UPDATES

ട്രെന്‍ഡിങ്ങ്

ഈ ‘ആന’ മുന്നണി ഇടതിന് ഐശ്വര്യം കൊണ്ടുവരുമോ?

പാര്‍ട്ടികളുടെ എണ്ണം വെച്ച് നോക്കിയാല്‍ ഇടതു മുന്നണി ഒരു വലിയ പടക്കപ്പലാണ്. പക്ഷേ താങ്ങാന്‍ ആവാത്ത ഭാരം കയറ്റിയാല്‍ കപ്പല്‍ മുങ്ങുന്നതും തികച്ചും സ്വാഭാവികം എന്ന കാര്യം മറക്കാരുത്

കെ എ ആന്റണി

കെ എ ആന്റണി

അങ്ങനെ കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എല്‍ ഡി എഫ് ഒടുവില്‍ ഒരു ജംബോ മുന്നണിയായി. ശുദ്ധ മലയാളത്തില്‍ പറഞ്ഞാല്‍ ഒരു ആന മുന്നണി. അകത്തേക്ക് പ്രവേശനം ലഭ്യമാകാതിരുന്നതിനാല്‍ പുറത്തു നിന്നും ഇടതു മുന്നണിക്കും സര്‍ക്കാരിനും പിന്തുണ നല്‍കിപോന്നിരുന്ന കെ ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് – ബിക്കു കൂടി ഇന്നലെ നടന്ന മുന്നണി വികസനത്തില്‍ നറുക്കു വീണു എന്നതിനാല്‍ ആന മുന്നണി എന്ന പേര് എന്തുകൊണ്ടും അനുയോജ്യം എന്ന് കരുതുന്നതിലും തെറ്റില്ല. മുന്നണി പ്രവേശനം കാത്തു നിന്ന, ആന പാര്‍ട്ടി ചിഹ്നമായി കൊണ്ടു നടക്കുന്ന മായാവതിയുടെ കേരള ഘടകത്തിന് ഇനിയും കാത്തിരിക്കേണ്ടിവരുമെങ്കിലും തറവാട്ടില്‍ ആനകളും ആനക്കൊട്ടിലും ഒക്കെ ഉണ്ടായിരുന്ന പിള്ളേച്ചന്‍ ഒടുവില്‍ കയറിക്കൂടിയിട്ടുണ്ട് എന്നതിനാല്‍ ആന ഇനിയങ്ങോട്ട് ഈ മുന്നണിയുടെ പേരിനൊപ്പം ചേര്‍ന്നു നില്‍ക്കുക തന്നെ ചെയ്യും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. ഇനിയിപ്പോള്‍ അറിയേണ്ടത് ഈ ആന (വികാസം) ഇടതു മുന്നണിക്ക് ഐശ്വര്യം കൊണ്ടുവരുമോ എന്നു മാത്രമാണ്.

പടിവാതുക്കല്‍ എത്തിനില്‍ക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ഇപ്പോള്‍ നടന്നിട്ടുള്ള ഈ ഇടതു മുന്നണി വിപുലീകരണം എന്നു പൊതുവെ പറയാമെങ്കിലും ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ ഇടതു മുന്നണിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നു തെളിയിക്കുക എന്നൊരു അജണ്ട കൂടി ഇതിന് പിന്നിലുണ്ടെന്നത് ഒറ്റയടിക്ക് നാല് പാര്‍ട്ടികള്‍ക്ക് ഒരുമിച്ചു മുന്നണി പ്രവേശനം അനുവദിച്ചതില്‍ നിന്നും ഏതാണ്ട് വ്യക്തമാണ്. ഇടതു മുന്നണിയില്‍ പ്രവേശനം തേടി കഴിഞ്ഞ 25 വര്‍ഷമായി എകെജി സെന്ററിന്റെയും എം എന്‍ സ്മാരകത്തിന്റെയും പടവുകള്‍ കയറിയിറങ്ങി ചെരിപ്പിനൊപ്പം കാല്‍പാദം കൂടി തേഞ്ഞ ഐ എന്‍ എല്ലിനൊപ്പം ഇക്കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് കേരള കോണ്‍ഗ്രസ് തറവാട്ടില്‍ നിന്നും പടിയിറങ്ങിയ ഫ്രാന്‍സിസ് ജോര്‍ജിന്റെയും ആന്റണി രാജുവിന്റെയുമൊക്കെ ജനാധിപത്യ കേരള കോണ്‍ഗ്രസിനും അസംബ്ലി തിരഞ്ഞെടുപ്പില്‍ മുച്ചൂടും മുടിഞ്ഞുപോയ എം പി വീരേന്ദ്ര കുമാറിന്റെ ലോക് താന്ത്രിക് ജനതാ ദളിനും ഒറ്റയടിക്ക് മുന്നണി പ്രവേശനം സാധ്യമായതും ആദിവാസി നേതാവ് സി കെ ജാനുവിനെയും കോവൂര്‍ കുഞ്ഞുമോന്റെ ആര്‍ എസ് പി ലെനിസ്റ്റിനെയും ഒക്കെ പ്രതീക്ഷ നല്‍കി വെയ്റ്റിംഗ് ലിസ്റ്റില്‍ പെടുത്തിയതില്‍ നിന്നും മറ്റെന്താണ് വായിച്ചെടുക്കേണ്ടത്?

