UPDATES

ട്രെന്‍ഡിങ്ങ്

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ് കുമാര്‍ തട്ടിച്ചെന്നു പറയുന്ന രണ്ടു കോടിയോളം രൂപ എവിടെ?

രാജ് കുമാറിന്റെ കസ്റ്റഡി മരണം ആസൂത്രിതമായി നടന്നതായിരിക്കാമെന്ന ആരോപണവും ഇതിനൊപ്പം ഉയരുന്നുണ്ട്

പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതിയായിരുന്ന രാജ് കുമാറിന്റെ കസ്റ്റഡി മരണത്തിലെ വിവാദത്തിനിടയില്‍ മറ്റൊരു ചോദ്യവും പ്രസക്തമാകുന്നു. രാജ് കുമാര്‍ തട്ടിച്ചെന്നു പറയുന്ന രണ്ടു കോടിയോളം രൂപ എവിടെ? രാജ് കുമാറിന്റെ മരണത്തോടെ ഈ ചോദ്യത്തിന് എവിടെ നിന്ന് ഉത്തരം കിട്ടുമെന്ന് അറിയാത്ത അവസ്ഥയാണ്. ഇരുന്നൂറോളം സ്ത്രീകളുടെ പണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതില്‍ ഏകദേശം ഒന്നരലക്ഷത്തോളം രൂപ മാത്രമാണ് പ്രതി നടത്തിയിരുന്ന ഹരിത ഫിനാന്‍സ് എന്ന സ്ഥാപനത്തിന്റെ ഓഫിസില്‍ നിന്നും കണ്ടെടുക്കാനായിട്ടുള്ളതെന്നാണ് പറയുന്നത്. ബാക്കി പണം എവിടെ പോയെന്ന കാര്യത്തില്‍ ദുരൂഹത മാത്രമാണ് അവശേഷിക്കുന്നത്.

വാഗമണ്‍ കോലഹാലമേട് സ്വദേശിയായ രാജ് കുമാര്‍ നെടുങ്കണ്ടത്ത് ആരംഭിച്ച ഹരിത ഫിനാന്‍സിന് സ്ഥാപന ലൈസന്‍സും ചിട്ടി നടത്താനുള്ള  രജിസ്‌ട്രേഷനും ഉള്ളതാണ്. സ്ത്രീ ജീവനക്കാരെയായിരുന്നു സ്ഥാപനത്തില്‍ രാജ് കുമാര്‍ നിയമിച്ചിരുന്നത്. സ്ത്രീകളുടെ സ്വയം സഹായസംഘങ്ങളെ ബന്ധപ്പെട്ട് അവര്‍ക്ക് വായ്പ ഏര്‍പ്പാടാക്കി കൊടുക്കുകയായിരുന്നു രാജ് കുമാറിന്റെ പദ്ധതി. ആയിരം രൂപയടച്ചാല്‍ ഒരു ലക്ഷം രൂപ വായ്പ നല്‍കുക, പതിനായിരം അടച്ചാല്‍ പത്തുലക്ഷം വായ്പ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളായിരുന്നു ഹരിത ഫിനാന്‍സിലൂടെ രാജ് കുമാര്‍ നല്‍കിയിരുന്നത്. ഈ പദ്ധതിയിലേക്ക് സ്ത്രീകളെ ചേര്‍ക്കാന്‍ തന്റെ സ്ത്രീ ജീവനക്കാരെ നിയോഗിച്ചു. ചെക്ക് ലീഫ് ഉള്‍പ്പെടെയുള്ള രേഖകള്‍ വാങ്ങിച്ചാണ് വായ്പ നല്‍കുന്നത്. ഏതാനും പേര്‍ക്ക് ഇത്തരത്തില്‍ പണം നല്‍കിയിരുന്നുവെന്നും പറയുന്നു. ബാക്കിയുള്ളവര്‍ നിക്ഷേപിച്ച പണമാണ് രാജ് കുമാര്‍ തട്ടിച്ചെടുത്തത് എന്നാണ് പരാതിയില്‍ ഉള്ളത്. എന്നാല്‍ ബാക്കി പണം എവിടെയാണെന്നു കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. ഇതിനു വേണ്ടി പലയിടങ്ങളിലും രാജ് കുമാറുമായി പൊലീസ് പോയിരുന്നുവെങ്കിലും ഒരിടത്തു നിന്നും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പണം പല ബാങ്കുകളിലായി താന്‍ നിക്ഷേപിച്ചിരിക്കുകയാണെന്നായിരുന്നു രാജ് കുമാര്‍ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. രാജ് കുമാര്‍ പറഞ്ഞപ്രകാരമുള്ള കുട്ടിക്കാനം ഐസിഡിബി തുടങ്ങിയ ഏതാനും ബാങ്കുകളില്‍ പൊലീസ് എത്തുകയും ചെയ്തു. ഇവിടെയെല്ലാം രാജ് കുമാറിന്റെ പേരില്‍ അകൗണ്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അതിലൊന്നും പണം ഇല്ലായിരുന്നു. കുട്ടിക്കാനം ഐസിഡിബി ബാങ്കില്‍ രാജ് കുമാര്‍ അകൗണ്ട് എടുത്തത്, തന്റെ ഭൂമി വിറ്റ വകയില്‍ കിട്ടിയ നാലു കോടിയോളം രൂപ നിക്ഷേപിക്കാനെന്ന പേരിലായിരുന്നുവത്രേ. എന്നാല്‍ ഈ അകൗണ്ടില്‍ നിന്നും പണം കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല.

