UPDATES

നാദിര്‍ഷയെ കണ്ടു എന്ന ആരോപണം; എന്തിനാണ് സര്‍ക്കാര്‍ തച്ചങ്കരിയെ ചുമക്കുന്നത്?

സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമല്ല, എന്നും വിവാദനായകനാണ് തച്ചങ്കരി

ടോമിന്‍ ജെ തച്ചങ്കരിയെ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും ഇനിയും ചുമക്കണോ എന്ന ചോദ്യത്തെക്കാള്‍ എന്തിനാണ് തച്ചങ്കരിയെ ഇത്രയും കാലം ചുമന്നുകൊണ്ടിരുന്നത്, ഇപ്പോഴും ചുമന്നുകൊണ്ടിരിക്കുന്നത് എന്ന ചോദ്യമാണ് വേണ്ടത്. കേരളത്തില്‍ മാധ്യമങ്ങളില്‍ നിലവില്‍ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായിരിക്കുന്ന, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് ഏറ്റവും ഒടുവില്‍ തച്ചങ്കരിയുടെ പേര് ഉയര്‍ന്നുവന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം എഡിജിപി ടോമിന്‍ ജെ തച്ചങ്കരി കേസില്‍ ആരോപണവിധേയനായ സംവിധായകന്‍ നാദിര്‍ഷയെ സന്ദര്‍ശിച്ചിരുന്നതായി തനിക്ക് വിവരം ലഭിച്ചിരുന്നുവെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ആരോപിച്ചിരിക്കുന്നു. ഇക്കാര്യം അന്വേഷണ സംഘ തലവന്‍ ദിനേന്ദ്ര കശ്യപിനെ അറിയിച്ചിരുന്നതായും സെന്‍കുമാര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തില്‍ സിനിമ രംഗത്തെ മറ്റാര്‍ക്കെങ്കിലും പങ്കില്ലെന്നും പിടിക്കപ്പെട്ട പ്രതി പള്‍സര്‍ സുനിക്ക് മാത്രമാണ് ഇതില്‍ പങ്കുള്ളതെന്നുമുള്ള മട്ടില്‍ സംഭവം നടന്നതിന് ദിവസങ്ങള്‍ക്കകം മുഖ്യമന്ത്രി പറഞ്ഞത് വലിയ വിവാദമായിരുന്നു. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തീര്‍ത്തും നിരുത്തരവാദപരമായി ഇത്തരമൊരു കാര്യം പറഞ്ഞത്. ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവര്‍ പരിപാടിയില്‍ സെന്‍കുമാര്‍ പറഞ്ഞത്.

തച്ചങ്കരിയും നാദിര്‍ഷയും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച വിശദമായ അന്വേഷണം ആവശ്യമാണെന്ന് പറഞ്ഞ സെന്‍കുമാര്‍ ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ തമ്മില്‍ പല തരത്തിലുള്ള പോരുകളും പകയും വിദ്വേഷങ്ങളുമെല്ലാം ഉണ്ടാകാം. ഇതിന്റെ പേരില്‍ സെന്‍കുമാര്‍ ചിലരെ ടാര്‍ഗറ്റ് ചെയ്യുന്നതല്ലേ എന്നും വേണമെങ്കില്‍ ചോദിക്കാം. എന്നാല്‍ വളരെ ഗുരുതരമായ ആരോപണമാണ് തച്ചങ്കരിക്ക് നേരെ സെന്‍കുമാര്‍ ഉയര്‍ത്തുന്നത്. സെന്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തച്ചങ്കരി പറയുന്നുണ്ടെങ്കിലും നാദിര്‍ഷയെ കണ്ടോ എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത് എന്നത് ശ്രദ്ധേയം. നാദിര്‍ഷയെ കണ്ടു എന്ന ആരോപണത്തില്‍ എന്തായാലും തച്ചങ്കരി മറുപടി പറയേണ്ടി വരും.

