UPDATES

ട്രെന്‍ഡിങ്ങ്

കുരിശിനെ പേടിക്കുന്ന പിണറായിയോട്; ഗയാന കൂട്ടക്കുരുതിയുടെ ചരിത്രം വായിക്കുക

എസ് യു സി ഐയെ ദഹിക്കാത്ത ഒരു മുഖ്യമന്ത്രിക്ക് സ്പിരിറ്റ് ഇന്‍ ജീസസിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നത് എങ്ങനെയാണ്?

കെ എ ആന്റണി

കെ എ ആന്റണി

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രുപംകൊണ്ടത് എപ്പോൾ എങ്ങിനെ എന്ന കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്യേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. 64ലെ പിളർപ്പും പിളർപ്പിലേക്ക് നയിച്ച കാര്യങ്ങളും ഒട്ടും പ്രസക്തമല്ല എന്ന് അതിന് അർഥമില്ല താനും. അപ്പോഴും ഓരോ കമ്യൂണിസ്റ്റുകാരനും മനസ്സിൽ അതീവ കരുതലോടെ സൂക്ഷിക്കേണ്ട ഏക കാര്യം മതത്തെയും ജാതിയെയും തള്ളിപ്പറഞ്ഞു വന്ന ഒരു പ്രസ്ഥാനത്തിന് തുടക്കത്തിൽ ലഭിച്ച സ്വീകാര്യത തന്നെയാണ്. ഇഎംഎസ് നമ്പൂതിരിപ്പാട്‌ മാത്രമായിരുന്നില്ല ജാഗ്രവത്തായ ഒരു മതേതര സമൂഹത്തെ സ്വപ്നം കണ്ടത്. വിടിയും ചെറുകാടും ഒക്കെ ഒപ്പം നടക്കുമ്പോൾ തന്നെ പിള്ള എന്നോ നമ്പ്യാർ എന്നോ മേനോൻ എന്നോ തീയനെന്നോ ഈഴവനെന്നോ നസ്രാണിയെന്നോ ഉള്ള വ്യത്യാസങ്ങളെ മാറ്റി നിറുത്തി ഒരു ഐക്യം കേരളത്തിൽ രൂപപ്പെട്ടതിന്റെ പ്രത്യക്ഷ ഉദാഹരണം ആയിരുന്നു 1957-ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ.

ആ സർക്കാരിനെ വീഴ്ത്താൻ ജാതി-മത കോമരങ്ങൾ പുറത്തെടുത്തത് കുതന്ത്രം. ഒത്തുകൂടിയവരിൽ നസ്രാണിയും നായരും ഒക്കെ ഉണ്ടായിരുന്നു. “പത്രത്തിൽ വരുമ്പോൾ നെടിയരി, പാത്രത്തിൽ വരുമ്പോൾ കുറിയറി, ഗൗരി നീ ഒരു പെണ്ണല്ലേ” എന്ന് തുടങ്ങി “തെക്കു തെക്കൊരു ദേശത്ത്, ഫ്ലോറി എന്നൊരു പെൺകൊടിയേ, ഭർത്താവില്ലാ നേരത്ത്, ചുട്ടുകരിച്ചോരു സർക്കാരേ” എന്ന മുദ്രാവാക്യത്തിൽ കൊടിയേറി “അങ്കമാലി കല്ലറയിലൂടെ” പടർന്നു കയറിയ ആ പാതിരി-നായർ മുന്നേറ്റം ചെന്നവസാനിച്ചത് ഇഎംഎസ് സർക്കാരിന്റെ പിരിച്ചു വിടലിൽ ആണെന്ന കാര്യവും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഒന്നു തന്നെ.

