UPDATES

ഓഫ് ബീറ്റ്

ഭരണഘടനയേന്തി സ്ത്രീകളുടെ വില്ലുവണ്ടി യാത്ര ഇന്ന്; പുരുഷ, ബ്രാഹ്മണ്യ കേരളത്തോട് സ്ത്രീകള്‍ക്ക് പറയാനുള്ളത്

ഇടതുപക്ഷം ചെയ്യേണ്ടത് വനിതാ മതില്‍ തീര്‍ക്കലല്ല, തുല്യത ഉറപ്പു വരുത്താനെങ്കില്‍ പതിനായിരക്കണക്കിന് സ്ത്രീകളെ ശബരിമലയ്ക്ക് കൊണ്ടുപോവുകയാണ്‌

ശബരിമലയില്‍ നിന്ന് ബ്രാഹ്മണ്യത്തെ പടിയിറക്കി ആദിവാസി അവകാശ പുന:സ്ഥാപിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സ്ത്രീകളുടെ വില്ലുവണ്ടി യാത്രയും. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കുക, ശബരിമലയിലെ ബ്രാഹ്മണിക്കല്‍ പുരുഷമേധാവിത്വം അവസാനിപ്പിക്കുക, വനാവകാശം നടപ്പിലാക്കുക, ശബരിമല ആദിവാസിക്ക് എന്നീ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മൗലികവകാശം സംരക്ഷിക്കാന്‍ ഭരണഘടനയേന്തി ദളിത്‌ സ്ത്രീകളുടെ നേതൃത്വത്തില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള സ്ത്രീകളുടെ വില്ലുവണ്ടി യാത്ര. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളം വഞ്ചി സ്‌ക്വയറില്‍, ഭരണഘടനയില്‍ ഡോ.അംബേദ്കര്‍ക്കൊപ്പം ഒപ്പിട്ട ഏക മലയാളി വനിതയായ ദാക്ഷായണി വേലായുധന്റെ മകളും പ്രമുഖ ചരിത്രകാരിയുമായ ഡോ. മീര വേലായുധന്‍ വില്ലുവണ്ടി യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പ്രമുഖ ദളിത് ആക്ടിവിസ്റ്റ് ഡോ. രേഖാരാജ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷയാകും. ഡിസംബര്‍ 16 രാവിലെ 9 മണിക്ക് വില്ലുവണ്ടിയാത്ര എറണാകുളത്ത് നിന്നും എരുമേലിയിലേക്ക് തിരിക്കും.

“സുപ്രീം കോടതി നിരീക്ഷണമനുസരിച്ച് ഹൈന്ദവ ഗ്രന്ഥങ്ങളില്‍ ഒന്നും സ്ത്രീയെ മാറ്റിനിര്‍ത്തേണ്ടതായും അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ് എന്ന് കാണിക്കുന്നതുമായ ഒരു തെളിവും ഇല്ലാതിരിക്കെ, തന്ത്രി സമൂഹം എന്ത് പറയുന്നുവോ അത് യുക്തിപരമായി വിശകലനം ചെയ്യാതെ ചുമന്ന് നടക്കുന്ന ജനങ്ങളാണ് ഇവിടെ ഭൂരിഭാഗവും. പുരോഗമന – ജനാധിപത്യ – നവോത്ഥാനം പേറുമ്പോഴും ജാതി വാലില്‍ ഊറ്റം കൊള്ളുന്ന മനുഷ്യര്‍ ഇവിടെയാണുുള്ളത്. സ്വയം നവീകരിക്കാതെ ഒരു സമൂഹത്തിന് നിലനില്‍ക്കാനാവില്ലയെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്”, സംഘാടക സമിതി കണ്‍വീനര്‍ അഡ്വ. ജെസിന്‍ ഐറിന പറയുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ പൊതുവില്‍ ഉയര്‍ന്ന് വന്നിട്ടുള്ള സംവാദങ്ങള്‍ വളരെ ലളിത സ്വഭാവമുള്ളതായിരുന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള സാഹചര്യത്തിലാണ് സ്ത്രീകളുടെ ആര്‍ത്തവം ക്ഷേത്രപ്രവേശനത്തിന് തടസമാണെന്ന വിചിത്രവാദം ഉയര്‍ന്നത്. തുടര്‍ന്ന് കേരള സമൂഹം ആര്‍ത്തവവുമായി ബന്ധമുള്ള ചര്‍ച്ചകള്‍ക്കും ജനാധിപത്യ മൂല്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വേദിയായെങ്കിലും ജാതിയെക്കുറിച്ച് ആരും സംസാരിച്ചിരുന്നില്ല.

