അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മധുവിന്റെ ഊരുനിവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഒറ്റക്കും കൂട്ടമായും തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് തുറന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു
വോട്ടവകാശം വിനിയോഗിക്കേണ്ടതാണ്. ജനാധിപത്യ പ്രക്രിയയില്‍ ഓരോ വോട്ടിനും വിലയുള്ളപ്പോള്‍ ചിലര്‍ മാത്രം അതിന്റെ ഭാഗമാവേണ്ടെന്ന് തീരുമാനിക്കുന്നു. അതിനുള്ള കാരണങ്ങള്‍ പലതാണ്. വിയോജിപ്പ് പ്രകടിപ്പിക്കാന്‍ നോട്ട കൊണ്ടുവന്നിട്ടും പോളിങ് ബൂത്തിലേക്ക് പോവില്ല എന്ന ചിലര്‍ കടുംപിടുത്തം പിടിക്കുന്നത് പല കാരണങ്ങളാലാണ്. ജനാധിപത്യ സംവിധാനത്തില്‍ നീതി ലഭ്യമാവാത്തവര്‍ അവരുടെ പ്രതിഷേധം അറിയിക്കുന്നത് വോട്ട് ബഹിഷ്‌ക്കരണത്തിലൂടെയാണ്. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മധുവിന്റെ ഊരുനിവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഒറ്റക്കും കൂട്ടമായും തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് തുറന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അവരില്‍ ചിലര്‍ ആ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായതെങ്ങനെ എന്ന് പരിശോധിക്കുന്നു.
മധുവിന്റെ ഊരൊന്നാകെ വിട്ടു നില്‍ക്കും
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ കുടുംബാംഗങ്ങളും ചിണ്ടക്കി ഊര് നിവാസികളും കൂട്ടത്തോടെ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കും. അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചിണ്ടക്കി പഴയൂര്‍ നിവാസികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നത്. ‘ഞങ്ങള്‍ക്ക് റോഡില്ല. കുടിവെള്ളമില്ല. മധു മരിച്ചപ്പോള്‍ ഇവിടെയെത്തി മന്ത്രിമാരും മുഖ്യമന്ത്രിയും ഞങ്ങള്‍ക്ക് കുറേ വാഗ്ദാനങ്ങള്‍ തന്നിരുന്നു. ഈ പദ്ധതികളൊന്നും ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല. കുടിവെള്ളം പോലുമില്ലാത്ത ഞങ്ങള്‍ എന്തിനാണ് വോട്ട് ചെയ്യുന്നത്. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ഊരില്‍ വികസനം വരുമെന്ന് പറഞ്ഞ് പാര്‍ട്ടിക്കാരും സ്ഥാനാര്‍ഥികളും എത്തുന്നുണ്ട്. വികസനം നടപ്പാക്കുമെന്ന് ഉറപ്പ് പറഞ്ഞാലും ഇതൊന്നും ഞങ്ങള്‍ക്ക് കിട്ടാതെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല’ മധുവിന്റെ സഹോദരി സരസു പറയുന്നു. ഊരിലെ മുഴുവന്‍ വോട്ടര്‍മാരും ബഹിഷ്‌ക്കരണത്തില്‍ പങ്കാളികളാവും.
