UPDATES

ട്രെന്‍ഡിങ്ങ്

എകെയല്ല സികെ

കായല്‍ ചാണ്ടിമാരുടെയും ഹണി ട്രാപ്പില്‍ ചെന്നു വീഴുന്ന മന്ത്രി പുംഗവന്‍മാരുടെയും സോളാര്‍ ചാണ്ടിമാരുടെയും എണ്ണമറ്റ ജീര്‍ണ്ണ രൂപങ്ങളുടെ കാലത്ത് പ്രതീക്ഷയുടെ ആള്‍രൂപത്തെ നിരന്തരം തേടിക്കൊണ്ടിരിക്കുകയാണ് ജനസമാന്യം

കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായുള്ള ആവശ്യം സിപിഎമ്മിനകത്തും എല്‍ഡിഎഫിലും ശക്തമായിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ചാണ്ടിയുടെ രാജിപ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഇന്ന് രാഷ്ട്രീയകേരളം പ്രതീക്ഷിക്കുന്നത്. അതേസമയം എന്‍സിപിയെ സംബന്ധിച്ച് തോമസ് ചാണ്ടി രാജിവയ്ക്കുന്നത് അത്ര സന്തോഷമുള്ള കാര്യമല്ല. പണക്കൊഴുപ്പിലൂടെ എന്‍സിപിയിലെ ആധിപത്യം തോമസ് ചാണ്ടി കയ്യടക്കിയിട്ടുണ്ടെങ്കിലും മുന്നണിയെ ആകെ പ്രതിസന്ധിയിലാക്കിയ ആരോപണത്തെ തുടര്‍ന്ന് രാജിവയ്പ്പിക്കുന്നത് തന്നെയാണ് സര്‍ക്കാരിന്റെ പ്രതിച്ഛായ നിലനിര്‍ത്താന്‍ നല്ലതെന്ന് മുന്നണിയിലെ മറ്റേതൊരു കക്ഷിയെയും പോലെ എന്‍സിപിയ്ക്കും അറിയാം. എന്നാല്‍ ചാണ്ടി രാജി വയ്ക്കുന്നതോടെ തങ്ങള്‍ക്ക് ഈ സര്‍ക്കാരില്‍ ലഭിച്ച ഏക മന്ത്രിസ്ഥാനം കൂടി നഷ്ടമാകുമോയെന്ന ആശങ്കയാണ് അവരെക്കൊണ്ട് തുടര്‍ച്ചയായി രാജിവയ്ക്കില്ലെന്ന് പ്രഖ്യാപിക്കുന്നത്.

ആകെ രണ്ട് എംഎല്‍എമാര്‍ മാത്രമുള്ള എന്‍സിപിയുടെ മറ്റൊരു എംഎല്‍എ എകെ ശശീന്ദ്രന്‍ ഹണീട്രാപ്പ് കേസില്‍ കുരുങ്ങി രാജിവയ്‌ക്കേണ്ടി വന്നതോടെയാണ് തോമസ് ചാണ്ടി മന്ത്രിയായത്. തോമസ് ചാണ്ടി രാജിവയ്ക്കുമ്പോള്‍ ശശീന്ദ്രന് വീണ്ടുമൊരിക്കല്‍ കൂടി മന്ത്രിസ്ഥാനം ലഭിക്കുമോയെന്ന് പാര്‍ട്ടിയ്ക്ക് ആശങ്കയുമുണ്ടായിരുന്നു. അതിന് ഏറ്റവും നല്ല തെളിവാണ് കഴിഞ്ഞ ദിവസം ഹണി ട്രാപ്പ് കേസിലെ പരാതിക്കാരിയായ മംഗളം ചാനലിലെ റിപ്പോര്‍ട്ടര്‍ കേസ് ഒത്തുതീര്‍പ്പായെന്ന് കോടതിയെ അറിയിച്ചതിന് പിന്നാലെയുള്ള അവരുടെ മലക്കം മറിച്ചില്‍. ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി രാജിവയ്ക്കുമെന്നാണ് ഇന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചാണ്ടി തന്നെ നേരത്തെ അറിയിച്ചിട്ടുള്ളതാണെന്നും പാര്‍ട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. അതേസമയം കായല്‍ കയ്യേറ്റ വിഷയത്തിലല്ല തോമസ് ചാണ്ടി രാജിവയ്ക്കുന്നതെന്നാണ് അവര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്. പകരം അഗ്നിശുദ്ധി വരുത്തി തിരിച്ചെത്തുന്ന ശശീന്ദ്രന് വേണ്ടി ചാണ്ടി മാറിക്കൊടുക്കുകയാണെന്ന്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കുട്ടനാട്ടില്‍ താന്‍ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നും എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ താന്‍ മന്ത്രിയാകുമെന്നും വരെ പ്രഖ്യാപിച്ച വ്യക്തിയാണ് തോമസ് ചാണ്ടി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ചാണ്ടി പുറത്തും ശശീന്ദ്രന്‍ അകത്തും എന്നായി അവസ്ഥ. അപ്പോഴും രണ്ടര വര്‍ഷം ശശീന്ദ്രനും രണ്ടര വര്‍ഷം താനും മന്ത്രിസ്ഥാനം പങ്കിടുമെന്നാണ് ചാണ്ടി അവകാശപ്പെട്ടത്. എന്നാല്‍ മന്ത്രിസ്ഥാനം പങ്കുവയ്ക്കല്‍ ഉണ്ടാകില്ലെന്നും അഞ്ച് വര്‍ഷവും ഒരാള്‍ തന്നെയായിരിക്കും മന്ത്രിയുമെന്ന് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കിയതോടെ മന്ത്രിമോഹം അവസാനിപ്പിച്ച് കുവൈറ്റ് ചാണ്ടി വിദേശത്തേക്ക് കടന്നു. പിന്നെ തിരിച്ചുവരുന്നത് ശശീന്ദ്രന്‍ രാജിവച്ചതോടെ തനിക്ക് മന്ത്രിയാകാമെന്ന സാഹചര്യം വന്നപ്പോഴാണ്. അധികാരം എന്നത് അദ്ദേഹത്തിന് കച്ചവടം മാത്രമാണെന്ന് എല്‍ഡിഎഫിലുള്ളവര്‍ പോലും സമ്മതിക്കുന്ന കാര്യവുമാണ്. ആ തോമസ് ചാണ്ടി ശശീന്ദ്രന് വേണ്ടി സ്ഥാനമൊഴിഞ്ഞ് കൊടുക്കുന്നുവെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല. എന്തായാലും കയ്യേറ്റ ആരോപണങ്ങള്‍ പരസ്യമായി അംഗീകരിക്കാതെ ചാണ്ടിയെ രാജിവയ്പ്പിച്ച് പ്രതിച്ഛായ തിരിച്ചുപിടക്കാനുള്ള അവസരമാണ് ശശീന്ദ്രന്‍ കുറ്റവിമുക്തനാകുന്നതോടെ എല്‍ഡിഎഫിന് ലഭിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ പ്രതിഷേധമുള്ള സ്ഥിതിക്ക് തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ അധികകാലം നിര്‍ത്താനും പിണറായിക്ക് സാധിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.

