UPDATES

ട്രെന്‍ഡിങ്ങ്

ദയാബായിയും ഒപ്പം; എന്‍ഡോസള്‍ഫാന്‍ ഇരകളുമായി അമ്മമാര്‍ വീണ്ടും സെക്രട്ടറിയേറ്റ് പടിക്കലേക്ക്

സര്‍ക്കാരിനും കീടനാശിനി കമ്പനിക്കുമെതിരെ സുപ്രീം കോടതിയില്‍ ക്രിമിനല്‍ കേസ് നല്‍കുമെന്ന് ദയാബായി

എന്‍ഡോസള്‍ഫാന്‍ വിഷമഴ കരിച്ചുകളഞ്ഞ കുറച്ച് മനുഷ്യ ജീവനുകള്‍ നാളെ തലസ്ഥാന നഗരിയിലേക്കെത്തുകയാണ്. സെക്രട്ടറിയേറ്റ് പടിക്കല്‍. മാറിമാറിയെത്തിയ സര്‍ക്കാരുകളുടെയെല്ലാം മുന്നില്‍ കരഞ്ഞും നിലവിളിച്ചും പ്രതിഷേധിച്ചും പലതവണ നിന്നിട്ടുണ്ട് ഇവര്‍. സര്‍ക്കാര്‍ അനാസ്ഥയില്‍ നടന്ന അശാസ്ത്രീയ കീടനാശിനി പ്രയോഗം തലമുറകളോളം കാസറഗോഡന്‍ ഗ്രാമങ്ങളിലെ ജനങ്ങളെ വേട്ടയാടുകയാണ്. കളക്ടറേറ്റിന്റെയും സെക്രട്ടറിയേറ്റിന്റെയും പടിക്കലുകളില്‍ പലതവണയെത്തി തങ്ങളുടെ കൈകളിലേന്തിയിരിക്കുന്ന വിചിത്ര ജന്‍മങ്ങളെ കാണിച്ചിട്ടുണ്ട് ഈ അമ്മമാര്‍, സര്‍വ്വ ജന പ്രതിനിധികളേയും. പിന്നേയും പിന്നേയും സമരത്തിനിറങ്ങുമ്പോഴും പഴയതിനേക്കാള്‍ നിശ്ചയദാര്‍ഢ്യവും, ഉറച്ച ശബ്ദവുമുണ്ട് ഈ അമ്മമാര്‍ക്ക്…

‘കോടികളല്ല, ഈ ഭൂഗോളം തന്നെ കാല്‍ക്കീഴില്‍ വെച്ചാലും ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പകരമാകില്ല. പക്ഷേ, ഇവരുടെ ചികിത്സയ്ക്കും, പുനരധിവാസത്തിനുമുള്ള ധനസഹായം സര്‍ക്കാര്‍ തന്നേ തീരൂ. ഇനി മക്കളെ തെരുവിലിറക്കുന്നുവെന്ന് ഞങ്ങളെ കുറ്റം പറയുന്നവരോട്, ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഞങ്ങളല്ലാതെ വേറെ ആര് തെരുവിലിറങ്ങും? ശരീരം വളര്‍ന്നിട്ടും, രണ്ട് വയസിന്റെ ബുദ്ധി മാത്രമുള്ള ഞങ്ങളുടെ കുഞ്ഞുങ്ങളെ പിന്നെയെന്ത് ചെയ്യും? വീണ്ടും ഞങ്ങളെ തെരുവിലിറക്കുന്നത് ഇവിടുത്തെ ജന പ്രതിനിധികള്‍ തന്നെയാണ്.’ സ്‌നേഹവീട്ടില്‍ നിന്നുയര്‍ന്ന അമ്മമാരുടെ ശബ്ദമാണിത്. അവരുടെ ഗതികേടാണിത്.

