UPDATES

ജസ്ന ബംഗളൂരുവില്‍ എത്തിയതായി സൂചന; കാണാതായിട്ട് 49 ദിവസം

കാണാതായ ആദ്യ ദിവസങ്ങളില്‍ പോലീസ് അലംഭാവം കാട്ടിയിരുന്നില്ലെങ്കില്‍ കണ്ടെത്താന്‍ കഴിയുമായിരുന്നെന്ന് കുടുംബം

അമ്മയില്ലാതായ ആ വീട്ടിലെ കാര്യങ്ങളെല്ലാം അച്ഛനും മൂന്ന് മക്കളും കൂടിയായിരുന്നു ചെയ്തുവന്നത്. രാവിലെ ഭക്ഷണമുണ്ടാക്കുന്നതും കഴിക്കുന്നതും എല്ലാം നാലുപേരും ഒന്നിച്ച്. ആ സമയത്ത് അവര്‍ അവര്‍ക്ക് പറയാനുള്ള ഒരു ദിവസത്തെ എല്ലാ വിശേഷങ്ങളും പരസ്പരം പറഞ്ഞ് തീര്‍ക്കും. പിന്നെ ഓട്ടമാണ് അച്ഛന്‍ സ്വന്തമായി നടത്തുന്ന കെട്ടിടംപണി സാധനങ്ങള്‍ വില്‍ക്കുന്ന കടയിലേക്ക്. മക്കള്‍ കോളേജുകളിലേക്ക്. മാര്‍ച്ച് 22ഉും സാധാരണ ഒരു ദിവസം പോലെയാണ് പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ആരംഭിച്ചത്. അന്നും അവര്‍ ഒന്നിച്ച് ഭക്ഷണമുണ്ടാക്കി കഴിച്ചു. ഉച്ചത്തേക്കുള്ള ഭക്ഷണം ടിഫിനിലാക്കി എല്ലാവരുടേയും ബാഗുകളില്‍ വച്ചത് ആ കുടുംബത്തിലെ ഇളയമകള്‍ ജസ്‌നയാണ്. ജസ്‌നയ്ക്ക് സ്റ്റഡി ലീവ് ആയതിനാല്‍ കോളേജില്‍ പോവണ്ട. അച്ഛന്‍ ജയിംസിനുള്ള ഭക്ഷണം ബാഗിലാക്കി, ജയിംസ് പോവാനിറങ്ങുമ്പോള്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ തൂക്കിയിട്ട് കൊടുത്തതും ജസ്‌നയാണ്. അച്ഛനും സഹോദരങ്ങളായ ജെസ്സിക്കും ജയ്‌സിനും യാത്രപറഞ്ഞ് ജസ്‌ന പുറത്ത് തന്നെ നിന്നു. യാത്രപറഞ്ഞ് പോയവര്‍ പിന്നീട് ജസ്‌നയെ കണ്ടിട്ടില്ല. ജസ്‌ന എവിടെയെന്ന് അവര്‍ക്കറിയില്ല.

