ഞ സഹായങ്ങളൊന്നും അവര്‍ക്ക് കിട്ടിയിട്ടില്ല. മെഡിക്കല്‍ റിപ്പോര്‍ട്ട് ഇല്ല എന്നാണ് പറയുന്നത്. സാങ്കേതിക പ്രശ്‌നമാണെന്നും പറയുന്നു. സാമ്പത്തിക സഹായം എത്തിക്കാമെന്ന് ക്യാബിനറ്റ് തീരുമാനിച്ച സംഗതിയാണ്. എന്നിട്ടും വെറുതേ ഫയല്‍ അങ്ങോട്ടും ഇങ്ങോട്ടുമിട്ട് കളിക്കുകയാണ്. അതിന്റെ പിറകേ കുറേ നടന്നിരുന്നു. അതിനിടെ പ്രളയം ഒക്കെ വന്നു. ഇപ്പോഴും ഒന്നും തീരുമാനമായിട്ടില്ല. മൂന്നു സഹോദരന്മാരും ബാപ്പയും മരിച്ച മുത്തലിബിന് ജോലി വേണമെന്നായിരുന്നു ഞങ്ങള്‍ മുന്നോട്ടുവച്ച ആവശ്യം. അത് അനുഭാവപൂര്‍വം പരിഗണിക്കാം എന്ന് അന്നു മന്ത്രി പറയുകയും, വിദ്യാഭ്യാസം കഴിയുമ്പോള്‍ ചിന്തിക്കാമെന്ന് ഉറപ്പു തരികയും ചെയ്തിട്ടുള്ളതാണ്. അക്കാര്യത്തിലാണ് ഇനി പ്രതീക്ഷയുള്ളത്. ഈ മരണങ്ങളെല്ലാം നടക്കുമ്പോള്‍ വലിയ കടത്തിലായിരുന്നു ഈ കുടുംബം. മൂസയുടെയും സ്വാലിഹിന്റെയും മരണത്തെത്തുടര്‍ന്ന് കിട്ടിയ പണം കൊണ്ട് ആ കടങ്ങള്‍ വീട്ടാന്‍ പോലുമായിട്ടില്ല. പുതിയ വീടിന്റെ പണിയും കഴിഞ്ഞിട്ടില്ല.’
കുടുംബാംഗങ്ങള്‍ ഒന്നടങ്കം മരണത്തിനു കീഴടങ്ങിയതിന്റെ ആഘാതത്തില്‍ നിന്നും മോചിതരാകാത്ത മുത്തലിബിനും ഉമ്മയ്ക്കും നിലവിലെ സാമ്പത്തിക പ്രതിസന്ധി എങ്ങനെ തരണം ചെയ്യും എന്നതിനെക്കുറിച്ചും ആശങ്കയാണുള്ളത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടു കഴിഞ്ഞെങ്കിലും, സാബിത്തിനു ലഭിക്കേണ്ട സാമ്പത്തിക സഹായത്തേക്കുറിച്ചു മാത്രം യാതൊരു വ്യക്തതയുമില്ല. ആരോഗ്യ വകുപ്പില്‍ നിന്നും ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റ് എന്തുകൊണ്ട് നല്‍കാന്‍ കഴിയില്ലെന്ന് ഡി.എം.ഓയും വിശദീകരിക്കുന്നുണ്ട്. ‘നിപ്പയാണെന്ന് കണ്‍ഫര്‍മേഷനില്ലല്ലോ. അതുകൊണ്ടാണോ സാമ്പത്തിക സഹായം കിട്ടാത്തത് എന്നതിനെക്കുറിച്ച് എനിക്കറിയില്ല. പക്ഷേ, നിപ്പയാണെന്നതിന് ലബോറട്ടറി കണ്‍ഫര്‍മേഷനില്ല. ബാക്കി പതിനെട്ടു കേസിന്റെയും സ്ഥിരീകരണം നമ്മള്‍ കൊടുക്കുന്നത് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നിപ്പ പോസിറ്റീവ് എന്നു ലഭിച്ച റിസള്‍ട്ടുകള്‍ വച്ചാണ്. സാബിത്തിന്റേത് അവിടെ ടെസ്റ്റിനയയ്ക്കാന്‍ സാധിക്കാത്തതിനാല്‍ നിപ്പയാണെന്നതിന് രേഖാമൂലമുള്ള സ്ഥിരീകരണവുമില്ല.’
സാങ്കേതികതയുടെ എന്തു നീക്കുപോക്ക് പറഞ്ഞാലും, നിപ്പ ബാധിച്ചാണ് സാബിത്ത് മരിച്ചതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിദഗ്ധര്‍ക്കും ഡോക്ടര്‍മാര്‍ക്കുമടക്കം അറിയാവുന്ന വസ്തുതയാണ്. നിപ്പയാണെന്നതിന് രേഖാമൂലമുള്ള തെളിവില്ലെങ്കില്‍പ്പോലും, സാബിത്തിന്റേത് പ്രത്യേക വിഷയമായി പരിഗണിച്ച് ലഭിക്കേണ്ട സാമ്പത്തിക സഹായം എത്രയും പെട്ടന്ന് എത്തിച്ചാല്‍, മുത്തലിബിനും മറിയത്തിനും അതു വലിയൊരു കൈത്താങ്ങ് തന്നെയായിരിക്കും. മാത്രമല്ല, സഹായമില്ലെങ്കില്‍ വേണ്ട, തനിക്ക് ജോലിയെങ്കിലും ലഭിച്ചാല്‍ മതിയെന്നാണ് മുത്തലിബിന്റെ ആവശ്യം. കേരളം അതിജീവിച്ച നിപ്പ ഒഴിഞ്ഞപ്പോള്‍ പാടേ തനിച്ചായിപ്പോയ മറിയത്തിനും മുത്തലിബിനും മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ഇപ്പോഴുള്ള ആശങ്കകള്‍ ഇല്ലാതെയാക്കാനെങ്കിലും ഒരു ജോലി കൊണ്ട് ഉപകരിച്ചേക്കും. നിപ്പ ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് പകര്‍ന്നു മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവിന് ജോലി കൊടുത്ത സര്‍ക്കാര്‍ മുത്തലിബിനും ഒരു ജോലി നല്‍കാതിരിക്കില്ല എന്ന പ്രതീക്ഷയിലാണ് മറിയവും കുടുംബാംഗങ്ങളുമിപ്പോള്‍.
Read More: നിപയെ അതിജീവിച്ച പേരാമ്പ്രയിലെ സൂപ്പിക്കട ഇന്നൊരു ചേരിതിരിവിന്റെ വക്കിലാണ്; ഒരു മഖ്ബറയുടെ പേരില്‍
*Representation Image