UPDATES

സാവകാശ ഹര്‍ജിയുടെ വിധി എന്താവും? യുവതീ പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡിന്‍റേത് നിലപാട് മാറ്റാമോ?

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സാവകാശം തേടുന്നതിനൊപ്പം മുന്‍ നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്. യുവതീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ടുള്ള നിലപാടാണ് ഇന്നേവരെ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ വിധി നടപ്പാക്കാന്‍ സാവകാശം തേടുന്നതിനൊപ്പം മുമ്പ് ഈ വിഷയത്തില്‍ എടുത്തിരുന്ന നിലപാടുകൂടി വ്യത്യാസപ്പെടുത്തുകയാണ് ദേവസ്വം ബോര്‍ഡ് എന്നാണ് അഭിഭാഷകരുടെ അഭിപ്രായം. വിധിയെ പിന്തുണക്കുന്നു, എന്നാല്‍ അത് നടപ്പിലാക്കാന്‍ സമയം ആവശ്യമാണ് എന്ന കാര്യമാണ് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിക്കുക. ചര്‍ച്ചകള്‍ക്കൊടുവില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സാവകാശം തേടാന്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇന്ന് സാവകാശ ഹര്‍ജി സമര്‍പ്പിച്ചേക്കും. എന്നാല്‍ ”സാവകാശ ഹര്‍ജി’ എന്ന പദം പോലും നിയമ വ്യവഹാരത്തില്‍ ഇല്ലാത്തിടത്തോളം ഹര്‍ജി നല്‍കും എന്ന ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തെ കണ്ണില്‍പൊടിയിടാനുള്ള തന്ത്രമായാണ് പലരും വിലയിരുത്തുന്നത്. ഈ ഘട്ടത്തില്‍ വിധി നടപ്പിലാക്കാന്‍ സാവകാശം തേടുന്നതില്‍ കാര്യമായ പ്രസക്തിയില്ലെന്നാണ് അഭിഭാഷകരുടെ അഭിപ്രായം.ദേവസ്വം ബോര്‍ഡ് വൈകിയെടുത്ത തീരുമാനത്തെക്കുറിച്ച് അഭിഭാഷകര്‍ക്കുള്ളതും വ്യത്യസ്ഥ അഭിപ്രായങ്ങള്‍.

‘ഒന്നാമത് ഇന്ത്യന്‍ ജ്യൂറിസ്ഡിക്ഷനില്‍ സാവകാശ ഹര്‍ജി എന്നൊന്നില്ല. പിന്നെ, യഥാര്‍ഥത്തില്‍ സാവകാശം തേടുക എന്ന് പറഞ്ഞാല്‍ ഒരര്‍ഥത്തില്‍ സ്റ്റേ ചോദിക്കുന്നത് പോലെ തന്നെയാണ്. സ്‌റ്റേ ഹര്‍ജി സുപ്രീംകോടതി തള്ളിയതുകൊണ്ട് ഇനി സാവകാശത്തിനുള്ള അപേക്ഷ പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്. പരിഗണിക്കാനുള്ള അധികാരം സ്റ്റേ തള്ളിയ അതേ അഞ്ചംഗ ബഞ്ചിന് തന്നെയായിരിക്കും. ഇനി ആ ബഞ്ച് കൂടാന്‍ സാധ്യത ജനുവരി22നാണ്. അങ്ങനെ വരുമ്പോള്‍ സാവകാശം തേടിയാല്‍ അത് ഏത് തരത്തില്‍ ഗുണപ്പെടും എന്നത് സംബന്ധിച്ച് സംശയങ്ങളുണ്ട്. എന്തായാലും ഇപ്പോള്‍ സാവകാശം തേടുന്നത് കൊണ്ട് നിയമപരമായി വലിയ പ്രസക്തിയൊന്നും ഇല്ല.’ മുതിര്‍ന്ന അഭിഭാഷകനായ അഡ്വ.കാളീശ്വരം രാജ് സാവകാശഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