തട്ടിപ്പ് നടത്തിയ പണം എവിടെയാണെന്നു ചോദിച്ചറിയാന്‍ പൊലീസ് മൂന്നാംമുറ പ്രയോഗിച്ചതാകാം രാജ് കുമാറിന്റെ മരണത്തില്‍ കലാശിച്ചതെന്നു പറയുന്നുണ്ട്. എന്നാല്‍ രാജ് കുമാറിന്റെ കസ്റ്റഡി മരണം ആസൂത്രിതമായി നടന്നതായിരിക്കാമെന്ന ആരോപണവും ഇതിനൊപ്പം ഉയരുന്നുണ്ട്. പണം മറ്റാരുടെയോ കൈവശം എത്തിയിട്ടുണ്ടെന്നാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത്. ഒന്നുകില്‍ ഏതെങ്കിലും ഒരു വ്യക്തിയോ അതല്ലെങ്കില്‍ സംഘമോ രാജ് കുമാറിന്റെ പിന്നില്‍ ഉണ്ടായിരിക്കണം. രാജ് കുമാറിനെ ഇവര്‍ ചതിയില്‍പ്പെടുത്തിയിരിക്കാനും സാധ്യതയുണ്ട്. ഏതു വഴിയാണെങ്കിലും ഇങ്ങനെയൊരു വ്യക്തിയുടെ കൈയിലോ സംഘത്തിന്റെ കൈയിലോ തട്ടിപ്പ് നടത്തിയ പണം ഉണ്ടായിരിക്കുമെന്നാണ് ഇവര്‍ പറയുന്നത്. രാജ് കുമാര്‍ മരിച്ചതോടെ കേസില്‍ ഒന്നാം പ്രതി തന്നെ ഇല്ലാതായിരിക്കുകയാണ്. ഇതോടെ ബാക്കിയുള്ളവര്‍ രക്ഷപ്പെടും. അതുകൊണ്ട്, രാജ് കുമാര്‍ പിടിയിലായ സാഹചര്യത്തില്‍ ഏതെങ്കിലും വിധത്തില്‍ തങ്ങളുടെ പേരുകളും പുറത്തുവരുമെന്ന ഭീതിയില്‍ മറ്റുള്ളവര്‍ പൊലീസിനെ ഉപയോഗിച്ച് നടത്തിയ കൊലപാതകവുമാകാം ഇതെന്നും സംശയിക്കുന്നു. തട്ടിപ്പ് നടത്തിയ പണത്തിലേക്ക് എത്താനുള്ള വഴികളെല്ലാം രാജ് കുമാറിന്റെ മരണത്തോടെ അടഞ്ഞിരിക്കുകയാണ്. കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ക്ക് ചെറിയ ശിക്ഷകള്‍ കിട്ടുന്നതോടെ ഈ കേസ് അവസാനിക്കുമെന്നും അതിനൊപ്പം തന്നെ പോയ പണം എവിടെയെന്ന കാര്യവും നിഗൂഢതയായി അവശേഷിക്കുമെന്നും ഈ സംശയങ്ങള്‍ ഉയര്‍ത്തുന്നവര്‍ പറയുന്നു.

