UPDATES

അക്രമികളുടെ ‘സൂപ്പർ പൊലീസ്’ സ്ക്വാഡുകളുണ്ടാക്കുന്ന റൂറൽ എസ്‌പി; ശ്രീജിത്തിന്റെ മരണത്തില്‍ കുടുങ്ങുക ആർടിഎഫോ സ്റ്റേഷൻ പൊലീസോ?

കസ്റ്റഡിയിൽ എടുത്തപ്പോഴുണ്ടായ മർദ്ദനത്തിലാണോ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ ഉണ്ടായ മർദ്ദനത്തിലാണോ മരണം സംഭവിച്ചത് എന്ന ആശയക്കുഴപ്പം നിലനില്ക്കുന്നുണ്ട്

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായിരുന്ന കാലത്ത് എവി ജോർജ് സിറ്റി സ്പൈഡർ എന്നൊരു ചെറുസംഘം രൂപീകരിക്കുകയുണ്ടായി. ഷാഡോ പൊലീസിൽ നിന്നും എആർ ക്യാമ്പിൽ പ്രത്യേകിച്ചൊരു പണിയില്ലാതെ നിൽക്കുന്നവരിൽ നിന്നും ചിലരെ തെരഞ്ഞെടുത്ത് പൊലീസ് സേനയ്ക്കകത്ത് തനിക്ക് വിധേയരായി നിൽക്കുന്നവരുടെ ചെറിയ സംഘങ്ങൾ രൂപീകരിക്കുന്നത് എവി ജോർജിന്റെ രീതിയാണ്. പൊലീസ് സേനയിൽ ഒരു ‘സൂപ്പർ പൊലീസ്’ ആയി ഇവർ പ്രവർത്തിക്കും. ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ തികച്ചും അനൗദ്യോഗികമാണ് എന്നതിനാൽ ആർക്കും ഇവരെ ട്രേസ് ചെയ്തെടുക്കാനാകില്ല. വിവരാവകാശം തുടങ്ങിയ വഴികളിലൂടെ ഇവരെക്കുറിച്ച് എന്തെങ്കിലും കാര്യങ്ങളറിയാൻ സാധിക്കില്ല.

ആംഡ് റിസർവ്വ് ഫോഴ്സിൽ നിന്ന് നേരിട്ട് ഇത്തരം സംഘങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന പരിപാടിയുമുണ്ട്. ഇവർ സ്റ്റേഷൻ പരിധിയിലെത്തുന്നത് സിഐമാരോ എസ്ഐമാരോ അറിയാറില്ല. മഫ്ടിയിലാണ് പ്രവർത്തനം മുഴുവൻ. ഇങ്ങനെ രൂപീകരിക്കപ്പെട്ട അനൗദ്യോഗിക ‘അക്രമി’ സംഘങ്ങളിലൊന്നാണ് ആർടിഎഫ് അഥവാ റൂറൽ ടൈഗർ ഫോഴ്സ്. ഈ സംഘത്തെയാണ് ദേവസ്വംപാടം കുളമ്പുകണ്ടം വീട്ടില്‍ കെഎം വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇടപെടാൻ റൂറൽ എസ്പി എവി ജോർജ് നിയോഗിച്ചത്.

ഏപ്രിൽ അഞ്ചാം തിയ്യതിയാണ് സംഭവങ്ങളുടെ തുടക്കം. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവത്തിനു പോയി മടങ്ങവെ ദിവാകരൻ എന്നയാളുടെ തോളിൽക്കിടന്ന തോർത്ത് പ്രദേശവാസിയായ സുമേഷ് എടുത്തതുമായി ബന്ധപ്പെട്ട് അടിപിടി നടന്നിരുന്നു. തൊട്ടടത്ത ദിവസവും ദിവാകരനും സുമേഷും തമ്മിൽ ഇതെച്ചൊല്ലി തർക്കമുണ്ടായി. ദിവാകരന്റെ സഹോദരനായ കെഎം വാസുദേവൻ ഇക്കാര്യം ചോദിക്കാൻ സുമേഷിന്റെ വീട്ടില്‍ച്ചെന്നു. ഇതെത്തുടർന്നാണ് വാസുദേവന്റെ വീട്ടിൽ ആക്രമണമുണ്ടായത്.

