UPDATES

വടയമ്പാടി: ആത്മാഭിമാന കണ്‍വന്‍ഷനായാലും ആഹ്ളാദമായാലും അനുവദിക്കില്ലെന്ന് പോലീസ്; നടത്തുമെന്ന് സമരക്കാര്‍

ദളിത് ആത്മാഭിമാന കണ്‍വന്‍ഷന്‍ സമരമല്ലെന്നും, അടിസ്ഥാന പ്രശ്‌നം ജാതിയാണെന്ന് വിളിച്ചുപറയാനുള്ള വേദിയാണെന്നും സമരക്കാര്‍

ജില്ലാ ഭരണകൂടത്തിന്റേയും പോലീസിന്റേയും വിലക്ക് ലംഘിച്ച് വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമിതി ഇന്ന് ദളിത് ആത്മാഭിമാന കണ്‍വന്‍ഷന്‍ നടത്തും. ജില്ലാ കളക്ടറുടെ തീരുമാനങ്ങള്‍ പുറത്ത് വരികയും പോലീസ് ഭീഷണി നിലനില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ആത്മാഭിമാന കണ്‍വന്‍ഷന്‍ നടക്കുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് സമര സമിതിയിലും സമരസഹായ സമിതിയിലും രണ്ട് അഭിപ്രായങ്ങള്‍ നിലനിന്നിരുന്നെങ്കിലും മുന്‍നിശ്ചയിച്ച പ്രകാരം കണ്‍വന്‍ഷന്‍ നടത്താന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പത്ത് മണിയോടെ സമരസമിതി പ്രവവര്‍ത്തകരുടേയും സമരസഹായ സമിതി പ്രവര്‍ത്തകരുടേയും സംയുക്ത യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. പുത്തന്‍കുരിശ് ചൂണ്ടിയില്‍ സമ്മേളിച്ചതിന് ശേഷം വടയമ്പാടിയിലേക്ക് മാര്‍ച്ച് നടത്താനാണ് സമരസമിതിയുടെ തീരുമാനം. എന്നാല്‍ വടയമ്പാടിയില്‍ കണ്‍വന്‍ഷനോ മാര്‍ച്ചോ നടത്താന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ പ്രദേശം സംഘര്‍ഷ സാധ്യതയിലായി.

ഇന്നലെ ജില്ലാ കളക്ടര്‍ യോഗം വിളിച്ചുചേര്‍ത്തിരുന്നു. വടയമ്പാടി ഭജനമഠം ക്ഷേത്രത്തോട് ചേര്‍ന്ന ഭൂമിയില്‍ മതിലോ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ അനുവദിക്കില്ലെന്ന് യോഗത്തിന് ശേഷം ജില്ലാ കളക്ടര്‍ അറിയിച്ചു. ക്ഷേത്രത്തിന് സമീപം മുമ്പ് സമരസമിതിയുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയ സ്ഥലത്ത് ക്ഷേത്രസമിതി വച്ച ബോര്‍ഡ് എടുത്ത് മാറ്റാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചരിത്രപരമായി പൊതുജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ എല്ലാം നിലനിര്‍ത്തും. വഴി നടക്കാനും മൈതാനത്ത് കളിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ടായിരിക്കും എന്ന് പറഞ്ഞ കളക്ടര്‍ മൈതാനത്ത് നടക്കുന്ന ആഘോഷങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം എന്ന നിര്‍ദ്ദേശവും വച്ചു. ദളിത് ആത്മാഭിമാന കണ്‍വന്‍ഷന് അനുമതി നേടിയിട്ടില്ലാത്തതിനാല്‍ കണ്‍വന്‍ഷന്‍ നടത്താന്‍ കഴിയില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ അനുവദിക്കില്ല. പട്ടയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കുമ്പോള്‍ അത് നടപ്പാക്കും. വടയമ്പാടിയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിയമപരമായ നടപടികള്‍ സ്വീകരിക്കും. എല്ലാവരും ഒരുപോലെ പരിഗണിക്കപ്പെടും. പ്രത്യേക പരിഗണ ആരോടുമുണ്ടാവില്ലെന്നും വടയമ്പാടി മൈതാനത്തെ അവകാശങ്ങളെക്കുറിച്ചുള്ള സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

വടയമ്പാടി; മറ്റ് പാർട്ടിക്കാർക്കെല്ലാം സമരം നടത്താൻ അനുമതിയുള്ളപ്പോൾ ദളിതർക്ക് കൺവൻഷൻ പോലും നടത്തിക്കൂടെന്നാണോ?

