UPDATES

വിശകലനം

വയനാട്ടില്‍ രാഹുലിന് മൂന്ന് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമെന്ന കോണ്‍ഗ്രസ്സ് മോഹം ‘എന്തുനല്ല നടക്കാത്ത സ്വപ്ന’മോ?

പോള്‍ ചെയ്യപ്പെടുന്നതിന്റെ അറുപത് ശതമാനം വോട്ടെങ്കിലും രാഹുല്‍ ഗാന്ധിക്ക് കിട്ടിയാല്‍ മാത്രമാണ് മൂന്ന് ലക്ഷത്തിന്റെ ഭൂരിപക്ഷം നേടാന്‍ സാധിക്കൂ

രാഹുല്‍ ഗാന്ധിയുടെ രണ്ടാം മണ്ഡലമായി വയനാട് സ്ഥിരീകരിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചിരിക്കുന്ന മണ്ഡലത്തില്‍ രാഹുലിന്റെ റിസല്‍റ്റിനെക്കുറിച്ചും ഇനി ഒരു സംശയത്തിന് സാധ്യതയില്ല. അതേസമയം മൂന്ന് ലക്ഷത്തിന് മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്നുമാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.

13,25,788 വോട്ടര്‍മാരാണ് വയനാട് മണ്ഡലത്തിലുള്ളത്. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങള്‍ക്ക് പുറമേ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറത്തെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയോജകമണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് വയനാട് ലോകസഭാ മണ്ഡലം. 6,55,786 പുരുഷ വോട്ടര്‍മാരും 6,70,002 സ്ത്രീ വോട്ടര്‍മാരുമാണ് വയനാട് ലോകസഭാ മണ്ഡലത്തില്‍ ആകെയുള്ളത്.

വയനാട് ജില്ലയില്‍ നിന്നും 5,81,245 വോട്ടര്‍മാരാണ് പട്ടികയിലുളളത്. എന്നാല്‍ വോട്ടര്‍ പട്ടിക അന്തിമമല്ലെന്നാണ് അറിയുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് വണ്ടൂര്‍ നിയോജക മണ്ഡലത്തിലാണ്. 2,10,051 പേരാണ് ഇവിടെയുള്ളത്. കുറവ് തിരുവമ്പാടി നിയോജക മണ്ഡലത്തിലാണ്. 1,65,460 വോട്ടര്‍മാര്‍. വണ്ടൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ളത്. ഏറനാട് നിയോജക മണ്ഡലം ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍.

2009ല്‍ മാത്രം രൂപീകൃതമായ വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ എംഐ ഷാനവാസാണ് വിജയിച്ചിട്ടുള്ളത്. അതായത് കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലം. 2009ല്‍ 410,703 വോട്ടുകളും 2014ല്‍ 377,035 വോട്ടുകളുമാണ് ഷാനവാസ് നേടിയത്. വോട്ടിന്റെ എണ്ണം മാത്രമല്ല, ഭൂരിപക്ഷത്തിലും കുത്തനെ ഒരു കുറവുണ്ടായ മണ്ഡലമാണ് കോണ്‍ഗ്രസിന് ഇത്. 2009ല്‍ 1,53,439 വോട്ടിന്റെ ഭൂരിപക്ഷമാണ് ഷാനവാസിന് കിട്ടിയത്. 2014ല്‍ അത് 20,870 ആയി ചുരുങ്ങുകയും ചെയ്തു. ഇവിടെയാണ് രാഹുല്‍ ഗാന്ധി മൂന്ന് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. വയനാട്ടില്‍ നിലവിലെ അവസ്ഥയില്‍ രാഹുല്‍ ജയിക്കുമെന്ന് ഉറപ്പാണ്. അത് അവരുടെ കുത്തകയായതുകൊണ്ടല്ല. പകരം രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്നതിനാല്‍ നിഷ്പക്ഷവാദികളായ ഒരു വലിയ ഭൂരിപക്ഷം രാഹുലിന് തന്നെ വോട്ട് ചെയ്യാന്‍ സാധ്യതയുണ്ട്.