നിരവധി ആരോപണങ്ങള്‍ നേരിട്ട, എന്നും വിവാദമുണ്ടാക്കിയിട്ടുള്ള ഉദ്യോഗസ്ഥനായ തച്ചങ്കരിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണ് എന്ന ആരോപണം ശക്തമാണ്. അതുകൊണ്ടാണ് സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ സെന്‍കുമാര്‍ പൊലീസ് മേധാവിയായി തിരിച്ചെത്തുമ്പോള്‍ സെന്‍കുമാറിന്റെ ഉത്തരവുകള്‍ അട്ടിമറിക്കാനും നടപടികള്‍ നിരീക്ഷിക്കാനുമായി തച്ചങ്കരിയെ പോലൊരു ഉദ്യോഗസ്ഥന്‍ പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയില്‍ നിയമിക്കപ്പെടുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലാതെ ഇങ്ങനെയൊരു കാര്യം സംഭവിക്കില്ലല്ലോ. ദിലീപിനെതിരായി ആരോപണങ്ങള്‍ വന്ന സമയത്ത് അതിനെതിരെ തീര്‍ത്തും ഉത്തരവാദിത്തരഹിതമായി ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ച മുഖ്യമന്ത്രിയുടെ നടപടി ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. തന്റെ പേരിലുള്ള കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ടി ബ്രാഞ്ചില്‍ നിന്ന് തച്ചങ്കരി ചോര്‍ത്തി എന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു. പൊലീസ് ആസ്ഥാനത്തെ കള്ളന്‍ എന്നാണ് തച്ചങ്കരിയെ സെന്‍കുമാര്‍ വിശേഷിപ്പിച്ചത്.

വ്യാജ സിഡി വിവാദം, വിദേശയാത്രാ വിവാദം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്ഥിരം വിവാദ നായകനാണ് തച്ചങ്കരി. 2006ല്‍ എറണാകുളത്ത് തച്ചങ്കരിയുടെ ഭാര്യയുടെ ഉടമസ്ഥതതയിലുള്ള സ്റ്റുഡിയോയില്‍ നിന്ന് വലിയ വ്യാജ സിഡി ശേഖരം പിടിച്ചെടുത്തിരുന്നു. ആന്റി പൈറസി സെല്ലിന്റെ തലവനായി പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു തച്ചങ്കരി. 2007ലാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം വരുന്നത്. 2010ല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാന്‍ തച്ചങ്കരി പോയത് വലിയ വിവാദമായി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടത്തിയ വിദേശയാത്രകള്‍, ഖത്തറില്‍ തീവ്രവാദ ബന്ധമുള്ളവരുമായി ചര്‍ച്ച നടത്തിയെന്ന ആരോപണം, അതിനെതുടര്‍ന്നുള്ള എന്‍ഐഎ അന്വേഷണം ഇതൊക്കെയാണ് തച്ചങ്കരിയുടെ ചരിത്രം. കേരളത്തില്‍ നിലവില്‍ ഏറ്റവുമധികം ആരോപണങ്ങള്‍ നേരിടുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള ഐപിഎസ് ഉദ്യോഗസ്ഥന്‍.

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആയിരിക്കെ മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകളില്‍ തന്റെ പിറന്നാളാഘോഷം സംഘടിപ്പിച്ചത് പോലെയും ഹെല്‍മറ്റ് വയ്ക്കാത്തവര്‍ക്ക് പെട്രോള്‍ കൊടുക്കില്ലെന്ന ഉത്തരവുകളിലൂടെയും കുപ്രസിദ്ധിയും പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ഇന്ന് എന്റെ ജന്മദിനമാണ് എന്നൊക്കെ പറഞ്ഞ് ഔദ്യോഗിക ലെറ്റര്‍ പാഡില്‍ സഹപ്രവര്‍ത്തകര്‍ക്ക് സര്‍ക്കുലര്‍ നല്‍കയും കേക്കും ലഡുവുമെല്ലാം കൊടുത്ത് തന്റെ പിറന്നാള്‍ ഒരു ‘ഗാന്ധി ജയന്തി’യാക്കി മാറ്റുകയും ചെയ്തു തച്ചങ്കരി. വല്ലാതെ ഓവറായപ്പോഴാണ് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ തച്ചങ്കരിയെ മാറ്റിയത്. തന്നോട് ആലോചിക്കാതെ പൊലീസ് ആസ്ഥാനത്ത് തീരുമാനങ്ങള്‍ എടുക്കുകയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും തന്നെ അറിയിക്കാതെ യോഗങ്ങള്‍ ചേരുകയും ചെയ്ത തച്ചങ്കരിയോട് സെന്‍കുമാര്‍ തട്ടിക്കയറിയിരുന്നു. ആഭ്യന്തര വകുപ്പ് ഒരു ഭാഗത്തും സെന്‍കുമാര്‍ മറുഭാഗത്തുമായുള്ള കളിയില്‍ ആഭ്യന്തരന്മാരുടെ ഉപകരണമായിട്ടാണ് ടോമിന്‍ തച്ചങ്കരി പ്രവര്‍ത്തിച്ചത്. അതിന് തന്നെയാണ് തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചതും. 2015ല്‍ തച്ചങ്കരിയെ എഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പട്ടിരുന്നു.

