UPDATES

എല്ലാം ശരിയാക്കുന്ന സര്‍ക്കാര്‍ എന്തിനാണ് ഈ ഭിന്നശേഷിക്കാരനായ കുഞ്ഞുബാലനോട് യുദ്ധം ചെയ്യുന്നത്?

തനിക്ക് പഠിക്കാന്‍ ഹൈ സ്കൂള്‍ അനുവദിക്കണമെന്ന മുഹമ്മദ് യാസിമിന്റെ വാദം അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോയിരിക്കുകയാണ് കേരള സര്‍ക്കാര്‍

നിലനിൽപ്പിന്റെ, അവകാശങ്ങളുടെ ഒരുപാട് സമരമുറകൾ കണ്ട നാടാണ് നമ്മുടെ കൊച്ചു കേരളം. അവിടേക്കാണ് “എനിക്കിനിയും പഠിക്കണം” എന്ന ആവശ്യവും മുദ്രാവാക്യവുമായി മുഹമ്മദ് യാസിം എന്ന കൊച്ചു ബാലൻ മനുഷ്യ മനസാക്ഷിയെ തൊട്ടുണർത്തുന്നത്.

12 വർഷങ്ങൾക്കു മുമ്പാണ് ഇരുകൈകളുമില്ലാതെ, കാലിനു സ്വാധീനമില്ലാതെ മുഹമ്മദ് യാസിം ഭൂമിയിലേക്ക് പിറന്നുവീണത്. ജനിച്ച അന്നുമുതൽ യാസിം പൊരുതുകയാണ്. വിധിയോടും തന്റെ ശാരീരിക വെല്ലുവിളികളോടും. തന്റെ എല്ലാ പരിമിതികളിലും അവൻ ആഗ്രഹിച്ചത് ഒന്നു മാത്രം. തനിക്ക് പഠിക്കണം. പഠിച്ചു വലിയ ഒരാളാവണം.

90 ശതമാനവും വൈകല്യം ബാധിച്ച അസീം പഠിക്കാനുള്ള തന്റെ അവകാശം പൊരുതി തന്നെയാണ് നേടിയത്. അസീം പഠിച്ച ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ ജി.എൽ.പി സ്കൂൾ യു. പി സ്കൂൾ ആയി ഉയർത്താൻ മൂന്നു വർഷം മുമ്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അസീം കാലുകൊണ്ട് എഴുതിയ കത്താണ് നിമിത്തമായത്. അന്ന് ഹീറോ ആയിരുന്നു അസീം കൂട്ടുകാർക്കിടയിൽ. കാരണം അസീമിനെ പോലെ തന്നെ ആ നാട്ടിലെ ഒരുപാട് കുട്ടികൾക്ക് അതൊരു ആശ്വാസമായിരുന്നു.