മണ്ഡലമകരവിളക്ക് കാലഘട്ടത്തിനായി നടതുറന്ന ദിവസം ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗമാണ് സാവകാശ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന കാര്യത്തില്‍ തീരമാനമെടുത്തത്. പമ്പയിലും ത്രിവേണിയിലും പ്രളയം മൂലമുണ്ടായ കെടുതികളും അടിസ്ഥാന സൗകര്യമില്ലായ്മയും ആണ് സാവകാശം തേടുന്നിന് പ്രധാനമായും ചൂണ്ടിക്കാട്ടുക. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിന് വനഭൂമി വിട്ടുകിട്ടേണ്ടുന്ന കാര്യവും, പമ്പയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അനുവദിക്കില്ല എന്ന റിപ്പോര്‍ട്ടും അപേക്ഷയില്‍ സൂചിപ്പിക്കും. തുലാംമാസ പൂജകള്‍ക്കായി നടതുറന്നപ്പോഴും ചിത്തിരയാട്ട ദിവസങ്ങളിലും ശബരിമലയില്‍ ഉണ്ടായ പ്രത്യേക സാഹചര്യങ്ങളും കോടതിയുടെ പരിഗണനക്ക് വക്കും. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടില്ലെന്നുമാണ് ദേവസ്വംബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായ്മ ചൂണ്ടിക്കാട്ടി സമയം ചോദിക്കുന്നതില്‍ യാതൊരു അപ്രസക്തിയുമില്ലെന്നും കാളീശ്വരം പറഞ്ഞത് പോലെ സാവകാശ ഹര്‍ജി ഒരര്‍ഥത്തിലും സ്‌റ്റേ അല്ലെന്നും സുപ്രീംകോടതി അഭിഭാഷകനായ പി വി ദിനേശ് പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം തന്നെയാണ് ഇതിലെ പ്രധാന കാര്യമെന്നും അദ്ദേഹം പറയുന്നു. ‘സാവകാശം തേടുക എന്ന് പറഞ്ഞാല്‍ സ്റ്റേ അല്ല. ഞങ്ങള്‍ അത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കേണ്ടതിനാല്‍ ഞങ്ങള്‍ വിധി നടപ്പാക്കുന്നതിന് സാവകാശം തേടുന്നു എന്ന് മാത്രമാണ്. ദേവസ്വം ബോര്‍ഡിന്റെ നിലപാട് വ്യത്യാസപ്പെട്ടിരിക്കുകയാണ് എന്നതാണ് ഇതില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പറ്റില്ല എന്നതായിരുന്നു സുപ്രീംകോടതിയുടെ മുന്നില്‍ ഇതേവരെ ദേവസ്വം ബോര്‍ഡിന്റെ നിലപാട്. എന്നാല്‍ സാവകാശ ഹര്‍ജി നല്‍കും എന്ന് പറയുമ്പോള്‍ ഞങ്ങള്‍ യുവതീ പ്രവേശനത്തെ പിന്തുണക്കുന്നു, പക്ഷെ ഞങ്ങള്‍ക്ക് സമയം വേണമെന്ന് മാത്രമാണ് ആവശ്യം. ദേവസ്വം ബോര്‍ഡ് യുവതീ പ്രവേശനത്തില്‍ വളരെ കൃത്യമായി നിലപാട് മാറ്റിയിരിക്കുന്നു.’