എല്‍ഡിഎഫില്‍ പ്രവേശനം കിട്ടിയതിന് പിന്നാലെ ബാലകൃഷ്ണപിള്ള പറഞ്ഞു; “കുടുംബത്തില്‍ പിറന്ന യുവതികള്‍ ശബരിമലയ്ക്ക് പോകില്ല”

തന്റെ പാര്‍ട്ടിക്ക് നാല് ശതമാനത്തോളം വോട്ടുണ്ടെന്നും മന്ത്രി സ്ഥാനം മോഹിച്ചൊന്നുമല്ല മുന്നണിയില്‍ ചേരുന്നതെന്നുമാണ് ബാലകൃഷ്ണ പിള്ളയുടെ വീരവാദം. ക്യാബിനറ്റ് പദവിയുള്ള ഒരു സ്ഥാനത്തിരുന്നു കൊണ്ടാണ് മകന്‍ മാത്രം എം എല്‍ എ ആയുള്ള ഒരു പാര്‍ട്ടിയുടെ അധ്യക്ഷന്റെ ഈ വീരവാദം. ഇടമലയാര്‍ എന്നൊക്കെ പറഞ്ഞു വി എസ ഇടഞ്ഞാലും ഇല്ലെങ്കിലും പെരുന്നയിലെ സുകുമാരന്‍ നായര്‍ മൊത്തത്തില്‍ ഇടഞ്ഞു നില്‍ക്കുമ്പോള്‍ കൊള്ളാവുന്ന ഒരു കരയോഗം പ്രമാണികൂടിയായ പിള്ളേച്ചനെ മുന്നണി വാതിക്കല്‍ നിന്നും അകത്തേക്ക് കയറ്റി പ്രതിഷ്ഠിച്ചേ മതിയാവൂ. ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വേണ്ടത്ര ഗുണകരമായില്ലെങ്കിലും റോമന്‍ കാതോലിക്കാ ലത്തീന്‍ സഭകളുടെ പിന്തുണ നേടാന്‍ സഹായകരമായേക്കാം. മലബാറില്‍ മുസ്ലിം ലീഗിനെ പ്രതിരോധിക്കാന്‍ ഐ എന്‍ എല്‍ പോരെന്നു അറിയാമെങ്കിലും 25 വര്‍ഷമായി കാത്തിരിപ്പു തുടരുന്ന അവരെ തഴഞ്ഞു മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ ഉണ്ടാകാവുന്ന പുകില്‍ സി പി എമ്മിനും സി പി ഐക്കും നന്നായി അറിയാം.