തച്ചങ്കരിയോട് പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കുള്ള പ്രത്യേക താല്‍പര്യം വലിയ ചര്‍ച്ചയായിട്ടുള്ളതാണ്. കൈരളി ചാനലുമായി ബന്ധപ്പെട്ടാണ് തച്ചങ്കരിയുടെ സിപിഎം, പിണറായി ബന്ധം തുടങ്ങുന്നതെന്നാണ് ആരോപണം. 2002ല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് തങ്കരിയുടെ സ്റ്റാഫില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണം കൈരളി ചാനലിന് വേണ്ടിയായിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു. വിദേശത്ത് നിന്ന് കൈരളി ചാനലിന് വേണ്ടി കുറഞ്ഞ വിലയ്ക്ക് ഉപകരണങ്ങള്‍ വാങ്ങി കൊണ്ടുവരുന്ന കരാര്‍ തച്ചങ്കരിക്കായിരുന്നു എന്നാണ് പറയുന്നത്. 2010ല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനൊപ്പം ഗള്‍ഫ് യാത്രയ്ക്കിടെ ടോമിന്‍ തച്ചങ്കരി ഉണ്ടായിരുന്നതും വിവാദം സൃഷ്ടിച്ചു.

എസ്പിയായിരിക്കെ കണ്ണൂരിലെ സിപിഎമ്മുകാര്‍ക്ക് പൊതുവെ പ്രിയങ്കരനായിരുന്നു തച്ചങ്കരി എന്നാണ് പറയുന്നത്. ഫലത്തില്‍ സിപിഎമ്മിന്റെ ആളാണ് തച്ചങ്കരി എന്നൊക്കെ പറയാന്‍ തോന്നുമെങ്കിലും അങ്ങനെ പറയാനും കഴിയില്ല. ഉദ്യോഗസ്ഥര്‍ക്ക് പൊളിറ്റിക്കല്‍ ന്യൂട്രാലിറ്റി വേണം എന്ന് സെന്‍കുമാര്‍ പറഞ്ഞത് ആരെ ഉദ്ദേശിച്ചാണോ എന്തോ ഏതായാലും തച്ചങ്കരിയെ ഉദ്ദേശിച്ചാവാന്‍ വഴിയില്ല. കാരണം ന്യൂട്രാലിറ്റിയുടെ കാര്യത്തില്‍ തച്ചങ്കരി അത്രയ്ക്ക് മോശമാണെന്നൊന്നും പറയാന്‍ കഴിയില്ല. വിവാദങ്ങളും കേസുകളും ആരോപണങ്ങളും എല്ലാം കൊണ്ട് നില്‍ക്കുന്ന തച്ചങ്കരിയെ വീണ്ടും വീണ്ടും സ്ഥാനങ്ങള്‍ കൊടുത്ത് ഉന്നതപദവികളില്‍ ഇരുത്തുന്നതില്‍ എല്‍ഡിഎഫും യുഡിഎഫും മടി കാണിച്ചിട്ടില്ല.

ഉമ്മന്‍ചാണ്ടിയായാലും പിണറായി വിജയനായാലും ടോമിന്‍ തച്ചങ്കരിയെ തലോടുക തന്നെയാണ് ചെയ്തിട്ടുള്ളത്. കേസ് അന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെടാറില്ലെന്ന് വളരെ പോസിറ്റീവായി സെന്‍കുമാര്‍ പറയുമ്പോള്‍ തന്നെ അദ്ദേഹം തന്നെ ആരോപിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ തോന്ന്യവാസങ്ങളിലും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി ഇടപെടുന്നില്ല എന്നും മനസിലാക്കേണ്ടതുണ്ട്. ഉപദേശകര്‍ മുഖ്യമന്ത്രിയെ വഴി തെറ്റിക്കുന്നു എന്ന ചില ശുദ്ധാത്മാക്കളുടെ വിലാപങ്ങളിലും ന്യായീകരണ തൊഴിലാളികളുടെ ന്യായീകരണങ്ങളിലും കാര്യമില്ല. ഈ പറഞ്ഞ ഉപദേശകരും പദവികളില്‍ നിയമിക്കുന്ന ഉദ്യോഗസ്ഥരുമെല്ലാം മുഖ്യമന്ത്രിയുടെ ത ന്നെ തിരഞ്ഞെടുപ്പുകളാണല്ലോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