സംപ്തംബര്‍ 28നാണ് യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി വരുന്നത്. തുടര്‍ന്ന് നിരവധി പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. കഴിഞ്ഞ 13-ാം തീയതി ഹര്‍ജികള്‍ പരിഗണനക്കെടുത്ത കോടതി ജനുവരി 22ന് തുറന്ന കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കും എന്നറിയിച്ചു. ഇതിനൊപ്പം വിധിക്ക് സ്റ്റേ നല്‍കില്ല എന്നകാര്യവും കോടതി വ്യക്തമാക്കി. പിന്നീട് സമര്‍പ്പിക്കപ്പെട്ട സ്റ്റേ ഹര്‍ജികളും സുപ്രീംകോടതി തള്ളി. എന്നാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറായ സാഹചര്യത്തില്‍ ശബരിമല വിഷയത്തില്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ നവംബര്‍ പതിനാറാം തീയതി സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. സര്‍ക്കാര്‍ സാവകാശം തേടണമെന്ന വാദമാണ് യുഡിഎഫും ബിജെപിയും യോഗത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിധി നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോവില്ലെന്നും സര്‍ക്കാര്‍ സാവകാശം തേടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തെ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും യോഗം ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് മുഖ്യമന്ത്രിയുടെ ചേംബറില്‍ തന്ത്രി കുടുംബാംഗങ്ങളും പന്തളം കൊട്ടാരം പ്രതിനിധികളുമായി നടന്ന യോഗത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ ചെറിയ അയവ് വരുത്തി. ശബരിമയില്‍ വിധി നടപ്പാക്കാനുള്ള സാഹചര്യമില്ല എന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് സാവകാശം തേടാവുന്നതാണെന്ന് തന്ത്രി, കൊട്ടാരം പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് സൂചിപ്പിച്ചു. എന്നാല്‍ അത് സര്‍ക്കാരിന് കഴിയില്ലെന്നും സാവകാശ ഹര്‍ജി നല്‍കുന്ന കാര്യം ദേവസ്വം ബോര്‍ഡിന് തീരുമാനിക്കാവുന്നതാമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്ത് ദേവസ്വം ബോര്‍ഡ് പ്രതിനിധികളോട് പറഞ്ഞു എന്ന് കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ മാധ്യമങ്ങളെ അറിയിച്ചു. ഇതോടെയാണ് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുന്നത്.

വിധി വന്നതിന് ശേഷവും ദേവസ്വം ബോര്‍ഡ് ഈ വിഷയത്തില്‍ തുറന്ന നിലപാട് എടുത്തിരുന്നില്ല. വിധി നടപ്പാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിക്കുകമാത്രമായിരുന്നു. പുന:പരിശോധനാ ഹര്‍ജി നല്‍കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘പത്തമ്പത് പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനക്കുണ്ടല്ലോ, അതിന്റെ കൂടെ ദേവസ്വം ബോര്‍ഡും ഹര്‍ജി നല്‍കുന്നില്ല. കോടതി ഇത് സംബന്ധിച്ച് അഭിപ്രായം തേടിയാല്‍ മാത്രം തങ്ങള്‍ നിലപാട് അറിയിക്കും’ എന്നായിരുന്നു ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞത്. എന്നാല്‍ സാവകാശം തേടുന്നതോടെ വിധി അനുകൂലിക്കുന്ന വ്യക്തമായ നിലപാടിലേക്ക് ദേവസ്വം ബോര്‍ഡ് എത്തിയതായാണ് ചില അഭിഭാഷകരെങ്കിലും കണക്കാക്കുന്നത്. എന്നാല്‍ പുന:പരിശോധനാ ഹര്‍ജികള്‍ നല്‍കാത്തിടത്തോളം വിധി നടപ്പാക്കുക എന്നത് സ്റ്റാറ്റിയൂട്ടറി ബോഡിയായ ദേവസ്വംബോര്‍ഡിന്റെ ബാധ്യതയാണെന്ന് മറ്റു ചില അഭിഭാഷകര്‍ വിലയിരുത്തുന്നു. സാവകാശം തേടി ഹര്‍ജി സമര്‍പ്പിക്കാനാവില്ലെന്നും, അത് ഒരു അപേക്ഷ മാത്രമായിരിക്കുമെന്നും സുപ്രീംകോടതി അഭിഭാഷകനായ എം ആര്‍ അഭിലാഷ് വ്യക്തമാക്കുന്നു. സര്‍ക്കാരിന്റേത് നല്ല നീക്കമാണെന്നും എന്നാല്‍ അത് എന്ന്, എപ്പോള്‍ പരിഗണിക്കപ്പെടും എന്നത് മാത്രമാണ് പ്രശ്‌നമെന്നും അഭിലാഷ് പറയുന്നു.

