UPDATES

എന്നു കിട്ടും പാര്‍ക്കാനൊരിടം? ഒന്നിച്ചു ക്യാമ്പില്‍ കഴിഞ്ഞ 32 കുടുംബങ്ങള്‍ക്കും സര്‍ക്കാരിന്റെ ‘പ്രതീക്ഷ’ ഫ്ലാറ്റ് കിട്ടിയപ്പോള്‍ ഒറ്റയ്ക്കായി ഒരു വൃദ്ധ

2016ല്‍ ജസീന്ത പയസിന്റെ ഭര്‍ത്താവ് മരിച്ചത് ക്യാമ്പില്‍ കിടന്ന്

2016 മുതലാണ് വലിയതുറയിലെ 33 കുടുംബങ്ങള്‍ വലിയതുറ യുപി സ്‌കൂളില്‍ താമസം തുടങ്ങിയത്. കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് പലതവണ വന്നും പോയുമിരുന്ന കുടുംബങ്ങള്‍ 2016ലെ കടല്‍ ക്ഷോഭത്തോടെ സ്കൂളില്‍ സ്ഥിര താമസമാക്കുകയായിരുന്നു. മൂന്നു വര്‍ഷത്തെ ദുരിത ജീവിതത്തിനു ശേഷം കഴിഞ്ഞ ഒക്ടോബര്‍ 30നു മുട്ടത്തറയില്‍ സര്‍ക്കാര്‍ പണിത പ്രതീക്ഷ ഫ്ലാറ്റിന്റെ താക്കോല്‍ കിട്ടുമ്പോള്‍ അവരില്‍ ഒരു കുടുംബം മാത്രം എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്.

ഫ്ലാറ്റിന്റെ അവസാന മിനുക്ക് പണികള്‍ പൂര്‍ത്തിയാകുന്നതിന് മുറക്കെ ഓരോ കുടുംബങ്ങള്‍ തങ്ങളുടെ വീട്ടു സാധനങ്ങള്‍ എല്ലാം കെട്ടിപ്പെറുക്കി ക്യാമ്പ് വിടുമ്പോള്‍ ഒറ്റപ്പെട്ട് പോകലിന്റെ വേദനയിലാണ് ജെസിന്ത പയസും കുടുംബവും

‘ഇവിടെ എല്ലാവരും ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. നമ്മളൊക്കെ പോകുമ്പോഴും ജെസിന്ത ഇവിടെ ഒറ്റക്കാകുന്നത് സങ്കടകരമാണ്.’ ജെസിന്തയുടെ അയല്‍ക്കാരിയായ ബിന്ദു പറയുന്നു.

നവംബര്‍ 30ാം തീയതി ‘പ്രതീക്ഷ’ ഭവനപദ്ധതിയുടെ ഉദ്ഘാടനദിവസം തന്റെ അവസ്ഥ ജെസിന്ത കളക്ടറിനോടും ഫിഷറീസ് വകുപ്പ് മന്ത്രിയോടും പറഞ്ഞിരുന്നു. ‘കളക്ടര്‍ മാഡം പറഞ്ഞത് അമ്മച്ചി ഒന്നുകൊണ്ടും വിഷമിക്കണ്ട. എല്ലാം ശരിയാക്കാമെന്നാണ്.’ ജെസിന്ത പ്രതീക്ഷ പങ്കുവെച്ചു.

‘ഫിഷറീസ് അംഗത്വം ഇല്ലാത്തത് കൊണ്ടാണ് ഞങ്ങള്‍ക്ക് ഇവരുടൊപ്പം വീട് കിട്ടാത്തത്. ഞാന്‍ കളക്ടറിനും മുഖ്യമന്ത്രിക്കുമൊക്കെ അപേക്ഷ നല്‍കിയിട്ടുണ്ട്. ഫിഷറീസില്‍ ഇപ്പോള്‍ ചേര്‍ന്നതേയുള്ളൂ.’ ജെസിന്ത പറയുന്നു.