വില്ലുവണ്ടിയാത്രയെ കുറിച്ച് ദളിത് ആക്ടിവിസ്റ്റും എറണാകുളം വില്ലുവണ്ടിയാത്ര പ്രഖ്യാപന ചടങ്ങ് അധ്യക്ഷയുമായ രേഖാ രാജ് വിശദീകരിക്കുന്നു: “ശബരിമല സ്ത്രീപ്രവേശന വിധിയിലൂടെ കേരളത്തിന് ഒരു ധ്രുവീകരണം സംഭവിച്ചിട്ടുണ്ട്. കാര്യമായി പരിശോധിച്ചാല്‍ ശബരിമല സ്ത്രീപ്രവേശനത്തിനെതിരായി മധ്യമ ജാതിയില്‍പ്പെട്ടവരും സവര്‍ണ ഹിന്ദുക്കളുമാണ് മുന്നോട്ട് വന്നത്. അതേസമയം പുന്നല ശ്രീകുമാറടക്കമുള്ള ആളുകള്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചു കൊണ്ടാണ് രംഗത്ത് വന്നത്. ഹിന്ദുത്വം എന്ന് പറഞ്ഞെത്തിയ കൂട്ടം ആരെയാണ് പ്രതിനിധാനം ചെയ്തത്. ഇതുവരെയും കേരളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നടന്ന സാംസ്‌കാരിക ഹിന്ദുത്വം രാഷ്ട്രീയ ഹിന്ദുത്വമായി പരിണമിക്കുകയായിരുന്നു. ഈ സത്യത്തെ കേരളം അംഗീകരിക്കേണ്ടിയിരിക്കുന്നു. കാരണം ഇതിന്റെയൊക്കെ അടിസ്ഥാനം അന്തര്‍ലീനമായ ജാതിബോധവും അത് സൃഷ്ടിച്ച ബ്രാഹ്മണ്യവുമാണ്. ഇന്ത്യയിലെ ജാതിബോധം നിര്‍ണയിക്കുന്നത് ബ്രാഹ്മണിക്കല്‍ ആണ്‍കോയ്മയുമാണെന്നതാണ് ദളിത് രാഷ്ട്രീയപരിസരം നിരീക്ഷിക്കുന്നത്. ഇതിന്റെ സവിശേഷ സാഹചര്യത്തില്‍ ജാതിയും ലിംഗവുമായി ചേര്‍ന്ന് കിടക്കുന്ന ഒരു അധികാര വിനിമയത്തെക്കുറിച്ച് സംസാരിക്കാതെ ശബരിമല സ്ത്രീപ്രവേശനത്തെ കുറിച്ച് സംസാരിക്കാനാകില്ല. ഇങ്ങനെയൊരു സൈദ്ധാന്തിക നിലപാടില്‍ നിന്നുകൊണ്ടാണ് വില്ലുവണ്ടിയാത്ര ആരംഭിക്കുന്നത്.

സ്ത്രീകള്‍ക്ക് അവകാശം നിഷേധിക്കുവെന്നതിന് ജാതീയമായി ചേര്‍ന്ന ബന്ധമുണ്ട്. അത് സ്ത്രീകളുടെ ശരീരവുമായി ബന്ധപ്പെട്ടിട്ടുള്ള പലതരം മൂല്യബോധങ്ങളെ ബ്രാഹ്മണിക്കലായി നിര്‍മിച്ചെടുത്തിട്ടുള്ളതാണ്. അതില്‍ ജാതി അടിസ്ഥാന ഘടകമാണ്. അതുകൊണ്ടാണ് ദളിത് സ്ത്രീകളുടെ നേതൃത്വത്തില്‍ അങ്ങനെയൊരു മൂവ്‌മെന്റ് വേണമെന്ന് തോന്നിയത്. കാരണം കേവലം ആണ്‍കോയ്മയെ കുറിച്ച് മാത്രം പറഞ്ഞാന്‍ പോരാ ജാതീയമായ ബ്രാഹ്മണിക്കല്‍ ആണ്‍കോയ്മയെ കുറിച്ച് കൂടി പറയേണ്ടതുണ്ടെന്ന ബോധ്യമായിരുന്നു അത്.

