UPDATES

ട്രെന്‍ഡിങ്ങ്

കെ ഇ ഇസ്മായില്‍ ഇറങ്ങിപ്പോകുമോ? സിപിഐയില്‍ പൊട്ടിത്തെറി

2005 ൽ മലപ്പുറത്ത് നടന്ന സിപിഎം സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെതിരെ നടന്ന പടയോട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇപ്പോൾ സി പി ഐ യിൽ ഇസ്മായിലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത്

കെ എ ആന്റണി

കെ എ ആന്റണി

വിഭാഗീയത എന്ന ബാധ സി പി എമ്മിനെ ഏതാണ്ട് വിട്ടൊഴിഞ്ഞുവെന്നു തന്നെ വേണം കരുതാൻ. ഇക്കാര്യം തൃശ്ശൂരിൽ സമാപിച്ച പാർട്ടിയുടെ സംസ്ഥാന സമ്മേളനവേദിയിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ പറയുന്നത് നമ്മൾ കേട്ടതാണ്. എന്നാൽ കേരളത്തിലെ വലിപ്പം കൊണ്ട് രണ്ടാമത്തേതെങ്കിലും പഴക്കം കൊണ്ട് ഒന്നാമത്തേതെന്നു വിളിക്കപ്പെടേണ്ട സി പി ഐയെ വിഭാഗീയത വല്ലാതെ പിടികൂടിയിരിക്കുന്നവെന്നു തന്നെ വേണം ഇന്നലെ മലപ്പുറത്ത് ആരംഭിച്ച ആ പാർട്ടിയുടെ സംസ്ഥാന സമ്മേളന വേദിയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ കാണുമ്പോൾ കരുതാൻ.

വാർത്തകൾ ശരിയാണെങ്കിൽ മുതിർന്ന നേതാവ് കെ ഇ ഇസ്മായിലിനെതിരെ ഒരു വലിയ പടയോട്ടം തന്നെയാണ് നടക്കുന്നത്. 1996 ൽ പാലക്കാട് നടന്ന സി പി എം സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാന്ദന്റെ നേതൃത്വത്തിൽ സി ഐ ടി യു വിഭാഗത്തിനെതിരെയും പിന്നീട് 2005 ൽ മലപ്പുറത്ത് നടന്ന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദനെതിരെയും നടന്ന പടയോട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇപ്പോൾ സി പി ഐ യിൽ ഇസ്മായിലിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് എന്ന് തന്നെ പറയേണ്ടിവരും. കാര്യങ്ങളുടെ പോക്കുവെച്ചു നോക്കുമ്പോൾ ഇനിയിപ്പോൾ അറിയേണ്ടത് മൂന്നുവർഷം മുൻപ് ആലപ്പുഴയിൽ നടന്ന സി പി എം സംസ്ഥാന സമ്മേളന വേദിയിൽ നിന്നും വി എസ് ഇറങ്ങിപ്പോയതുപോലെ ഒരു നടപടി ഇസ്മായിലിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമോ എന്ന് മാത്രമാണ്. കാരണം അത്രയ്ക്ക് കടുത്ത വിമർശമാണ് സ്വന്തം പാർട്ടി സഖാക്കളിൽ നിന്നും ഇസ്മായിൽ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

പിണറായി ശരിക്കും ചാക്കോ മാഷാണ്; കാനം ആടു തോമയും; ഇടതു സര്‍ക്കാരിന്റെ സ്പന്ദനം മാത്തമറ്റിക്സും

ഒരു കമ്മ്യൂണിസ്റ്റിനു നിരക്കാത്ത കാര്യങ്ങളാണ് ഇസ്മായിൽ ചെയ്തതെന്നാണ് പാർട്ടി കണ്‍ട്രോൾ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. ഇസ്മായിൽ വിദേശത്തു ആഡംബര ജീവിതം നയിച്ചു, സ്വന്തം നിലയിൽ ഫണ്ട് പിരിച്ചു, പാർട്ടി സർക്കുലർ തിരുത്തി എന്നിങ്ങനെ പോകുന്നു ഈ ആരോപണങ്ങൾ. ഇസ്മായിലിനെതിരെയുള്ള കമ്മീഷന്റെ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തികൊണ്ടുള്ളതാണ് ഇന്നലെ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് എന്നതിനാൽ ഇന്ന് നടക്കുന്ന പൊതു ചർച്ചയിൽ ഇസ്മായിലിനെതിരെ ശക്തമായ ആക്രമണം തന്നെ പ്രതീക്ഷിക്കാം. വിദേശ യാത്രയിൽ തന്റെ ചിലവുകൾ വഹിച്ചത് ഒരു സുഹൃത്താണെന്നും അതുകൊണ്ടു തന്നെ പാർട്ടിക്ക് ഇക്കാര്യത്തിൽ നഷ്ടമൊന്നും സംഭവിച്ചിട്ടെല്ലെന്നും ഉള്ള ഇസ്മായിലിന്റെ മറുവാദം തള്ളിക്കളഞ്ഞ മട്ടിൽ തന്നെയാണത്രെ കാര്യങ്ങളുടെ പോക്ക്.

