UPDATES

ട്രെന്‍ഡിങ്ങ്

ഹാരിസണ്‍ അടക്കമുള്ളവരില്‍ നിന്ന് 38000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുന്നത് വൈകിപ്പിക്കുന്നതാര്?

ഭൂനികുതി സ്വീകരിക്കാം എന്നതും ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ സര്‍ക്കാരിന് സിവില്‍ കോടതിയെ സമീപിക്കാമെന്നതും ഒരു വിധിയിലെ രണ്ട് നിര്‍ദ്ദേശങ്ങളായിരിക്കെ അതില്‍ ഒന്ന് നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടി എന്ന ആക്ഷേപം പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്

ഹൈക്കോടതി വിധി വന്ന് ഒരു വര്‍ഷം കഴിയുമ്പോഴും തോട്ടം ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവില്‍ കേസ് നല്‍കാതെ സര്‍ക്കാര്‍. ഹാരിസണ്‍ മലയാളം ഉള്‍പ്പെടെയുള്ളവര്‍ കൈവശം വച്ചിരിക്കുന്ന 38000 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ സിവില്‍ കോടതിയെ സമീപിക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. 2018 ഏപ്രില്‍ 11ന് വന്ന വിധിയുടെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളിലെ സിവില്‍ കോടതികളെ സമീപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. തുടര്‍ന്ന് സിവില്‍ കോടതിയെ സമീപിക്കാന്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നടപടികള്‍ പുരോഗമിക്കുന്നു എന്നല്ലാതെ ഇതേവരെ സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്തിട്ടില്ല. ‘സിവില്‍ കേസ് പോവുന്ന കാര്യം മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതാണ്. അതിനുള്ള നടപടികള്‍ മുന്നോട്ട് പോവുന്നതേയുള്ളൂ.’ എന്നാണ് ഇക്കാര്യത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചത്.

അതേസമയം തോട്ടം ഉടമകളില്‍ നിന്ന് ഭൂനികുതി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കുകയും ചെയ്തു. ഏപ്രില്‍ 11ലെ ഹൈക്കോടതി വിധി അനുസരിച്ചാണ് ഈ തീരുമാനവും. തോട്ടമുടമകളില്‍ നിന്ന് ഉപാധികളോടെ നികുതി സ്വീകരിക്കാമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് ഭൂനികുതി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

ഭൂനികുതി സ്വീകരിക്കാം എന്നതും ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ സര്‍ക്കാരിന് സിവില്‍ കോടതിയെ സമീപിക്കാമെന്നതും ഒരു വിധിയിലെ രണ്ട് നിര്‍ദ്ദേശങ്ങളായിരിക്കെ അതില്‍ ഒന്ന് നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടി എന്ന ആക്ഷേപം പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. തോട്ടം ഭൂമി തിരികെ പിടിക്കുന്നതിന് കാലങ്ങളായി നടക്കുന്ന ശ്രമങ്ങളെയെല്ലാം അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ നീക്കമെന്നാണ് നിയമവിദഗ്ദ്ധരുടെ അഭിപ്രായം. സിവില്‍ കേസുകളുടെ കാര്യത്തിലുള്ള തുടര്‍ നടപടികള്‍ ജില്ലാ കളക്ടര്‍മാര്‍ സ്വീകരിച്ചാലും ഭൂനികുതി സ്വീകരിക്കാനുള്ള തീരുമാനം കേസില്‍ സര്‍ക്കാരിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

ഉപാധികളോടെ കരം സ്വീകരിക്കാനാണ് മന്ത്രിസഭാ തീരുമാനം. കോടതിയുടെ അന്തിമ വിധിക്കു വിധേയമായി മാത്രമേ ഉടമസ്ഥാവകാശത്തില്‍ തീരുമാനമുണ്ടാവുകയുള്ളൂ എന്ന് കരം രസീതിലും വില്ലേജ് ഓഫീസിലെ രജിസ്റ്റര്‍ ബുക്കിലും രേഖപ്പെടുത്തിയാണ് കരം സ്വീകരിക്കുക. കരം രസീതില്‍ ഇക്കാര്യം പ്രത്യേകം രേഖപ്പെടുത്തണമെന്ന റവന്യൂവകുപ്പ് നിര്‍ദ്ദേശം മന്ത്രിസഭാ യോഗം അഗീകരിക്കുകയായിരുന്നു. എസ്‌റ്റേറ്റിലെ മരം മുറിക്കാമെങ്കിലും റീ പ്ലാന്റേഷന് വേണ്ടി മാത്രമേ മരങ്ങള്‍ മുറിക്കാവൂ എന്ന വ്യവസ്ഥയും മന്ത്രിസഭാ യോഗം അംഗീകരിച്ചു.