‘മൗലികാവകാശം അംഗീകരിച്ചുകൊണ്ടുണ്ടായ വിധിയാണ് സുപ്രീംകോടതിയുടേത്. എന്നു മുതല്‍ ഈ വിധി നടപ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നില്ല. അങ്ങനെയിരിക്കെ സ്റ്റേയില്ല എന്ന് കോടതി പറുന്നന്നുണ്ട്. അതിനാല്‍ കേരളത്തിന്റെ രാഷ്ട്രീയ, സമൂഹിക അവസ്ഥകള്‍ ചൂണ്ടിക്കാട്ടി ഇത് നടപ്പാക്കുന്നതിന് കുറച്ച് സമയം വേണം എന്നാവശ്യപ്പെട്ട് ചെന്നാല്‍ സാധാരണഗതിയില്‍ വിധി നടപ്പാക്കുന്നതിന് ഒരു പദ്ധതിയുമായി വരാന്‍ പറയാനാണ് സാധ്യത. വളരെ ഗൗരവമായിട്ടുള്ള ഒരു വിഷയമാണ് ശബരിമലയിലേത്. എല്ലാ ഉത്തരവാദിത്തത്തോടെയും കൂടി സ്റ്റാറ്റ്യൂട്ടറി ബോഡിയും സര്‍ക്കാരും ആ വിധി നടപ്പാക്കേണ്ടതാണ്. പക്ഷെ അതിന് ഒരു പ്ലാന്‍ ഓഫ് ആക്ഷന്‍ ഉണ്ടാവണം. വിശ്വാസവുമായിട്ടൊക്കെ ഇഴപിരിഞ്ഞു കിടക്കുന്നതിനാല്‍ കോടതി സാധാരണ ഗതിയില്‍ അതിന്റെ ഗൗരവം മനസ്സിലാക്കി അത് നടപ്പാക്കാനുള്ള സ്‌കീം ഓഫ് ആക്ഷനെക്കുറിച്ച് ചോദിക്കാനായിരിക്കും സാധ്യത. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ മുന്നില്‍ ചെല്ലുന്നതായതുകൊണ്ട് ആര്‍ക്കും ഒന്നും മുന്‍കൂട്ടി പറയാനാവില്ല. അദ്ദേഹം വ്യത്യസ്തതയുള്ള ഒരു ജഡ്ജിയാണ്. അദ്ദേഹം മനസ്സില്‍ ഉദ്ദേശിക്കുന്നതെന്തെന്ന് പറയാനാവില്ല. സാധാരണ ഗതിയില്‍ മിസല്ലേനിയസ് ആപ്ലിക്കേഷന്‍ ആയിരിക്കും അവര്‍ പ്രിഫര്‍ ചെയ്യുന്നത്. സമയം നീട്ടിക്കിട്ടാനുള്ള ജനറല്‍ ആപ്ലിക്കേഷന് ആയിരിക്കും. ഒന്നുകില്‍ സമയം നീട്ടി ചോദിക്കുന്നത് അല്ലെങ്കില്‍ വിധി എങ്ങനെ നടപ്പാക്കണമെന്ന് ചോദിച്ചുകൊണ്ടുള്ള ഒരു ആപ്ലിക്കേഷന്‍ ആയിരിക്കും. ഇത് ഒരു ഇന്‍സ്ട്രമെന്റല്ല പകരം സാധാരണ ഒരു ആപ്ലിക്കേഷന്‍ മാത്രമായിരിക്കും. സമയം നീട്ടി ചോദിച്ചുകൊണ്ടുള്ള അപേക്ഷയായിരിക്കും അത്. സാധാരണ ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാര്‍ അങ്ങനെ ചോദിച്ചില്ലെങ്കിലേയുള്ളൂ അത്ഭുതം. ഒരു കോടതിയും അവരുടെ ഉത്തരവ് അന്ധമായി നടപ്പാക്കി രക്തച്ചൊരിച്ചിലിനിടയാക്കി എന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കില്ല. രണ്ട് രീതിയില്‍ ഹര്‍ജി പരിഗണനയ്ക്ക് വരാം. ഒന്ന്, ലിസ്റ്റ് ചെയ്ത് കോടതിയുടെ പരിഗണനയില്‍ കൊണ്ടുവരാം. അത് ഒരുപക്ഷേ എട്ടോ ഒമ്പതോ ദിവസമെടുത്തേക്കാം. രണ്ട്, ഫയല്‍ ചെയ്തതിന് ശേഷം ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ മെന്‍ഷന്‍ ചെയ്യണം. പക്ഷെ മെന്‍ഷനിങ് എന്ന സമ്പ്രദായം ചീഫ് ജസ്റ്റിസ് ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ആ സമ്പ്രദായം നിര്‍ത്തലാക്കണമെന്നാണ് അവരുടെ മനസ്സിലെ ചിന്ത. അപ്പോള്‍ മെന്‍ഷന്‍ ചെയ്യുന്നതില്‍ ചെറിയ റിസ്‌ക് ഉണ്ട്. ഇത് സംബന്ധിച്ചുള്ള നറേറ്റീവിനെ അത് ബാധിക്കും. ആ റിസ്‌ക് എടുത്ത് പോയാല്‍, അദ്ദേഹം അതിന് സമ്മതിച്ചാല്‍, രണ്ട് ദിവസം കഴിഞ്ഞ് ഒരു ദിവസം കൊടുക്കും. പക്ഷെ അതിനുള്ള സാധ്യത ഇപ്പോള്‍ കുറവാണ്. അഞ്ചംഗ ബഞ്ച് തന്നെ പരിഗണിക്കണമെന്നാണെങ്കിലും, ഇത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടുള്ളതുകൊണ്ട് സുപ്രീംകോടതിയിുടെ ജൂറിസ്ഡിക്ഷനില്‍ ചീഫ് ജസ്റ്റിസിന്റെ കോടതിക്ക്, അദ്ദേഹത്തിന്റെ ബഞ്ചിന് ഇത് കേള്‍ക്കാം. പക്ഷെ പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് പരിഗണനക്ക് വരുന്നതുകൊണ്ട്, ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ സഹജഡ്ജിമാരുമായുള്ള കെമിസ്ട്രി ആഗ്രഹിക്കുന്ന രീതിയില്‍ നിലനിര്‍ത്തണമെന്നാഗ്രഹിക്കുന്നയാളായതുകൊണ്ട്, ആ സമയത്ത് ഭരണഘടനാ ബഞ്ചിന്റെ പരിഗണനക്കായി വച്ചേക്കാം. അല്ലായെങ്കില്‍ അദ്ദേഹത്തിന് ഇതിനായി ഭരണഘടനാ ബഞ്ചിനെ ഇരുത്താം. മൂന്നാമതായിട്ടുള്ളത്, ചീഫ് ജസ്റ്റിസിന് ഇത് കേള്‍ക്കാം. അതിന് നിയമപരമായിട്ടുള്ള അധികാരക്കുറവില്ല. കാരണം മൂന്നംഗ ബഞ്ച് അഞ്ചംഗബഞ്ചിന്റെ തീരുമാനമെടുത്തതോടുകൂടി സാങ്കേതികമായി ആ ഒരു സംഗതി കഴിഞ്ഞു. പിന്നെ ഭരണഘടനാ ബഞ്ച് ഒരു കേസ് കേള്‍ക്കുന്നത് ഏതെല്ലാം ചോദ്യങ്ങള്‍ക്കാണോ മറുപടി നല്‍കേണ്ടത്, ആ ചോദ്യങ്ങള്‍ റഫര്‍ ചെയ്ത് അവരുടെ മുന്നില്‍ വരുമ്പോഴാണ്. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കഴിഞ്ഞാല്‍ പിന്നെ ഭരണഘടനാ ബഞ്ചിന് അത് സംബന്ധിച്ച ബാധ്യതകളില്ല.ഭരണഘടനാ ബഞ്ച് എന്നും ഇരിക്കുന്നതല്ല. ചില ചോദ്യങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്ന ബഞ്ചാണ്. ശബരിമല കേസിലെ പ്രത്യേകതയെന്നാല്‍, ഭരണഘടനാബഞ്ച് വീണ്ടും ജനുവരി22ന് ഇരിക്കാന്‍ പോവുകയാണ്. അതുകൊണ്ട് സാവകാശം തേടിയുള്ള അപേക്ഷ ജനുവരി 22ന് പരിഗണിച്ചാല്‍ മതിയെന്ന് പറഞ്ഞ് അതിന്റെ കൂടെയിരിക്കുകയോ, അല്ലെങ്കില്‍ ചീഫ് ജസ്റ്റിസ് തന്നെ കേള്‍ക്കുകയോ ചെയ്യാം. സാവകാശ ഹര്‍ജി എന്നൊരു ഹര്‍ജി തന്നെയില്ല. സമയം നീട്ടി ചോദിച്ചുകൊണ്ടുള്ള ഒരു അപേക്ഷ മാത്രമാണ്. ഒരു കോടതിക്കും അവരുടെ വിധി നടപ്പാക്കുന്നതിന് സമയം നീട്ടി ചോദിച്ചുകൊണ്ടുള്ള ഹര്‍ജി അവരുടെ ഹാന്‍ഡ് ബുക്ക് ഓഫ് പ്രാക്ടീസ് ആന്‍ഡ് പ്രൊസീജ്യറില്‍ വക്കാനാവില്ല. കാരണം അങ്ങനെ വരുമ്പോള്‍ ഒരു വിധിയും നടപ്പാവില്ല. പക്ഷെ ചില പ്രായോഗിക സാഹചര്യങ്ങള്‍ കണക്കിലെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ സ്ഥാപനത്തിന് അതിന് ബാധ്യതയുണ്ട്. ലാത്തിചാര്‍ജ് ചെയ്യൂ, വെടിവക്കൂ എന്ന് കോടതിക്ക് പറയാനാവില്ല. സാവകാശം തേടുന്നത് ഒരു നല്ല നീക്കം തന്നെയാണ്. പക്ഷെ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആയതുകൊണ്ട് ഇത് എപ്പോള്‍ കേള്‍ക്കും എന്ന് പറയാനാവില്ല എന്ന് മാത്രം.