ഒരുസംഘം ആർഎസ്എസ് പ്രവർത്തകർ വാസുദേവന്റെ വീടുകയറി ആക്രമണം നടത്തി. വാസുദേവന്റെ മകൻ വിനീഷിനും ചെറുമകൾക്കും പരിക്കേറ്റു. ആക്രമണത്തിൽ സാരമായ പരിക്കേറ്റ വാസുദേവൻ ചായ്പ്പിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഒരുമണിക്കൂറിനു ശേഷം മരിച്ചു.

വാസുദേവന്റെ വീടാക്രമിച്ച കേസിലുൾപ്പെട്ട ശ്രീജിത്തിനെ തേടിയാണ് റൂറൽ എസ്പിയുടെ ആർടിഎഫ് സംഘം എത്തിയത്. മൂന്നു പേരടങ്ങിയ സംഘത്തിലെ ഒരാൾ കാവി മുണ്ടും ടി ഷർട്ടും ബാക്കി രണ്ടുപേർ സാധാരണ പാന്റും ഷർട്ടും ധരിച്ചാണെത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വെള്ളിയാഴ്ച, അതായത് ഏപ്രിൽ 6ന് രാത്രിയിൽ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പതിന്നാലു പേർക്കെതിരെയാണ് കേസ് ചാര്‍ജ് ചെയ്തിരുന്നത്. ഇതിൽ നാലുപേരെ കിട്ടിയില്ല. ദേവസ്വംപാടത്തുള്ള മറ്റൊരു ശ്രീജിത്തിന്റെ പേരാണ് താൻ പറഞ്ഞതെന്നും പൊലീസ് പിടികൂടിയയാൾ അക്രമിസംഘത്തിലുണ്ടായിരുന്നില്ലെന്നും ആത്മഹത്യ ചെയ്ത വാസുദേവന്റെ മകൻ പിന്നീട് പറയുകയുണ്ടായി.

വിനീഷ് ശ്രീജിത്തിന്റെ പേര് മൊഴിയിൽ പറഞ്ഞിരുന്നു എന്നത് കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു. ആദ്യമൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് പൊലീസിന്റെ കള്ളം പൊളിഞ്ഞത്. രണ്ടാമത് തയ്യാറാക്കിയ മൊഴിയില്‍ ശ്രീജിത്തിന്റെയും അനുജൻ സജിത്തിന്റെയും പേരുകൾ ചേർത്തിരുന്നു. ആത്മഹത്യ ചെയ്ത വാസുദേവന്റെ ചവിട്ടേറ്റാണ് മരണകാരണമായ ക്ഷതം ശ്രീജിത്തിനേറ്റതെന്ന് വരുത്തിത്തീർക്കാൻ പൊലീസ് ശ്രമിച്ചിരുന്നു. ഇതിനായാണ് വാസുദേവന്റെ മകൻ വിനീഷിന്റെ രണ്ടാമത്തെ മൊഴി തിരക്കിട്ട് വിളിച്ചുവരുത്തി രേഖപ്പെടുത്തിയത്.

ഏപ്രിൽ 8ന് ശ്രീജിത്തിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ഇവിടെ സിടി സ്കാൻ സൗകര്യമുണ്ടായിരുന്നില്ല. തുടർന്നു ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗാസ്ട്രോഎൻട്രോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച ശ്രീജിത്തിനെ പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ചികിത്സയിലിരിക്കെ ഏപ്രിൽ 9 തിങ്കളാഴ്ച ശ്രീജിത്ത് മരണപ്പെട്ടു. സംഭവം വാര്‍ത്തയാകുന്നത് ഏപ്രിൽ പത്തിനാണ്. അന്നേദിവസം പറവൂർ നിയോജകമണ്ഡലത്തിൽ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. പ്രാഥമികാന്വേഷണം നടത്താൻ എറണാകുളം റേഞ്ച് ഐജി വിജയ് സാക്കറെക്ക് ബഹറ നിർദ്ദേശം നൽകി. മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പറവൂർ എംഎൽഎ വിഡി സതീശൻ രംഗത്തുവന്നു.