ജെസിന്തയുടെ മൂന്ന് മക്കളും മല്‍സ്യത്തൊഴിലാളികളാണ്. മല്‍സ്യത്തൊഴിലാളിയായിരുന്ന ജെസിന്തയുടെ ഭര്‍ത്താവ് 2017ല്‍ ഇതേ ക്യാംപില്‍ കിടന്നാണ് മരിച്ചു പോയത്. ക്യാംപിലേക്ക് എത്തിയ രാത്രിയെക്കുറിച്ച് ജെസിന്ത ഇന്നും ഓര്‍ക്കുന്നു. ‘2016ല്‍ വലിയ രീതിയില്‍ കടല്‍ കയറിവന്നു. ഞങ്ങളുടെ കൂര ഒലിച്ചു പോയത് കണ്ടാണ് ഞങ്ങള്‍ മറ്റുള്ളവരുടെ സഹായത്തോടെ ഇവിടെ എത്തുന്നത്. ഇവിടെത്തന്നെ കിടന്നാണ് എന്റെ കെട്ടിയോന്‍ മരിക്കുന്നതും.’ ജെസിന്ത ഓര്‍ത്തു.

സര്‍ക്കാരിന്റെ പ്രതീക്ഷ ഭവനപദ്ധതിയില്‍ വീട് ലഭിക്കാന്‍ കൈവശരേഖ നല്‍കണമായിരുന്നു. ജെസിന്തയുടെ വീടിരുന്നിടത്ത് ഇപ്പോള്‍ കടലാണ്. ‘ഭൂമിയില്ലാത്തത് കൊണ്ട് കൈവശരേഖയും കാണിക്കാനില്ലായിരുന്നു. ഇതറിഞ്ഞ് കൗണ്‍സിലര്‍ ഒരു ഫോറം തന്നിട്ട് കളക്ടറിന്റെ കൈയില്‍ നല്‍കാന്‍ പറഞ്ഞു. കളക്ടറിനെ കൂടാതെ ഡിഡി ഓഫീസിലും കൊടുത്തിട്ടുണ്ട്. അപ്പോഴാണ് ഫിഷറീസിന്റെ ബുക്ക് ഇല്ലാത്തത് കൊണ്ട് ആ അപേക്ഷ അവര്‍ മാറ്റിവെച്ചു. ഇപ്പോള്‍l മുഖ്യമന്ത്രിക്കും അപേക്ഷ കൊടുത്തിട്ടുണ്ട്.’ ജെസിന്ത തുടര്‍ന്നു.

‘രണ്ട് മക്കള്‍ ഭാര്യമാരുടെ വീട്ടിലാണ്. അവിടെ പോയി എനിക്കും എന്റെ മകനും പെണ്ണിനും തങ്ങാന്‍ പറ്റ്വോ?’ ജെസിന്ത ചോദിക്കുന്നു. ഏറ്റവും ഇളയമകനും ഭാര്യയുമാണ് ഇപ്പോള്‍ ഇവരുടെ കൂടെയുള്ളത്. വലിയതുറ യുപി സ്‌കൂളിലേക്ക് കയറിച്ചെല്ലുന്ന ആദ്യ ക്ലാസിലാണ് ഇവര്‍ മൂന്ന് പേരും കഴിയുന്നത്. ‘എന്റെ കൂടെയുള്ള മകന്‍ ജോലി ചെയ്തു കൊണ്ടു വരുന്നതാണ് നമ്മുടെ നാല് വയറും നിറക്കുന്നത്. നമുക്ക് വേറെ വരുമാനം ഒന്നുമില്ല.’ ജെസിന്ത പറയുന്നു.

‘ജെസിന്ത ഫിഷറീസില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ആവശ്യമായ രേഖകളില്ലാത്തവരുടെ കേസില്‍ എന്ത് ചെയ്യാമെന്ന് സര്‍ക്കാര്‍ തീരുമാനമനുസരിച്ചാകും നടപടിയുണ്ടാകുക’ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ബീന സുകുമാര്‍ അറിയിച്ചു.

എന്നു വീട് കിട്ടും? താക്കോല്‍ ദാന ചടങ്ങിനു ശേഷം മത്സ്യത്തൊഴിലാളികള്‍

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