ഹാരിസണ്‍ മലയാളം ലിമിറ്റഡും അവരില്‍ നിന്ന് ഭൂമി നേടിയ മറ്റുള്ളവരും കൈവശം വച്ചിരിക്കുന്ന തോട്ടം ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജമാണിക്യത്തെ സ്‌പെഷ്യല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിരുന്നു. കൊല്ലം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ഹാരിസണും മറ്റുള്ളവരും കൈവശം വച്ചിരിക്കുന്ന 38000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നായിരുന്നു രാജമാണിക്യം കമ്മീഷന്റെ കണ്ടെത്തല്‍. ഇത് പ്രകാരം ഇത്രയും ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഏറ്റെടുക്കുന്നതിന് ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവുകള്‍ക്കെതിരെ തോട്ടം കൈവശം വച്ചിരിക്കുന്ന കമ്പനികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഭൂമി ഏറ്റെടുക്കുന്നതിനായി സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദ് ചെയ്തു. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി നിയമിതനായ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാരിനാണെന്ന് തെളിയിക്കാനുള്ള അധികാരമില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി ഉത്തരവുകള്‍ റദ്ദ് ചെയ്തത്. എന്നാല്‍ ഹാരിസണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഭൂമിയില്‍ ഉടമസ്ഥതയുള്ളതായി കോടതി കണ്ടെത്തിയിട്ടില്ലെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കുകയുണ്ടായി. നിലവിലെ കേസില്‍ കേരള ഭൂസംരക്ഷണ നിയമ പ്രകാരമുള്ള അധികാരം മാത്രമാണ് പരിശോധിക്കുന്നതെന്നും ഉടമസ്ഥത സ്ഥാപിക്കുന്നതിന് സര്‍ക്കാരിന് സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യാവുന്നതാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവില്‍ കോടതിയെ സമീപിക്കണമെന്ന് ഉത്തരവിട്ട കോടതി കമ്പനികളില്‍ നിന്ന് കരം സ്വീകരിക്കുന്നത് സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസിലെ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും നിര്‍ദ്ദേശിച്ചു.

വിധി വന്നതിന് പുറകെ ഇതിനെച്ചൊല്ലിയുള്ള വിവാദങ്ങളും ഉയര്‍ന്നു. ഭൂനികുതി സ്വീകരിക്കാന്‍ തടസങ്ങളില്ല, ഹാരിസണ്‍സ് ഭൂമി ഏറ്റെടുത്ത സ്‌പെഷ്യല്‍ ഓഫീസറുടെ നടപടി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇനി നിയമ യുദ്ധത്തിന് പോവേണ്ടെന്നായിരുന്നു നിയമസെക്രട്ടറി ബി ഹരീന്ദ്രനാഥ് ആദ്യം നല്‍കിയ നിയമോപദേശം. ഹൈക്കോടതി വിധി അനുസരിച്ച് കമ്പനിയുടമകളില്‍ നിന്നും ഉപാധികളില്ലാതെ നികുതി സ്വീകരിക്കാനായിരുന്നു നീക്കം. തോട്ടംമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിന് ശേഷമായിരുന്നു ആ തീരുമാനം. എന്നാല്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്തതോടെ നിയമ സെക്രട്ടറി ആ തീരുമാനം തിരുത്തി. വസ്തുതാപരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി റവന്യൂമന്ത്രി റിപ്പോര്‍ട്ട് തിരിച്ചയച്ചതാണ് തീരുമാനം മാറ്റുന്നതില്‍ വഴിത്തിരിവായത്. ഹൈക്കോടതി വിധിയില്ലാതെ കാര്യങ്ങള്‍ ഉന്നയിക്കുന്നത് തോട്ടമുടമകളെ സഹായിക്കാനാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി വീണ്ടും നിയമോപദേശം തേടുകയായിരുന്നു. കൊല്ലം ആര്യങ്കാവിലെ ഹാരിസണ്‍ എസ്‌റ്റേറ്റിന്റെ കരം സ്വീകരിച്ച റവന്യൂ അധികൃതരുടെ നടപടി വിവാദമായിരുന്നു. പിന്നീടത് റദ്ദാക്കുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമുണ്ടായി. ഹാരിസണ്‍സ് കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നതിന് സര്‍ക്കാര്‍ സിവില്‍ കേസ് നല്‍കാനുള്ള തീരുമാനം എടുക്കുന്നത് അങ്ങനെയാണ്. കേസ് നല്‍കുന്നതിനൊപ്പം ഹാരിസണ്‍സ് മറിച്ചുവിറ്റ തോട്ടങ്ങളുടെയുള്‍പ്പെടെ നികുതി സ്വീകരിക്കുന്നത് സിവില്‍ കോടകതികളില വിധിക്കു വിധേയമായിരിക്കുമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്താമെന്ന നിയമോപദേശമാണ് നിയമ സെക്രട്ടറി പിന്നീട് നല്‍കിയത്.