ശബരിമലയില്‍ ആദിവാസികള്‍ അവകാശം ഉന്നയിച്ചിട്ടുണ്ട്. സജീവിനെ പോലുള്ളവര്‍ തെളിവ് സഹിതം അതിനായി വാദിക്കുന്നു. തന്ത്രിയുടെ സ്ഥാനം, വിഭവങ്ങളുടെ മേലുള്ള അധികാരം, ശബരിമല പോലുള്ള കാനന ക്ഷേത്രങ്ങളിലുള്ള അവരുടെ അവകാശങ്ങള്‍ തുടങ്ങി പലതരം അവകാശങ്ങള്‍ മലയര സമുദായം ഉന്നയിച്ചിട്ടുണ്ട്. നൂറോ നൂറ്റമ്പതോ വര്‍ഷത്തിന് താഴെയുള്ള ചരിത്രമാണ് ശബരിമല ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന തന്ത്രി കുടുംബത്തിന് പറയാനുള്ളത്. അങ്ങനെയെങ്കില്‍ എങ്ങനെയാണ് കാനനക്ഷേത്രത്തില്‍ രാജകുടുംബത്തിന് അധികാരം ലഭ്യമാക്കുന്ന രാഷ്ട്രീയമായുള്ള സമ്മര്‍ദ്ദമെന്തായിരുന്നു എന്നൊരു ചോദ്യമുണ്ട്. രാഷ്ട്രീയമായ സമ്മര്‍ദ്ദമെന്ന് പറയുന്നത് ഹൈന്ദവവത്ക്കരണവും ബ്രാഹ്മണവത്ക്കരണവും ബ്രാഹ്മണ്യത്തെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണക്കുന്ന മധ്യമജാതിയുടെ താത്പര്യവുമാണ്. അതുകൊണ്ട് തന്നെ ശബരിമല വിഷയം കേവലം ജനാധിപത്യ അവകാശത്തിന്റെയും ഭരണഘടന അവകാശത്തിന്റെയും മാത്രം പ്രശ്‌നമല്ല. മറിച്ച്. കേരളത്തിലെ മധ്യമ സവര്‍ണ ജാതികള്‍ തുടര്‍ന്ന് പോകുന്ന ഭൂമി കൈയേറ്റം, വിഭവങ്ങളുടെ മേലുള്ള അധീശത്വം തുടങ്ങിയവയെ ചോദ്യം ചെയ്യുകയും അതിന്റെ പുനര്‍വിതരണം ആവശ്യപ്പെടുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. അതുകൊണ്ടാണ് വില്ലുവണ്ടി യാത്ര എന്ന പേര് തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. വില്ലുവണ്ടി യാത്ര യതാര്‍ഥത്തില്‍ സവര്‍ണര്‍ക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഇടത്തേക്ക് പ്രവേശിക്കുക എന്ന കര്‍മ്മമാണ് ചെയ്തത്. അതുകൊണ്ട് തന്നെ പ്രതീകാത്മകമായ പ്രഖ്യാപനം കൂടിയാണ് ഇത്. അയ്യങ്കാളി എന്ത് നവോത്ഥാനമാണോ നടത്തിയത് അതിന്റെ സാംസ്‌കാരിക തുടര്‍ച്ചയായാണ് ഇതിനെ കാണേണ്ടത്.