ഭക്ഷണ സാധനം മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു 2018 ഫെബ്രുവരിയില്‍ മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. അട്ടപ്പാടിയില്‍ വികസന പദ്ധതികള്‍ നിരവധി പ്രഖ്യാപിച്ചിട്ടും പട്ടിണിയും ദുരിതവും ബാക്കിയായ ജനങ്ങളുടെ കണ്ണുനീര്‍ ഒപ്പാന്‍ അന്ന് ഏറെ സഹായ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നല്‍കി. എന്നാല്‍ അതില്‍ ഒന്നും നടപ്പാവാത്തതിലുള്ള പ്രതിഷേധമാണ് ഇവര്‍ തിരഞ്ഞെടുപ്പിനോട് മുഖം തിരിക്കാന്‍ കാരണം. ഊര് നിവാസി ഗണേശന്‍ പറയുന്നു, ‘കുടിവെള്ളം പോലും തരാന്‍ ഇതുവരെ ഒരു സ്ഥാനാര്‍ഥിക്കും കഴിഞ്ഞിട്ടില്ല. ഒരു അടിസ്ഥാന സൗകര്യവുമില്ല. അട്ടപ്പാടിയിലെ ജനങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നത് ആര്‍ക്കും ഒരു കാര്യമല്ല. വന്ന് കുറേ പദ്ധതികള്‍ പ്രഖ്യാപിച്ച് പോവും. അതല്ലാതെ ഇവിടേക്കായി ഒന്നും നടപ്പാക്കിയിട്ടില്ല. ഓരോ ആവശ്യങ്ങളുമായി ചെല്ലുമ്പോള്‍ ഇനി തിരഞ്ഞെടുപ്പ് കഴിയട്ടേ എന്നാണ് അവര്‍ പറയുന്നത്. കാലങ്ങളായി ഞങ്ങളോട് കാണിക്കുന്ന അവഗണനയ്ക്ക് മറുപടിയാണ് വോട്ട് ചെയ്യാതിരിക്കുന്നത്. പഴയൂരിന് സമീപമുള്ള ഊരുകളും ഞങ്ങളുടെ തീരുമാനത്തോടൊപ്പം നില്‍ക്കും എന്നറിയിച്ചിട്ടുണ്ട്.’. മധുവിന്റെ അമ്മ മല്ലിയും ഉറച്ച നിലപാടിലാണ്.’എനിക്ക് എന്റെ മകനെ തിരികെ തരാന്‍ സാധിക്കുമോ? പിന്നെ എന്ത് തിരഞ്ഞെടുപ്പ്? ഒരു വര്‍ഷമായിട്ടും കേസില്‍ ഒരു പുരോഗതിയുമില്ല.’ പഴയൂരിലെ 42 കുടുംബങ്ങളാണ് വോട്ട് ബഹിഷ്‌ക്കരിക്കുന്നത്.
ശമ്പളവും ഭൂമിയും നല്‍കാതെ വോട്ടില്ല
ഇടുക്കി മണ്ഡലത്തിലെ എസ്‌റ്റേറ്റ് തൊഴിലാളികള്‍ ചില ഉറച്ച തീരുമാനങ്ങളെടുത്തിരിക്കുകയാണ്. ഒരു കൂട്ടം സ്ത്രീ തൊഴിലാളികള്‍ ഇത്തവണ വോട്ട് ചെയ്യില്ല. വാഗ്ദാനം ചെയ്ത ശമ്പളവും ഭൂമിയും ലഭിക്കാതെ വോട്ട് ചെയ്യില്ല എന്നാണ് ഇവരുടെ തീരുമാനം. സ്ഥാനാര്‍ഥികളെ വോട്ട് ചോദിക്കാന്‍ അനുവദിക്കുക പോലും ചെയ്യാതെ പ്രതിഷേധ നടപടികളിലേക്കും കടന്നിരിക്കുകയാണിവര്‍. എസ്റ്റേറ്റ് തൊഴിലാളിയായ സരള പറയുന്നു, ‘തിരഞ്ഞെടുപ്പില് വോട്ട് ചെയ്യണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം. ആര് വന്നിട്ടും ഞങ്ങള്‍ക്ക് ഒരു ഗുണവും ഇതേവരെ ഉണ്ടായിട്ടില്ല. ഞങ്ങള്‍ക്ക് തരാമെന്ന് പറഞ്ഞ ഭൂമി ഇതുവരെ തന്നിട്ടില്ല. പട്ടയ കടലാസുമായി ഓഫീസുകളെല്ലാം കയറിയിറങ്ങി മടുത്തു. ജോലിക്ക് പോലും പോവാതെ ഓഫീസുകളിലേ്ക്കാണ് പോക്ക്. കൂലിയും ശമ്പളവും, പറഞ്ഞ കണക്കിനൊന്നും കിട്ടുന്നില്ല. അടിയന്തിരമായി നടപടി സ്വീകരിക്കുമെന്ന് എല്ലാ നേതാക്കളും പറഞ്ഞു. പക്ഷെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഞങ്ങള്‍ പാവങ്ങളായതുകൊണ്ട് അവര് വന്ന് ചോദിച്ചാല്‍ വോട്ട് കൊടുക്കും എന്നാണ് ധാരണ. ഞങ്ങള്‍ അങ്ങനെ ചെയ്തിരുന്നു. പക്ഷെ ഇനി അത് നടക്കില്ല. ഭൂമി തരാതെ, ശമ്പള പ്രശ്‌നം പരിഹരിക്കാതെ ഞങ്ങള്‍ വോട്ട് കുത്തില്ല.’
വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് കുറ്റിയാര്‍ വാലിയില്‍ ഭൂമി അനുവദിച്ചിരുന്നു. എന്നാല്‍ ഇതിന്റെ വിതരണം പൂര്‍ത്തിയാക്കാന്‍ അന്ന് സര്‍ക്കാരിനായില്ല. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചതുമില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയിട്ടും തങ്ങള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ ഭൂമി നല്‍കാത്തതിലാണ് തൊഴിലാളികളുടെ പ്രതിഷേധം. കൂലി പ്രശ്‌നത്തിനും പരിഹാരം കാണാന്‍ അധികൃതര്‍ക്കായിട്ടില്ല. തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നതിലുപരിയായി പ്രചാരണത്തിനിടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മൈക്കുകള്‍ പിടിച്ച് വാങ്ങിയും, സ്ഥാനാര്‍ഥികളെ പരിഹസിക്കുന്ന ബാനറുകള്‍ ഒട്ടിച്ചുമാണ് ഇവര്‍ പ്രതിഷേധിക്കുന്നത്.
പട്ടയം നല്‍കാത്തതിനാല്‍
റാന്നി കരികുളം ഗിരിജന്‍ കോളനിയിലെ 91 കുടുംബങ്ങള്‍ ഇക്കുറി തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കും. ‘പട്ടയം തയ്യാറായി ഇരിപ്പുണ്ട്. റാന്നി താലൂക്ക് ഓഫീസില്‍. പക്ഷെ ഞങ്ങള്‍ക്ക് വിതരണം ചെയ്തിട്ടില്ല. ഊരുകൂട്ടം കൂടി ഊരുമൂപ്പന്റെ നേതൃത്വത്തിലാണ് വോട്ട് ബഹിഷ്‌ക്കരിക്കുവാന്‍ തീരുമാനിച്ചത്. മാറി മാറി വരുന്ന എല്ലാ സര്‍ക്കാരുകളും ഞങ്ങളെ വഞ്ചിക്കുകയാണ്. പിന്നെ ആര്‍ക്ക് വോട്ട് ചെയ്യണം? എന്തിന് വോട്ട് ചെയ്യണം? ‘ കോളനി നിവാസി സുദേശന്‍ ചോദിച്ചു. 91 കുടുംബങ്ങളിലായി നാനൂറിലധികം വോട്ടര്‍മാരുണ്ട്.
പട്ടയം എന്ന ഇവരുടെ ആവശ്യത്തിന് ആദ്യം വനംവകുപ്പായിരുന്നു തടസ്സം. പിന്നീട് വനംവകുപ്പ് അതിന് അനുമതി നല്‍കി. കഴിഞ്ഞ ഓണത്തിന് ഓണസമ്മാനമായി കരികുളം കോളനിക്കാര്‍ക്ക് പട്ടയം വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. സര്‍ക്കാരിന്റെ ആയിരം ദിന പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ജനുവരി 18ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പട്ടയ വിതരണം നടത്തുമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ അതുമുണ്ടായില്ല. പട്ടയം ലഭിക്കാതെ വോട്ടില്ലെന്ന ഉറച്ച് തീരുമാനത്തിലാണ് കോളനിവാസികള്‍. കോളനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അനുവദിച്ചിരുന്നു എങ്കിലും ഭരണാനുമതി ലഭിക്കാത്തതിനാല്‍ ആ ഫണ്ട് നഷ്ടമായി.
മരിച്ചാല്‍ കുഴിച്ചിടാന്‍ പോലും മണ്ണില്ല, പിന്നെന്ത് വോട്ട്?