സംശുദ്ധ രാഷ്ട്രീയത്തിന്റെ മുഖം; കുറ്റാരോപിതനായി പടിയിറക്കം

ഇനി എകെ ശശീന്ദ്രന്റെ തിരിച്ചുവരവ് സാധ്യമായിരുന്നില്ലെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? ആ സാധ്യത ആഘോഷിക്കുകയാണ് സൈബര്‍ സഖാക്കള്‍.

ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത ഗതാഗത വകുപ്പ് സിപിഎം തിരിച്ചെടുക്കുന്നുവെന്നായിരുന്നു. അതായത് എന്‍സിപിയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമാകുന്നുവെന്ന്. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഹണിട്രാപ്പ് കേസ് ഒത്തുതീര്‍പ്പാക്കിയതാണെന്നും അഭ്യൂഹങ്ങളുണ്ട്. എന്തായാലും സിപിഎം സൈബര്‍ വിഭാഗത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച വാര്‍ത്തകളില്‍ മറ്റൊരു ശശീന്ദ്രനായിരുന്നു താരം. എളിമ കൊണ്ടും ലാളിത്യം കൊണ്ടും സാധാരണക്കാരില്‍ സാധാരണക്കാരുടെ എംഎല്‍എയായ സികെ ശശീന്ദ്രനാണ് അത്. സിപിഎം ഗതാഗത വകുപ്പ് ഏറ്റെടുക്കുമ്പോള്‍ സികെ ശശീന്ദ്രന്‍ മന്ത്രിയാകുമെന്നാണ് ആ വാര്‍ത്തകളില്‍ പറയുന്നത്. എന്നാല്‍ ആ വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് സൈബര്‍ വിഭാഗത്തിന്റെ ചുമതലയുള്ള ഒരു സിപിഎം പ്രവര്‍ത്തകന്‍ വ്യക്തമാക്കി. അതെല്ലാം തങ്ങളുടെ ആഗ്രഹമാണെന്നും അടിസ്ഥാനമില്ലെന്ന് അറിഞ്ഞിട്ടും അത് സാധ്യമാകണമെന്ന് ആഗ്രഹിച്ച് പലരും അത് ഷെയര്‍ ചെയ്യുകയായിരുന്നുവെന്നുമാണ് പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു.

