UPDATES

ചിത്രയെ തഴഞ്ഞത് ആരുടെ ഇടപെടല്‍? ഒഴിവാക്കിയത് അവസാനഘട്ടത്തില്‍

പരിശീലക സംഘത്തിലെ ആളുകളുടെ എണ്ണം കൂട്ടാനാണ് താരങ്ങളെ തഴഞ്ഞതെന്ന ആക്ഷേപം ശക്തമാണ്. പി.ടി.ഉഷയടക്കം ഉള്‍പ്പെട്ട ഒരു യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണനേട്ടത്തോടെ യോഗ്യത ഉറപ്പിച്ചിട്ടും ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പി.യു.ചിത്രയെ പുറത്താക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം. ചിത്രയുടെ പ്രകടനം ലോകനിലവാരത്തിലേക്ക് ഉയര്‍ന്നില്ല എന്നാണ് അത്ലറ്റിക് ഫെഡറേഷന്റെ വാദം. എന്നാല്‍ പരിശീലക സംഘത്തിലെ ആളുകളുടെ എണ്ണം കൂട്ടാനാണ് താരങ്ങളെ തഴഞ്ഞതെന്ന ആക്ഷേപം ശക്തമാണ്. 24 താരങ്ങള്‍ക്കൊപ്പം പരിശീലകരും മാനേജര്‍മാരുമടക്കം 13 ഇന്ത്യന്‍ ഓഫീഷ്യലുകളാണ് ലണ്ടനിലേക്ക് പറക്കുന്നത്. ഏഷ്യന്‍ അത്ലറ്റിക് മീറ്റിലെ സ്വര്‍ണ ജേതാക്കളായ സുധ സിങ്, അജയ് കുമാര്‍ സരോജ് എന്നിവരാണ് ചിത്രയ്ക്കൊപ്പം തഴയപ്പെട്ട മറ്റു താരങ്ങള്‍. ഏഷ്യന്‍ അത്ലറ്റിക് മീറ്റിലെ ജേതാക്കളെ ലോകമീറ്റിന് അയയ്ക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ച അത്ലറ്റിക് ഫെഡറേഷനാണ് ഇപ്പോള്‍ വിവാദ തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്.

ലോക അത്ലറ്റിക് മീറ്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതിനുവേണ്ട അവസാനവട്ട പരിശീലനങ്ങള്‍ നടക്കുമ്പോഴാണ് നിരാശജനകമായ ഈ വാര്‍ത്ത അറിഞ്ഞത്. വളരെ ദു:ഖവും നിരാശയുമുണ്ട്. ഏഷ്യന്‍ അത്ലറ്റിക്ക് മീറ്റില്‍ മികച്ച പ്രകടനത്തോടെ സ്വര്‍ണം നേടിയപ്പോള്‍ ലോക മീറ്റിന് പങ്കെടുക്കാം എന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു. ഇത്തരമൊരു ഒഴിവാക്കല്‍ പ്രതീക്ഷിച്ചതെ ഇല്ല. ഫെഡറേഷന്‍ തീരുമാനം മാറ്റുമെന്ന പ്രതീക്ഷയില്‍ തന്നെയാണിപ്പോഴും ഞാനുള്ളത്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ കോടതികളിലൂടെ നിയമപരമായ നടപടികളിലേക്കും നീങ്ങും. ലോക അത്ലറ്റിക്ക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് എനിക്കുറപ്പുണ്ട് – പി.യു.ചിത്ര അഴിമുഖത്തോട് പറഞ്ഞു. 4.17.92 മിനിറ്റില്‍ ഓടിയെത്തിയാണ് വനിതകളുടെ 1500 മീറ്ററില്‍ ചിത്ര ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണമണിഞ്ഞത്. കരിയറിലെ മികച്ച പ്രകടനം.