‘ദേണ്ടേ.. രണ്ട് സെന്റ് സ്ഥലമുണ്ട്. ഒരു കൂര നേരംമര്യാദക്കില്ല. മുറ്റത്തേക്കിറങ്ങാന്‍ സ്ഥലമില്ല. ചത്താല്‍ കുഴിച്ചിടാന്‍ ആറടി മണ്ണ് പോലുമില്ല. മൂത്രപ്പുരയും കക്കൂസും ഇല്ല. കുടിവെള്ളമില്ല.. പിന്നെ അന്തോന്നിനാ ഞങ്ങള്‍ വോട്ട് ചെയ്യുന്നത്?’ പത്തനംതിട്ട പള്ളിക്കല്‍ ചേന്നംപുത്തൂര്‍ കോളനി നിവാസിയായ രാധാമണിയുടേതാണ് ചോദ്യം. കോളനിയില്‍ 34 വീടുകളിലായി താമസിക്കുന്നത് 276 പേര്‍. ഇവര്‍ ഇക്കുറി വോട്ട് ചെയ്യുന്നില്ല. ചേന്നംപുത്തൂര്‍ ഹൗസിങ് ബോര്‍ഡ് നല്‍കിയ സ്ഥലത്തെ ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം. ഹൗസിങ് ബോര്‍ഡിന് നല്‍കാനുള്ള പണം നല്‍കാത്തതിനാല്‍ വീട് ഇവര്‍ക്ക് സ്വന്തമല്ല. ഈ ഒറ്റമുറി വീടുകള്‍ പൊളിഞ്ഞടര്‍ന്നും തുടങ്ങിയിരിക്കുന്നു. മൂന്ന് വീടുകള്‍ക്ക് മാത്രമാണ് കക്കൂസ് ഉള്ളത്. ബാക്കിയുള്ളവര്‍ക്കായി രണ്ട് പൊതു കക്കൂസുകള്‍ ഉണ്ട്. 34 കുടുംബങ്ങള്‍ക്കുമായി ഒരു കിണറുണ്ടെങ്കിലും വേനലായാല്‍ വെള്ളം വറ്റും. രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് നിന്നാണ് വെള്ളം കൊണ്ടുവരുന്നത്. വീടും സ്ഥലവും സ്വന്തമാക്കാായി 2004ല്‍ 2500 രൂപ അടച്ച് ഹൗസിങ് ബോര്‍ഡുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. ബാക്കിയുള്ള തുക മാസം 500 രൂപ വച്ച് ഒമ്പത് വര്‍ഷമടച്ചാല്‍ വീടും സ്ഥലവും സ്വന്തമാക്കാം എന്നായിരുന്നു കരാര്‍. എന്നാല്‍ തുക അടക്കാന്‍ ചെന്നപ്പോള്‍ 3500 രൂപ കൂടി അഡ്വാന്‍സ് കെട്ടണമെന്ന് ബോര്‍ഡ് നിര്‍ദ്ദേശം വച്ചു. അത് കോളനിക്കാര്‍ക്ക് സ്വീകാര്യമായിരുന്നില്ല. പിന്നീട് ഹൗസിങ് ബോര്‍ഡ് പണമടക്കാനായി ഇവരെ സമീപിച്ചതുമില്ല ഇവര്‍ അടച്ചതുമില്ല. തുകയടച്ചാല്‍ വീടും സ്ഥലവും നല്‍കാം എന്നാണ് ബോര്‍ഡിന്റെ വിശദീകരണം.
ഇതിനിടയ്ക്ക് ഹിന്ദു നായാടി വിഭാഗക്കാരായ കോളനി നിവാസികള്‍ക്ക് ജാതിപദവിയും നഷ്ടമായി. കൊട്ടാരക്കര ഭാഗത്തുള്ള ഒരാള്‍ നായാടിയാണെന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി വാങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കിര്‍താഡ്‌സ് അന്വേഷണം നടത്തി. തുടര്‍ന്ന് ആ കുടുംബം നായാടികളല്ലെന്ന് കണ്ടെത്തി. അവരുമായി ബന്ധമുള്ളവരാണ് കോളനി നിവാസികള്‍ എന്ന പേരുപറഞ്ഞ് ഇവരുടേയും ജാതിപദവി ഒഴിവാക്കി. അതിനാല്‍ നിലവില്‍ ജാതിപരമായ ആനുകൂല്യങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കുന്നില്ല.വീടും സ്ഥലവും സ്വന്തമല്ലാത്തതിനാല്‍ ഇവര്‍ക്ക് പഞ്ചായത്ത് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.