ജസ്‌നയെ കാണാതായിട്ട് ഇന്നേക്ക് 49 ദിവസം. അന്വേഷണങ്ങള്‍ പലവഴിക്ക് നീങ്ങിയിട്ടും പെണ്‍കുട്ടി എവിടെയാണെന്നത് സംബന്ധിച്ച് ഒരു സൂചന പോലും ഇതേവരെ ലഭിച്ചിട്ടില്ല. ‘അവളുടെ മമ്മി മരിക്കുന്നത് ഒമ്പത് മാസം മുമ്പാണ്. അതിന് ശേഷം ഞങ്ങള്‍ എല്ലാവരും ചേര്‍ന്നാണ് വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. ജസ്‌ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. ആദ്യം ഹോസ്റ്റലിലാണ് അവള്‍ നിന്നിരുന്നതെങ്കിലും പിന്നീട് മമ്മിയുടെ മരണത്തിന് ശേഷം വീട്ടില്‍ നിന്നാണ് പോയി വന്നിരുന്നത്. മൂത്തമകള്‍ ജെസ്സി എറണാകുളത്ത് ബിടെക്കിന് പഠിക്കുന്നു. അവള്‍ ആഴ്ചയിലേ വരൂ. മകന്‍ അമല്‍ജ്യോതിയിലാണ് ബിടെക് പഠിക്കുന്നത്. മിക്കപ്പോഴും അവന്‍ ജസ്‌നയെ കോളേജില്‍ ആക്കിയിട്ടാണ് പഠിക്കാന്‍ പോയിക്കൊണ്ടിരുന്നത്. സ്റ്റഡി ലീവ് ആയതിനാല്‍ ജസ്‌ന മാത്രം അന്ന് വീട്ടിലുണ്ടായിരുന്നു. പക്ഷെ മമ്മി മരിച്ചതിന് ശേഷം അവള്‍ക്ക് അവിടെ ഒറ്റക്കിരിക്കാന്‍ ബുദ്ധിമുട്ടായതുകൊണ്ട് പുഞ്ചവയലിലുള്ള ആന്റിയുടെ വീട്ടില്‍ പോയിരുന്ന് പഠിക്കാമെന്ന് പറഞ്ഞാണ് പോയത്. അടുത്തുള്ള കുട്ടികളോടും തലേന്ന് തന്നെ അവള്‍ അത് പറയുകയും ചെയ്തു. അന്ന് ഞങ്ങള്‍ എല്ലാം പോയിക്കഴിഞ്ഞ് അവള്‍ തന്നെയാണ് ഓട്ടോ വിളിച്ച് മുക്കോട്ട്തറയിലേക്ക് പോയത്. ഓട്ടോക്കാരനോടും, ഞങ്ങളുടെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന എന്റെ പെങ്ങളോടും അവള്‍ ആന്റിയുടെ വീട്ടില്‍ പോവുന്നു