UPDATES

ട്രെന്‍ഡിങ്ങ്

എന്തുകൊണ്ടാണ് ജേക്കബ് തോമസ് ഇങ്ങനെ?

ആപ്പോള്‍ ആരുടേതാണ് അഴിമതി വിരുദ്ധ വാചകമടി. ജേക്കബ് തോമസിന്റെയോ, സര്‍ക്കാരിന്റെയോ അതോ കോടതിയുടെയോ? എല്ലാം അഴിമതി അവസാനിപ്പിക്കാനാണ് എന്നത് മാത്രമാണ് ആശ്വാസം.

കഴിഞ്ഞ ദിവസമാണ് ജേക്കബ് തോമസ് ഐ പിഎസ് ഹൈക്കോടതിയെ സമീപിച്ചത്. രാഷ്ട്രീയ അഴിമതിക്കാരുടെ ഭാഗത്ത് നിന്നും തനിക്ക് ഭീഷണി ഉണ്ടെന്നും വിസില്‍ബ്ലോവര്‍ പരിരക്ഷ വേണം എന്നാവശ്യപ്പെട്ടുമാണ് കോടതി കയറ്റം. അതേ കോടതി തന്നെ ഇന്നലെ പറഞ്ഞിരിക്കുന്നു, ‘ജേക്കബ് തോമസിനെ അച്ചടക്കം പഠിപ്പിക്കണം’ എന്ന്. ഉമ്മന്‍ ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും കുറ്റാരോപിതരായ പാറ്റൂര്‍ കേസ് റദ്ദാക്കിക്കൊണ്ട് ഇന്നലെ പുറപ്പെടുവിച്ച വിധിയിലാണ് ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്.

അത് മാതൃഭൂമി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു, “വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെ അച്ചടക്കം പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചെന്ന് ഹൈക്കോടതി. എന്തിന്റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് എന്ന് മനസിലാവുന്നില്ല. എഫ് ഐ ആര്‍ തന്നെ നിലനില്‍ക്കില്ലെങ്കില്‍ പിന്നെ കേസ് എങ്ങനെ നിലനില്‍ക്കും. പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസ് സ്വീകരിച്ച നടപടി ഡിജിപി റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് ചേര്‍ന്നതല്ല”.

കോടതി തുടരുന്നു, “കോടതിയെ സഹായിക്കുന്നതിന് പകരം ഫേസ്ബുക്കില്‍ പോസ്റ്റിടുകയാണ് ചെയ്തത്. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ ഇടപെടുന്നത് കോടതിയലക്ഷ്യ നടപടികള്‍ക്ക് പര്യാപ്തമാണ്. ഫേസ്ബുക്കിലുള്ള പ്രതികരണം കോടതിയലക്ഷ്യമായി കാണാതാവുന്നതാണ്. അതിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കുകയാണ് വേണ്ടത്. തത്ക്കാലം അതിനു മുതിരുന്നില്ല”, മാതൃഭൂമി റിപ്പോര്‍ട്ട് തുടരുന്നു.

സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഹത്യയ്ക്ക് മുതിരുന്നത് അതിക്രമമാണ് എന്ന് വ്യക്തമാക്കിയ കോടതി “അധികാരമുണ്ടാകുന്നതിലല്ല, അത് ശരിയായി വിനിയോഗിക്കുന്നതിലാണ് മഹത്വമെന്ന്” ജേക്കബ് തോമസിനെ ഉപദേശിക്കുകയും ചെയ്തു. സത്യത്തിന്റെ കണക്ക് എന്ന ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിധിയില്‍ ഉദ്ധരിക്കുന്നുമുണ്ട്.

പാറ്റൂര്‍: ജേക്കബ് തോമസ് ഈ കേസില്‍ ചെയ്ത കുറ്റം സത്യം പറഞ്ഞതാണ്

പാറ്റൂര്‍ കേസില്‍ ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്ത അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ ജോയ് കൈതാരം അഴിമുഖത്തോട് പറഞ്ഞത്, സത്യം വിളിച്ചു പറഞ്ഞതാണ് ജേക്കബ് തോമസ് ചെയ്ത തെറ്റ് എന്നാണ്. “ഒരു വ്യക്തിയോടുള്ള വിരോധം തീര്‍ക്കുകയാണ് സര്‍ക്കാര്‍. ഇത് എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെയാണ്.” ജോയ് കൈതാരം പറഞ്ഞു. അതായത് ജേക്കബ് തോമസിനെ കോടതിയുടെ ചീത്ത വിളി കേള്‍പ്പിക്കാന്‍ സര്‍ക്കാര്‍ മനഃപൂര്‍വ്വം കേസ് തോറ്റുകൊടുത്തു എന്ന്.