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

ബ്രാഹ്മണ്യവും പുരുഷാധിപത്യവും പൊതുവില്‍ അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് സ്ത്രീകളില്‍ കൂടിയാണ്. വര്‍ഗീയ കലാപങ്ങളിലും ജാതി സംഘട്ടനങ്ങളിലുമൊക്കെ സ്ത്രീകളെ അവര്‍ ഉപയോഗിക്കാറുണ്ട്. അതാണ് കേരളത്തിലെ ഹൈന്ദവസംഘടനകള്‍ സ്ത്രീകളെ നാമജപഘോഷയാത്ര എന്ന പേരില്‍ നിരത്തിലിറക്കി ചെയ്തതും. സ്ത്രീകള്‍ അടിമകളാകാന്‍ തയാറാണ് എന്ന് സ്ത്രീകള്‍ പറയുമ്പോള്‍, സ്ത്രീകളാണ് പറയുന്നത് എന്നതിലുപരി അവര്‍ എന്താണ് പറയുന്നതെന്നാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. കേരളത്തിലെ ദളിത്, ആദിവാസി സ്ത്രീകള്‍ക്ക് ജനാധിപത്യ കേരളത്തെ മുന്നില്‍ നിന്ന് നയിക്കാനുള്ള ശേഷിയുണ്ട്. മലയാളികളെ മനുഷ്യരായി തീര്‍ത്തതില്‍ കീഴാള നവോത്ഥാന ജാതി വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് ഒരു വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ ഒരു വില്ലുവണ്ടി യാത്ര നയിക്കാനും അവര്‍ക്കാണ് ശേഷിയുള്ളത്. ദൈനംദിന ജീവിത സമരങ്ങളായാലും ജാതി പുരുഷാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളായാലും അവരുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമാണ്. അതുകൊണ്ട് തന്നെ അവര്‍ക്ക് ദളിത് ആദിവാസി സ്ത്രീകള്‍ക്ക് സ്വാഭാവികമായുള്ള അവകാശം ഇത്തരത്തിലുള്ള നവോത്ഥാന പ്രസ്ഥാനം നയിക്കാനുണ്ട്.

ഇടതുപക്ഷ പാര്‍ട്ടികളുടെ സ്ത്രീ സംഘടനകള്‍ വിചാരിച്ചാല്‍ വളരെ നിസാരമായി പ്രാവര്‍ത്തികമാക്കാവുന്ന വിഷയമാണ് ശബരിമല സ്ത്രീപ്രവേശം. പതിനായിരക്കണക്കിന് മനുഷ്യരാണ് അവര്‍ക്ക് അനുയായികളായുള്ളത്. വളരെ സംഘടിതമായുള്ള സംഘടനാ ശേഷിയുണ്ട്, സംഘടനാ പാരമ്പര്യമുണ്ട്. പക്ഷേ അത് ചെയ്യാനുള്ള ധൈര്യം കാണിക്കാതെ ഒരു പുകമറയിടലാണ് വനിതാ മതിലിലൂടെ ഇവര്‍ സംഘടിപ്പിക്കുന്നത്. രഹ്നാ ഫാത്തിമയെ പോലുള്ള സ്ത്രീകളെ ജയിലിലിട്ട് കൊണ്ടാണ് നവോത്ഥാന മതില്‍ തീര്‍ക്കുന്നതെന്ന് നമ്മള്‍ ഓര്‍ക്കണം. ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച എല്ലാ സ്ത്രീകളുടെയും ജീവിതം ദു:സഹമാണ്. വലതുപക്ഷ ഹൈന്ദവ ഗുണ്ടകള്‍ ഇവരെ ആക്രമിക്കുകയും വീടുകള്‍ ആക്രമിക്കുകയും സ്വാഭാവികവും സമാധാനപരവുമായ ജീവിതം തടസപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഈ ഒരു ഘട്ടത്തില്‍ ഇതിനെയൊന്നും ചര്‍ച്ചക്കെടുക്കാതെ വിധ്വംസക ശേഷി കുറഞ്ഞ, വളരെ ലളിതമായ, ആര്‍ക്കും ദോഷം ഉണ്ടാക്കാത്ത നവോത്ഥാന മതിലുണ്ടാക്കാനാണ് ആളുകള്‍ ശ്രമിക്കുന്നത്. ഈ മതിലുകളും ചങ്ങലകളും കേരളം ഒരുപാട് കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് കേരളം എത്ര കണ്ട് മാറി എന്നുള്ളത് ചിന്തിക്കേണ്ടതാണ്. അതുകൊണ്ട് പഴയ വിദ്യകള്‍ കൊണ്ട് കേരളത്തെ ഇനി നേരിടാനാകില്ല. കേരളം അതിന്റെ എല്ലാവിധ പുരോഗമന നാട്യങ്ങളും വലിച്ചെറിഞ്ഞാണ് ജാതി ജീര്‍ണതയുടെയും ലിംഗാധിപത്യത്തിന്റെയും മുഖവുമായി പുറത്ത് വന്നിരിക്കുന്നത്. ആ യാഥാര്‍ഥ്യത്തെ നേരിടാനുള്ള ധൈര്യം ഇടതുപക്ഷ പാര്‍ട്ടികള്‍ കാണിക്കുന്നില്ല. അവിടെയാണ് വനിതാ മതില്‍ വരുന്നത്. മറിച്ച് അവര്‍ ചെയ്യേണ്ടിയിരുന്നത് പതിനായിരക്കണക്കിന് സ്ത്രീകളെ സംഘടിപ്പിച്ച് കൊണ്ട് ശബരിമലയ്ക്ക് പോകണം. അതിന് ശേഷിയുള്ള ഇടതുപക്ഷ സംഘടനകള്‍ അതിന് തയാറാകാതെ മാറുന്നത് മൃദുഹൈന്ദവതയെ മയപ്പെടുത്താനുള്ള ശ്രമമാണ്. പക്ഷേ ആ ശ്രമം പരാജയപ്പെടുകയെയുള്ളൂ.