ശ്രീജിത്തിന്റെ മൃതദേഹവുമായി നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. ഏപ്രിൽ 11ന്. സംഭവത്തിലുൾപ്പെട്ട മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരും സസ്പെൻഷനിലായെന്ന വിവരം പൊലീസ് അറിയിച്ചതിനു ശേഷമാണ് ഇവർ പിരിഞ്ഞുപോയത്. ഈ വിവരം അറിയിക്കാനെത്തിയവരുടെ സംഘത്തിൽ റൂറൽ എസ്‍പി എവി ജോർജും ഉണ്ടായിരുന്നു. എആർ ക്യാംപിലെ സിപിഒമാരായ ജിതിൻരാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവർക്കാണ് സസ്പെൻഷൻ.

ഉത്സവത്തിന്റെ ക്ഷീണത്തിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ശ്രീജീത്തിനെയും സഹോദരനെയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പൊലീസ് ആർടിഎഫുകാർ കസ്റ്റഡിയിലെടുത്തത്. ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുക്കപ്പെട്ട സഹോദരൻ സജിത്ത് തങ്ങളെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തി. വീട്ടിൽ നിന്ന് ഇറക്കിയ ഉടനെ മർദ്ദനം തുടങ്ങി. ജീപ്പിൽ വെച്ചും മർദ്ദനം നടന്നു. സ്റ്റേഷനിൽ ചെന്നപ്പോൾ എസ്ഐയാണ് മർദ്ദനത്തിന് നേതൃത്വം കൊടുത്തതെന്നും സജിത്ത് ആരോപിച്ചു.

എന്നാൽ ശ്രീജിത്തിന് മർദ്ദനമേറ്റത് വാസുദേവന്റെ വീട്ടിൽ നടന്ന അടിപിടിക്കിടെയാണെന്ന് റൂറൽ എസ്പി എവി ജോർജ് പ്രഖ്യാപിച്ചു. അന്വേഷണം നടക്കുന്നതിനു മുമ്പുതന്നെ റൂറൽ എസ്പി ഇത്തരമൊരു പ്രസ്താവന നടത്തിയത് സംശയങ്ങളുയർത്തി.

സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ താൽപര്യപ്രകാരമാണ് റൂറൽ എസ്പി എവി ജോർജ് ആർടിഎഫിനെ ഈ ‘ഓപ്പറേഷനിൽ’ പങ്കെടുപ്പിച്ചതെന്നാണ് ആരോപണം. അക്രമിസംഘത്തിലുൾപ്പെട്ടിരുന്ന ഒരാളെ തെരഞ്ഞെത്തിയ പൊലീസ് ആളുമാറി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദ്ദം മൂലമാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ശ്രീജിത്ത് സംഭവത്തിലുൾപ്പെട്ടിട്ടുണ്ടെന്ന് മൊഴി നല്കിയ പരമേശ്വരൻ എന്നയാളുടെ മകൻ ശരത്ത് ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തുകയും ചെയ്തു. വീടാക്രമണം നടത്തുമ്പോൾ തന്റെ പിതാവ് സ്ഥലത്തുുണ്ടായിരുന്നില്ലെന്ന് ശരത്ത് പറഞ്ഞു. സിപിഎം ഏരിയ കമ്മറ്റി അംഗമായ ഡെന്നിയാണ് തന്റെ അച്ഛനെക്കൊണ്ട് ശ്രീജിത്തിനെതിരെ മൊഴി കൊടുപ്പിച്ചതെന്ന് ശരത്ത് വെളിപ്പെടുത്തി.