ക്ഷേത്രസമിതി സ്ഥാപിച്ച ബോര്‍ഡ് കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പൊളിച്ചുമാറ്റുകയും ചെയ്തു. കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം തഹസില്‍ദാര്‍ സമരസ്ഥലത്തെത്തി ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിട്ടുനിന്ന സമരസമിതി പ്രവര്‍ത്തകരുമായി സംസാരിച്ചു. പിന്നീട് തഹസില്‍ദാറെ ഫോണ്‍വഴി ബന്ധപ്പെട്ട് കളക്ടര്‍ സമരസമിതി പ്രവര്‍ത്തകരുമായി സംസാരിക്കുകയും തീരുമാനങ്ങള്‍ നേരിട്ടറിയിക്കുകയും ചെയ്തു. ഇതോടെ സമരം വിജയമായി പ്രഖ്യാപിക്കണമെന്ന ഒരു അഭിപ്രായം സമരസമിതി അംഗങ്ങളില്‍ രൂപപ്പെട്ടുവന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി അടക്കമുള്ള പോലീസുകാര്‍ സമരക്കാരെ നേരിട്ട് കണ്ട് കണ്‍വന്‍ഷന്‍ നടത്തിയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള പോലീസ് നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി. പോലീസ് ഭീഷണിയില്‍ സമരം ചെയ്യുന്ന ദളിത് സ്ത്രീകള്‍ ചിലരെങ്കിലും ഭയപ്പെടുകയും കണ്‍വന്‍ഷനില്‍ പങ്കെടുക്കേണ്ടെന്ന് നിലപാട് അവര്‍ സ്വീകരിക്കുകയും ചെയ്തു. കളക്ടര്‍ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ വിലക്ക് കഴിയുമ്പോള്‍ ആഹ്ലാദ കണ്‍വന്‍ഷന്‍ നടത്താമെന്ന അഭിപ്രായവും സമരസമിതിയംഗങ്ങളില്‍ ചിലര്‍ക്കുണ്ടായിരുന്നു. ഇത് ഇവര്‍ അഴിമുഖവുമായി പങ്കുവക്കുകയും ചെയ്തു. ‘പോലീസ് കണ്‍വന്‍ഷന്‍ നടത്താന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞിട്ട് പോയി. വടയമ്പാടിയില്‍ നടത്താനുദ്ദേശിച്ചിരുന്ന കണ്‍വന്‍ഷനായി കസേരകളും വിറകുമെല്ലാം ഞങ്ങള്‍ ഇവിടെ ഇറക്കുകയും ചെയ്തു. ഇത് നിങ്ങള്‍ മാറ്റിയില്ലെങ്കില്‍ ഞങ്ങള്‍ മാറ്റും എന്നാണ് പോലീസ് പറഞ്ഞത്. കാശ്‌കൊടുത്ത് വാങ്ങിയത് കൊണ്ട് അതെല്ലാം അപ്പോള്‍ തന്നെ വണ്ടിയില്‍ തിരിച്ചയക്കുകയും ചെയ്തു. സമ്മേളനം നടത്തിയാല്‍ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം അത് തടയാന്‍ തങ്ങള്‍ എന്ത് വഴിയും സ്വീകരിക്കുമെന്നാണ് ഡിവൈഎസ്പി ഉള്‍പ്പെടെയുള്ളവര്‍ വന്ന് പറഞ്ഞിട്ട് പോയത്. പോലീസ് വണ്ടികള്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നാളെ ഞായറാഴ്ച കൂടിയായതിനാല്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായാല്‍ ജയിലില്‍ കിടക്കേണ്ടി വരും. പോലീസുമായി അങ്ങനെയൊരു സംഘര്‍ഷത്തിന് നില്‍ക്കണോ എന്ന് ചിലരെങ്കിലും സംശയിക്കുന്നു. പട്ടയം ഒഴിച്ചുള്ള ബാക്കി കാര്യങ്ങളില്‍ ജില്ലാ കളക്ടര്‍ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. ആ സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പരിഗണനയിലാണ്” എന്നാണ് സമരസമിതി നേതാവ് പറഞ്ഞത്.