ദേശീയ തലത്തിലെന്നതുപോലെ തന്നെ കേരളത്തിലും മുന്നണികള്‍ ഒരു പുതിയ കാര്യമല്ല. കേരളത്തില്‍ കൃത്യമായ ഇടതു -വലതു മുന്നണികള്‍ രൂപീകൃതമായതു 1979 ല്‍ ആണ്. അന്ന് ഇടതു മുന്നണിക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളായ ബേബി ജോണിന്റെ ആര്‍ എസ് പി ഇന്ന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വലതു മുന്നണിയിലാണ്. എ കെ ആന്റണിയുടെ കോണ്‍ഗ്രസ് – യു അടക്കം പലരും ആ മുന്നണിയില്‍ വന്നും പോയും ഇരുന്നു. അപ്പോഴും ഇടതു – വലതു മുന്നണികളിലെ കക്ഷികളുടെ എണ്ണത്തില്‍ ഏതാണ്ടൊരു സന്തുലിതാവസ്ഥയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ജയിച്ചാലും തോറ്റാലും സീറ്റു വിഭജന കാര്യത്തില്‍ ഇടയ്ക്കിടെ ഏറ്റുമുട്ടല്‍ ഉണ്ടായാലും ഒടുവില്‍ ഒരു സമവായം സാധ്യവുമായിരുന്നു. ഇടഞ്ഞു പുറത്തു പോകുന്നവര്‍ അടുത്ത തവണ വീണ്ടും അതേ മുന്നണി കവാടത്തില്‍ കാത്തുകെട്ടി നിന്നിരുന്ന സംഭവങ്ങളും വിരളമല്ല. എന്നാല്‍ ഇപ്പോള്‍ ഇടതു മുന്നണിയില്‍ നടന്നിരുന്ന വിപുലീകരണം ഈ സന്തുലിതാവസ്ഥ മാറ്റി മറിച്ചിരിക്കുന്നു.

അയ്യപ്പന് വേണ്ടി കാവിയുടുത്ത് പുതുതാരങ്ങള്‍: അമൃതാനന്ദമയി, സെന്‍കുമാര്‍, പ്രിയദര്‍ശന്‍..

പാര്‍ട്ടികളുടെ എണ്ണം വെച്ച് നോക്കിയാല്‍ ഇടതു മുന്നണി ഒരു വലിയ പടക്കപ്പലാണ്. മറുപക്ഷത്തു നില്‍ക്കുന്ന വലതു മുന്നണിയുടെ കപ്പലിലാട്ടെ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും ആര്‍ എസ് പി യും അടുത്തിടെ തിരികെ വന്ന കെ എം മാണിയുടെ കേരള കോണ്‍ഗ്രസ്സും സി പി ജോണ്‍ നയിക്കുന്ന സി എം പിയും കേരള കോണ്‍ഗ്രസ് ജേക്കബും മാത്രം. മുന്നണി വികസിച്ചാലും ചുരുങ്ങിയാലും തിരഞ്ഞെടുപ്പ് വരുമ്പോള്‍ വലിയ പ്രശ്നം തന്നെയാണ്. സീറ്റു വീതം വെയ്പ്പാണ് ആദ്യ കടമ്പ. ഘടക കക്ഷി വെറും ഈര്‍ക്കില്‍ പാര്‍ട്ടിയാവാം. പക്ഷെ നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുന്ന സ്ഥിതി ഉണ്ടായിക്കൂടാതെയില്ല. ഇരു മുന്നണികളും ഇത് മുന്‍പും നേരിട്ടറിഞ്ഞ കാര്യം തന്നെ. ഇനിയിപ്പോള്‍ കേരളത്തിലെ മൂന്നാം മുന്നണിയായ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എയില്‍ നിന്നും ജാനു പാര്‍ട്ടി വിടുതല്‍ നേടിയെങ്കിലും ശബരിമല വഴി അവരും കളം പിടിച്ച മട്ടാണ്. ഇതും കൂടി കണക്കിലെടുത്തു തന്നെയാണ് മുന്നണി വിപുലീകരണമെങ്കിലും താങ്ങാന്‍ ആവാത്ത ഭാരം കയറ്റിയാല്‍ കപ്പല്‍ മുങ്ങുന്നതും തികച്ചും സ്വാഭാവികം എന്ന കാര്യം മറക്കാതിരുന്നാല്‍ നന്ന്.

മോദിയുടെ മുന്‍ എതിരാളി, ഗുജറാത്ത് കലാപ കാലത്തെ മന്ത്രി ഗോര്‍ധന്‍ സദാഫിയ തിരിച്ചുവരുന്നു; യുപിയുടെ ചുമതല

തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ സഖ്യകക്ഷികള്‍ ഇടയുന്നു: ബിജെപിക്ക് ‘പ്ലാന്‍ ബി’ ഉണ്ടെന്ന് രാം മാധവ്

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