സംഭവം വിവാദമായി വളർന്നതോടെ ലോകായുക്ത ഇടപെടലുണ്ടായി. എറണാകുളം കുന്നത്തുനാട് സ്വദേശി എവി ഏലിയാസ് നല്കിയ പരാതിയിലാണ് ലോകായുക്ത തീരുമാനമെടുത്തത്. എവി ജോർജിനും ആർടിഎഫ് അംഗങ്ങളായ ദീപക്, ജിതിൻ രാജ്, സന്തോഷ് കുമാർ, സുമേഷ് എന്നിവർക്കുമെതിരെയായിരുന്നു പരാതി. എആർ ക്യാമ്പിൽ നിന്ന് ഈ പൊലീസുദ്യോഗസ്ഥരെ എസ്പിയുടെ പ്രത്യേക സ്ക്വാഡിലേക്ക് നിയമിച്ചതിന്റെ ഉത്തരവ് ഹാജരാക്കാനും ലോകായുക്ത ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ ഇടപെട്ടു. കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ആശുപത്രിയിലെത്തിയ കമ്മീഷൻ ശ്രീജിത്തിന്റെ ഭാര്യ, ആശുപത്രി അധികൃതര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. കേസ് സിബിഐക്ക് വിടണമെന്നും ശ്രീജിത്തിന്റെ ആശ്രിതർക്ക് 10 ലക്ഷംരൂപ നഷ്ടപരിഹാരം സർക്കാർ നൽകണമെന്നും ആക്ടിങ് അധ്യക്ഷൻ പി മോഹൻദാസ് ഉത്തരവിട്ടു.

ഏപ്രിൽ പത്തിന് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ ഡിജിപി ലോകനാഥ് ബഹറ നിയമിച്ചു. ദക്ഷിണമേഖലാ എഡിജിപി അനിൽകാന്തിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഡിവൈഎസ്‌പി ജോര്‍ജ് ചെറിയാന്‍, കെ സി ഫിലിപ്പ്, സുദര്‍ശന്‍ എന്നിവരെയും സംഘത്തിലുള്‍പ്പെടുത്തി.

ഏപ്രിൽ 12ന് കേസിൽ പറവൂർ സിഐ ക്രിസ്പിൻ സാം, വാരാപ്പുഴ എസ്ഐ ദീപക്, ഗ്രേഡ് എഎസ്ഐ സുധീർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സന്തോഷ് എന്നിവരെ സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവ് പുറത്തിറങ്ങി. ആര്‍ടിഎഫ് ഉദ്യോഗസ്ഥർ ശ്രീജിത്തിനെ കൈമാറിയ പറവൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇവരെല്ലാം. തൊട്ടടുത്ത ദിവസം, അതായത് ഏപ്രിൽ 13ന് സസ്പെൻഡ് ചെയ്യപ്പെട്ട മൂന്ന് ആർടിഎഫ് ഉദ്യോഗസ്ഥരെ ആലുവ പൊലീസ് ക്ലബ്ബിൽ വെച്ച് ചോദ്യം ചെയ്തു. ഈ അനൗദ്യോഗിക സംഘത്തെ നിയോഗിച്ച റൂറൽ എസ്പി എവി ജോർജ് തന്നെയാണ് ചോദ്യം ചെയ്യൽ നടത്തിയത്. ഇതിനു പിന്നാലെ ഏപ്രിൽ 14ന് റൂറൽ എസ്‌പി ആർടിഎഫ് പിരിച്ചുവിട്ടു. അംഗങ്ങളോട് ജില്ലാ ആസ്ഥാനങ്ങളിലേക്ക് തിരിച്ചുപോകാൻ എസ്‌പി തന്നെ ആവശ്യപ്പെട്ടു. അറുപതോളം പേരെ ചേർത്താണ് ആര്‍ടിഎഫ് രൂപീകരിച്ചിരുന്നത്.