സിപിഐയില്‍ കുറിഞ്ഞി പൂക്കുന്നു; ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി പരാഗണമാകാം

പാർട്ടിയിൽ കാനത്തെക്കാൾ സീനിയർ ആണെങ്കിലും ഇസ്മായിലിനേക്കാൾ പാർട്ടി അണികളുടെയും കേന്ദ്ര നേതൃത്വത്തിന്റെയും പിന്തുണ കാനത്തിനാണ്. അതുകൊണ്ടുതന്നെ ഇസ്മായിലിനെ ഒതുക്കുക എന്ന കാനത്തിന്റെ തന്ത്രം വിജയിക്കാനാണ് സാധ്യത. എങ്കിലും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഒരു വിഭാഗം അണികൾ തനിക്കൊപ്പം ഉണ്ടെന്നതിനാൽ അത്ര എളുപ്പത്തിൽ കീഴടങ്ങാൻ ഈ മുൻ സൈനികൻ തയ്യാറാകുമെന്ന് തോന്നുന്നില്ല. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വയനാട്, എറണാകുളം, പാലക്കാട് ജില്ലാ സമ്മേളനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നുവെന്നത് തന്നെ സി പി ഐയെ വിഭാഗീയത എത്രകണ്ട് ബാധിച്ചിരിക്കുന്നു എന്നതിന് തെളിവാണ്. ഈ മൂന്ന് ജില്ലകളിലും ഇസ്മായിൽ പക്ഷം കരുത്തു തെളിയിച്ചുവെന്നത് നൽകുന്ന സൂചന ഇസ്മായിലിനെ അത്ര എളുപ്പത്തിൽ എഴുതിത്തള്ളാൻ കാനത്തിനും കൂട്ടർക്കും കഴിയില്ലെന്നു തന്നെയാണ്.

കാനത്തിന്റെ ‘മാണിപ്പേടി’ക്ക് പിന്നില്‍ സിപിഐയെക്കുറിച്ചുള്ള ആശങ്ക മാത്രമല്ല

ഇസ്മായിലിനെതിരെയുള്ള കാനത്തിന്റെ അതൃപ്തി ആരംഭിക്കുന്നത് പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തന്റെ പേര് പൊന്തിവന്നപ്പോൾ ഇസ്മായിൽ മത്സരത്തിന് ഒരുങ്ങിയെന്നതാണ്. കേന്ദ്ര നേതൃത്വം ഇടപെട്ടു ഇസ്മായിലിനെ പിന്തിരിപ്പിച്ചെങ്കിലും കാനത്തിന്റെ ചൊരുക്ക് തീർന്നിട്ടില്ലെന്നു ഇസ്മായിൽ അനുകൂലികൾ വിശ്വസിക്കുന്നു. ഇസ്മായിലിനെതിരെയുള്ള ഇപ്പോഴത്തെ പടയോട്ടം ഇതിന്റെ ഭാഗം തന്നെയാണെന്ന് അവർ കരുതുന്നു. തോമസ് ചാണ്ടി വിഷയത്തിൽ കാനം പറഞ്ഞതനുസരിച്ചു മന്ത്രിസഭ യോഗത്തിൽ നിന്നും സി പി ഐ മന്ത്രിമാർ വിട്ടുനിന്നതിനെ ന്യായീകരിക്കാൻ ഇസ്മായിൽ തയ്യാറാവാതിരുന്നതും ഇസ്മായിലിനെ ശത്രു പക്ഷത്തു നിറുത്താൻ കാനത്തെയും കൂട്ടരെയും പ്രേരിപ്പിക്കുന്നുണ്ടെന്നും അവർ കരുതുന്നു. എന്തുതന്നെയായാലും അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിനാണ് സി പി ഐ സമ്മേളന വേദി സാക്ഷ്യം വഹിക്കുന്നതെന്നു പറയാതെ വയ്യ.

പാര്‍ട്ടി പിളര്‍ത്തിയ ഇ എം എസിന്റെ ചിത്രം സിപിഐ ഓഫീസില്‍ എന്തിന് വെക്കണം?

ഒറ്റപ്പെടുത്തി വേട്ടയാടാനാണ് ഇനിയും ഭാവമെങ്കില്‍ പൊതുജീവിതം അവസാനിപ്പിക്കും: മുന്നറിയിപ്പുമായി ഇസ്മായില്‍

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