എന്നാല്‍ കളക്ടറുടെ തീരുമാനങ്ങള്‍ ദളിതരുടെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്നാണ് സമരസഹായ സമിതി ആരോപിച്ചത്. അടിസ്ഥാനപരമായി നില്‍ക്കുന്ന ജാതി എന്ന വിഷയത്തെ അഡ്രസ് ചെയ്യാത്തിടത്തോളം പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നും യോഗത്തില്‍ പങ്കെടുത്ത എല്ലാവരും എന്‍എസ്എസിനെ സഹായിക്കുന്ന നിലപാട് എടുക്കുന്നവരാണെന്നുമായിരുന്നു സമരസഹായ സമിതി പ്രവര്‍ത്തകര്‍ ഉന്നയിച്ച വിഷയം. ദളിത് ആത്മാഭിമാന കണ്‍വന്‍ഷന്‍ സമരമല്ലെന്നും, അടിസ്ഥാന പ്രശ്‌നം ജാതിയാണെന്ന് വിളിച്ചുപറയാനും, അടുത്തഘട്ടത്തില്‍ ഏത് രീതിയില്‍ മുന്നോട്ട് പോവണമെന്ന് തീരുമാനിക്കാനുള്ള വേദികൂടിയാണതെന്നും അതിനാല്‍ കണ്‍വന്‍ഷന്‍ നടത്തുമെന്ന നിലപാടില്‍ സമരസഹായസമിതി ഉറച്ചുനിന്നു.

വടയമ്പാടി; ഈ മൈതാനം മാക്കോത പാപ്പുവിന്റെയും ചോതി വെളിച്ചപ്പാടിന്റെയും

ആശക്കുഴപ്പം രൂക്ഷമായപ്പോള്‍ സംയുക്തയോഗം ചേരുകയും കണ്‍വന്‍ഷന്‍ ചൂണ്ടിയില്‍ വച്ച് നടത്താനും തീരുമാനിക്കുകയായിരുന്നു. അറസ്റ്റ് ഉള്‍പ്പെടെയുള്ള പോലീസ് നടപടികളെ നേരിടാന്‍ തയ്യാറായിക്കൊണ്ട് ആത്മാഭിമാന കണ്‍വന്‍ഷനുമായി സമരക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് സമരസമിതി അംഗം അയ്യപ്പന്‍കുട്ടി പറഞ്ഞു.

എന്നാല്‍ ഒരു കാരണവശാലും കളക്ടറുടെ ഉത്തരവ് ലംഘിക്കാന്‍ അനുവദിക്കില്ലെന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോന്‍ പറഞ്ഞു. ‘ആത്മാഭിമാന കണ്‍വന്‍ഷനായാലും ആഹ്ലാദ കണ്‍വന്‍ഷനായാലും അടുത്ത് മൂന്ന് ദിവസത്തേക്ക് അനുവദിക്കില്ല. അപ്പോഴത്തെ സാഹചര്യം ആവശ്യപ്പെടുന്ന നടപടികള്‍ പോലീസ് സ്വീകരിക്കും. ഉത്തരവ് ലംഘിച്ചുള്ള പ്രവര്‍ത്തനത്തെ നേരിടാന്‍ പോലീസ് സജ്ജമാണ്‘ എന്നും ഡിവൈഎസ്പി അറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കളക്ടറുടെ താരുമാനം വന്ന് മിനിറ്റുകള്‍ക്കകം തന്നെ പോലീസ് വടയമ്പാടിയിലെ സമരസ്ഥലത്തെത്തി പ്രദേശവാസികളല്ലാത്ത എല്ലാവരോടും പുറത്തുപോവാന്‍ ആവശ്യപ്പെടുകയും സമരസഹായ സമിതി അംഗമായ മാനുവലിനെ അടക്കം സമരസ്ഥലത്ത് നിന്ന് ഓടിക്കുകയും ചെയ്തിരുന്നു.

പുതിയ നീക്കവുമായി കെപിഎംഎസും വടയമ്പാടിയില്‍; പിന്നില്‍ ഹിന്ദു ഐക്യവേദി-എന്‍എസ്എസ് എന്ന് ആക്ഷേപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