എന്തായാലും പിണറായി വിജയന്‍ സര്‍ക്കാരിന്റെ കൂട്ടിലടച്ച പഞ്ചവര്‍ണ്ണ തത്തയ്ക്ക് സംഭവിച്ച വിധി ഒരു നാടോടിക്കഥ പോലെ വിചിത്രമാണ്. ജേക്കബ് തോമസ് എന്ന കട്ടില്‍ കണ്ടു പനിക്കേണ്ട എന്ന് ഉറക്കെയുറക്കെ പറഞ്ഞ സര്‍ക്കാര്‍, ആ ഉദ്യോഗസ്ഥന്റെ രക്തത്തിന് വേണ്ടി ഇപ്പോള്‍ ദാഹിക്കുന്നു എന്നാണ് പൊതുസംസാരം.

ജേക്കബ് തോമസ് എപ്പോഴും ഇങ്ങനെയാണ്, ഒന്നും നേരെ ചൊവ്വെ പറയില്ല

മറ്റെന്തിനെക്കാളും സര്‍ക്കാരിനെ പ്രകോപിപ്പിച്ചത് ഒഖി ദുരന്തത്തിന് പിന്നാലെ നടത്തിയ ചില പരാമര്‍ശങ്ങളാണ്.

“ഒഖി ദുരന്തത്തില്‍ എത്ര പേര്‍ മരിച്ചു എന്നോ എത്രപേര്‍ കടലില്‍ കുടുങ്ങിയിട്ടുണ്ടോ എന്നോ ആര്‍ക്കുമറിയില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു ഉത്തരവാദിത്തവുമില്ല. പണക്കാരുടെ മക്കളാണ് കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ അധികാരികളുടെ പ്രതികരണം? ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് അധികാരത്തില്‍ തുടരുന്നു എന്നാണ് ജനം ചോദിക്കുന്നത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്‍ക്കാം. ജനങ്ങളാണ് യഥാര്‍ത്ഥ അധികാരികള്‍. “ഗുണനിലവാരമില്ലാത്ത സേവനമായി ഭരണം മാറുന്നു. സുതാര്യതയെ കുറിച്ച് ആരും ഇപ്പോള്‍ സംസാരിക്കുന്നില്ല.. അഴിമതി തുടര്‍ന്നാല്‍ ദരിദ്രര്‍ ദരിദ്രരായി തുടരും. കയ്യേറ്റക്കാര്‍ വമ്പന്‍മാരായി മാറും. അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കലാണ് ഇപ്പോള്‍ നടക്കുന്നത്. 51 വെട്ട് വെട്ടിയില്ലെങ്കിലും അവരെ നിശബ്ദരാക്കും”.

ഇങ്ങനെയൊക്കെയായിരുന്നു നിരവധി അര്‍ത്ഥമാനങ്ങളുള്ള ജേക്കബ് തോമസ് വചനങ്ങള്‍. “സംസ്ഥാനത്ത് നിയമ വാഴ്ച തകര്‍ന്നു” എന്നൊരു പ്രയോഗവും ജേക്കബ് തോമസ് നടത്തി എന്ന് ആരോപിച്ചുകൊണ്ടാണ് ഐ എം ജി ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ ഇടതു സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്.

ഷോ പോര, ജേക്കബ് തോമസ് ചിലത് തെളിയിക്കേണ്ടതുണ്ട്

താന്‍ വിസില്‍ബ്ലോവര്‍ ആണെന്ന ജേക്കബ് തോമസിന്റെ അവകാശവാദത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ക്കുന്നതും ഈ പ്രസ്താവന എടുത്തുകാട്ടിക്കൊണ്ട്. അഴിമതി പുറത്തു കൊണ്ടുവരാന്‍ നടത്തിയ ശ്രമത്തിന്റെ പേരിലല്ല ജേക്കബ് തോമസ് നടപടി നേരിട്ടത് എന്നും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ വരുത്തിയ വീഴ്ചയിലാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

“ജനങ്ങള്‍ക്ക് സങ്കടമുണ്ടാകുന്ന ഒരു കാര്യം ഉണ്ടായാല്‍ ജനങ്ങളോടൊപ്പം നിന്ന് ജനങ്ങള്‍ക്കുവേണ്ടിയായിരിക്കണം കാര്യങ്ങള്‍ ചെയ്യേണ്ടത്. അങ്ങനെ ചെയ്യാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കെതിരെ പറയുക എന്നതും ജനങ്ങളോട് ഒപ്പം നില്‍ക്കുന്നതിന്റെ ലക്ഷണമാണ്.” ജേക്കബ് തോമസ് പറയുന്നു.

ഒരു സംശയം മാത്രം. അപ്പോള്‍ ആരുടേതാണ് അഴിമതി വിരുദ്ധ വാചകമടി. ജേക്കബ് തോമസിന്റെയോ സര്‍ക്കാരിന്റെയോ അതോ കോടതിയുടെയോ? എല്ലാം അഴിമതി അവസാനിപ്പിക്കാനാണ് എന്നത് മാത്രമാണ് ആശ്വാസം.

ആരാണ് തന്നെ 51 വെട്ട് വെട്ടിയതെന്ന് ജേക്കബ് തോമസ് വെളിപ്പെടുത്തുമോ?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