എന്ന് പറഞ്ഞിട്ടാണ് ഇറങ്ങിയത്. മുക്കോട്ടുതറയില്‍ നിന്ന് അവള്‍ ബസ് കയറി എരുമേലി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങുന്നത് കണ്ടവരുണ്ട്. അവളുടെ കൂടെ മുമ്പ് പടിച്ചിരുന്ന ഒരു കുട്ടി അവള്‍ എരുമേലിയില്‍ നിന്ന് പുഞ്ചവയലിലേക്കുള്ള 9.30തിന്റെ ബസില്‍ അഞ്ചാമത്തെ സീറ്റിലിരിക്കുന്നതും കണ്ടതായി പോലീസിനോട് പറഞ്ഞിട്ടുണ്ട്. സ്റ്റാന്‍ഡില്‍ നിന്ന് കുറച്ച് ദൂരം പോയിക്കഴിയുമ്പോഴുള്ള ഒരു ബാങ്കിന്റെ സിസിടിവി ക്യാമറയിലും ജസ്‌ന ബസില്‍ ഇരിക്കുന്നത് കാണാം. പക്ഷെ പിന്നെ അവള്‍ എങ്ങോട്ട് പോയി എന്ന് ആര്‍ക്കും അറിയില്ല. ഞാനന്ന് പോവുമ്പോള്‍ എന്റെ ബാഗില്‍ വെള്ളവും ഭക്ഷണവും കൂടി വച്ച് വണ്ടിയില്‍ തൂക്കിയിട്ട് തന്ന കൊച്ചാണ്. അവള് പിന്നെ എങ്ങോട്ട് പോയെന്ന് എനിക്കറിയില്ല. ആരെങ്കിലും തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തിയിട്ടുണ്ടാവുമെന്നാണ് എന്റെ സംശയം. പക്ഷെ അത് ആരെന്നോ എന്തിനെന്നോ അറിയില്ല. ബിസിനസുമായി ബന്ധപ്പെട്ട് ചിലരുമായി തര്‍ക്കങ്ങളുള്ളതല്ലാതെ എനിക്ക് പ്രത്യേകിച്ച് ശത്രുക്കളാരുമില്ല. അവള്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്ന ശീലമില്ല. മമ്മി ഉപയോഗിച്ചിരുന്ന ഒരു പഴയഫോണാണ് അവള്‍ ഇടക്ക് ഉപയോഗിക്കുന്നത്. അത് ചാര്‍ജ് ചെയ്യാറുകൂടിയില്ല. കാണാതാവുന്നതിന് തലേന്ന് അതില്‍ നിന്ന് എന്നെയും അവളുടെ രണ്ട് കൂട്ടുകാരേയും ആന്റിയേയും വിളിച്ചിട്ടുണ്ട്. രണ്ടാംവര്‍ഷത്തെ റിസല്‍ട്ട് വന്നത് പറയാനായിട്ടാണത്.’ അച്ഛന്‍ ജയിംസ് പറഞ്ഞു.