വയനാടിന്‍റെ’കുറിയ’ വലിയ മനുഷ്യന്‍

കല്‍പ്പറ്റ എംഎല്‍എയായ ശശീന്ദ്രനെ സമകാലിക രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യത്യസ്തനായാണ് എല്ലാവരും കണക്കാക്കുന്നത്. അതിരാവിലെ വീട്ടിലെ പശുവിനെ കറന്ന് മില്‍മ സൊസൈറ്റിയില്‍ പാല്‍ കൊണ്ടുപോയി കൊടുത്ത് വീട്ടുവളപ്പിലെ ചെറിയ കൃഷിയിലൂടെ ഉപജീവനം കണ്ടെത്തുന്ന അദ്ദേഹം ഏതൊരു രാഷ്ട്രീയ നേതാക്കള്‍ക്കും മാതൃകയാണെന്ന് ഏവരും കരുതുന്നു. ചെരുപ്പിടാത്ത, സഭാസമ്മേളനത്തിനായി തിരുവനന്തപുരത്തേക്ക് വരുമ്പോഴും കെഎസ്ആര്‍ടിസി ബസില്‍ സാധാരണ ടിക്കറ്റില്‍ മാത്രം യാത്ര ചെയ്യുന്ന ഏതൊരു സിപിഎമ്മുകാരുടെയും അഭിമാനമാണ് അദ്ദേഹം. കേരളം മുഴുവന്‍ ശശിയേട്ടന്‍ എന്ന് വിളിക്കുന്നതും അതിനാലാണ്. ശതകോടീശ്വരനായ തോമസ് ചാണ്ടിയെ മന്ത്രിയാക്കിയതിനെ തുടര്‍ന്ന് നേരിട്ട വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ സികെ ശശീന്ദ്രനെ മന്ത്രിയാക്കുമെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. കൂടാതെ ചാനല്‍ മേധാവി കൂടിയായ കോടീശ്വരന്‍ ശ്രേയാംസ് കുമാറിനെ തോല്‍പ്പിച്ചാണ് ശശീന്ദ്രന്‍ എംഎല്‍എ ആയതെന്നതും അദ്ദേഹത്തിനുള്ള സാധ്യതകളായി ഇവര്‍ കരുതുന്നു.

പാര്‍ട്ടിയില്‍ ഞാന്‍ മാത്രമല്ല ജനകീയന്‍; സി കെ ശശീന്ദ്രന്‍ സംസാരിക്കുന്നു

അത്തരം ചിന്താഗതികളില്‍ ഒട്ടുംതന്നെ അതിശയോക്തിയില്ല. കാരണം സികെ ശശീന്ദ്രന്‍ ഗതാഗത മന്ത്രിയായാല്‍ ഒരുപക്ഷെ ഏറ്റവുമധികം വിഷമിക്കുക കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാരായിരിക്കും. മന്ത്രിയായാലും സ്റ്റേറ്റ് ബസ്സിലെ യാത്ര അദ്ദേഹം ഉപേക്ഷിക്കും എന്നു തോന്നുന്നില്ല. മണ്ണിനെ സ്‌നേഹിക്കുന്ന, കൃഷിക്കാരാനാണെന്ന് അഭിമാനത്തോടെ പറയുന്ന അദ്ദേഹത്തില്‍ നിന്നും യാതൊരു സ്വഭാവമാറ്റവും പ്രതീക്ഷിക്കാന്‍ ആകില്ല. സികെയുടെ മന്ത്രിസ്ഥാനത്തില്‍ യാതൊരു സ്ഥിരീകരണവുമില്ലെങ്കിലും കേരളരാഷ്ട്രീയത്തില്‍ ഏതെങ്കിലുമൊരു നേതാവ് മന്ത്രിസ്ഥാനം വച്ചു നീട്ടുമ്പോള്‍ വേണ്ടെന്ന് പറയുന്നുണ്ടാകുകയാണെങ്കില്‍ അതും ശശീന്ദ്രനായിരിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്.

മാധ്യമങ്ങളും മുതിര്‍ന്ന നേതാക്കളും പോലും (വേണ്ട, അദ്ദേഹം പോലും) സികെ ശശീന്ദ്രന്‍ മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും എന്തുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി ഇത്ര ശക്തമായ പ്രചരണം നടക്കുന്നതെന്നതാണ് ഇവിടെ നാം ചിന്തിക്കേണ്ടത്. അദ്ദേഹത്തിന്റെ സംശുദ്ധ രാഷ്ട്രീയത്തിലുള്ള ജനങ്ങളുടെ പ്രതീക്ഷ തന്നെയാണ് അത്. കായല്‍ ചാണ്ടിമാരുടെയും ഹണി ട്രാപ്പില്‍ ചെന്നു വീഴുന്ന മന്ത്രി പുംഗവന്‍മാരുടെയും സോളാര്‍ ചാണ്ടിമാരുടെയും എണ്ണമറ്റ ജീര്‍ണ്ണ രൂപങ്ങളുടെ കാലത്ത് പ്രതീക്ഷയുടെ ആള്‍രൂപത്തെ നിരന്തരം തേടിക്കൊണ്ടിരിക്കുകയാണ് ജനസമാന്യം. അതില്‍ എന്തുകൊണ്ടും മുന്നില്‍ നില്‍ക്കാന്‍ യോഗ്യന്‍ വയനാടിന്റെ സ്വന്തം സി കെ തന്നെ.

സൈബര്‍ ലോകത്തെ ജനപ്രിയ പരിപ്പുവടകള്‍

സിപിഎം സ്ഥാനാർഥി ലിസ്റ്റിൽ മണ്ണിൽ ചവിട്ടി നടക്കുന്ന ഒരേ ഒരാള്‍ മാത്രം

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