രാഹുലിനെ വയനാട്ടില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ സംഗമമാണെന്നാണ്. അതുപോലെ തന്നെ വയനാട് മണ്ഡലവും വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ സംഗമം. ഒരുപക്ഷെ കേരളത്തില്‍ മറ്റൊരു മണ്ഡലത്തിനും അത്തരമൊരു പ്രത്യേകതയ്ക്ക് സാധ്യതയില്ല. പതിമൂന്ന് ലക്ഷം വോട്ടില്‍ നിന്നും വയനാട്ടിലെ ശരാശരി പോളിംഗ് ശതമാനം വച്ച് ഒമ്പത് ലക്ഷം പേര്‍ വോട്ട് ചെയ്യുമെന്ന് നമുക്ക് കരുതാം. എന്നാല്‍ പോലും രാഹുല്‍ എങ്ങനെ മൂന്ന് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടുമെന്ന ചോദ്യം ബാക്കിയാകുകയാണ്.

രാഹുല്‍ ഗാന്ധിക്ക് മൂന്ന് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം കിട്ടണമെങ്കില്‍ മുഖ്യ എതിര്‍ സ്ഥാനാര്‍ത്ഥിയായ പി പി സുനീറിന് കെട്ടിവച്ച കാശ് പോലും കിട്ടരുത്. 2014ല്‍ ഷാനവാസിനെതിരെ മത്സരിച്ച സത്യന്‍ മൊകേരിക്ക് 3.56 ലക്ഷം വോട്ടാണ് കിട്ടിയത്. അതായത് പോള്‍ ചെയ്ത വോട്ടിന്റെ 38 ശതമാനം വോട്ട്. രാഹുല്‍ ഗാന്ധിയെന്ന വ്യക്തിപ്രഭാവത്തിന് വോട്ട് വീണേക്കാം പക്ഷെ അതൊരിക്കലും മൂന്ന് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടാന്‍ പര്യാപ്തമാകുമോ എന്നത് വിദൂര സാധ്യത മാത്രമാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നത് പോലെ തന്നെ മണ്ഡലം ഉപേക്ഷിക്കുമെന്ന സാധ്യതയുള്ള ഒരാളെ എന്തിന് വിജയിപ്പിക്കണമെന്ന ചോദ്യവും ഉയരുന്നുണ്ട്.

പോള്‍ ചെയ്യപ്പെടുന്നതിന്റെ അറുപത് ശതമാനം വോട്ടെങ്കിലും രാഹുല്‍ ഗാന്ധിക്ക് കിട്ടിയാല്‍ മാത്രമാണ് മൂന്ന് ലക്ഷത്തിന്റെ ഭൂരിപക്ഷം നേടാന്‍ സാധിക്കൂ. അതായത് പത്ത് ലക്ഷം പേര്‍ വോട്ട് ചെയ്യുകയും അതില്‍ ആറ് ലക്ഷം വോട്ട് രാഹുല്‍ ഗാന്ധിക്ക് കിട്ടുകയും വേണം. മൂന്ന് ലക്ഷത്തോളം വോട്ട് സുനീറിനും ബാക്കിയുള്ള ഒരു ലക്ഷം വോട്ട് ബിഡിജെഎസ് ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ക്കും കിട്ടിയാലും കോണ്‍ഗ്രസിന്റെ കണക്കു കൂട്ടല്‍ കൃത്യമാകും. പക്ഷെ കാര്യങ്ങള്‍ ഈ പറയുന്നത് പോലെ തന്നെ പോകണം. ഇനി പോയില്ലെങ്കിലോ? ആ നാണക്കേടിന്റെ ഭാരം കേരളത്തിലെ കോണ്‍ഗ്രസ് നേരിടേണ്ടി വരും. കാരണം എംഐ ഷാനവാസ് അല്ല രാഹുല്‍ ഗാന്ധി.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