ജസ്‌നയെ കാണാതായ അന്ന് തന്നെ പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്ന് ജസ്‌നയുടെ കുടുംബം ആരോപിക്കുന്നു. അന്വേഷണം വേണ്ടരീതിയില്‍ നടക്കാതായതോടെ ജസ്‌നയുടെ അച്ഛനും ബന്ധുക്കളും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമാണെങ്കിലും മുമ്പ് ഈ ആര്‍ജ്ജവം പോലീസുകാര്‍ കാണിച്ചിരുന്നെങ്കില്‍ ജസ്‌നയെക്കുറിച്ച് ഇതിനോടകം അറിവ് ലഭിക്കുമായിരുന്നു എന്ന് ജസ്‌നയുടെ മൂത്തസഹോദരി ജെസ്സി പറയുന്നു.  ‘കാണാതായ അന്ന് തന്നെ പോലീസില്‍ വിവരം അറിയിച്ചിരുന്നു. പരാതി നല്‍കി. എന്നാല്‍ അവര്‍ ലാഘവത്തോടെയാണ് അത് കേട്ടത്. എവിടെയെങ്കിലും പോയിക്കാണും, രണ്ട് ദിവസം കഴിയുമ്പോള്‍ തിരിച്ച് വരും എന്നൊക്കെയാണ് അന്ന് ഞങ്ങള്‍ക്ക് കിട്ടിയ മറുപടി. മൂന്ന് ദിവസം കഴിഞ്ഞിട്ടാണ് അവര്‍ അന്വേഷണം തുടങ്ങുന്നത് പോലും. പിന്നീട് പോലീസ് അന്വേഷണം നടത്തുമ്പോഴും തെളിവെടുപ്പ് നടത്തുമ്പോഴും ഞങ്ങളും കൂടെയുണ്ടായിരുന്നു. പക്ഷെ ഒരു വഴിപാടിന് അന്വേഷിക്കുന്നത് പോലെയാണ് തോന്നിയത്. ഒരു ആത്മാര്‍ഥതയുമില്ലാതെ, തെളിവുകള്‍ തിരക്കാതെ വെറുതെ കുറേപ്പേരോട് കാര്യങ്ങള്‍ ചോദിച്ച് അവര്‍ കൈകഴുകി. അവളെ കാണാതായ അന്ന് തന്നെ ബന്ധുക്കളുടെ വീടുകളിലും കൂട്ടുകാരുടെ വീടുകളിലുമെല്ലാം ഞങ്ങള്‍ അന്വേഷിച്ചിരുന്നു. അവിടെയൊന്നും ചെന്നിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് പോലീസില്‍ പരാതി നല്‍കുന്നത്. അവള്‍ എന്റെയടുത്ത് എല്ലാം പറയാറുണ്ട്. കൂട്ടുകാരോട് പറയാത്ത കാര്യങ്ങള്‍ പോലും എന്നോടാണ് പറയുക. പക്ഷെ അവള്‍ എവിടേക്കെങ്കിലും പോവാന്‍ പോവുകയാണെന്ന തരത്തില്‍ ഒരു പെരുമാറ്റം പോലും ഉണ്ടായിട്ടില്ല. വീട്ടില്‍ നിന്ന് അവളുടെ ഡ്രസ്സോ ഫോണോ ഒന്നും എടുത്തിട്ടില്ല. ആകെ മൂന്നാം തീയതി നടക്കാനിരുന്ന പരീക്ഷയ്ക്ക് പഠിക്കാനായുള്ള ബുക്കും കോളേജില്‍ കൊണ്ടുപോവുന്ന ബാഗും മാത്രമാണ് എടുത്തിട്ടുള്ളത്. ജസ്‌ന വളരെ ഒതുങ്ങിയ ടൈപ്പ് ആണ്. ആരോടും അധികമൊന്നും സംസാരിക്കില്ല, പെട്ടെന്ന് ആരുമായും അടുക്കില്ല. വളരെ പക്വതയോടെ വീട്ടിലെ കാര്യങ്ങള്‍ നോക്കും. പഠിക്കുകയും ചെയ്യും. എന്നിട്ട് പോലും ഇവിടെ നാട്ടുകാര്‍ പലതും പറയുന്നുണ്ട്. പോലീസുകാരാണെങ്കിലും ആദ്യം അങ്ങനെയായിരുന്നു ചോദിച്ചത്. ആരുടെയെങ്കിലും കൂടെ പോയിക്കാണുമെന്നാണ് അവര്‍ പറഞ്ഞത്. ഇപ്പോള്‍ പുതിയ അന്വേഷണ സംഘം വന്നത് ഒരു പ്രതീക്ഷയാണ്. പക്ഷെ അവര്‍ക്ക് അന്വേഷിക്കാന്‍ ഇത്രയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. പരാതി നല്‍കിയ അന്നു മുതല്‍ അന്വേഷിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്കിപ്പോള്‍ അവളെ തിരിച്ചുകിട്ടിയേനെ.’