ജനുവരി മുപ്പതിന് നടക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് പാവങ്ങളുടെ അമ്മയായ ദയാഭായി ഉദ്ഘാടനം ചെയ്യും. ഒരു ദിവസം നടക്കുന്ന പരിപാടിയില്‍ ചുമ്മാ മുഖം കാണിച്ച് സംസാരിക്കുന്നതിനുമപ്പുറം, കാസറഗോഡെത്തി ഇരകളേയും അമ്മമാരേയും നേരിട്ട് കണ്ട്, വിഷയം കൂടുതല്‍ പഠിക്കാനായി അവര്‍ സ്‌നേഹവീട്ടിലെത്തി. “എന്‍ഡോസള്‍ഫാന്‍ തളിച്ച പ്ലാന്റേഷന്‍ സര്‍ക്കാരിന്റേതാണെന്ന് ഞാന്‍ പിന്നീടാണ് അറിയുന്നത്. അതിനൊപ്പം വിഷയം കൂടുതല്‍ പഠിച്ചു വരികയാണ്”, ദയാഭായി പറഞ്ഞു.

“കൂടെ നിന്ന് ഐക്യദാര്‍ഢ്യം പറഞ്ഞവര്‍ കസേര കിട്ടിയപ്പോള്‍ മലക്കം മറിയുന്ന അവസ്ഥയാണ് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. കസേര കാണുമ്പോള്‍ സര്‍വ്വം മറന്നുപോകുന്ന പാര്‍ട്ടിയാണെങ്കില്‍, അവര്‍ കസേര വിട്ട് എഴുന്നേല്‍ക്കട്ടെ, അവര്‍ ആ കസേരയ്ക്ക് അര്‍ഹരല്ല.” സ്‌നേഹവീട്ടിലെ കുഞ്ഞുങ്ങളെ കണ്ടശേഷം ദയാഭായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു. പേറ്റ് നോവറിഞ്ഞ് പ്രസവിച്ചിട്ടില്ലെങ്കിലും ഈ അമ്മമാരുടെ വേദന എനിക്കും അനുഭവിക്കാനാകും; വാക്കുകള്‍ കിട്ടാതെ ചിഡ്വാരയിലെ ഗോണ്ടുകളുടെ അമ്മ വിതുമ്പി.

സര്‍ക്കാരും, കീടനാശിനി കമ്പനിയുമാണ് ഇവിടെ പ്രതിക്കൂട്ടിലാകുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കാത്ത സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യവും, സര്‍ക്കാരിനും കീടനാശിനി കമ്പനിക്കും എതിരായി ക്രിമിനല്‍ കേസും ഫയല്‍ ചെയ്തുകൊണ്ടാണ് അടുത്ത നടപടി. അനക്കമില്ലാത്തവരെ അനക്കിപ്പിക്കാനുള്ള വഴിയിതാണ്. പൈസ കൊടുത്തതുകൊണ്ടൊന്നും ഒന്നുമാകുന്നില്ല. ഇവിടെ ഒന്നിച്ച് ജീവിക്കാനുള്ള ഗ്രാമം, ബഡ്‌സ് സ്‌കൂള്‍, പരിശീലനങ്ങള്‍ ഒക്കെ നല്‍കണം. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. തന്റെ സുഹൃത് ബന്ധങ്ങള്‍ കേസിന് വേണ്ടി ഉപയോഗിക്കുമെന്നും, എങ്ങനേയും ഈ ജനതയ്ക്ക് നീതി കിട്ടിയേ തീരൂ എന്നും ദയാഭായി പറഞ്ഞു.