അഭിമുഖം/എം ഗീതാനന്ദന്‍: ബ്രാഹ്മണ കുത്തക അവസാനിപ്പിക്കണം; തന്ത്രികള്‍ ശബരിമലയുടെ പവിത്രത നശിപ്പിച്ചു

ശബരിമല സ്ത്രീപ്രവേശനത്തില്‍ അനാവശ്യ സാങ്കേതികത്വം കൊണ്ടുവരുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ പൗരനാണെങ്കില്‍ അവിടെ പ്രവേശിക്കാന്‍ പറ്റേണ്ടതാണ്. കറുപ്പ് ഉടുത്ത് നോമ്പ് നോറ്റാല്‍ നിങ്ങള്‍ അയ്യപ്പനാണ്. രഹ്ന ഫാത്തിമ മോഡലാണെന്നോ, വിശ്വാസിയാണെന്നോ, മുസ്ലീമാണെന്നോ എന്നൊന്നും പരിഗണിക്കേണ്ട കാര്യമില്ല. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനക്കാരാണ് ഇതുപറയുന്നതെന്നാണ് വിചിത്രം. ശബരിമലയ്ക്ക് പോയ എല്ലാ സ്ത്രീകളെയും പോലീസ് ഉപദേശിച്ച് തിരിച്ചു വിടുകയായിരുന്നു. സുപ്രീം കോടതി വിധി നിലനില്‍ക്കെ ഒരാള്‍ക്ക് പോലും ഈ മണ്ഡലകാലത്ത് ശബരിമലയില്‍ പ്രവേശിക്കാനായില്ല എന്നത് ചെറിയ കാര്യമല്ല. പിണറായി സര്‍ക്കാര്‍ കാണിക്കുന്ന രാഷ്ട്രീയ ആര്‍ജവം നടപ്പിലാക്കാനും കഴിയേണ്ടതുണ്ട്. അങ്ങനെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന് ശ്രമിക്കുന്നവരെ പിന്തുണക്കാനെങ്കിലും കഴിയേണ്ടതുണ്ട്.