ഒരു കേസ് തീരുമാനിക്കപ്പെടുന്നത് വരെ മാത്രമാണ് നിയമത്തില്‍ വ്യവഹാരമായി നില്‍ക്കുന്നത്. അത് കാവേരി നദീജല തര്‍ക്ക കേസില്‍ ദീപക് മിശ്രയുടെ ബഞ്ചിന്റെ തീരുമാനത്തില്‍ പറയുന്നുണ്ട്. വ്യവഹാരം പൂര്‍ണമായിക്കഴിഞ്ഞാല്‍ സ്റ്റാറ്റിയൂട്ടറി ബോഡിയെ സംബന്ധിച്ചടത്തോളം അവര് എതിര്‍ക്കണോ എന്നുള്ളത് ഒരു റിക്വയര്‍മെന്റല്ല. ആ എതിര്‍പ്പ് കോടതിയും പ്രതീക്ഷിക്കുന്നില്ല. രാഷ്ട്രീയമായിട്ട് അതിനുള്ള വഴികള്‍ തുറന്നുകിടക്കുകയാണെങ്കില്‍ അതിനെ ദേവസ്വം ബോര്‍ഡ് സാധാരണ രീതിയില്‍ എതിര്‍ക്കരുത്. പിന്നെ ഒരു സ്റ്റാറ്റിയൂട്ടറി ബോഡി എന്ന നിലക്ക് അവര്‍ക്ക് പുന:പരിശോധനാ ഹര്‍ജി നല്‍കാം. അത് അവര്‍ നല്‍കാത്തിടത്തോളം കാലം ഒരു കോടതി വിധി നടപ്പാക്കാനുള്ള സ്റ്റാറ്റിയൂട്ടറി ബോഡിയുടെ ഉത്തരവാദിത്തത്തോട് തോളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. അതുകൊണ്ട് തന്നെ ദേവസ്വം ബോര്‍ഡിന്റെ വ്യത്യസ്തമായ നിലപാട് എന്നുള്ളത് ഒരു ഭരണഘടനാ പരിപ്രേക്ഷ്യത്തില്‍ അതൊരു അസ്വഭാവികമായ നീക്കമല്ല. രാഷ്ട്രീയമായി കേരളത്തില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ നമുക്ക് അങ്ങനെ പറയാനാവും.