എന്നാല്‍ ഭൂനികുതി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. ഏപ്രില്‍ 11ന്റെ ഹൈക്കോടതി വിധിക്ക് പിന്നാലെ ഹാരിസണ്‍ മലയാളം, ഗോസ്പല്‍ ഫോര്‍ ഏഷ്യ, ട്രാവന്‍കൂര്‍ റബ്ബര്‍ ആന്‍ഡ് ടീ കമ്പനി, റിയ റിസോര്‍ട്‌സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ്, ബോയ്‌സ് റബ്ബര്‍ എസ്‌റ്റേറ്റ് എന്നീ അഞ്ച് കമ്പനികള്‍ ഹൈക്കോടതിയില്‍ പത്ത് കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. കേസുകള്‍ സിംഗിള്‍ ബഞ്ച് പരിഗണിച്ചപ്പോള്‍ ഡിവിഷന്‍ ബഞ്ചിന്റേതിന് സമാനമായ വിധിയാണ് വന്നത്. സിവില്‍ കോടതിയുടെ വിധി എന്തായാലും അതിനു വിധേയമായി നികുതി സ്വീകരിക്കാമെന്നാണ് ജസ്റ്റിസ് അനു ശിവരാമന്‍ ഉത്തരവിട്ടത്. അതായത് ഉത്തരവ് പ്രകാരം സിവില്‍ കോടതിയാണ് ഭൂമിയുടെ ഉടമസ്ഥത ആര്‍ക്കെന്ന് കണ്ടെത്തി നികുതി സ്വീകരിക്കാമോ ഇല്ലയോ എന്ന് കണ്ടെത്തേണ്ടത്. ഇക്കാര്യം മന്ത്രിയും സമ്മതിക്കുന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ സബ്മിഷന് മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചതും ഇക്കാര്യമാണ്. മന്ത്രിയുടെ മറുപടി ഇങ്ങനെ ‘11.04.2018ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സമാനമായ മറ്റ് കേസുകളിലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചുകള്‍ പുറപ്പെടുവിച്ച് വരുന്ന വിധിന്യായങ്ങളില്‍ ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കുന്നതിനായി സര്‍ക്കാരിനോട് സിവില്‍ കോടതിയെ സമീപിക്കുവാനും കരം സ്വീകരിക്കുന്നതിന് സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസിലെ അഡ്ജൂഡിക്കേഷന് വിധേയമായിരിക്കുമെന്നും നിര്‍ദ്ദേശിച്ചിട്ടുള്ളതാകുന്നു’. എന്നാല്‍ കരം ഉപാധികളോടെ സ്വീകരിക്കുന്ന വിഷയം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി അന്ന് നിയമസഭയെ അറിയിച്ചിരുന്നു. സിവില്‍ കേസ് നല്‍കുമ്പോള്‍ സര്‍ക്കാര്‍ കേസില്‍ വാദി ആയിരിക്കെ അതിര്‍കക്ഷിക്ക് ഭൂനികുതി അടക്കുന്നതിനുള്ള അനുമതി നല്‍കുന്നതെങ്ങനെ എന്ന സംശയമാണ് നിയമവിദഗ്ദ്ധര്‍ ഉന്നയിക്കുന്നത്. ഉപാധികളോടെ കരം സ്വീകരിക്കാന്‍ കോടതി ഉത്തരവില്‍ പറയുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സിവില്‍ കോടതിയില്‍ കേസുകള്‍ നല്‍കുക എന്നതാണ് വിഷയത്തിലുള്ള ആത്യന്തിക പരിഹാരത്തിനുള്ള വഴിയെന്നിരിക്കെ ഭൂനികുതി ഉപാധികളോടെയാണെങ്കിലും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് ഹാരിസണ്‍സ് കമ്പനിയെ സഹായിക്കാനാണെന്നും ഇവര്‍ ആരോപിക്കുന്നു.