എന്തടിസ്ഥാനത്തിലാണ് ചിത്രയ്ക്ക് മെഡല്‍ സാധ്യതയില്ലെന്ന നിലപാട് ഫെഡറേഷന്‍ എടുത്തതെന്ന് വ്യക്തമല്ല. ഏഷ്യന്‍ അത്ലറ്റിക്ക് മീറ്റിലെ ചാമ്പ്യന് ലോക മീറ്റില്‍ പങ്കെടുക്കാനുള്ള യോഗ്യത നല്‍കണമെന്നാണ് നിയമം. കേരളത്തിലെ പ്രമുഖരായ മുന്‍ അത്ലറ്റിക്ക് താരങ്ങള്‍ ഉള്‍പ്പെട്ട സമിതിയിലാണ് ഇങ്ങനെയൊരു തീരുമാനമുണ്ടായതെന്നതാണ് നിരാശജനകം. ഇപ്പോള്‍ അവര്‍ തെരഞ്ഞെടുത്ത എത്ര പേര്‍ക്ക് ഉറച്ച മെഡല്‍ സാധ്യതയുണ്ട് എന്നത് വ്യക്തമാക്കണം. റിയോ ഒളിമ്പിക്സില്‍ സ്ഥിതി നമ്മള്‍ കണ്ടതാണ്. യോഗ്യതയുള്ള മുഴുവന്‍ ആളുകള്‍ക്കും ലോക മീറ്റില്‍ പങ്കെടുക്കാനുള്ള അവസരമൊരുക്കണം. ചിത്രയെ പുറത്താക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട് – ചിത്രയുടെ പരിശീലകന്‍ എന്‍.എസ്.സിജിന്‍ പറഞ്ഞു. ജൂണില്‍ പട്യാലയില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ 4.24.16 മിനിറ്റില്‍ ഓടി ചിത്ര ഇതേ ഇനത്തില്‍ സ്വര്‍ണമണിഞ്ഞിരുന്നു. ചിത്രയ്ക്ക് നീതി ഉറപ്പാക്കുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ അത്ലറ്റിക്സ് ഫെഡറേഷനോട് മന്ത്രി വിശദീകരണം തേടി. വിജയ് ഗോയലുമായി എം.ബി. രാജേഷ് എംപി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍ ചിത്രയെ ഒഴിവാക്കിയത് കൃത്യമായ നീക്കത്തോടെയണെന്നാണ് കേരളാ അത്ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി പി.ഐ. ബാബു പറയുന്നത്.

ലോക അത്ലറ്റിക് മീറ്റിന്റെ എന്‍ട്രി കൊടുക്കാനുള്ള അവസാന സമയം ജൂലൈ 24 രാത്രിയോടെയായിരുന്നു. എന്നാല്‍ അതിന് തൊട്ടുമുന്നിലുള്ള ദിവസം മാത്രമാണ് ദേശീയ അത്ലറ്റിക് ഫെഡറേഷന്‍ യോഗം ചേര്‍ന്ന് പങ്കെടുക്കുന്നവരുടെ അവസാന ലിസ്റ്റ് തയ്യാറാക്കിയത്. ഇനി ചിത്രയെ ഉള്‍പ്പെടുത്താന്‍ കായികമന്ത്രി അടക്കം നിര്‍ദ്ദേശിച്ചാലും ഈ സാങ്കേതിക കാരണം ഉയര്‍ത്തിക്കാട്ടി ചിത്രയെ തഴയാന്‍ ഫെഡറേഷനാകും. എന്നാല്‍ കൂടി ഫെഡറേഷന്‍ ശക്തമായി ഇടപെട്ടാല്‍ പങ്കെടുക്കാനും സാധിച്ചേക്കും. അതിനുള്ള സാധ്യതയും ഉണ്ട്.

പി.ടി.ഉഷയടക്കം ഉള്‍പ്പെട്ട ഒരു യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത് എന്നതാണ് നിരാശാജനകം. ഏഷ്യന്‍ ചാമ്പ്യനെന്ന നിലയില്‍ ചിത്രയ്ക്ക് നേരിട്ട് യോഗ്യതയുള്ള കാര്യം ഫെഡറേഷന്‍ ഭാരവാഹികള്‍ക്ക് കൃത്യമായി അറിയാം. അതറിഞ്ഞുകൊണ്ടാണ് ഇത്തരമൊരു വിവാദ തീരുമാനം എടുത്തത്. ഫെഡറേഷന്റെ വാദം അംഗീകരിക്കാവുന്നതെന്നല്ല. പങ്കെടുക്കുന്ന എത്ര താരങ്ങള്‍ക്ക് മെഡല്‍ കിട്ടുമെന്നത് നമുക്ക് വ്യക്തമായി അറിയാം. റിയോ ഒളിമ്പിക്സില്‍ അടക്കം നമ്മളത് കണ്ടതാണ്. ചിത്രയെ പോലുള്ള താരങ്ങള്‍ക്ക് ഭാവിയില്‍ മെഡല്‍ നേടുന്നതിനുള്ള ചൂണ്ടുപലകകളാണ് ഇത്തരം വേദികള്‍. ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ സംസ്ഥാനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു. മുഖ്യമന്ത്രി അടക്കം ഇടപെട്ട് കേന്ദ്ര കായിക മന്ത്രിയെ പ്രശ്നം ധരിപ്പിച്ചതോടെ ചിത്രയ്ക്കു പ്രവേശനം കിട്ടുമെന്ന പ്രതീക്ഷയിലാണ ചിത്രയും പരിശീലകനും കായികപ്രേമികളും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