അതിനു ശേഷം പുതിയ സർക്കാർ വന്നു. അസീം തന്റെ യു. പി സ്കൂൾ പഠനവും പൂർത്തിയാക്കി. ഏഴാം ക്ലാസ്സ് പഠനം പൂർത്തിയാവാൻ മാസങ്ങൾ ബാക്കി നിൽക്കെ കഴിഞ്ഞ വർഷം ഡിസംബറിലാണ് അസീം നേരിട്ടു പോയി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. ആവശ്യം ഒന്നു മാത്രം. ഒരുപാട് പരിമിതികളുള്ള തനിക്ക് താൻ പഠിച്ച അതേ സ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്‌കൂൾ ആക്കിത്തരണം. ഈ ആവശ്യം അസീമിന്റെ മാത്രമായിരുന്നില്ല. 19 വാർഡുകളുള്ള ഓമശ്ശേരി പഞ്ചായത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും വേണ്ടിയായിരുന്നു. 22 പട്ടികജാതി വിഭാഗത്തില്‍ പെട്ടവരും ഒരു പട്ടികവർഗ കോളനിയുമുള്ള ഈ പഞ്ചായത്തിൽ ഒരൊറ്റ സർക്കാർ ഹൈസ്‌കൂളുമില്ല. അതുകൊണ്ടു തന്നെ പ്രദേശത്തെ കുട്ടികൾക്ക് ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്നു. എന്നാൽ അസീമിനെ പോലുള്ള ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് അതൊട്ടും പ്രായോഗികമല്ല. അസീമിനെ സംബന്ധിച്ചിടത്തോളം തന്റെ പ്രഥമിക കാര്യങ്ങൾ പോലും നിർവഹിക്കാൻ ഒരാളുടെ സഹായം എപ്പോഴും ആവശ്യമാണ്. ഇപ്പോൾ പഠിക്കുന്ന വെളിമണ്ണ ജി.യു. പി സ്കൂൾ അസീമിന്റെ വീട്ടിൽ നിന്നും വെറും 500 മീറ്റർ ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. ഉമ്മയ്ക്കോ അടുത്ത ബന്ധുക്കൾക്കോ ഓടിയെത്താവുന്ന ഈ ദൂരം ഈ കുഞ്ഞിന് വലിയൊരു ആശ്വാസമാണ്. തന്റെ ശാരീരിക പരിമിതികളെ കുറിച്ച വ്യക്തമായ ബോധമുണ്ട് അസീമിന്. എന്നാൽ അതൊന്നും തന്നെ ഈ കുഞ്ഞിന്റെ മനോവീര്യത്തെ തളർത്തുന്നുമില്ല. അസീമിന്റെ അവസ്ഥയേയും ആവശ്യങ്ങളേയും മുഖ്യമന്ത്രി ആദ്യം അനുഭാവപൂർവം പരിഗണിച്ചെങ്കിലും പിന്നീട് 2018 ഫെബ്രുവരി അഞ്ചിന് കണ്ടപ്പോൾ ഈ ആവശ്യം നടക്കില്ലെന്ന് അറിയിക്കുകയായിരുന്നു എന്നു പറയുന്നു അസീമിന്റെ പിതാവ് സഈദ് യമാനി.

“ആദ്യമൊക്കെ നോക്കാം എന്നു പറഞ്ഞെങ്കിലും പിന്നീട് പോയപ്പോൾ ഇങ്ങനെ സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ സർക്കാരിനു പോളിസി ഇല്ലന്ന് പറയുകയായിരുന്നു. ഇത് ഞങ്ങളെയും അസീമിനെയും ഒരുപാട് വേദനിപ്പിച്ചു. പഠിക്കാനുള്ള ആഗ്രഹം കൊണ്ടാണവൻ ഇങ്ങനെ പഞ്ചായത്ത് മുതൽ സെക്രട്ടറിയേറ്റ് വരെ കയറി ഇറങ്ങുന്നത്” സഈദ് പറയുന്നു. അന്ന് അസീമിനെയും കൊണ്ട് തിരിച്ചു വരുമ്പോൾ മകനെ ആശ്വസിപ്പിക്കാൻ സഈദ് വളരെ പാടുപെട്ടു. “സർക്കാർ തീരുമാനം പുനഃപരിശോധിക്കും എന്നു തന്നെയാണ് അപ്പോഴും പ്രതീക്ഷിച്ചിരുന്നത്” എന്നാൽ സർക്കാരിനു മനംമാറ്റമൊന്നും ഉണ്ടായില്ല. പിന്നീട് മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിട്ടു പോലും സർക്കാർ അനങ്ങിയില്ല. അങ്ങെനയാണ് അസീമിന്റെ ആവശ്യം ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒരു നാട് മുഴുവൻ ഏറ്റടുത്തത്. അവരെയെല്ലാം ചേർത്തു നിർത്തിയത് മനുഷ്യത്വമെന്ന ഒറ്റ വികാരമായിരുന്നു.

സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ ഒരു നിലപാടും ഉണ്ടാവാത്തതിനെ തുടർന്നാണ് കഴിഞ്ഞ മാർച്ച് 26 ന് ഇവർ നീതിപീഠത്തെ സമീപിച്ചത്. വെളിമണ്ണ ഗവ. ജി.യു.പി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് അസീമിന് അതേ സ്കൂളിൽ എട്ടാം ക്ളാസിൽ തുടർന്ന് പഠിക്കാനും സ്കൂൾ അപ്ഗ്രേഡ് ചെയ്യാനും രണ്ടാഴ്ചക്കുള്ളിൽ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിവിധ സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച 133 ഹർജികളിൽ 132ഉം തള്ളിയാണ് അസീമിനായുള്ള ഹർജിയിൽ അനുകൂല വിധി ഉണ്ടായത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം മൂന്ന് കിലോമീറ്റർ പരിധിയിൽ ഈ പ്രദേശത്ത് മറ്റ് ഹൈസ്‌കൂളുകളില്ലന്ന വാദം ശെരിവെച്ചു കൊണ്ടാണ് കോടതിവിധി ഉണ്ടായത്. സർക്കാർ കൈയൊഴിഞ്ഞ അസീമിന് അതൊരു വലിയ കച്ചിത്തുരുമ്പായിരുന്നു. കോടതി വിധി വന്ന ആ ജൂൺ 11 ന് അവന്റെ കൊച്ചു സ്വപ്നങ്ങൾക്ക് ചിറകു വെയ്ക്കുകയായിരുന്നു. എന്നാൽ അസീമിന്റെ സ്വപ്നങ്ങളെ ഇല്ലാതാക്കാനാണ് സർക്കാർ വീണ്ടും ശ്രമിക്കുന്നത്. അസീമിന് അനുകൂലമായി വിധിയെഴുതിയ ഉത്തരവിനെതിരെയാണ് സർക്കാർ ഈ ജൂലൈ പത്തിന് അപ്പീൽ സമർപ്പിച്ചിരിക്കുന്നത്.

“പഠന പാഠ്യേതര വിഷയങ്ങളിൽ സമർത്ഥനാണ് അസീം. എല്ലാവിധ വെല്ലുവിളികളെയും മറികടന്നാണ് അവൻ പഠിക്കുന്നത്. സർക്കാർ പറയുന്നതിനനുസരിച്ച് മറ്റൊരു സ്കൂളിലേക്കുള്ള വാഹന സൗകര്യമോ വീട്ടിൽ വന്നു പഠിപ്പിക്കാം എന്ന വാഗ്ദാനമോ ഒന്നും പ്രാവർത്തികമല്ല. അവനത് ആഗ്രഹിക്കുന്നുമല്ല.” വെളിമണ്ണ ജി.യു. പി സ്കൂൾ പി.ടി.എ പ്രസിഡന്റും നാട്ടുകാരനായ അൻവർ സാദത്ത് പറയുന്നു.”

അസീമിനെ കൂടാതെ നാലു മക്കൾ കൂടെയുണ്ട് സഈദ് യമാനിയ്ക്കും ഭാര്യയ്ക്കും. ഏറ്റവും ഇളയ കുട്ടിക്ക് വെറും ഒന്നര വയസ് മാത്രമേ പ്രായമുള്ളൂ. മദ്രസാ അദ്ധ്യാപകനായ സഈദിന് ആഴ്ചയിൽ ഒരിക്കലേ വീട്ടിൽ വരാൻ സാധിക്കാറുള്ളൂ. അതുകൊണ്ട് തന്നെ ദൂരെയുള്ള സ്കൂളിൽ പോയി പഠിക്കുന്നത് അസീമിന് അത്ര എളുപ്പമല്ല.

“എനിക്കെന്റെ കൂട്ടുകാരോടൊപ്പം പഠിക്കണം. അവരോടൊപ്പം കളിക്കണം” പഠനത്തോടൊപ്പം തന്നെ വലുതാണ് അസീമിന് തന്റെ കൂട്ടുകാരും. എന്റെ ഫ്രെണ്ട്സ് ഒക്കെ ഇപ്പോൾ വേറെ സ്കൂളിൽ ചേർന്നു. പക്ഷേ എന്റെ സ്കൂൾ ഹൈസ്ക്കൂൾ ആക്കിയാൽ അവരൊക്കെ തിരിച്ചു വരും എന്ന് വാക്ക് തന്നിട്ടുണ്ട്” അസീം പറയുന്നു. പുതിയ അധ്യയന വർഷം തുടങ്ങിയിട്ടും കൂട്ടുകാരൊക്കെ മറ്റ് സ്കൂളിൽ ചേർന്നിട്ടും ഓമശ്ശേരി വെളിമണ്ണയിലെ വീട്ടിൽ അസീം ഒറ്റയ്ക്കിരിക്കുകയാണ്. കോടതി വിധി വന്നപ്പോൾ ഉപ്പ വാങ്ങി വെച്ച എട്ടാം ക്ലാസ്സിലെ പാഠപുസ്തകങ്ങൾ മറിച്ചു നോക്കുമ്പോൾ അവന്റെ കുഞ്ഞു മനസിനു പ്രതീക്ഷയുണ്ട്. എന്നെങ്കിലും കരുണയുടെ, കനിവിന്റെ വാതിൽ തനിക്കു നേരെ തുറക്കും എന്ന്.