യുവതികള്‍ക്ക് കയറാനാവില്ല എന്നത് മാറ്റുന്നത് വഴി സ്റ്റേറ്റിന് യുവതികളെ തടയാനുള്ള അധികാരം ഇല്ലാതാവുകയാണ് ചെയ്യുന്നത്.അതാണ് ഇതിന്റെ ഇമ്മീഡിയേറ്റ് ആയുള്ള മാറ്റം. ക്രമസമാധാന പ്രശ്‌നമെല്ലാം കണക്കിലെടുത്തുകൊണ്ട് മാത്രമേ, ഒരു പൗരന് മൗലികാവകാശം ലഭ്യമാക്കാന്‍ സ്റ്റേറ്റിന് കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ സാവകാശം ചോദിക്കുന്നതാണ് ശരിയായ രീതി. അത് വളരെ നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ കോടതി അത് വേണ്ട തരത്തില്‍ പരിഗണിക്കാനും ഇടയുണ്ട്. യഥാര്‍ഥത്തില്‍ സര്‍ക്കാരിന് മുഖം രക്ഷിക്കാനുള്ള ഒരു പരിപാടിയാണിത്. ഇവിടെ ഒരു കലാപം ഉണ്ടാക്കാന്‍ എന്തായാലും സര്‍ക്കാരും ആഗ്രഹിക്കുന്നുണ്ടാവില്ല. അങ്ങനെയിരിക്കെ സമയം അനുവദിച്ച് കഴിഞ്ഞാല്‍ ആര്‍ക്കും ദോഷമില്ലാതെ ഈ പ്രശ്‌നം ഒഴിവാക്കാം. വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് വേണമെങ്കില്‍ സമയമെടുക്കാവുന്നതേയുള്ളൂ. അത് കോടതിയലക്ഷ്യമാവില്ല. മനഃപൂര്‍വ്വമുള്ള നിഷേധം മാത്രമേ കോടതിയലക്ഷ്യമാവുകയുള്ളൂ. പ്രായോഗിക ബുദ്ധിമുട്ടുകൊണ്ട് നടപ്പാക്കിയില്ല എന്ന് പറഞ്ഞാല്‍ അത് കോടതിയലക്ഷ്യമാവില്ല. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് വൈമുഖ്യമുണ്ടെങ്കില്‍ മാത്രം കോടതിയെ സമീപിക്കാം. ആ സമയത്ത് മാത്രമേ സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരുകയുള്ളൂ. സര്‍ക്കാരിന് ഒരാള്‍ വരുമ്പോള്‍ തടയാന്‍ പറ്റില്ലെന്ന് മാത്രം. പക്ഷെ ആരെങ്കിലും വരുമ്പോള്‍ തടഞ്ഞാല്‍ അത് നീക്കുന്നത് സംബന്ധിച്ച്, അതിന്റെ സങ്കീര്‍ണതകള്‍ മനസ്സിലാക്കി ഒരു നീക്കം നടത്തുക എന്ന കാര്യങ്ങളെല്ലാം സര്‍ക്കാരിന്റെ കയ്യില്‍ തന്നെയുള്ളതാണ്.