രാജ് കുമാറിന്റെ കസ്റ്റഡി മരണത്തെ കുറിച്ചുള്ള അന്വേഷണത്തിനൊപ്പം തട്ടിപ്പ് നടത്തിയ പണം കണ്ടെത്താനുള്ള അന്വേഷണവും ആത്മാര്‍ത്ഥമായി നടത്തണമെന്നും ആവശ്യപ്പെടുന്നുവരുണ്ട്. എന്നാല്‍ ക്രൈം ബ്രാഞ്ചോ, പൊലീസോ അന്വേഷിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു വരില്ലെന്നും പരാതി ഇതിനൊപ്പം ഉയരുന്നുണ്ട്. ജുഡീഷ്യല്‍ അന്വേഷണമെങ്കിലും ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നാണ് ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനും, അന്താരാഷ്ട്ര സമാധാന സംഘടന അംഗവും ആയ ഡോ. ഗിന്നസ് മാടസ്വാമി മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിക്ക് കൈമാറിയിട്ടുമുണ്ട്.

ഈ വിഷയത്തില്‍ മാടസ്വാമി പറയുന്ന കാര്യങ്ങള്‍ ഇവയാണ്; നെടുങ്കണ്ടത്തു ഹരിത ഫിനാന്‍സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു കോലാഹലമേട് സ്വദേശിയായ രാജ് കുമാര്‍. സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പ തരപ്പെടുത്തി നല്‍കാം എന്നു പറഞ്ഞു കോടികള്‍ തട്ടിയെടുത്തു എന്ന പരാതിയിനെ തുടര്‍ന്നു കഴിഞ്ഞ 12 നാണ് ഇദ്ദേഹത്തെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ജൂണ്‍ 15 രാത്രിയില്‍ മാത്രമാണ് പൊലീസ് രാജ് കുമറിനെ കോടതിയില്‍ ഹാജരാക്കുന്നത്.  ജൂണ്‍ 16 നു രാത്രി 9.30 നു രാജ് കുമാറിനെ റിമാന്‍ഡ് ചെയ്തു. ജൂണ്‍ 21 ന് ആരോഗ്യ നില മോശമായതിനെ തുടര്‍ന്നു രാജ് കുമാറിനെ പീരുമേട് താലൂക്ക്  ആശുപത്രിയില്‍ എത്തിക്കുന്നു. അവിടെവച്ച് പ്രതി മരിച്ചു.

കസ്റ്റഡി മുതല്‍ കോടതിയില്‍ എത്തിക്കുന്നത് വരെ നാലു ദിവസത്തില്‍ ഏറെ(നൂറ്റഞ്ച് മണിക്കൂറോളം) രാജ് കുമാറിനെ പോലീസ് ക്രൂരമായി പീഡിപ്പിച്ചെന്നാണ് ആരോപണം. മൃതദേഹത്തില്‍ 32 മുറിവുകള്‍ ഉണ്ടെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിട്ടുണ്ട്. തുടകളിലെ പേശികള്‍ ചതഞ്ഞിട്ടുണ്ട്. കണങ്കാലില്‍ ഉരുളന്‍ തടി കൊണ്ടു ക്ഷതം ഉണ്ടായിട്ടുണ്ട്. ഉരുട്ടല്‍ ശിക്ഷ നല്‍കിയതായി ആരോപണം ഉണ്ട്. പ്രതിയെ യഥാസമയത്തു കോടതിയില്‍ ഹാജരാക്കാതെ 105 മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചതു സംശയത്തിന് ഇടയാക്കുന്നതാണ്. സബ് ജയില്‍ സൂപ്രണ്ടിന്റെ വെളിപ്പെടുത്തലും പ്രതിക്ക് മര്‍ദ്ദനം ഏറ്റിരുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നുണ്ട്.  സംശയപരമായി ചില കാര്യങ്ങള്‍ രാജ് കുമാറിന്റെ മരണത്തില്‍ നടന്നിട്ടുണ്ടെന്നു മുഖ്യമന്ത്രി നിയമ സഭയില്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്. കുറ്റക്കാര്‍ക്ക് എതിരെ മാതൃകാപരമായി ശിക്ഷാ നടപടികള്‍ കൈക്കൊള്ളുകയും ഇനിയും ഇത് പോലുള്ള കസ്റ്റഡി മരണങ്ങള്‍ സംഭവിക്കാതിരിക്കാന്‍ പോലീസ് വകുപ്പില്‍ നിന്നും പൊതു മാര്‍ഗനിര്‍ദശം ഉണ്ടാകാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം എന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Read More: ആഗോള കത്തോലിക്ക സഭയുടെ രീതികള്‍ ഇതോ? അധികാരമേറ്റെടുക്കാന്‍ ഇരുട്ടിന്റെ മറവും പോലീസും; കര്‍ദിനാള്‍ ആലഞ്ചേരിയെ ബഹിഷ്‌കരിക്കുമെന്ന് അതിരൂപത വൈദികര്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