“കോടതി വിധിയുടെ പകർപ്പുമായി ജൂൺ 22ന് തന്നെ ഞങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ എ. ഷാജഹാൻ സാറിനെ കണ്ടിരുന്നു. സർക്കാർ ഇതിനെതിരെ അപ്പീൽ പോവില്ലന്നും വേണ്ട സഹായങ്ങളെല്ലാം ചെയ്യാമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. അപ്പീൽ നൽകാനുള്ള അവസാന ദിവസം സർക്കാരിന്റെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു നീക്കം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല” അൻവർ സാദത്ത് പറയുന്നു. 2018 ലെ ഉജ്വല ബാല്യം പുരസ്‌കാരം നൽകി സർക്കാർ തന്നെ ആദരിച്ച ഈ കുഞ്ഞിനോട് സർക്കാർ എന്തിനിത്ര ക്രൂരത കാട്ടുന്നു എന്നതിന് ആർക്കും ഉത്തരമില്ല.

“ഇതു ചെയ്യുന്നത് നമ്മുടെ സർക്കാർ തന്നെ ആണോ എന്ന് വരെ തോന്നിപ്പോയി. ഒരു കൊച്ചകുഞ്ഞിനോട് സർക്കാർ എന്തിനിത് ചെയ്യുന്നു? കോടതി വിധയെ പോലും ചോദ്യം ചെയ്തുകൊണ്ട് എന്തിനാണിങ്ങനെ ഒരു നടപടി ?” മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ശാഹുൽ ഹമീദ്‌ ചോദിക്കുന്നത് തന്നെയാണ് ഓമശ്ശേരി പഞ്ചായത്തിലെ എല്ലാവർക്കും ചോദിക്കാനുള്ളത്. സർക്കാർ സമർപ്പിച്ച അപ്പീലിന്റെ ഹിയറിങ് നാളെ നടക്കാനിരിക്കുകയാണ്. “സർക്കാർ ഈ ആപ്പീലുമായി മുന്നോട്ടു പോവില്ലന്ന് ഇപ്പോഴും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. “അൻവർ സാദത്ത് പറയുന്നു . “എത്ര കാത്തിരുന്നാലും എനിക്കെന്റെ സ്കൂളിൽ തന്നെ പഠിക്കണം.” അസീം ഇതു പറയുന്നത് സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ടല്ല.

മറിച്ച് തന്റെ അവകാശങ്ങൾ നേടിയെടുക്കാനാണ്. ഈ ഭിന്ന ശേഷിക്കാരനായ 12 വയസുകാരനോടു പോലും സർക്കാർ പ്രഖ്യാപിക്കുന്ന ഈ യുദ്ധം മനസാക്ഷി ഉള്ളവർക്ക് കണ്ടുനിൽക്കാനാവില്ല. വിധി ഒരുപാട് വേട്ടയാടിയ ഈ നിസ്സഹായനായ കുരുന്നിനോടു പോലും സർക്കാർ മത്സരിക്കുന്നതെന്തിനാണെന്ന്, നിങ്ങളെ അധികാരത്തിലേറ്റിയ ഒരു ജനത ചോദിക്കുമ്പോൾ ഉത്തരം നല്‍കേണ്ടത് സർക്കാർ തന്നെയാണ്.

കാലുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി കൊച്ചുബാലന്‍; ‘പഠിച്ച് ഉയരങ്ങളിലെത്താന്‍ എന്നെ സഹായിക്കണം സാര്‍. ജന്മനാ ഇരുകൈകളും ഇല്ലാത്തവനാണ്’

ആസിമിന് പഠിക്കാന്‍ സ്കൂള്‍ കോടതി അനുവദിച്ചു, ഇനി സര്‍ക്കാര്‍ കനിയണം

അഞ്ജലി അമൃത്

അഞ്ജലി അമൃത്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