സാവകാശം തേടിയാലും കോടതി തീരുമാനമെടുക്കുന്നത് വരെ ശബരിമലയില്‍ ആരെത്തിയാലും സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. കാരണം ക്രമസമാധാനം സര്‍ക്കാരിന്റെ ഉത്തരവാദിത്തലുള്ളതാണ്. മൗലികാവകാശം സംബന്ധിച്ച് വിധി വന്ന സാഹചര്യത്തില്‍ അത് ഫസിലിറ്റേറ്റ് ചെയ്യാനുള്ള ജനറല്‍ ഉത്തരവാദിത്തവും സര്‍ക്കാരിനുണ്ട്. പക്ഷെ അങ്ങനെയുള്ള അവകാശങ്ങളെല്ലാം കൈവരിക്കപ്പെടേണ്ടത് അത്തരത്തിലൊരു സാഹചര്യം ഒരിടത്ത് നിലനില്‍ക്കുമ്പോഴാണ്. പത്ത് പ്രതിഷേധക്കാരാണെങ്കില്‍ അവര്‍ക്ക് നീക്കാം. ായിരമോ രണ്ടായിരമോ പേര് നില്‍ക്കുമ്പോള്‍ അവരെ ലാത്തിചാര്‍ജ് നടത്തി അത് ഫസിലിറ്റേറ്റ് ചെയ്യാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ല. കാര്യത്തിന്റെ എല്ലാ സെന്‍സിറ്റിവിറ്റിയും മനസ്സിലാക്കി മാത്രമേ പോലീസിന് ഇടപെടാനാവൂ. ഒരു സോഷ്യല്‍ എഞ്ചിനീയറിങ്ങിന് ശേഷം മാത്രം നടപ്പാക്കേണ്ട വിധിയായിരുന്നു ഇത്. ജനങ്ങളുടെ സമീപനവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിഷയമാണിത്.’