സ്കോട്ട്ലന്‍ഡ് യാര്‍ഡില്‍ പോയി പഠിച്ചതുകൊണ്ട് കാര്യമില്ല, അല്‍പ്പം മനുഷ്യത്വം വേണം പോലീസിന്; ലിഗ, ജസ്ന കേസുകളില്‍ സംഭവിച്ചത്

ജസ്‌നയുടെ സഹപാഠിയും ഉറ്റ സുഹൃത്തുമായ അല്‍ഫോണ്‍സയും ജസ്‌നയ്ക്ക് അപകടം സംഭവിച്ചിരിക്കാനുള്ള സാധ്യതയെക്കുറിച്ചാണ് പറയുന്നത്. ‘സ്റ്റഡി ലീവ് തുടങ്ങുന്നതിന് മുമ്പുള്ള ദിവസമാണ് അവളെ അവസാനമായി കണ്ടത്. എല്ലാവരും സംശയിക്കുന്നത് പോലെ എന്തെങ്കിലും റിലേഷന്‍ഷിപ്പില്‍ അവള്‍ പെട്ടിരിക്കാനുള്ള സാധ്യതയില്ല. അങ്ങനെയൊരു ക്യാരക്ടര്‍ അല്ല അവളുടേത്. വളരെ സൈലന്റ് ആണ്. ആണ്‍കുട്ടികളോടൊന്നും സംസാരിക്കാറ് തന്നെയില്ല. എന്നോടാണ് പിന്നെയും കാര്യങ്ങള്‍ പറയുക. ഞങ്ങള്‍ പുറത്ത് ഭക്ഷണം കഴിക്കാനും സിനിമകാണാനുമൊക്കെ പോവാറുണ്ട്. എന്നാലും കാര്യമായ വര്‍ത്തമാനമൊന്നുമില്ലായിരുന്നു. എന്തെങ്കിലും കുത്തിക്കുത്തി ചോദിച്ചാല്‍ പറയും എന്നല്ലാതെ. പിന്നെ അങ്ങനെ കിള്ളിപ്പൊളിച്ച് ചോദിക്കുന്നത് അവള്‍ക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് ഞാന്‍ അതിന് പോവാറുമില്ല. അമ്മ മരിച്ചത് അവള്‍ക്ക് വലിയ ഷോക്ക് ആയിരുന്നു. പക്ഷെ അതിന് ശേഷം അവള്‍ വലിയ സന്തോഷത്തോടെയാണ് കണ്ടിരുന്നത്. മറ്റുള്ളവരുടെ സിംപതി ആവശ്യമില്ലാത്തതിനാല്‍ ദു:ഖിച്ചിരിക്കാന്‍ താത്പര്യമില്ലെന്നാണ് പറയാറ്. മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ റിസള്‍ട്ടില്‍ അവള്‍ ഹാപ്പി ആയിരുന്നു. എന്നാലും അടുത്ത പരീക്ഷ കുറച്ചൂടെ നന്നായി എഴുതണം എന്ന് പറഞ്ഞാണ് പിരിയുന്നത്. എന്തെങ്കിലും അപകടത്തില്‍ പെട്ടതാവാനാണ് സാധ്യത എന്നാണ് എനിക്ക് തോന്നുന്നത്’

പത്തനംതിട്ട എസ്പിയുടെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ കേസന്വേഷണം നടക്കുന്നത്. അന്വേഷണത്തിനായി തിങ്കളാഴ്ച പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും ചെയ്തു. തിരുവല്ല ഡിവൈഎസ്പി, തിരുവല്ല സിഐ, വനിതാ സിഐ, പെരിനാട് സിഐ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കിട്ടാവുന്ന എല്ലാ തെളിവുകളും ശേഖരിച്ച് അന്വേഷണം തുടരുകയാണെന്ന് പത്തനംതിട്ട എസ്പി ടി.നാരായണന്‍ പറഞ്ഞു. ‘പ്രത്യേക അന്വേഷണ സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. സൈബര്‍ വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും ശേഖരിക്കുന്നുണ്ട്. എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചാണ് അന്വേഷണം. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചെന്നൈ, ബംഗളൂരു, ഡല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒപ്പം അന്ന് പെണ്‍കുട്ടി സഞ്ചരിച്ച വഴികളിലൂടെ വിശദമായ പരിശോധനയും നടത്തിവരികയാണ്. ജസ്‌നയെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ.’

ബംഗളൂരുവില്‍ ചെന്നതായി സൂചന

ജസ്‌നയും സുഹൃത്തും ബംഗളൂരുവില്‍ ചെന്നതായി സൂചന. ജസ്‌നയും ഒരു സുഹൃത്തുമായി ബംഗളൂരുവിലെ ആശഭവനില്‍ എത്തിയിരുന്നതായാണ് വിവരം. വാഹനാപകടത്തില്‍ പരിക്കേറ്റ ഇവര്‍ നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടിയതായും പിന്നീട് മൈസൂരിലേക്ക് പോയതായും സൂചന ലഭിച്ചുവെന്നാണ് പോലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ നല്‍കുന്ന വിവരം. എന്നാല്‍ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചില്ല.

കാണാതായ ജസ്ന ബംഗളൂരുവിൽ എത്തിയിരുന്നതായി ആന്റോ ആന്റണി എംപി

മണിക്കൂറില്‍ 39 സ്ത്രീകള്‍ ലൈംഗികപീഡനത്തിന് ഇരയാകുന്ന ഇന്ത്യയിൽ എത്ര വനിതാ ജഡ്ജിമാരുണ്ട്?

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