സ്വതന്ത്ര കേരളത്തിൽ നടന്ന പ്രഥമ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ ഇഎംഎസ് സർക്കാരിന്റെ അറുപതാം പിറന്നാൾ ആഘോഷ വേളയിൽ സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിൽ ഒരു സർക്കാർ കേരളം ഭരിക്കുന്നു എന്നത് വളരെ നല്ലതും അതുപോലെ തന്നെ വലിയൊരു കാര്യവുമാണ്. എന്നാൽ ഈ അറുപതാം വാർഷികത്തിൽ സഖാവ് പിണറായിയെ പോലൊരാൾ എടുക്കുന്ന ചില തീരുമാനങ്ങൾ സത്യത്തിൽ ഇടതു മുന്നണിയെ വൻ ഭൂരിപക്ഷം നൽകി അധികാരത്തിലേറ്റിയ ജനങ്ങളോട് ചെയ്യുന്ന പൊറുക്കാനാവാത്ത നീതികേടു തന്നെ ആണ്. ജിഷ്ണു പ്രണോയ് പ്രശ്നത്തിൽ ഉണ്ടായ വീഴ്ച, തൊട്ടു പിന്നാലെ സ്പിരിറ്റ് ഇൻ ജീസസ് മിനിസ്റ്ററിയോടും അതിന്റെ സ്ഥാപകനോടും അവർ നാട്ടിയ കുരിശിനോടും ഉള്ള അതിര് കവിഞ്ഞ അലിവും സ്നേഹവും ഒക്കെ നൽകുന്നത് ആവശ്യമില്ലാത്ത വല്ലാത്തൊരു ഭയം ശക്തനും നിര്‍ഭയനും നല്ലൊരു ഭരണതന്ത്രജ്ഞനുമായ സഖാവിനെ പിടികൂടിയോ എന്ന ഒരു സന്ദേഹം ആണ്.

സഖാവ് മത്തായി ചാക്കോക്ക് അന്ത്യ കൂദാശ നൽകിയെന്ന ഒരു ബിഷപ്പിന്റെ  വെളിപ്പെടുത്തലിനോട് സഖാവ് പിണറായി പ്രതികരിച്ചത് എങ്ങിനെ ആയിരുന്നു എന്നത് ഏവർക്കും അറിയാം. അത് പാർട്ടിയിലെ തന്നെ ചിലർ വീണുകിട്ടിയ അവസരമായി ഉപയോഗിച്ചതും നമ്മളൊക്കെ കണ്ടതാണ്. പണ്ടും പല വിഷപ്പാമ്പുകളും മരണാസന്നനായ സഖാവ് ടിവി തോമസിനെ കുമ്പസരിക്കാൻ നടന്ന കഥയും നമ്മൾ പലപ്പോഴായി പല നാവുകളിൽ നിന്നും കേട്ടിട്ടുണ്ട്. അതൊക്കെ ഒരു പഴങ്കഥയാണെന്നും സ്പിരിറ്റ് ഇൻ ജീസസിനെ പോലുള്ള കൾട്ടുകൾ യേശു പരിപാലന കമ്മിറ്റിക്കാർ അല്ലെന്നും ആസ്ഥാന പള്ളി മേലാളന്മാർക്കോ അവർ അധികാരം കയ്യാളുന്ന മുഖ്യധാര സഭകൾക്കോ ഇക്കൂട്ടർ അഭിമതർ അല്ലെന്നും അറിയാനുള്ള കഴിവ് ഇല്ലാത്തിനാലാണോ അതോ ഇനിയിപ്പോൾ പള്ളിക്കുള്ളിൽ കുരിശു പള്ളി പണിയാനുള്ള വ്യഗ്രത മൂലമാണോ ഇപ്പോൾ കുരിശിനെ മറയാക്കി മൂന്നാർ ഒഴിപ്പിക്കലിന് അർദ്ധ വിരാമം കുറിച്ചിരിക്കുന്നത് എന്നത് വ്യക്തമല്ല.

എന്തായാലും ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്ന നിലയിലും നല്ലൊരു സഖാവ് എന്ന നിലയിലും സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘത്തിന്റെ പിന്നാമ്പുറ കഥകൾ മനസ്സിലാക്കാൻ പിണറായി വിജയൻ തയ്യാറാവുന്നത് നല്ലതാണ് എന്ന് തോന്നുന്നു. അല്ലെങ്കിൽ പിന്നെ യേശുവിന്റെ കുരിശേത്, യഥാർത്ഥ കുരിശേത് എന്ന് തിട്ടം കിട്ടാതെ കുരിശിന്റെ വഴിയിൽ എന്ന പ്രാർത്ഥനപുസ്തകത്തിലെ “കുരിശിൽ മരിച്ചവനെ, കുരിശാലെ വിജയം വരിച്ചവനെ, വഴി നീരൊഴുക്കിയങ്ങെ, കുരിശിന്റെ വഴിയേ വരുന്നു ഞങ്ങൾ…. ” എന്ന  വരികൾ ചൊല്ലി യേശു എവിടെ, ചെകുത്താൻ എവിടെ എന്നറിയാതെ നട്ടം തിരിയേണ്ടി വരും.