വില്ലുവണ്ടിയാത്രക്കായി പ്രധാനമായും തിരഞ്ഞെടുത്തിരിക്കുന്നത് ജാതിവിരുദ്ധ സമരങ്ങള്‍ക്കും ചരിത്രമുന്നേറ്റങ്ങള്‍ക്കും പ്രാധാന്യമുള്ള സ്ഥലങ്ങളെയാണ്. അത്തരം ജാതിവിരുദ്ധ സമരങ്ങളുടെ മൂല്യങ്ങളെയും ഊര്‍ജത്തെയും സ്വാംശീകരിക്കാനുള്ള ശ്രമമാണ് അതിലൂടെ നടത്തുന്നത്. അത്തരം അടയാളപ്പെടുത്തലും ഓര്‍മ്മപ്പെടുത്തലുകളും വളരെ പ്രാധാന്യപ്പെട്ടതാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. സമകാലീനമായി എങ്ങനെയാണ് ജാതിയെ നേരിടേണ്ടതിനൊരു രാഷ്ട്രീയ ഭാഷ ഉണ്ടാക്കിയെടുക്കുക എന്നത് വളരെ പ്രധാനമാണ്. ദാക്ഷായണി വേലായുധന്‍ സ്‌ക്വയര്‍ എന്നാണ് സ്ത്രീകളുടെ വില്ലുവണ്ടിയാത്ര തുടങ്ങുന്ന സ്ഥലത്തിന് പേരിട്ടിരിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്ത സബ്കമ്മിറ്റി അംഗമായിരുന്നു ദാക്ഷാണി വേലായുധന്‍. ജ്ഞാനത്തിന്റെ പിറകെ പോയ വിദ്യാഭ്യാസം നേടിയ, അധികാരത്തിലിരുന്ന ഒരു ദളിത് മലയാളി സ്ത്രീയെന്ന നിലയില്‍ കേരളത്തിലെ ദളിത് സ്ത്രീകള്‍ക്ക് മാതൃകയാണ് ദാക്ഷായണി വേലായുധന്‍.

വ്യക്തിപരമായ അഭിപ്രായത്തില്‍ ശബരിമലയിലെന്നല്ല ഒരു അമ്പലത്തിലും കയറുന്നത് എന്റെ പ്രയോറിറ്റിയല്ല. പക്ഷേ ഭരണഘടനാ അവകാശമെന്ന നിലയില്‍ ഏത് സ്ത്രീ ശബരിമലയില്‍ പോയാലും ഞാന്‍ പിന്തുണയ്ക്കും. കാരണം ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കപ്പെടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യേകിച്ച് ആള്‍ക്കൂട്ടത്തിന് ജനാധിപത്യത്തെ കൈയിലെടുക്കാമെന്ന വിചാരമുണ്ടാകുന്നത് ഫാസിസ്റ്റ് ലക്ഷണമാണ്. ഫാസിസ്റ്റ് ലക്ഷണത്തെ പ്രതിരോധിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ്.”

എറണാകുളത്ത് നിന്ന് തിരിക്കുന്ന വില്ലുവണ്ടി യാത്രയോടൊപ്പം നാടകാവതരണം, പോസ്റ്റര്‍ പ്രദര്‍ശനം സി.എസ് രാജേഷ് നയിക്കുന്ന സമരകവിത, സംഘചിത്രരചന എന്നിവയുണ്ടാകും. എരുമേലി പമ്പാവാലി റോഡില്‍ മുട്ടപ്പള്ളി അംബേദ്കര്‍ സ്‌കൂളില്‍ ആണ് വില്ലുവണ്ടിയാത്രയുടെ സമാപനം.

വീണ്ടുമൊരു വില്ലുവണ്ടി യാത്ര; ശബരിമലയില്‍ ആദിവാസി അവകാശം പുന:സ്ഥാപിക്കാനും ബ്രാഹ്മണ്യത്തെ കുടിയിറക്കാനും

‘തന്ത്രികള്‍ പടിയിറങ്ങുക’; ശബരിമല ബ്രാഹ്മണ അധിനിവേശത്തിനെതിരെ വില്ലുവണ്ടിയാത്ര ഒരുങ്ങുന്നു

ഗര്‍ഭപാത്രം നീക്കം ചെയ്തതിനു ശേഷം ശബരിമലയിലെത്തിയ മുന്‍ കോളേജ് പ്രിന്‍സിപ്പലോട് പോലീസ് ചോദിച്ചു, “എന്താണ് തെളിവ്?”

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