ഇവര്‍ ഇരകളാണെന്നതില്‍ ഇനിയുമെന്ത് വ്യക്തതയാണ് വേണ്ടത്? എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ധനസഹായം നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍

“കേരളത്തിലെ വിഷയങ്ങളില്‍ ഞാന്‍ ഇടപെടേണ്ടതില്ല, കാരണം അവകാശങ്ങളെയെല്ലാം കുറിച്ച് നന്നായി അറിവുള്ള, അവ നേടിയെടുക്കാന്‍ പ്രാപ്തരായ ആളുകള്‍ ഇവിടെയുണ്ട് എന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍, ഈ വിഷയത്തിന്റെ പ്രത്യേകതയെന്തെന്നാല്‍, മനുഷ്യത്വം എന്ന ഒന്നുണ്ടെങ്കില്‍ ഇടപെടാതിരിക്കാന്‍ സാധിക്കാത്ത വിഷയമാണിത്. പല തവണ സംഘാടകര്‍ വിളിച്ചപ്പോഴും ഞാന്‍ അതിന് തയ്യാറായില്ല. പകരം സര്‍ക്കാരിനെ കാത്തു നില്‍കാതെ സ്വയം ഒരു പുനരധിവാസം സംഘടിപ്പിക്കാന്‍ ഞാന്‍ അവരോട് പറഞ്ഞു. പിന്നീട്, ഈ അടുത്ത കാലത്താണ് വിഷയത്തിന്റെ യത്ഥാര്‍ത്ഥ ഗൗരവം തിരിച്ചറിഞ്ഞത്.” അവര്‍ പറയുന്നു.

ഡിവൈഎഫ്ഐ അറിഞ്ഞോ? നിങ്ങള്‍ നേടിയെടുത്ത ചരിത്രവിധിയില്‍ സുപ്രീംകോടതി കേരള സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്

പത്തുവര്‍ഷത്തിലധികമായി ജനകീയ പ്രക്ഷോഭങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ ഇരകള്‍ക്കൊപ്പം നില്‍ക്കാന്‍ ദയാഭായി എത്തിയതില്‍ പ്രതീക്ഷയോടെയാണ് ഇവിടുത്തെ അമ്മമാര്‍ കാണുന്നത്. ഇത് ഞങ്ങളുടേയും, അമ്മയാണെന്ന് പറഞ്ഞ് പലരും അവരെ നെഞ്ചോട് ചേര്‍ത്ത് വിതുമ്പി. “ജീവിക്കാന്‍ നല്ല അന്തരീക്ഷവും, ജോലിയും ഉയര്‍ന്ന വിദ്യാഭ്യാസവുമുണ്ടായിരുന്നിട്ടും തീരെ താഴെക്കിടയിലുള്ള ഒരു സമൂഹത്തിനൊപ്പം നിന്ന് അവര്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ ചിലവഴിച്ച്, നാടും, വീടും, പേരും ഉപേക്ഷിച്ച് വസ്ത്രധാരണം പോലും അവരെപോലെയാക്കിയ ഒരമ്മ നമുക്കൊപ്പം നില്‍ക്കുമ്പോള്‍ വിജയം ഉറപ്പാണ്, നീതി അത്ര ദൂരത്തല്ല എന്ന ഒരു തോന്നലാണ് ഞങ്ങള്‍ക്ക്. പതിയെ പതിയെ നിരാശയിലേക്ക് കൂപ്പുകുത്തിയേക്കാവുന്ന ഒരു സമൂഹത്തിന് ലഭിച്ച ഊര്‍ജ്ജമാണ് അവരുടെ സാമിപ്യം.” ജനകീയ പീഡിത മുന്നണി നായകന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറയുന്നു.

ഞങ്ങള്‍ മരിച്ചാല്‍ ഞങ്ങളുടെ കുട്ടികള്‍ എന്തു ചെയ്യുമെന്ന് ചോദിക്കുന്ന ആ അമ്മമാര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്

(ഈ വിഷയവുമായി ബന്ധപെട്ട ചിത്രങ്ങള്‍ അനുമതിയില്ലാതെ പുന:പ്രസിദ്ധീകരിക്കാനോ ദുരുപയോഗം ചെയ്യാനോ പാടുള്ളതല്ല)

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