എല്ലാ സഭകളും കുരിശും വിശ്വാസവും അത് വഴി യേശുവിനെയും വിറ്റു ജീവിക്കുന്നവരാണ്. സാമ്പ്രദായിക സഭക്ക് വെല്ലുവിളി ഉയർത്തി സ്പിരിറ്റിലും അതുവഴി ആത്മാവിലും ഒപ്പം ചെകുത്താനിലും ഒരുമിച്ചു വാസം ഉറപ്പിക്കുന്ന ‘മിനിസ്റ്ററി’കളുടെ എണ്ണം കേരളത്തിലും പെരുകി വരികയാണ്. എസ് യു സി ഐയെ ദഹിക്കാത്ത ഒരു മുഖ്യമന്ത്രിക്ക് കമ്മ്യൂൺ ജീവിതം നയിക്കുന്ന ഇത്തരക്കാരെ എങ്ങനെ വിശ്വാസത്തിൽ എടുക്കാൻ കഴിയുന്നു എന്നത് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് ഒരു പഴയ സംഭവം കൂടി പെടുത്തുന്നു. മറ്റൊന്നുമല്ല; ഗയാനാ കൂട്ടക്കുരുതി എന്ന പേരിൽ കുപ്രസിദ്ധി നേടിയ ഒരു സംഭവ കഥ. കഥയിലെ പ്രതിനായകൻ അമേരിക്കൻ വംശജനായ ഒരു മുൻ കമ്മ്യൂണിസ്റ്റ് ആയിരുന്നതിനാൽ ഈ കഥയെ ചുറ്റിപ്പറ്റിയുണ്ടായ സിഐഎ ബാന്ധവവും ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്ന് തന്നെ.
അമേരിക്കൻ കമ്മ്യൂണിസ്റ്റ് ആയിരുന്ന ജെയിംസ് വാറൻ ജോൺസ് ഒരു നാൾ സ്വയം പ്രഖ്യാപിത പ്രവാചകൻ ആവുകയും പീപ്പിൾസ് ടെമ്പിൾ അഗ്രികൾച്ചറൽ പ്രൊജക്റ്റ് എന്ന പേരിൽ ഗയാനയിൽ ഒരു കമ്യൂൺ സ്ഥാപിക്കുകയും ചെയ്തു. കമ്മ്യൂണിനെതിരെ ഉയർന്ന മനുഷ്യാവകാശ ലംഘനവുമായി ബന്ധപെട്ട് അന്വേഷണം നടത്താൻ നിയോഗിക്കപ്പെട്ട അമേരിക്കൻ സെനറ്റർ റയാനും സംഘവും ജോൺസ്‌ ടൗണിൽ എത്തി അന്വേഷണം പൂർത്തിയാക്കി മടങ്ങവേ എയർ സ്ട്രിപ്പിൽ വെച്ച് ജോൺസിന്റെ ശിഷ്യന്മാരാൽ വെടിയേറ്റ് മരിക്കുകയും തൊട്ടു പിന്നാലെ ജോൺസ്‌ ടൗണിലെ 909 പേർ (304 കുട്ടികൾ അടക്കം) പൊട്ടാസിയം സയനൈഡ് കലർത്തിയ  ശീതള പാനീയം കുടിച്ചു മരിക്കാൻ വിധിക്കപെട്ട ആ ചരിത്രവും ഒന്ന് വായിച്ചു നോക്കുന്നത് നന്നായിരിക്കും. സാത്താൻ സേവക്കാരും മറിയം സേവക്കാരും ഒക്കെ പെരുകുന്ന ഈ കൊച്ചു കേരളത്തിലും വീണ്ടും ഒരു ഗയാന ആവർത്തിക്കപ്പെടാതിരിക്കാൻ അത്തരം ഒരു വായന ഏറെ ഗുണം ചെയ്‌തേക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