മൃതദേഹത്തിലെ പരിക്കുകള്‍ സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്താൻ സർക്കാർ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിരിക്കുകയാണ് ഇപ്പോൾ. അഞ്ച് ഡോക്ടർമാരടങ്ങുന്ന സംഘത്തോട് പോസ്റ്റമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ വിശദമായി പഠിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കസ്റ്റഡിയിൽ എടുത്തപ്പോഴുണ്ടായ മർദ്ദനത്തിലാണോ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ ഉണ്ടായ മർദ്ദനത്തിലാണോ മരണം സംഭവിച്ചത് എന്ന ആശയക്കുഴപ്പം നിലനില്ക്കുന്നുണ്ട്. ഇതിൽ കൃത്യത വന്നാൽ മാത്രമേ ഇപ്പോൾ അറസ്റ്റിലായിട്ടുള്ള മൂന്ന് ആർടിഎഫ് സ്ക്വാഡ് ഉദ്യോഗസ്ഥരാണോ മരണത്തിന് ഉത്തരവാദികളെന്ന് തീരുമാനിക്കപ്പെടുകയുള്ളൂ. ശ്രീജിത്തിനൊപ്പം അറസ്റ്റിലായവർ എസ്ഐ ദീപക് നടത്തിയ മർദ്ദനത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിട്ടുണ്ട്.

എന്റെ കണ്‍മുന്നിലിട്ടാണ് അവരെന്റെ കുഞ്ഞിന്റെ വയറ്റില്‍ തൊഴിച്ചത്, ഒരു കുടുംബം അനാഥമാക്കിയിട്ട് എന്താണ് ആ പൊലീസുകാര്‍ നേടിയത്? ഒരമ്മ ചോദിക്കുന്നു

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ഏപ്രിൽ ആറിന് രാത്രി പത്തരയോടെയാണ്. 24 മണിക്കൂറിനകം വൈദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കണമെന്ന ചട്ടപ്രകാരം ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് പരവൂർ താലൂക്കാശുപത്രിയിൽ പരിശോധന നടത്തിയെന്ന് പൊലീസ് പറയുന്നു. വൈകീട്ട് അഞ്ചുമണിയോടെ മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിയപ്പോൾ പിറ്റേന്ന് രാവിലെ കൊണ്ടുവരാനാണ് നിർദ്ദേശം ലഭിച്ചതെന്നാണ് പൊലീസിന്റെ വാദം. വയറുവേദനയോ മറ്റോ ഉണ്ടായിരുന്നെങ്കിൽ ശ്രീജിത്തിന് മജിസ്ട്രേറ്റിനു മുമ്പാകെ അത് പറയാനുള്ള അവസരം ലഭിക്കുമായിരുന്നെന്നും അത് നിഷേധിക്കപ്പെട്ടെന്നും പൊലീസ് ആരോപിക്കുന്നു. പ്രതികളെ മജിസ്ട്രേറ്റ് കണ്ടത് എട്ടാംതിയ്യതി രാവിലെയാണ്. ശ്രീജിത്തിന്റെ ശരീരത്തിന്റെ ഗുരുതരനില കോടതി അറിയുന്നത് തടയുകയായിരുന്നു പൊലീസിന്റെ ലക്ഷ്യമെന്ന് സംശയിക്കാവുന്നതാണ്. അതെസമയം, ഇത്രയും ഗുരുതരമായി പരിക്കേറ്റയാളെ പരവൂർ താലൂക്കാശുപത്രിയിലെ ഡോക്ടർമാർ എന്തുകൊണ്ട് വിദഗ്ധചികിത്സയ്ക്ക് ശുപാർശ ചെയ്യാതിരുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്. പൊലീസ് ഇതിനായി ഇടപെടൽ നടത്തിയെന്നു തന്നെയാണ് സംശയിക്കപ്പെട്ടുന്നത്. ഇതിനു ശേഷം മണിക്കൂറുകൾക്കകമാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെവെച്ച് ശരീരം അപകടനിലയിലാണെന്ന് കണ്ടെത്തുകയും ചെയ്തു.