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട 1991ലെ മഹീന്ദ്രന്‍ കേസിലും 2006ല്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ കേസിലും ദേവസ്വം ബോര്‍ഡ് യുവതീ പ്രവേശനത്തെ എതിര്‍ത്തുകൊണ്ടുള്ള നിലപാടാണ് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സാവകാശം തേടുമ്പോള്‍ യുവതീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടു കൂടി കോടതിയില്‍ വ്യക്തമാക്കലാവും. പുന:പരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ ദേവസ്വംബോര്‍ഡിനോട് അഭിപ്രായം ആരാഞ്ഞാല്‍, മറിച്ചൊരു നിലപാടുണ്ടായാല്‍ കൂടി അത് പറയാനാവാത്ത സ്ഥിതിയുണ്ടാവുമെന്നും സാവകാശം തേടുന്നതോടെ ദേവസ്വംബോര്‍ഡ് യഥാര്‍ഥത്തില്‍ കുരുക്കിലാവുമെന്ന അഭിപ്രായവും ചില അഭിഭാഷകര്‍ പങ്കുവക്കുന്നു.

ശബരിമലയ്ക്കു വേണ്ടിയുള്ള സമരം ഭക്തര്‍ക്ക് എതിരാകുന്നുവോ! ബിജെപി കേരള ഘടകത്തിന് ചുവടു പിഴയ്ക്കുന്നുവെന്നാക്ഷേപം

അവനവനെതിരെ സമരം ചെയ്ത് ജയിലിൽ പോയവൻ: ദി ക്യൂരിയസ് കേസ് ഓഫ് കെ സുരേന്ദ്രൻ

എജ്ജാതി വൈരുദ്ധ്യാത്മക വാദം പദ്മകുമാര്‍ സഖാവേ, കാള്‍ മാര്‍ക്സ് പോലും കരഞ്ഞുപോകും

ശബരിമലയിൽ നടക്കുന്നത് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള സവർണ്ണ അഴിഞ്ഞാട്ടമാണ്: ബിന്ദു തങ്കം കല്യാണി/ അഭിമുഖം

ശബരിമല സമരത്തിലെ ‘കുലസ്ത്രീകള്‍’; അമേരിക്കന്‍ സ്ത്രീ സമത്വ ചരിത്രം നമ്മോട് പറയുന്നത്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