ഹാരിസണ്‍സ് കമ്പനിക്കെതിരായ കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകയായിരുന്ന അഡ്വ. സുശീല ആര്‍ ഭട്ട് അഴിമുഖത്തോട് പറയുന്നു, ‘ഹൈക്കോടതി ഉത്തരവില്‍ ഭൂനികുതി സ്വീകരിക്കാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഉപാധികളോടെ സ്വീകരിക്കാമെന്നും പറഞ്ഞിട്ടില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ സര്‍ക്കാരിന് സിവില്‍ കോടതിയെ സമീപിക്കാമെന്നും ഉടമസ്ഥാവകാശം തെളിയുന്നതിനനുസരിച്ച് ഭൂനികുതി സ്വീകരിക്കാമെന്നുമാണ് വിധി. എന്നാല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് കമ്പനികളില്‍ നിന്നും ഭൂനികുതി സ്വീകരിക്കാനാണ്. ഉടമസ്ഥാവകാശം തെളിയിക്കാത്ത ഭൂമിയില്‍ എങ്ങനെയാണ് ഭൂനികുതി സ്വീകരിക്കുക? ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നാണ് സര്‍ക്കാരിന്റെ വാദം. അത് തെളിയിക്കാനാണ് സിവില്‍ കോടതിയില്‍ കേസ് നല്‍കാന്‍ പോവുന്നത്. അതിന്റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കാനാണ് കോടതി പറഞ്ഞിട്ടുള്ളത്. സര്‍ക്കാര്‍ ഭൂമി എന്ന് സര്‍ക്കാര്‍ പറയുന്ന ഒരു സ്ഥലത്തിന് മറ്റുള്ളവരില്‍ നിന്ന് ഭൂനികുതി സ്വീകരിക്കുന്നതെങ്ങനെയാണ്? ഉപാധികളോടെയാണെങ്കിലും കേസില്‍ വാദിയായ സര്‍ക്കാര്‍ എതിര്‍കക്ഷികളില്‍ നിന്ന് നികുതി സ്വീകരിക്കാന്‍ അനുമതി നല്‍കി എന്ന രേഖകള്‍ സിവില്‍ കോടതിയില്‍ എത്തിയാല്‍ അത് ആര്‍ക്കാണ് ഗുണകരമാവുക? എതിര്‍കക്ഷിക്ക് വാദിയായ ഒരാള്‍ അതിന് അനുമതി നല്‍കുന്നതെങ്ങനെയാണ്? ഉടമസ്ഥാവകാശം ഇല്ലാത്തയാള്‍ക്ക് എന്തിന് കരം സ്വീകരിക്കാനുള്ള അനുമതി നല്‍കി എന്ന് കോടതി ചോദിച്ചാല്‍ സര്‍ക്കാര്‍ എന്ത് മറുപടി പറയും? നിങ്ങളുടേതെന്ന് പറയുന്ന ഭൂമിയിലെ മരം മറ്റൊരാള്‍ക്ക് വെട്ടിയെടുക്കാന്‍ പെര്‍മിഷന്‍ നല്‍കിയത് പോലെയാണിത്. കാട്ടിലെ തടി തേവരുടെ ആന എന്ന പോലെയാണ്.

ഭൂമിയുടെ തണ്ടപ്പേരില്‍ എവിടെയും ഹാരിസണ്‍ മലയാളം എച്ച്എംഎല്‍ എന്ന പേരില്ല. കമ്പനിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രമാണം ഇല്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. വ്യാജരേഖകള്‍ ചമച്ചാണ് ഭൂമി കൈവശം വച്ചിരിക്കുന്നത്. 1984ല്‍ നിലവില്‍ വന്ന കമ്പനിയുടെ പേരില്‍ ഒരു തുണ്ട് ഭൂമി പോലും കേരളത്തിലില്ല. വിദേശ കമ്പനിയുടെ പേരിലാണ് കരം അടച്ചുകൊണ്ടിരുന്നത്. രാജാക്കന്‍മാര്‍ പാട്ടത്തിന് നല്‍കിയ കാലത്തെ ബ്രിട്ടീഷ് കമ്പനികളുടെ പേരിലാണ് ഭൂനികുതി അടച്ചിരുന്നത്. ആ കമ്പനികളൊന്നും ഇന്നില്ല. അവരുടെ പേരിലാണോ ഇനിയും ഭൂനികുതി സ്വീകരിക്കാന്‍ പോവുന്നത്? സര്‍ക്കാരിന്റെ ഈ നടപടികളെല്ലാം ഹാരിസണ്‍ കമ്പനിക്ക് സഹായകമാവുകയേയുള്ളൂ.

സ്‌പെഷ്യല്‍ ഓഫീസറായിരുന്ന രാജമാണിക്യം നടത്തിയ അന്വേഷണത്തില്‍ 1947ന് മുമ്പ് ബ്രിട്ടീഷ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കും പാട്ടത്തിന് നല്‍കിയ മൂന്നര ലക്ഷത്തോളം ഏക്കര്‍ ഭൂമി കണ്ടെത്തിയിരുന്നു. ഭൂമി തിരിച്ച് പിടിക്കുന്നതിന് രാജമാണിക്യം നല്‍കിയ ഉത്തരവുകള്‍ കോടതി റദ്ദാക്കി. നിയമനിര്‍മ്മാണം നടത്തി ഭൂമി തിരിച്ച് പിടിക്കാനുള്ള നപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന റിപ്പോര്‍ട്ട് നിര്‍ദ്ദേശം സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല.

Read More: ‘എന്റെ ജീവിതവും ഈ സിനിമയിലുണ്ട്’; ആൻഡ് ദി ഓസ്‌കാർ ഗോസ് ടു… സലിം അഹമ്മദ്/അഭിമുഖം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