പൊലീസ് സർജന്‍ ഡോക്ടർ സക്കറിയയുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റുമോര്‍ട്ടത്തിൽ ചെറുകുടലിലെ പരിക്കാണ് മരണത്തിന്റെ അടിയന്തിരകാരണമായി രേഖപ്പെടുത്തിയിരുന്നത്. ഈ മുറിവിലൂടെ പുറത്തുവന്ന ഭക്ഷണാവശിഷ്ടങ്ങൾ രക്തത്തിൽ കലരുകയും ശരീരത്തിലാകമാനം അണുബാധയുണ്ടാവുകയും ചെയ്തു. ഇപ്പോഴത്തെ അന്വേഷണസംഘം കണ്ടെത്തേണ്ടത് ഈ മുറിവ് എപ്പോൾ സംഭവിച്ചു എന്നതാണ്. ഇതിനെ ആസ്പദമാക്കിയാണ് സ്ക്വാഡിനെതിരെയും സ്റ്റേഷൻ പൊലീസിനെതിരെയും ചുമത്തപ്പെടേണ്ട കുറ്റങ്ങളിൽ വ്യക്തത കൈവരിക. ശ്രീജിത്തിന്റെ വൃഷണങ്ങളുടെ ഉള്ളിൽ രക്തം കട്ടപിടിച്ചിട്ടുള്ളതായും റിപ്പോർട്ടിൽ പറയുന്നു. വയറിന്റെ തൊലിപ്പുറത്ത് ചതവില്ലാതെയാണ് ചെറുകുടലിന് മാരകമായ പരിക്കേറ്റിട്ടുള്ളത്. വയറിനു മുകളിൽ കനത്തിൽ മടക്കിയ കിടക്കവിരിയോ മറ്റോ വെച്ചതിനു ശേഷം ബൂട്ടിന്റെ ഉപ്പൂറ്റി കൊണ്ട് തൊഴിച്ചാലാണ് ഇത്തരം പരിക്കുണ്ടാവുക. ചെറുകുടൽ മുറിഞ്ഞ് വേർപെട്ടു പോകാറായ അവസ്ഥയിലായിരുന്നു.

ആകെ പതിനെട്ട് മുറിവുകൾ ശരീരത്തിൽ കണ്ടെത്തി. സാധാരണ അടിപിടിയില്‍ കാണാറില്ലാത്ത തരം മുറിവുകളാണ് ഇവയെന്ന് വിദഗ്ധർ പറയുന്ന. കസ്റ്റഡി മരണക്കേസുകളിൽ കാണാറുള്ള തരം പരിക്കുകളാണിവയെല്ലാം.

മുനമ്പം പൊലീസിന്റെ വാഹനത്തിൽ കയറ്റിയാണ് ആർടിഎഫുകാർ ശ്രീജിത്തിനെ കൊണ്ടുപോയത്. ഈ വാഹനം ഇപ്പോൾ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുണ്ട്. ക്രൈംബ്രാഞ്ച് ഫോറൻസിക് ഉദ്യോഗസ്ഥര്‍ വാഹനം ഏപ്രിൽ 18ന് പരിശോധിച്ചു. ശ്രീജിത്തിന്റെ തലമുടി, ശരീരസ്രവങ്ങൾ, രക്തം തുടങ്ങിയവ വാഹനത്തിൽ വീണിട്ടുണ്ടോയെന്നാണ് ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധിച്ചത്. ഫലം പുറത്തു വന്നിട്ടില്ല.

ശ്രീജിത്തിന്റെ കൊലപാതകം: സിപിഎം സെൽഭരണം തിരിച്ചുവരുന്നോ?

ശ്രീജിത്തിനെ കേസിൽ കുടുക്കിയതാണെന്ന വിവരം ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച ഫോൺ രേഖകൾ സംഘത്തിന് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

റൂറൽ എസ്‌പി എവി ജോർജിന്റെ സംഘത്തിലുള്ളവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് എന്നതും ഇവരുടെ എല്ലാ ചെയ്തികളും എസ്‍പിയടെ നിർദ്ദേശപ്രകാരമായിരുന്നു എന്നതും പകൽപോലെ വ്യക്തമാണ്. എന്നാൽ എസ്‌പിക്കെതിരെ അന്വേഷണം വേണ്ട എന്ന നിലപാടിലാണ് പ്രത്യേക അന്വേഷണസംഘം ഇപ്പോഴുള്ളത്. അതായത് ആർടിഎഫിലെ മൂന്ന് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍ ശ്രീജിത്തിനെ ‘കൈകാര്യം’ ചെയ്ത പറവൂർ സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും മാത്രം കുടുങ്ങും. നിലവിൽ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ മാത്രമാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

ഇതിനിടെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേന്നു രാവിലെ (ഏപ്രിൽ ഏഴിന്) വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ ദേഹത്ത് സാരമായ പരിക്കുകളുണ്ടായിരുന്നില്ലെന്ന് പുതിയ ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്. വാരാപ്പുഴയിലെ സ്വകാര്യ ക്ലിനിക്കില്‍ പരിശോധന നടത്തിയപ്പോള്‍ മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ ശ്രീജിത്ത് പറഞ്ഞത്. വയറുവേദന ഉള്ളതായും പറഞ്ഞിരുന്നു. ഇതിനുള്ള കുത്തിവെയ്പ്പ് നൽകിയാണ് പറഞ്ഞുവിട്ടത്. ഏപ്രിൽ ഏഴിന് പകൽനേരത്തായിരിക്കാം മരണത്തിലേക്ക് നയിച്ച മാരകമായ മുറിവുകൾ സംഭവിച്ചിരിക്കുക എന്ന സംശയവും ഉയരുന്നുണ്ട്.

സംഭവത്തിന്റെ പോക്ക് പിടികിട്ടിയ ആർടിഎഫ് ഉദ്യേഗസ്ഥർ തങ്ങളുടെ ഭാഗം വിശദീകരിച്ച് ഒരു വീഡിയോ റെക്കോർഡ് ചെയ്തു വെച്ചിരുന്നത് ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. പറവൂര്‍ സിഐയുടെ നിർദ്ദേശപ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നാണ് ഇവർ മുഖ്യമന്ത്രിക്കും ഡിജിപിക്കുമുള്ള ‘സന്ദേശ’മായി റെക്കോര്‍ഡ് ചെയ്ത വീഡിയോയിൽ പറയുന്നു. തങ്ങളെ നുണപരിശോധനയ്ക്ക് തങ്ങൾ തയ്യാറാണെന്നും ജോലിയോട് ആത്മാർത്ഥത കാണിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും സന്ദേശത്തിൽ പൊലീസുദ്യോഗസ്ഥർ വിശദീകരിക്കുന്നുണ്ട്. കസ്റ്റഡി മരണത്തിന്റെ ഉത്തരവാദിത്വം സ്റ്റേഷൻ പൊലീസിനാണോ ആർടിഎഫുകാര്‍ക്കാണോ എന്ന തർക്കത്തിലേക്കും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലേക്ക് സ്ഥിതിഗതികൾ മാറിക്കഴിഞ്ഞു. വമ്പന്മാർ രക്ഷപ്പെട്ടു കഴിഞ്ഞെന്ന് ചുരുക്കം.

വരാപ്പുഴ കസ്റ്റഡി മരണം; ആര് കുറ്റമേല്‍ക്കുമെന്ന തര്‍ക്കമാണോ പൊലീസില്‍ ഇപ്പോള്‍ നടക്കുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